ADVERTISEMENT

കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണക്കുത്തക അവസാനിപ്പിച്ച് 5 വർഷം മുൻപ് ത്രിപുര പിടിച്ചെടുത്ത ബിജെപി ഇത്തവണയും അതേ പ്രകടനം കാഴ്ചവയ്ക്കുമോ? തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവു തട്ടിയിട്ടുണ്ട്. ബദ്ധവൈരികളായിരുന്ന സിപിഎമ്മും കോൺഗ്രസും കൈകോർത്ത് ഒന്നിച്ച് തിരഞ്ഞെടുപ്പു നേരിടുന്നതു മാത്രമല്ല, ത്രിപുര രാഷ്ട്രീയത്തിന്റെ തന്നെ ചരിത്രം മാറ്റാൻ കരുത്തുള്ള തിപ്ര മോത്ത എന്ന ഗോത്രവർഗ പാർട്ടിയുടെ ഉദയവും ബിജെപിക്ക് വെല്ലുവിളിയാണ്.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് കേവലം 38 ലക്ഷം ജനങ്ങൾ മാത്രമുള്ള, രണ്ടു എംപിമാർ മാത്രമുള്ള ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു മാത്രമല്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കൊല്ലം നടക്കാൻപോകുന്ന അര ഡസനോളം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഉദ്ഘാടനം കൂടിയാണ്. മേഘാലയയിലും നാഗാലാൻഡിലും ഈ മാസം തന്നെ തിരഞ്ഞെടുപ്പു നടക്കുന്നുണ്ടെങ്കിലും രണ്ടിടത്തും ബിജെപി പ്രധാനകക്ഷിയല്ല. പ്രധാനമന്ത്രി മോദി മുതൽ ആഭ്യന്തരമന്ത്രി അമിത് ഷാ വരെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തന്ത്രജ്ഞനായ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ വരെ ത്രിപുരയുടെ മുക്കിലും മൂലയിലും ഓടിയെത്തുന്നത് ഇതു മുന്നിൽക്കണ്ടാണ്.

2018ൽ ആണ് ബിജെപി ത്രിപുര പിടിച്ചടക്കുന്നത്. തൊട്ടുമുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപി 60 അംഗ നിയമസഭയിൽ 36ൽ ജയിച്ചു. 49 എംഎൽഎമാരുണ്ടായിരുന്ന സിപിഎം 16 ലേക്ക് ചുരുങ്ങി. 10 സീറ്റിൽ ജയിച്ചിരുന്ന കോൺഗ്രസിന് ഒന്നുപോലും കിട്ടിയില്ല. ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ച ഐപിഎഫ്ടി എന്ന ഗോത്ര പാർട്ടിക്ക് 8 സീറ്റ് ലഭിച്ചു. 

എന്നാൽ, 5 വർഷത്തിനിടെ ത്രിപുരയിൽ മാറ്റങ്ങൾ ഏറെ സംഭവിച്ചു. 2018 ൽ ബിജെപി അധികാരത്തിലെത്തിയ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോൾ. മമതാ ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് സജീവമാണെങ്കിലും ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോൺഗ്രസ് സഖ്യം, തിപ്ര മോത്ത എന്നീ പാർട്ടികളുടെ ത്രികോണ മത്സരമാണ് ത്രിപുരയിൽ നടക്കുന്നത്. 

താളം കണ്ടെത്താതെ ബിജെപി

മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാർ ദേബിന്റെ ജനപ്രീതി കുറഞ്ഞതോടെ തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് ബിജെപി അദ്ദേഹത്തെ മാറ്റി ദന്ത ഡോക്ടറായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. എംഎൽഎപോലുമല്ലാതിരുന്ന മണിക് സാഹ ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലെത്തുകയായിരുന്നു.  മണിക് സാഹ എത്തിയിട്ടും സർക്കാരിന്റെ പ്രതിഛായയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്നാണു പ്രതികരണങ്ങൾ. ത്രിപുരയ്ക്കായി ബിജെപി പ്രഖ്യാപിച്ച വിഷൻ ഡോക്യുമെന്റിലെ വാഗ്ദാനങ്ങളിൽ പലതും കടലാസിൽമാത്രം ഒതുങ്ങി.

സംസ്ഥാനത്തിനു കാര്യമായി ഒന്നും അവകാശപ്പെടാനില്ലാത്തതോടെ പ്രധാനമന്ത്രി മോദിയെയും കേന്ദ്ര പദ്ധതികളെയും ചൂണ്ടിക്കാട്ടിയാണ്  പ്രചാരണം നടത്തുന്നത്. വികസനമാണ് അജണ്ടയെന്നും കേന്ദ്രവും സംസ്ഥാനവും ഒരേപാർട്ടി ഭരിക്കുന്ന ഡബിൾ എൻജിൻ ഭരണമാണ് ആവശ്യമെന്നും ബിജെപി പറയുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ പറ്റുന്ന സംസ്ഥാന നേതാക്കളില്ലാത്തതിനാൽ കേന്ദ്ര ബിജെപി നേതൃത്വം തന്നെ പാർട്ടി സ്ഥാനാർഥികളെ മുന്നിൽനിന്നു നയിക്കുകയാണ്. പാർട്ടിക്കുള്ളിലെ അന്തഃഛിദ്രങ്ങളും ബിജെപിക്ക് കടുത്ത ക്ഷീണമുണ്ടാക്കി. 8 എം എൽഎമാരാണ് സീറ്റ് പ്രഖ്യാപനത്തിനു മുൻപ് ബിജെപി മുന്നണിയിൽ നിന്നു കൂറുമാറിയത്. മന്ത്രി സുദീപ് റോയ് ബർമാൻ, എം എൽഎയായിരുന്ന ആശിഷ് കുമാർ സാഹ എന്നിവർ ബിജെപി വിട്ടു വീണ്ടും കോൺഗ്രസിലെത്തി. 

സിപിഎം – കോൺ ഐക്യമുന്നണി

ബദ്ധവൈരികളായിരുന്ന സിപിഎമ്മും കോൺഗ്രസും ബംഗാൾ മാതൃകയിൽ ഒന്നിച്ച് തോളോടുതോൾ ചേർന്ന് പ്രചാരണം നടത്തുന്ന ചിത്രമാണ് ത്രിപുരയിലെങ്ങും. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ഒന്നിച്ചുനിൽക്കണമെന്ന് ഇരുപാർട്ടികളും തീരുമാനിക്കുകയായിരുന്നു. സഖ്യമല്ലെന്നും മത്സരിക്കുന്ന സീറ്റുകളിൽ പരസ്പര ധാരണമാത്രമാണുള്ളതെന്നും സിപിഎമ്മും കോൺഗ്രസും ആവർത്തിക്കുന്നു. ബംഗാളിലും നേതാക്കൾ ഇങ്ങനെ പ്രവർത്തിച്ചെങ്കിലും അണികളിൽ ഈ ഐക്യം എത്തിയിരുന്നില്ല. ത്രിപുരയിൽ പക്ഷേ അണികളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു സഖ്യത്തിലേക്ക് പാർട്ടികൾ എത്തിയതെന്നു നേതാക്കൾ പറയുന്നു. 

പരസ്പരം  വിട്ടുവീഴ്ചകളോടെയാണ് സിപിഎമ്മും കോൺഗ്രസും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 17 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് പിന്നീട് സിപിഎം സമ്മർദത്തിന് വഴങ്ങി 4 പേരെ പിൻവലിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങിയതോടെ ഇരുപാർട്ടികളും സംയുക്ത പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. 

രണ്ടു പതിറ്റാണ്ട് മുഖ്യമന്ത്രിയായിരുന്ന മണിക്  സർക്കാർ ഇത്തവണ മത്സരരംഗത്തില്ല. സിപിഎമ്മിന്റെ 8 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42.22% വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ബിജെപിയെക്കാളും ഒന്നര ശതമാനത്തിനു താഴെ മാത്രം. 2013 തിരഞ്ഞെടുപ്പിൽ 36.53% വോട്ടും 10 സീറ്റും ലഭിച്ച കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചത് 1.79% മാത്രം. ബിപ്ലബ് ദേബ് സർക്കാരിൽ ആരോഗ്യ-പൊതുമരാമത്ത് മന്ത്രിയായിരുന്ന സുദീപ് റോയ് ബർമാൻ വീണ്ടും കോൺഗ്രസിലെത്തിയതോടെ ചിത്രം മാറിത്തുടങ്ങി. 4 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ കുതിപ്പു നേടി. 

പത്രിക നിറയെ വാഗ്ദാനങ്ങൾ

ക്രമസമാധാനനില തകർന്നത് പ്രധാന തിരഞ്ഞെടുപ്പു വിഷയമാണെങ്കിലും ത്രിപുരയിലെ വോട്ടർമാരുടെ മുൻഗണനകൾ സൂക്ഷ്മമായി വിലയിരുത്തിയാണ് സിപിഎമ്മും കോൺഗ്രസും പ്രകടനപത്രിക തയാറാക്കിയത്. ജനസംഖ്യയുടെ വലിയൊരു വിഭാഗം തൊഴിലിനായി സർക്കാരിനെ ആശ്രയിക്കുന്ന സംസ്ഥാനമാണിത്. ജോലി ചെയ്യുന്നവരുടെ 15 ശതമാനത്തോളം വരുന്ന സർക്കാർ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഇരുപാർട്ടികളും  പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നുമെന്നു വാഗ്ദാനം ചെയ്തത്. 

വികസനത്തിൽ ഊന്നിക്കൊണ്ടുള്ളതാണ് ബിജെപി പ്രകടന പത്രിക. ആയിരം കോടിയുടെ റോഡ് വികസനം, ഒരു വർഷത്തിനകം എല്ലാ വീടുകളിലും ടാപ്പ് ജലം, അഞ്ചു രൂപയ്ക്ക് പ്രത്യേക കാന്റീൻ വഴി ഊണ്, ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിലിന് കൂടുതൽ അധികാരം എന്നിങ്ങനെ വാഗ്ദാനങ്ങൾ നീളുന്നു.

പ്രദ്യോത് മാണിക്യ തിപ്ര മോത്ത പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നു.
പ്രദ്യോത് മാണിക്യ തിപ്ര മോത്ത പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നു.

‘വിശാല ത്രിപുര’യിലെ കിങ്മേക്കർ

ത്രിപുര തിരഞ്ഞെടുപ്പിലെ കിങ്മേക്കറാകാൻ ഒരുങ്ങുകയാണ് തിപ്ര മോത്ത പാർട്ടിയും തലവൻ പ്രദ്യോത് മാണിക്യ ദേബ് ബർമനും. ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോൺഗ്രസ് മുൻ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ കോൺഗ്രസ് വിട്ടാണ് നാലു വർഷം മുൻപ് തിപ്ര മോത്ത (തിപ്ര ഇൻഡിജനസ് പ്രോഗ്രസീവ് റീജനൽ അലയൻസ്) രൂപീകരിച്ചത്. ത്രിപുര രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ഗോത്ര മേഖലയെ ഇളക്കിമറിക്കുന്ന ഈ നാൽപത്തിനാലുകാരൻ. ഗോത്ര വിഭാഗങ്ങൾക്കായി ഗ്രേറ്റർ തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായാണ് തിരഞ്ഞടുപ്പിനെ നേരിടുന്നത്. 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിച്ച തിപ്ര മോത്ത 42 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 20 എസ്ടി മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. 10 സീറ്റിനു മുകളിൽ തിപ്ര മോത്ത ഏതു സാഹചര്യത്തിലും നേടുമെന്നാണ് രാഷ്ട്രീയ എതിരാളികൾപോലും പറയുന്നത്. പ്രദ്യോത് മാണിക്യ മത്സരിക്കുന്നില്ല.

സിപിഎം-കോൺഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചർച്ചകൾ നടത്തിയിരുന്നു. സിപിഎം-കോൺഗ്രസ് സഖ്യവുമായി തിപ്ര മോത്ത വോട്ട് പങ്കുവയ്ക്കുന്നതിൽ ധാരണയിലെത്തുമെന്നാണു കരുതുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റിൽ മത്സരിച്ച്  ഒന്നൊഴികെ ബാക്കിയെല്ലാം നേടിയ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) എന്ന ഗോത്രവർഗ പാർട്ടിയുടെ തകർച്ചയ്ക്കു കാരണവും തിപ്ര മോത്തയാണ്. ബിജെപി സർക്കാരിലെ ഐപിഎഫ്ടി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ തിപ്ര മോത്തയിൽ ചേർന്നതോടെ ആ പാർട്ടി ക്ഷയിച്ചു. തിപ്ര മോത്തയിൽ ഐപിഎഫ്ടി ലയിക്കാൻ ഏറെക്കുറെ ധാരണയായിരുന്നെങ്കിലും അവസാന മണിക്കൂറുകളിൽ ബിജെപി നടത്തിയ സമ്മർദത്തിൽ പാർട്ടി അതിനു മുന്നിർന്നില്ല. 

അഗർത്തലയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
അഗർത്തലയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

വോട്ടു പിളർത്തുമോ തൃണമൂൽ

മറ്റു സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ മുന്നണികളുടെ വോട്ട് പിളർത്തിയ തൃണമൂൽ കോൺഗ്രസ് പ്രതീക്ഷിച്ചപോലെ ത്രിപുരയിൽ കരുത്താർജിച്ചില്ല. 28 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തലസ്ഥാനത്ത് വൻറാലി നടത്തിയെങ്കിലും അണികളെ ബംഗാളിൽ നിന്ന് എത്തിക്കുകയായിരുന്നുവെന്നാണ് എതിരാളികളുടെ ആക്ഷേപം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളിൽ മത്സരിച്ച് വെറും 6989 വോട്ട് മാത്രം നേടിയ പാർട്ടി ഏതാനും സീറ്റുകളിലെങ്കിലും ബിജെപി വിരുദ്ധ മുന്നണികളുടെ വോട്ട് പിളർത്തിയേക്കും.

English Summary: Tripura Assembly Election 2023 - Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com