ADVERTISEMENT

സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ സുപ്രധാനമായൊരു കാര്യം പറഞ്ഞിരുന്നു: കേന്ദ്ര റവന്യു വിഹിതത്തിൽനിന്ന് സംസ്ഥാനങ്ങൾക്കു വീതംവച്ചു നൽകേണ്ട കരുതൽശേഖരത്തിൽ കേരളത്തിനുള്ള പങ്ക് പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875% ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലമെത്തിയപ്പോൾ 1.925% ആയി കുറഞ്ഞു. അതായത് ഏതാണ്ട് പകുതിയിൽ താഴെയായി. പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്ത് അത് 2.5% ആയിരുന്നു (പക്ഷേ ആ സമയത്ത്, സംസ്ഥാനങ്ങൾക്കു നൽകേണ്ട വിഹിതത്തിന്റെ അളവിൽ 10 ശതമാനത്തിന്റെ റെക്കോർഡ് വർധനയുണ്ടായിരുന്നതിനാൽ കേരളത്തിന് അൽപം ആശ്വസിക്കാൻ വകയുണ്ടായി).

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുന്ന വേളയിൽ, ജനസംഖ്യാ മാനദണ്ഡം 1971നു പകരം 2011 ആയി എടുത്താൽ തങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കപ്പെടുമെന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനപ്പെരുപ്പം തടയുന്നതിൽ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്, വിഹിതം നിശ്ചയിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ മികവിനു 12.5 ശതമാനം എന്ന പുതിയ ഘടകം ഉൾപ്പെടുത്തിയത്. മറ്റു ഘടകങ്ങൾക്കു നൽകിയ പരിഗണന ഇപ്രകാരം: ജനസംഖ്യ– 15 %. ഭൂവിസ്തൃതി– 15 %, ദാരിദ്ര്യ സൂചികയിലെ അന്തരം–  45 %, വനം, പരിസ്ഥിതി– 10 %, നികുതികൾക്കും മറ്റു സാമ്പത്തിക പദ്ധതികൾ– 2.5 %.

പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഈ ഫോർമുലയ്ക്കു കഴിഞ്ഞോ? ‘സൗത്ത് വേഴ്സസ് നോർത്ത്’ എന്ന പുസ്തകത്തിൽ ആർ.എസ്.നീലകണ്ഠൻ ചൂണ്ടിക്കാട്ടുന്നതുപോലെ, ജനസംഖ്യാ നിയന്ത്രണത്തിലെ മികവു വിലയിരുത്താൻ കൃത്യമായ സൂചകങ്ങൾ ഉപയോഗിക്കുന്നതിനു പകരം 1971ലെയും 2011ലെയും ജനസംഖ്യയെയും ജനനനിരക്കിനെയും കൂട്ടിക്കുഴച്ച് അസന്തുലിത സൂചകമുണ്ടാക്കുകയാണ് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ചെയ്തത്. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ടു നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന നൽകുകയെന്ന ലക്ഷ്യത്തെത്തന്നെ അതു പരാജയപ്പെടുത്തി. ജനസംഖ്യാ നിയന്ത്രണത്തിലെ മികവിന് ഉത്തർപ്രദേശിന് 12.12 ശതമാനം വിഹിതം കിട്ടിയപ്പോൾ കേരളത്തിന്റേതു വെറും 4.5 ശതമാനം മാത്രമായിരുന്നു എന്നതിൽ ഇതിലെ വൈരുധ്യം വ്യക്തം.

സംസ്ഥാനങ്ങൾക്കിടയിലെ വിഭവവിഭജനത്തിൽ, നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, 1.93 % മാത്രമാണു കേരളത്തിനു ലഭിച്ചത്. എന്നാൽ, ഉത്തർപ്രദേശിന് 17.94 % ലഭിച്ചു. ആകെ നോക്കുമ്പോൾ 50 ശതമാനത്തോളം വിഹിതവും ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കായാണു ലഭിച്ചത്. ബാലഗോപാൽ പ്രകടിപ്പിച്ച അതേ ആശങ്ക മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പങ്കുവയ്ക്കും. പക്ഷേ, ധനകാര്യ കമ്മിഷനുകൾ സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതിൽ ജനസംഖ്യയും ഭൂവിസ്തൃതിയും ദാരിദ്ര്യസൂചികയും തന്നെ മുഖ്യമാനദണ്ഡങ്ങളായി (ഏതാണ്ട് 75 ശതമാനം അവ തന്നെയാണല്ലോ) തുടരുന്നിടത്തോളം കാര്യമായ മാറ്റം വരാനിടയില്ല. ഇക്കാര്യത്തിൽ കേരളത്തിന്റെ പരാതി ന്യായം തന്നെ. അതിനുവേണ്ടി ശബ്ദമുയർത്തണം എന്നതിലും തർക്കമില്ല. പക്ഷേ, അങ്ങനെ ശബ്ദമുയർത്തിയതുകൊണ്ടു മാത്രം കാര്യമില്ല. മേൽപറഞ്ഞ യാഥാർഥ്യങ്ങൾ മനസ്സിൽവച്ച് കേരളം സ്വന്തം സാമ്പത്തികസ്ഥിതി വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ടി.നന്ദകുമാർ
ടി.നന്ദകുമാർ

വികസിക്കുംതോറും വിഹിതം കുറഞ്ഞേക്കും

സംസ്ഥാനങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികളുടെ മാനദണ്ഡവും ഇതോടൊപ്പം ചേർത്തു വായിക്കണം. പിന്നാക്കപ്രദേശങ്ങളെ മധ്യനിലയിലെങ്കിലും എത്തിക്കാൻ ധനസഹായം നൽകുകയാണ് ഇത്തരം കേന്ദ്രപദ്ധതികളിൽ ഒട്ടുമിക്കതിന്റെയും ലക്ഷ്യം.  പഠിക്കുന്ന കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിലായാലും, സ്കൂൾ കെട്ടിടങ്ങളുടെ എണ്ണത്തിലായാലും, ശുദ്ധജല കണക്‌ഷനുകളുടെയോ ശുചിമുറി സൗകര്യത്തിന്റെയോ ഗ്രാമീണ റോ‍ഡുകളുടെയോ കാര്യത്തിലായാലും, ദേശീയ ശരാശരിയിലും വളരെ താഴെയുള്ള സംസ്ഥാനങ്ങൾക്കാണ്  ഫണ്ടിൽ ഭൂരിഭാഗവും ലഭിക്കുക. ഉദാഹരണത്തിന്, വിദ്യാഭ്യാസത്തിന്റെ കാര്യമെടുക്കുക. സെക്കൻഡറിയിലും ഹയർ സെക്കൻഡറിയിലും ഓരോ വർഷവും ചേരുന്ന കുട്ടികളുടെ എണ്ണം (ഗ്രോസ് എൻറോൾമെന്റ് റേഷ്യോ–ജിഇആർ) ആണല്ലോ ഏതു സംസ്ഥാനത്തെയും വിദ്യാഭ്യാസ മേഖലയുടെ കരുത്തിന്റെ സൂചകം. സെക്കൻഡറിയിൽ 99 ശതമാനവും ഹയർ സെക്കൻ‍ഡറിയിൽ 79 ശതമാനവുമാണു കേരളത്തിന്റെ ജിഇആർ. ഉത്തർപ്രദേശിലാകട്ടെ അത് യഥാക്രമം 68 ശതമാനവും 59 ശതമാനവുമാണ്. സ്വാഭാവികമായും, പുതിയ വിദ്യാഭ്യാസനയപ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഫണ്ടിൽ ഭൂരിപക്ഷവും അത്തരം സംസ്ഥാനങ്ങളിലേക്കു പോകും. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽനിന്നു കേരളത്തിനുള്ള വിഹിതം ഇനിയും കുറഞ്ഞുകൊണ്ടേയിരിക്കും.

ആനുകൂല്യങ്ങളുടെ നേരിട്ടുള്ള വിതരണത്തിലും (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) പൊതു ധനകാര്യ നിർവഹണ സംവിധാനത്തിലും (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) അടുത്തകാലത്തുണ്ടായ മാറ്റങ്ങളും ശ്രദ്ധിക്കുക. സംസ്ഥാനങ്ങളുടെ ധനവിനിയോഗ നിയന്ത്രണ സംവിധാനത്തെ അവ സമ്മർദത്തിലാക്കുന്നു. ഫലമോ, ദൈനംദിന ചെലവുകൾക്കുപോലും ഹ്രസ്വകാല വായ്പകളെടുക്കാൻ സംസ്ഥാനങ്ങൾ‌ നിർബന്ധിതമാകുന്നു.

കാത്തുനിൽക്കരുത്,ആർക്കുവേണ്ടിയും

തീർച്ചയായും, ‘കേന്ദ്രത്തെ പഴിക്കുക’ എന്നതു തന്നെയാണ് ഇത്തരം സാഹചര്യത്തിൽ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന പ്രതികരണം. അതു രാഷ്ട്രീയക്കാർ ചെയ്തോട്ടെ. പക്ഷേ, നമ്മളെക്കാൾ ദരിദ്രമായ സംസ്ഥാനങ്ങൾ നമുക്കൊപ്പമെത്തുന്നതുവരെ കാത്തുനിൽക്കുകയാണോ കേരളം ചെയ്യേണ്ടത്? അതോ നമ്മൾ അടുത്ത പടിയിലേക്കു മുന്നേറണോ?

നിലവിലുള്ള വളർച്ചയുടെ പടവുകളിൽനിന്ന് ഇനിയും മുന്നേറാനുള്ള ആസൂത്രണമാണു കേരളത്തിനു വേണ്ടത്, പ്രത്യേകിച്ച്, നമ്മുടെ കയ്യിലുള്ള ഏറ്റവും വിലയേറിയ മൂലധനത്തിന്റെ–മനുഷ്യവിഭവശേഷിയുടെ–കാര്യത്തിൽ. വരും കാലങ്ങളെ നയിക്കുക സാങ്കേതികവിദ്യകളായിരിക്കും എന്നു നമുക്കറിയാം. നമ്മുടെ ചെറുപ്പക്കാരാകട്ടെ ലോകത്തിന്റെ ഏതു കോണിലെയും അവസരങ്ങൾ മുതലെടുക്കുന്നതിൽ സമർഥരുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡേറ്റാ സയൻസ്, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം എത്രയോ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ഒരുക്കാൻ നമുക്കു കഴിയില്ലേ? നമ്മുടെ ചെറുപ്പക്കാർ അതിനു തയാറാണ്. അവർക്ക് കഴിവുമുണ്ട്. പക്ഷേ, അവരിലെ പ്രതിഭകൾക്കു വളരാനാവശ്യമായ ‘ആവാസവ്യവസ്ഥ’ ഇവിടെയുണ്ടോ?

നമ്മുടെ വികസന ആസൂത്രണങ്ങളും വിദ്യാഭ്യാസരീതികളും നൈപുണ്യ വികസന പരിപാടികളും  പരിശീലനങ്ങളുമെല്ലാം ആ ലക്ഷ്യത്തെ ഉൾക്കൊള്ളേണ്ടതുണ്ട്. കേരളത്തിന്റേതു മാത്രമായ പുതിയ പരിപാടികളും ചിന്താഗതിയും അതിനാവശ്യമാണ്. കേരളം കുറച്ചുകൂടി ഉണർന്നു കളിക്കേണ്ടിയിരിക്കുന്നു. നമുക്കു ഭാവിയുള്ളിടത്താണ് നമ്മൾ മുതലിറക്കേണ്ടത്.

കണക്ക് ചോദിക്കാൻ സമയമായി

ധനവിനിയോഗം അവലോകനം ചെയ്യാൻ കമ്മിഷനെ നിയോഗിക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ സാധാരണ കണ്ടുവരുന്ന നടപടി. ഇതൊരു പരിധിവരെ മാത്രമേ സഹായകരമാകൂ. ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയഘടന എന്തു തന്നെയായാലും, സമ്മർദങ്ങൾക്കു വഴങ്ങിയുള്ള രാഷ്ട്രീയ നിയമനങ്ങൾ ഉള്ളിടത്തോളംകാലം ഒരുമാറ്റവും പ്രതീക്ഷിക്കരുത്. 

നികുതിദായകരായ ജനങ്ങൾ സർക്കാരിനോടും സർക്കാർ സ്ഥാപനങ്ങളോടും കണക്കു ചോദിക്കേണ്ട സമയമാണിത്. സർക്കാരിന്റെ ധനവിനിയോഗ നിർവഹണത്തെക്കുറിച്ച്, പ്രബുദ്ധരായ  ആളുകൾ കൂടിയാലോചിച്ചു വിശദമായ പഠനവും അവലോകനവും തയാറാക്കി പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനും സമയമായിരിക്കുന്നു. സർക്കാരിന്റെ ഓരോ പരിപാടിയും, ഓരോ ചെലവും എന്തു ഫലമുണ്ടാക്കുന്നു എന്നു പഠിക്കണം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോർഡുകളുടെയും പ്രസക്തിയും പ്രകടനവും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണം.

കക്ഷിരാഷ്ട്രീയത്തിനതീതമായി, കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. കണക്കുകളും വിശകലനങ്ങളും പുറത്തുകൊണ്ടുവരാൻ ഒരു രാഷ്ട്രീയേതര വേദി മുൻപെന്നത്തെക്കാളും അത്യാവശ്യമായിരിക്കുന്നു. ഒരു തുടക്കം, അതെത്ര ചെറുതാണെങ്കിലും, ഉടൻ ഉണ്ടാകട്ടെ.

എന്തിനിത്ര ബോർ‍ഡുകൾ?

ലക്ഷ്യം കൈവരിക്കാൻ കേരളത്തിന്റെ സാമ്പത്തിക മുൻഗണനാക്രമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. ഉൽപാദനക്ഷമമല്ലാത്ത ചെലവുകളുടെ ധാരാളം കഥകൾ ഈയിടെ മലയാള മനോരമ പ്രസിദ്ധീകരിച്ച പരമ്പരയിൽ നാം വായിച്ചു. ചെലവുകൾ കൂടുന്നതിനു പരിഹാരമായി ഈ ബജറ്റിലുള്ളത് പെട്രോൾ, മദ്യം, വെള്ളം, കെട്ടിടം തുടങ്ങിയവയുടെ നികുതി വർധിപ്പിക്കുന്നതും മറ്റുമാണ്. ഇങ്ങനെ നികുതി കൂട്ടുന്നരീതി എല്ലാ വർഷവും തുടരാനാവില്ല.

ആഗോളവിപണിയിൽ മത്സരിക്കാൻ സജ്ജമായ മനുഷ്യവിഭവശേഷി ഒരുക്കിയെടുക്കാൻ അതിനു യോജിച്ച വീക്ഷണവും മാർഗങ്ങളും ആവശ്യമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ, അതിനാവശ്യമായ സാമ്പത്തികച്ചെലവിൽ വലിയൊരു പങ്ക് സർക്കാർ വഹിക്കേണ്ടിവരും.

ചെലവു ചുരുക്കേണ്ടത് അത്യാവശ്യമാണ്. ആനുകൂല്യങ്ങളിലെയും പ്രതിഫലങ്ങളിലെയും നോൺ മെറിറ്റ് ഗ്രാന്റുകളിലെയും സബ്സിഡികളിലെയും മറ്റും ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ ഒഴിവാക്കാൻ സ്വതന്ത്രമായ വിലയിരുത്തൽ നടത്തിക്കൊണ്ടാവട്ടെ തുടക്കം. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും രോഗാവസ്ഥയിലാണ്. സ്വകാര്യമേഖലയ്ക്കു നിർവഹിക്കാനാവാത്ത അവശ്യ സർവീസുകൾ ഒഴികെയുള്ള ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 82 എണ്ണത്തിലും കൃത്യമായ ഓഡിറ്റിങ്ങോ കണക്കോ പോലും ഇല്ലെന്നതാണു സങ്കടകരം. വർഷങ്ങളായി ഓഡിറ്റിങ് നടക്കാത്ത കമ്പനികൾക്ക് എങ്ങനെയാണു ബജറ്റിൽ ഫണ്ട് അനുവദിക്കുന്നത്? ഇത്തരം വീഴ്ചകൾക്കു വിശദീകരണം നൽകാൻ ആ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്ക് ഉത്തരവാദിത്തമില്ലാതിരിക്കുന്നത് എങ്ങനെ? 

ഇതിൽ മിക്ക കമ്പനികളും ചെയർമാൻ പദവിയിലിരിക്കുന്നവർക്കുവേണ്ടി വൻതുക ചെലവഴിക്കുന്നുണ്ട് (കമ്പനി നിയമപ്രകാരം മുഴുവൻ സമയ ചെയർപഴ്സൻ ആവശ്യമേ ഇല്ല). സ്വകാര്യ സ്ഥാപനങ്ങളിലേതുപോലെ പാർട്ട് ടൈം ചെയർപഴ്സനെ വച്ചുതന്നെ ഇത്തരം കമ്പനികൾക്കു കൂടുതൽ നന്നായി പ്രവർത്തിക്കാനാവും. മാത്രമല്ല, ചുരുങ്ങിയത് 24 ക്ഷേമനിധി ബോർഡുകളെങ്കിലുമുണ്ട് കേരളത്തിൽ. അവയുടെ ചെയർമാൻ സ്ഥാനങ്ങളും ഉൽപാദനക്ഷമമല്ലാത്ത അധികച്ചെലവു തന്നെ. ഈ ക്ഷേമനിധി ബോർഡുകളെല്ലാം ലയിപ്പിക്കണം. അതു നിയന്ത്രിക്കാൻ ഒരു ഫുൾടൈം സിഇഒയും പാർട് ടൈം ചെയർമാനും മതി എന്നും തീരുമാനിക്കണം. പറയത്തക്ക ഫലമൊന്നും തരാത്ത മറ്റു ബോർഡുകളെയും വെള്ളാനകളായി കണക്കാക്കണം.

(കേന്ദ്ര സർക്കാരിലെ മുൻ സെക്രട്ടറിയും നാഷനൽ ഡെയറി ‍ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമാണു ലേഖകൻ).

English Summary : Write up about central tax share 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com