ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സ്വാധീനത്തിന്റെ മാറ്റുരയ്ക്കുന്നതാകും മേഘാലയ, നാഗാലാൻഡ് നിയമസഭകളിലേക്ക് 27നു നടക്കുന്ന തിരഞ്ഞെടുപ്പ്. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി പതിയെ അവയെ വിഴുങ്ങി  ഭരണം പിടിച്ചെടുക്കുന്ന ബിജെപിയുടെ ഈ മേഖലയിലെ പതിവുശൈലി ഈ സംസ്ഥാനങ്ങളിൽ എത്രത്തോളം വിജയിക്കുമെന്ന് ഫലം വ്യക്തമാക്കും. ജനസംഖ്യയുടെ നാലിൽ മൂന്നും ക്രൈസ്തവ വിശ്വാസികളായ മേഘാലയയിലും നാഗാലാൻഡിലും ബിജെപി ഭരണത്തിന്റെ ഭാഗമാണ്. ഒരു കാലത്ത് അടക്കിഭരിച്ചിരുന്ന പ്രദേശങ്ങളിൽ കോൺഗ്രസ് പാടേ തകർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റുമായി മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ ഒറ്റ എംഎൽഎപോലും ഇന്നു പാർട്ടിയിലില്ല.

ജനാധിപത്യം പേരിനു മാത്രമുള്ള പ്രദേശങ്ങളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില മേഖലകൾ. വിഘടനവാദി സംഘടനകൾ ഏർപ്പെടുത്തുന്ന സമാന്തര നികുതി തൊട്ട് പണവും മദ്യവും ഒഴുക്കിയുള്ള തിരഞ്ഞെടുപ്പു വരെ അരങ്ങേറുമ്പോൾ ആശയങ്ങൾക്കു കാര്യമായ പ്രസക്തിയില്ല.  

മേഘാലയയിൽ വീണ്ടും തെളിയുമോ മഴവില്ല് ?

ഖാസി, ജയന്റിയ, ഗാരോ കുന്നുകളിലായി പടർന്നുകിടക്കുന്ന മേഘാലയയിൽ മഴവിൽ സഖ്യമാണ് ഭരിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പിൽ 21 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ഇതരപാർട്ടികൾക്കു സർക്കാരുണ്ടാക്കാൻ അന്നത്തെ ഗവർണർ ഉദാരമായ സമയം നൽകുകയായിരുന്നു. കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന നാഷനലിസ്റ്റ് പീപ്പിൾസ് പാർട്ടി (20സീറ്റ്) നയിക്കുന്ന മേഘാലയ ഡമോക്രാറ്റിക് അലയൻസിൽ ബിജെപിക്കു പുറമേ പ്രാദേശിക പാർട്ടികളായ യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (എച്ച്എസ് പിഡിപി) എന്നിവരും ഏതാനും സ്വതന്ത്രരും പങ്കാളികളായി സർക്കാർ രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞതവണ ബിജെപി രണ്ടു സീറ്റ് നേടി. കോൺഗ്രസിന്റെ 21 എംഎൽഎമാരും ഒന്നിനു പിന്നാലെ ഒന്നായി മറ്റു പാർട്ടികളിൽ ചേക്കേറി. ഏറ്റവും ഒടുവിൽ, 2021 നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ പതനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ജയിക്കാത്ത മമതാ ബാനർജിയുടെ പാർട്ടിയാണ് ഇപ്പോൾ മേഘാലയയിലെ പ്രതിപക്ഷം.

അസമിലെ തന്ത്രം പയറ്റാൻ ബിജെപി

ഇന്ത്യയിലെ ഏറ്റവും മനോഹര ഭൂപ്രദേശങ്ങളിലൊന്നായ മേഘാലയയിൽ കോൺറാഡ് സാങ്മ(45)യുടെ നേതൃത്വത്തിലുള്ള എൻപിപി തന്നെയാണ് കരുത്തർ. രണ്ടു സീറ്റിൽനിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റിലേക്ക് ഉയർന്ന എൻപിപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ദേശീയ പാർട്ടി പദവി ലഭിക്കുന്ന ആദ്യ പാർട്ടിയായി. അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും സംസ്ഥാനപാർട്ടി പദവിയുണ്ട് എൻപിപിക്ക്. 

കോൺഗ്രസിനെ വീഴ്ത്താൻ മഴവിൽ സഖ്യമുണ്ടാക്കിയെങ്കിലും ഭരണമുന്നണിയിലെ പാർട്ടികളെല്ലാം ഇത്തവണയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്.  60 സീറ്റിലും എൻപിപി സ്ഥാനാർഥികളുണ്ടെങ്കിലും സാങ്മയുടെ സ്വന്തം നാടായ ഗാരോ കുന്നുകളിലാണ് പാർട്ടി ഏറ്റവും ശക്തം. അസം ഗണപരിഷത്തുമായി ചേർന്ന് അസമിൽ വേരുകൾ പടർത്തി ഒടുവിൽ ആ പാർട്ടിയെ അപ്രസക്തമാക്കിയ ബിജെപി, സമാനതന്ത്രമാണ് മേഘാലയയിലും പയറ്റുന്നത്. ഭരണത്തിൽ പങ്കാളികളായ ബിജെപിയും എല്ലാ സീറ്റിലും മത്സരിക്കുന്നു. മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മയുടെ മകനായ കോൺറാഡ് സാങ്മ ബിജെപിയുടെ വളർച്ചയെ ഭയപ്പെടുന്നുണ്ട്. 

അസമുമായുള്ള അതിർത്തിത്തർക്കം ഇപ്പോഴും നീറിപ്പുകയുകയാണ്. കഴിഞ്ഞ വർഷം 6 മേഘാലയക്കാരാണ് അസം പൊലീസിന്റെ വെടിയേറ്റു മരിച്ചത്. അതിർത്തിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലെത്തിയത്. മേഘാലയയിൽ പ്രതിഷേധം കത്തിപ്പടർന്നിട്ടും ബിജെപി ഭരിക്കുന്ന അസമിനെ പ്രതിരോധത്തിലാക്കാൻ കോൺറാഡിനു കഴിഞ്ഞില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബർണാഡ് മരാക്കിനെ വേശ്യാലയം നടത്തിയെന്ന കുറ്റംചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. പക്ഷേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയെ നയിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായി അടുത്ത ബന്ധമാണ് കോൺറാഡിനുള്ളത്. ഹിമന്തയുടെ നിർദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പരസ്പരമുള്ള ഇപ്പോഴത്തെ പോരാട്ടം അതിന്റെ ഭാഗമാണെന്നും എതിരാളികൾ ആരോപിക്കുന്നു. 

കോൺഗ്രസിന്റെ പതനം, തൃണമൂലിന്റെ ഉദയം

ഗോവയിലെ പരീക്ഷണം പാളിയ തൃണമൂൽ കോൺഗ്രസ്, ബംഗാളിനു പുറത്ത് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നത് മേഘാലയയിലാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായകനും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന മുകുൾ സാങ്മയും 11 എംഎൽഎമാരും രണ്ടു വർഷം മുൻപു തൃണമൂലിൽ ചേർന്നതാണ് മമതാ ബാനർജിയുടെ പ്രതീക്ഷകൾക്കു കാരണം.  

ഷില്ലോങ് എംപിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വിൻസന്റ് എച്ച്. പാലയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മുകുളിനെയും സംഘത്തെയും തൃണമൂലിൽ എത്തിച്ചത്. കോൺഗ്രസ് എംഎൽഎമാരെ തൃണമൂൽ വിലയ്ക്കു വാങ്ങുകയായിരുന്നെന്ന ആക്ഷേപവുമുണ്ട്. വിൻസന്റും ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നുണ്ട്. 

സ്ഥാനാർഥികളുടെ വ്യക്തിസ്വാധീനംകൊണ്ട് ചില സീറ്റുകളിൽ വിജയിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മുഴുവൻ സീറ്റിലും മത്സരിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ എട്ടു പേർ  വനിതകളാണ്.

24 നിയമസഭാ സീറ്റുകളുള്ള ഗാരോ കുന്നുകൾ തന്നെയാണ് മുകുൾ സാങ്മയുടെയും തൃണമൂലിന്റെയും ശക്തികേന്ദ്രങ്ങൾ. മുകുളിന്റെ ഭാര്യ ഡിക്കാൻചി സാങ്മ, സഹോദരൻ സെനിത്ത് സാങ്മ, മകൾ മിയാനി ഷിറ എന്നിവർ എംഎൽഎമാരാണ്. സ്വതന്ത്രരായി മത്സരിച്ചു ജയിക്കാൻ കെൽപുള്ളവരാണ് മുകുളിന്റെ കുടുംബം.

മുകുളിന്റെ പിന്തുണ പാർട്ടിയെ സഹായിക്കുമെന്നാണു ദീദിയുടെ പ്രതീക്ഷ. 

36 നിയമസഭാ മണ്ഡലങ്ങളുള്ള ഖാസി-ജയന്റിയ ഹിൽസിൽ നിർണായക ശക്തിയാണ് കഴിഞ്ഞ തവണ 6 സീറ്റ് ലഭിച്ച യുഡിപി. ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പാർട്ടി ഇത്തവണയും ഒറ്റയ്ക്കാണു മത്സരിക്കുന്നത്.

സൗജന്യ ചികിത്സ, വിളകൾക്കു താങ്ങുവില എന്നിവയാണ് കോൺഗ്രസ് വാഗ്ദാനം. ബംഗാളിനു സമാനമായ വികസനമാണ് തൃണമൂൽ ഉറപ്പുനൽകുന്നത്. ഭരണകക്ഷിയായ എൻപിപി അഞ്ചു ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്യുന്നു. വികസനമാണ് ബിജെപി മുദ്രാവാക്യം. 

നാഗാലാൻഡിലെ തുവെൻസാങിൽ ബിജെപിയുടെ പൊതുയോഗത്തിൽ നിന്ന്.
നാഗാലാൻഡിലെ തുവെൻസാങിൽ ബിജെപിയുടെ പൊതുയോഗത്തിൽ നിന്ന്.

നാഗാലാൻഡിൽ വീണ്ടും വരുമോ കൂട്ടുകെട്ട് ?

ഗോത്രരാഷ്ട്രീയവും പണവുമാണ് നാഗാലാൻഡിൽ അധികാരം നിശ്ചയിക്കുന്നത്. പ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണത്തിന്റെ ഭാഗമായതോടെ ഫലത്തിൽ സംസ്ഥാനത്തു പ്രതിപക്ഷമില്ല. നാഗാ സമാധാനചർച്ചകൾക്കു പിന്തുണ നൽകാനാണ് എൻപിഎഫ് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാരിൽ ചേർന്നത്. 

മുഖ്യമന്ത്രി നെയ്ഫ്യു റിയോ നയിക്കുന്ന നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യും ബിജെപിയും ഇത്തവണയും ഒരുമിച്ചാണു മത്സരിക്കുന്നത്. എൻഡിപിപി 40 സീറ്റിലും ബിജെപി 19 സീറ്റിലും. കോൺഗ്രസ് സ്ഥാനാർഥി പിന്മാറിയതിനെത്തുടർന്ന് അകുലലുട്ടോ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു.  കൂട്ടുകക്ഷി സർക്കാരിൽ അംഗമാണെങ്കിലും എൻപിഎഫാണ് എൻഡിപിപി- ബിജെപി സഖ്യത്തിന്റെ പ്രധാന എതിരാളികൾ. 59 അംഗ നിയമസഭയിൽ 26 എംഎൽഎമാരുമായി വലിയ ഒറ്റക്കക്ഷിയായിരുന്ന എൻപിഎഫ്, സർക്കാരിന്റെ ഭാഗമായതിനു പിന്നാലെ 21 എംഎൽഎമാർ എൻഡിപിപിയിൽ ചേർന്നിരുന്നു. 22 സീറ്റിൽ എൻപിഎഫ് ജനവിധി തേടുന്നു. 

നാലു തവണ നാഗാലാൻഡ് മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോയെ മുന്നിൽനിർത്തിയാണ് എൻഡിപിപി- ബിജെപി സഖ്യത്തിന്റെ പ്രചാരണം. എൻപിഎഫിന്റെ മുഖ്യമന്ത്രിയായിരുന്ന റിയോ കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പുതിയ പാർട്ടി രൂപീകരിച്ചത്. . നാഗാലാൻഡിലെ പ്രമുഖ ഗോത്രമായ അംഗാമിയിൽപെട്ട റിയോ അധികാരത്തിലെത്തണമെന്ന് ബിജെപി കേന്ദ്രനേതൃത്വവും ആഗ്രഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിപിപിക്ക് 18 സീറ്റും ബിജെപിക്ക് 12 സീറ്റുമാണ് ലഭിച്ചത്. 

ബഹിഷ്കരണം പിൻവലിച്ച് ഏഴ് ഗോത്രങ്ങൾ

കിഴക്കൻ നാഗാലാൻഡിലെ ഏഴു ഗോത്രങ്ങൾ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള ആഹ്വാനം പിൻവലിച്ചത് എൻഡിപിപി- ബിജെപി സഖ്യത്തിനു ഗുണം ചെയ്യും. ഫ്രോണ്ടിയർ നാഗാലാൻഡ് എന്നപേരിൽ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആറു ജില്ലകളിലെ ഏഴു ഗോത്രങ്ങളുടെ ഏകോപന സമിതിയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷന്റെ ആവശ്യം. പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവൽ ഇതേ ആവശ്യം ഉന്നയിച്ച്  ഇവർ ബഹിഷ്കരിച്ചിരുന്നു. 

   തിരഞ്ഞെടുപ്പിനുശേഷം തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതിനെത്തുടർന്നാണ് കിഴക്കൻ ജില്ലകൾ തിരഞ്ഞെടുപ്പുമായി സഹകരിക്കുന്നത്.

ഒരുകാലത്ത് നാഗാലാൻഡ് ഭരിച്ചിരുന്ന കോൺഗ്രസ് പേരിനു മാത്രമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ഒറ്റ സീറ്റിലും ജയച്ചില്ല. കോൺറാഡ് സാങ്മയുടെ എൻപിപി രണ്ടു സീറ്റിലും ജനതാദൾ (യു) ഒരു സീറ്റിലും ജയിച്ചു. ഇത്തവണ കോൺഗ്രസ് 23 സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എൻപിപി 12 സീറ്റിൽ മത്സരിക്കുന്നു. കഴിഞ്ഞ തവണ ഒരാളെ ജയിപ്പിച്ച ജനതാദൾ (യു) ഏഴു സീറ്റിലാണ് മത്സരിക്കുന്നത്. എൻസിപി(12), ലോക് ജനശക്തി പാർട്ടി (15), രാഷ്ട്രീയ ജനതാദൾ (3), റിപ്പബ്ലിക്കൻ പാർട്ടി (9) എന്നിവർക്കു പുറമേ സിപിഐ ഒരു സീറ്റിലും മത്സരിക്കുന്നു.

ഇതുവരെ ഒറ്റ വനിത പോലും നിയമസഭാ കാണാത്ത നാഗാലാൻഡിൽ ഇത്തവണ നാലുപേരാണ് രംഗത്തുള്ളത്. എൻഡിപിപി, ബിജെപി, കോൺഗ്രസ് എന്നിവർ വനിതകളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്.

നാഗാ സമാധാനക്കരാർ, ഫ്രോണ്ടിയർ നാഗാലാൻഡ് സംസ്ഥാന രൂപീകരണം, റോഡ് വികസനം, വൈദ്യുതി, പുതിയ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപങ്ങൾ തുടങ്ങിയവയാണ് നാഗാലാൻഡിലെ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ. കിഴക്കൻ നാഗാലാൻഡിനു പ്രത്യേക പാക്കേജ് ബിജെപി വാഗ്ദാനം ചെയ്യുന്നു.

English Summary :  Meghalaya and Nagaland assembly election 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com