ADVERTISEMENT

ഏതു യുദ്ധവാർഷികവും ദുഃഖവാർഷികം കൂടിയാണ്. രൂക്ഷമായി ഇപ്പോഴും തുടരുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം ഈ ഒന്നാം വാർഷികത്തിൽ അവശേഷിപ്പിക്കുന്നത് ജീവനഷ്ടങ്ങളടക്കമുള്ള മഹാനാശമാണ്; ഉറ്റവരുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരുടെ മഹാദുഃഖമാണ്; ചോരയുടെയും കണ്ണീരിന്റെയും മഹാപ്രവാഹമാണ്. 

ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി, കൂടുതൽ നഷ്ടങ്ങളിലേക്കും നാശങ്ങളിലേക്കും തുടരുകയാണു യുദ്ധം. ഒരു വർഷത്തിനിടെ യുക്രെയ്നിൽ 8000 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ പ്രാഥമിക നിഗമനം. അനൗദ്യോഗിക കണക്ക് ഇതിലും എത്രയോ കൂടുതലാണ്. യുദ്ധം നീളവേ, സമീപരാജ്യങ്ങളിലേക്കുള്ള വൻ അഭയാർഥിപ്രവാഹം ലോകത്തിന്റെ സങ്കടവും ആശങ്കയുമായി തുടരുകയും ചെയ്യുന്നു. 

വിസ്മയകരമായ ചെറുത്തുനിൽപിലൂടെയും അതിജീവനത്തിലൂടെയും യുക്രെയ്ൻ ഇപ്പോൾ നിഴൽവീഴ്ത്തുന്നത് റഷ്യയുടെ അധീശത്വ സ്വപ്നങ്ങളിലാണ്. തങ്ങളുടെ യുദ്ധശേഷി അറിയിക്കുന്ന ലോകവിളംബരമായിക്കൂടി ഈ യുദ്ധത്തെ ആദ്യം കണ്ടിരുന്ന റഷ്യയ്ക്ക് അതത്ര എളുപ്പമല്ലെന്നു മനസ്സിലായിക്കഴിഞ്ഞു. സോവിയറ്റ് കാലത്തേതുപോലെ കിഴക്കൻ യൂറോപ്പിലേക്കു വ്യാപിച്ചുകിടക്കുന്ന വിശാല റഷ്യയാണു പുട്ടിന്റെ സ്വപ്നം. സാമ്പത്തികതലത്തിൽ യൂറോപ്യൻ യൂണിയന്റെ വിപുലീകരണം തടയുകയെന്ന ലക്ഷ്യവും റഷ്യയ്ക്കുണ്ട്. യുക്രെയ്നിലൂടെ കടന്നുപോകുന്ന വാതക പൈപ്‌ലൈനുകളുടെ സമ്പൂർണ നിയന്ത്രണവും റഷ്യയ്ക്കു വേണം.

റഷ്യ 2014ൽ തന്ത്രപ്രധാനമായ ക്രൈമിയ ഉപദ്വീപ് ആക്രമിച്ചു കൈവശമാക്കിയ വേളയിലെ ദുർബലമായ സൈനികശക്തിയിൽനിന്ന് യുക്രെയ്ൻ ഇപ്പോൾ എത്രയോ വളർന്നുകഴിഞ്ഞുവെന്ന് ഇക്കഴിഞ്ഞ യുദ്ധവർഷം വ്യക്തമാക്കുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും ആയുധസഹായവും സൈനിക പരിശീലനവും സമൃദ്ധമായി അവർക്കു ലഭിച്ചുപോരുന്നുമുണ്ട്. യുക്രെയ്നിനുള്ള സൈനിക സഹായം ഇരട്ടിയാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയൻ യുക്രെയ്നിനൊപ്പം ഉറച്ചുനിൽക്കുമെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

പോരാട്ടം ഇപ്പോൾ യുക്രെയ്നിന് അനുകൂലമായി മാറുന്ന സ്ഥിതിയാണെന്നാണു നിരീക്ഷണം. തങ്ങളുടെ അതിസാഹസികതയ്ക്ക് റഷ്യ വൻവില കൊടുക്കേണ്ടിവന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, യുക്രെയ്ൻ ജനതയുടെ ദുരിതത്തിന് ആഴമേറുകയുമാണ്. വെള്ളവും വൈദ്യുതിയും മിക്കപ്പോഴും മുടങ്ങുന്നു. വാർത്താവിനിമയ സംവിധാനങ്ങളും താറുമാറാണ്. പക്ഷേ, റഷ്യയെന്ന വൻശക്തിയോടു പോരാടിനിന്ന് ലോകത്തെ യുക്രെയ്ൻ അദ്ഭുതപ്പെടുത്തുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ടൈം വാരികയുടെ 2022ലെ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയത് ഇതോടു ചേർത്തുവയ്ക്കാം. ‘യുദ്ധകാല നേതാവ് എന്ന നിലയിൽ സെലെൻസ്കിയുടെ ധീരത യുക്രെയ്ൻ രാഷ്ട്രീയ നേതൃത്വത്തിനാകെ ഊർജം പകർന്നുവെന്നും റഷ്യയെ ഭയന്നോടാതെ അദ്ദേഹം യുദ്ധഭൂമിയിൽ നിലകൊണ്ടത് രാജ്യത്തിനകത്തും പുറത്തും യുക്രെയ്നിന്റെ പോരാട്ടവീര്യം ഉയർത്തിയെന്നും’ ടൈം നിരീക്ഷിക്കുകയുണ്ടായി.

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിനപ്പുറത്ത് ഇപ്പോഴിത് ശാക്തികചേരികളുടെ ബലപരീക്ഷണം കൂടിയായി മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നിട്ടിറങ്ങി റഷ്യാവിരുദ്ധ പാശ്ചാത്യസഖ്യം ബലപ്പെടുത്തുന്നതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉടൻ മോസ്കോ സന്ദർശിക്കുമെന്നു പുട്ടിൻ അറിയിച്ചിട്ടുമുണ്ട്. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും നടത്തുമെന്ന മുന്നറിയിപ്പുമുണ്ടായി. യുദ്ധം ശക്തമായി തുടരുമെന്നു കഴിഞ്ഞ ദിവസം രാഷ്ട്രത്തോടുള്ള പ്രസംഗത്തിൽ പുട്ടിൻ പറഞ്ഞത് ലോകം കേൾക്കുന്നു; ചെറുത്തുനിൽക്കാനുള്ള കൂടുതൽ ആത്മവിശ്വാസം യുക്രെയ്ൻ കൈവരിച്ചതു കാണുകയും ചെയ്യുന്നു.

നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല. എന്നവസാനിക്കുമെന്നറിയാതെ തുടരുന്ന ഈ യുദ്ധത്തിലൂടെ ഇതിനകമുണ്ടായ ആഴമുറിവുകൾ വിളിച്ചുപറയുന്നത് ചെവിയോർത്താൽ ലോകത്തിനു കേൾക്കാം: എത്രയുംവേഗം ഈ ചോരച്ചെ‍ാരിച്ചിൽ അവസാനിപ്പിക്കുകതന്നെ വേണം; ഇനിയെ‍ാരു യുദ്ധത്തിന് ഒരു രാജ്യത്തെയും വിട്ടുകെ‍ാടുക്കാനും പാടില്ല.

English Summary : Editorial about Russia Ukarine war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com