ADVERTISEMENT

∙ എസ്.ജോസഫ്: ഇപ്പോൾ ജാതിയെക്കുറിച്ചു പറഞ്ഞാൽ ആളുകൾ പറയും, ‘ഏയ് ഞങ്ങൾ അങ്ങനെയൊന്നും നിങ്ങളോടു പെരുമാറുകയില്ല, ഞങ്ങൾ നിങ്ങളെ മനുഷ്യരെപ്പോലെയാണു കാണുന്നത്, നിങ്ങളുടെ വീട്ടിൽ വന്നു ചോറുണ്ണുന്നുണ്ട്’. പക്ഷേ, ഇതൊക്കെയായിട്ടും ജാതിചിന്ത അവരുടെ മനസ്സിൽനിന്നു പോകുന്നില്ല. കാരണം, അത് വ്യക്തമല്ല. പക്ഷേ, കവിയെന്ന നിലയിൽ എനിക്കതു ശരീരംകൊണ്ടും മനസ്സുകൊണ്ടും വ്യക്തമാകും. 

∙ ഉണ്ണി ആർ.: സാധാരണ ഭാഷ പറഞ്ഞ്, കൈലിയുടുത്തു വന്നാൽ സിനിമ ഗംഭീരമാകുമോ? ജനത്തിനു ഭയങ്കരമായി ബോറടിച്ചു തുടങ്ങിയിരിക്കുന്നു. റിയലിസം എന്ന തട്ടിപ്പ് സിനിമയിൽ വ്യാപകമാകുന്നു. ആർക്കും സിനിമ ചെയ്യാവുന്ന സ്ഥിതിയാണിന്ന്. സിനിമ ബുദ്ധിയുള്ളവർക്കു ചെയ്യാനുള്ളതാണ്.

∙ ടി.ഡി.രാമകൃഷ്ണൻ: ഗുഡ്സ് തീവണ്ടിയുടെ ഏറ്റവും പിറകിൽ പത്തും പന്ത്രണ്ടും മണിക്കൂർ ആരോടും സംസാരിക്കാതെ തനിച്ചു യാത്ര ചെയ്യുന്ന സമയം. രാത്രിയിൽ ഒരു പച്ചക്കൊടിയും സിഗ്നലും മാത്രമാണു പുറംലോകവുമായുള്ള ബന്ധം. കുറെ ചിന്തിച്ചു, തനിച്ചു സംസാരിച്ചു. ആ ഭ്രാന്തൻ ചിന്തകൾ എന്റെ ആദ്യനോവലിന്റെ കഥാപരിസരത്തെ നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തി.

∙ എം.ടി.വാസുദേവൻ നായർ: കുട്ടികൾ കവിത മനഃപാഠം പഠിച്ചാൽ ഒരു തെറ്റുമില്ല. 70 വർഷം മുൻപു പഠിച്ച കവിതകൾ എനിക്കിന്നും ഓർമയുണ്ട്. ഭാരതിയാരുടെ നാലുവരി അറിയാത്ത ഒരു കുട്ടി തമിഴ്നാട്ടിലുണ്ടാകുമോ? ടഗോറിന്റെ നാലുവരി അറിയാത്ത കുട്ടി ബംഗാളിലുണ്ടാകുമോ? എന്നാൽ, ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമൊക്കെ കവിതകൾ നമ്മുടെ കുട്ടികൾക്ക് അറിയില്ല.

∙ സി.രാധാകൃ‍ഷ്ണൻ: മലയാളം ഇല്ലാതെ നമുക്ക് ഐക്യം സാധ്യമല്ല. ഒരു പൊതുഭാഷ ഇല്ലാത്തതും ഉള്ള ഭാഷ മാതൃഭാഷ അല്ലാത്തതുമാണ് നമുക്കിപ്പോൾ വന്നുപെട്ടിരിക്കുന്ന അപായം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളം മിഷൻ പുറപ്പെടാശാന്തിയായിത്തന്നെ ഇരിക്കുന്നു.

∙ കെ.വേണു: ഇന്ത്യൻ സമൂഹത്തിൽ ബിജെപി രാഷ്ട്രീയത്തിന് കൃത്യമായൊരു ആധിപത്യത്തിനു കഴിഞ്ഞിട്ടില്ല. അതിനു കാരണം മഹാത്മാഗാന്ധിയാണ്. മുൻപ് ഞങ്ങളൊക്കെ ഗാന്ധിജിയെ പൂർണമായി തള്ളിക്കളഞ്ഞതാണ്. പിന്നീട് അതെപ്പറ്റി പഠിക്കാനിടവന്നപ്പോഴാണ് ഗാന്ധിജിയുടെ ഇടപെടലൊക്കെ എത്ര മഹത്തരമാണെന്നു തിരിച്ചറിയുന്നത്.

∙ വി.കെ.ശ്രീരാമൻ: ഗൂഗിളിന്റെ സഹായത്തോടെ നോവലെഴുതുന്നവരെ പരിചയമുണ്ട്. മാറിയ കാലത്തെ സാഹിത്യം ഇങ്ങനെയാണ്. അത് തെറ്റോ ശരിയോ എന്നു വിധിക്കാൻ ഞാനാളല്ല. പക്ഷേ, അത്തരം കൃതികൾക്ക് ആത്മാവില്ലെന്നു വിശ്വസിക്കുന്നവനാണു ഞാൻ.

∙ പ്രിയദർശൻ: ഞാൻ ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം സിനിമയെടുക്കുന്നയാളാണ്. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീർക്കാൻ വേണ്ടിയാണ്. ചരിത്രം എടുത്തു കൈപൊള്ളിയ ആളാണു ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ഇനി ഞാൻ ചെയ്യില്ല.

∙ കെ.ജി.ശങ്കരപ്പിള്ള: ഒരു അധികാരസ്ഥാനത്തിനുവേണ്ടിയും കവിതയെ പണയപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷത്തെ എന്റെ കവിതകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. എല്ലാ നീതികേടുകളോടും പ്രതികരിച്ചിട്ടുണ്ട്. കവിത ഭാവിപക്ഷത്തിന്റേതാണ്. അതിന് ഇടതുപക്ഷവും വലതുപക്ഷവും ഇല്ല.

∙ ഡോ. രാജൻ ഗുരുക്കൾ: എല്ലാം ഒത്തിണങ്ങിയ ഒരു സർവകലാശാല ഈ രാജ്യത്തുതന്നെയില്ല. പിന്നെ നമ്മുടെ കാര്യം എന്തു പറയാനാണ്. പക്ഷേ, ഇവിടെ ഗുണമേന്മ ഇല്ലെന്നു പറഞ്ഞു പാഞ്ഞുചെല്ലുന്നിടത്തൊക്കെ എല്ലാം ഉണ്ടെന്നു വിചാരിക്കരുത്. ഒരു കാര്യം ശരിയാണ്. വിദ്യാർഥികൾ പഠിക്കണമെന്ന നിർബന്ധം അവിടെയെല്ലാമുണ്ട്. ഇവിടെ അതില്ല.

English Summary: Famous malayalam quotes; Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com