ADVERTISEMENT

ഭരണഘടനാ മൂല്യങ്ങൾക്കു പരമപ്രാധാന്യം കൽപിക്കുന്ന സുശക്ത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ആഹ്വാനവുമായി കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം ഛത്തീസ്ഗഡിലെ റായ്പുരിൽ സമാപിച്ചിരിക്കുകയാണ്. രാഹുൽ‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലൂടെ പാർട്ടിക്കു കൈവന്ന ഉണർവും ഊർജവും നിലനിർത്തി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിനും തയാറെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് മതനിരപേക്ഷ, സോഷ്യലിസ്റ്റ് കക്ഷികളെ ഒരുമിപ്പിച്ചുനിർത്താൻ മുൻകയ്യെടുക്കുമെന്നും പ്ലീനറി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിയാത്മകമായ പൊതു പരിപാടിയുടെ അടിസ്ഥാനത്തിൽ, സമാനഹൃദയരായ പാർട്ടികളുമായി സഹകരിക്കാമെന്നാണു പാർട്ടി പറയുന്നത്. ഭരണഘടനയുടെ പൂർണ സംരക്ഷണത്തിനും സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്്ട്രീയ സ്വേച്ഛാധിപത്യം എന്നീ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള പൊതുപരിപാടിയാണ് ഉദ്ദേശിച്ചിട്ടുള്ളത്. ആരോഗ്യപരിരക്ഷ പൗരാവകാശമാക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമങ്ങൾ പരിഷ്കരിക്കുന്നതുമുൾപ്പെടെ കേന്ദ്രത്തിൽ‍ ഭരണത്തിലേക്കു തിരിച്ചുവന്നാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ചെറുപട്ടികയും രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമാണ്.

ഭരണഘടനാസംരക്ഷണത്തെ മുഖ്യലക്ഷ്യമാക്കി ഉയർത്തിക്കാട്ടുന്നതിലൂടെ, അഭിപ്രായസ്വാതന്ത്ര്യനിഷേധം ഉൾപ്പെടെ കേന്ദ്രത്തിലെ ബിജെപി ഭരണത്തിൽ ഉണ്ടായതായി തങ്ങൾ വിലയിരുത്തുന്ന പല അപചയങ്ങളിലേക്കും വിരൽചൂണ്ടുകയാണ് കോൺഗ്രസ്. പ്ലീനറി സമ്മേളനത്തിൽ എടുത്തുപറയുന്ന സാമൂഹിക –രാഷ്ട്രീയ പ്രശ്നങ്ങളുടെ കാര്യവും അതുതന്നെ. കഴിഞ്ഞ ഒൻപതോളം വർ‍ഷക്കാലത്തെ രാജ്യസ്ഥിതിയെക്കുറിച്ചു കോൺഗ്രസിനുള്ള വിലയിരുത്തലിനോട് പ്രതിപക്ഷത്തെ മറ്റേതെങ്കിലും കക്ഷി വിയോജിക്കാൻ ഇടയില്ല. എന്നാൽ, ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിൽ കോൺഗ്രസിന്റെ നേതൃത്വം അംഗീകരിച്ച് ഒപ്പം നിൽക്കാൻ എത്ര കക്ഷികൾ തയാറാകുമെന്നാണ് കാണേണ്ടത്. 

അനൈക്യം മൂലം പ്രതിപക്ഷ വോട്ടുകൾ‍ ചിതറുന്നതു ബിജെപിയുടെ വലിയ വിജയത്തിനു സഹായകമാകുന്നത് നേരത്തേ കണ്ടതാണ്. ബിഹാറിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഭരണമുന്നണിയിലെ ജെഡിയുവും സമാനഹൃദയരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടുത്താത്ത ബിആർഎസും മറ്റും ഇപ്പോൾ‍ നടത്തുന്ന മൂന്നാം മുന്നണി ശ്രമങ്ങളും വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ചു സംശയങ്ങൾക്ക് ഇടനൽകുന്നു. മൂന്നാം മുന്നണി ഫലത്തിൽ ബിജെപിയെയാണ് സഹായിക്കുകയെന്നു കോൺഗ്രസ് മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്ക് ആത്മവിശ്വാസത്തോടെ സഹകരിക്കാൻതക്ക ശക്തമായ സ്ഥിതിയിലാണോ കോൺഗ്രസ് എന്നതു പ്രസക്തമായ ചോദ്യമാണ്. പാർട്ടി ഉയിർത്തെഴുന്നേൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു റായ്പുർ പ്രഖ്യാപനത്തിൽ ഊന്നിപ്പറയുന്നത് കോൺഗ്രസിനു തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നതിന്റെ തെളിവാണ്. 

പ്രവർത്തക സമിതിയുൾപ്പെടെ സംഘടനയുടെ എല്ലാ തലത്തിലും ചെറുപ്പക്കാർക്കും ദുർബല വിഭാഗങ്ങൾക്കും മറ്റും 50% സംവരണം നടപ്പാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. എന്നാൽ, കോൺഗ്രസിന് ഉയിർത്തെഴുന്നേൽക്കാൻ പൊതുവിൽ ആവശ്യമായ അടിയന്തര നടപടികളെക്കുറിച്ചും പാർട്ടി തകർന്നടിഞ്ഞുപോയ സംസ്ഥാനങ്ങളിൽ വീണ്ടും വളരാൻ വേണ്ട പരിശ്രമങ്ങളെക്കുറിച്ചും പ്ലീനറിയിൽ  ചർച്ചയുണ്ടായില്ലെന്നതാണു വസ്തുത. സംഘടനാപരമായ ശോഷണത്തിനു കാരണമായിട്ടുള്ള പ്രവണതകളെ നേരിടാൻ തക്കതായ സമീപനങ്ങൾക്കു കോൺഗ്രസ് ഇനിയും തയാറല്ലെന്നാണ് അതിൽനിന്നു വ്യക്തമാകുന്നത്. 

നേതാക്കളും പ്രവർത്തകരും അച്ചടക്കത്തോടെയും ഐക്യത്തോടെയും പ്രവർത്തിക്കണമെന്നു പ്ലീനറിയിൽ നിർദേശിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉടനെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടുള്ള കാര്യങ്ങൾക്കാണ് പ്ലീനറി ഊന്നൽ നൽകിയതെന്നു വാദിക്കാം. പാർട്ടി സുശക്തമെങ്കിലല്ലേ തിരഞ്ഞെടുപ്പുകളിൽ ആഗ്രഹത്തിനൊത്ത് ഉയരാനാകൂ എന്ന ചോദ്യം അപ്പോഴുണ്ടാകും. പ്രവർത്തകസമിതിയംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു വേണ്ടെന്നുവച്ചതിലൂടെ കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യപരമായ നവീകരണം ഇനിയും ദൂരെയാണെന്നു വിമർശിക്കുന്നവരുമുണ്ട്.

തിരഞ്ഞെടുപ്പുകളെ നേരിടാൻ കൃത്യമായ അജൻഡയുമായി ആദ്യം രംഗത്തിറങ്ങുക എന്നതുതന്നെ കോൺഗ്രസിന്റെ കാര്യത്തിൽ ഇപ്പോൾ വലിയ കാര്യമാണ്. ജവാഹർലാൽ നെഹ്റു മുന്നോട്ടുവച്ച ‘ഇന്ത്യയെന്ന ആശയ’ത്തിൽ ഉറച്ചുനിന്നു മുന്നോട്ടുപോകുമെന്നു പറയുന്നതിലൂടെ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തിലുള്ള വ്യക്തതയും രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശവുമൊക്കെ റായ്പുർ പ്ലീനറിയുടെ ആശാവഹമായ നീക്കിയിരിപ്പുകളാണ്.

English Summary: Editorial about 85th Plenary Session of Congress 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com