ADVERTISEMENT

കാഴ്ചകളുടെയും അനുഭവങ്ങളുടെയും അനുപമസൗന്ദര്യം തേടി, ദൂരദേശങ്ങളിൽനിന്നു കേരളത്തിലെത്തുന്ന സഞ്ചാരികളോടു നമുക്കുണ്ടാകേണ്ട പ്രതിബദ്ധത കുറച്ചുകണ്ടുകൂടാ. കുമരകത്തു നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് അതുകെ‍ാണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് ഏറെ മൂല്യമുണ്ട്. 

ഉത്തരവാദിത്ത ടൂറിസം മേഖലയിൽ 15 വർഷംകൊണ്ട് കേരളം സ്വന്തമാക്കിയ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും മേഖലയിലെ പുതിയ പ്രവണതകൾ കേരളത്തിലെ പ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കുകയുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടത്. ഉത്തരവാദിത്ത ടൂറിസം മേഖലയിലെയും സുസ്ഥിര വിനോദസഞ്ചാര മേഖലയിലെയും പ്രമുഖരടക്കം പങ്കെടുത്ത മൂന്നു ദിവസത്തെ ഉച്ചകോടി മുന്നോട്ടുവച്ച പ്രഖ്യാപനം തുടർനടപടികൾ ആവശ്യപ്പെടുന്നതാണ്. ടൂറിസം വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ നാട്ടുകാർക്കു കൂടുതൽ പങ്കാളിത്തം നൽകുമെന്നു പ്രഖ്യാപനരേഖ വ്യക്തമാക്കുന്നു. ജനങ്ങൾക്കു മെച്ചപ്പെട്ട ജീവിതവും സഞ്ചാരികൾക്കു മെച്ചപ്പെട്ട സഞ്ചാരാനുഭവവും എന്നതാണു പ്രഖ്യാപന പ്രമേയം. 

ടൂറിസം മേഖലയിലെ വനിതാ ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട്, കേരള ടൂറിസവും ഐക്യരാഷ്ട്ര സംഘടനയുടെ സ്ത്രീസമത്വ, വനിതാ ശാക്തീകരണ വിഭാഗമായ യുഎൻ വിമനും ഉച്ചകോടിയിൽ ഒപ്പിട്ട ധാരണാപത്രം ശ്രദ്ധേയമാണ്. ഇതുപ്രകാരം, ടൂറിസം മേഖലയിലുള്ളവർക്കു സ്ത്രീസൗഹൃദ പരിശീലനം നൽകും. ടൂറിസം സംരംഭങ്ങൾ, അനുബന്ധ വ്യവസായങ്ങൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും. വിനോദസഞ്ചാര മേഖലകളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന മോശം പെരുമാറ്റവും സാമൂഹിക അസമത്വവും തടയാനുള്ള ഇടപെടലുകളും ധാരണാപത്രത്തിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. ധാരണാപത്രത്തിന്റെ ചുവടുപിടിച്ച് ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുമെന്നു പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷിസൗഹൃദമാക്കുകയും ചെയ്യും. 

പ്ലാസ്റ്റിക് നിർമാർജനം, പരിസ്ഥിതിസന്തുലനം എന്നിവയ്ക്കു മുൻഗണന നൽകുമെന്നു കുമരകം ഉച്ചകോടി പ്രഖ്യാപിക്കുന്നതു പ്രതീക്ഷ നൽകുന്നുണ്ട്. നിർമാണം, രൂപകൽപന, വാസ്തുകല, മാലിന്യസംസ്കരണം, ജൈവകൃഷി എന്നിവ നടപ്പാക്കാനും ഹരിതമൂല്യങ്ങൾ പ്രചരിപ്പിക്കാനും സർക്കാർ വകുപ്പുകളുടെ സഹായം തേടും. കാർബൺരഹിത ടൂറിസം പ്രദേശങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും പ്രഖ്യാപനരേഖയിൽ വ്യക്തമാക്കുന്നു. 

ദ്രുതവളർച്ച കൈവരിക്കാൻ അടിയന്തര നടപടികളാണു കേരളത്തിന്റെ ടൂറിസം മേഖല കെ‍ാതിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റ്’ പോലെയുള്ള കൂടുതൽ ശ്രമങ്ങൾ ഇവിടെ ഉണ്ടാവേണ്ടതുണ്ട്. തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പ്രധാന പദ്ധതികൂടിയാണ് ഉത്തരവാദിത്ത ടൂറിസം. ഇതുമായി ബന്ധപ്പെട്ട നയത്തിൽ കാലാനുസൃത പരിഷ്കാരങ്ങൾ വരുത്തി ജനകീയ മുന്നേറ്റമാക്കാനാണു കേരളത്തിന്റെ ശ്രമം. ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനും ദേശീയതലത്തിൽ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയാക്കുകയാണ്. 

അതേസമയം, വലിയ സ്വപ്നങ്ങളിലും പ്രഖ്യാപനങ്ങളിലും കേരളം മറന്നുപോകരുതാത്ത ചില യാഥാർഥ്യങ്ങളുമുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകെ‍ാണ്ടും മാലിന്യക്കൂമ്പാരങ്ങൾകെ‍ാണ്ടുമാണോ നാം സഞ്ചാരികളെ വിരുന്നുവിളിക്കേണ്ടത് ? പ്രതീക്ഷകളോടെ നമ്മുടെ മണ്ണിൽ കാലുകുത്തുന്ന സഞ്ചാരികളുടെ കണ്ണിൽ ആദ്യമെത്തുക പൊട്ടിപ്പൊളിഞ്ഞ റോഡുകളും വഴിവക്കിൽ തള്ളിയ ചപ്പുചവറും കൂട്ടംചേർന്നു നടക്കുന്ന തെരുവുനായ്ക്കളുമെ‍ാക്കെയായിരിക്കും. ദുരിതയാത്രകളാവരുത് കേരളം എന്ന മനോഹരഭൂമികയിലേക്കുള്ള ആമുഖം. 

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി നടന്ന കുമരകത്തെത്തന്നെ ഇപ്പോഴത്തെ ദുരവസ്ഥയുടെ നിർഭാഗ്യ ഉദാഹരണമായിക്കാണാം. ഈ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് റോഡ് മാർഗമുള്ള കഠിനയാത്ര ഉച്ചകോടിയിൽ പങ്കെടുത്തവരുടെയെല്ലാം മനസ്സു മടുപ്പിച്ചിരിക്കില്ലേ ? അടിസ്ഥാന സൗകര്യങ്ങളിൽ സുസജ്ജമായ ശേഷം മാത്രമേ നമുക്ക് ആത്മവിശ്വാസത്തോടെ വിരുന്നുവിളിക്കാൻ കഴിയൂ എന്ന അടിസ്ഥാന പാഠം മറക്കാനുള്ളതല്ല. 

കോവിഡ് അനന്തര കാലത്തു കേരളം കൈവരിക്കേണ്ട സാമ്പത്തിക വളർച്ചയിൽ ടൂറിസം മേഖലയ്ക്കു വലിയ പ്രാധാന്യമുള്ളതുകെ‍ാണ്ട് കുമരകം ഉച്ചകോടിയുടെ ഫലശ്രുതി കുറ്റമറ്റതായേതീരൂ. 

English Summary: Editorial about responsible tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com