ADVERTISEMENT

കൊച്ചി നഗരത്തെ ശ്വാസംമുട്ടിക്കുന്ന നിലയിലേക്കു ബ്രഹ്മപുരം മാലിന്യപ്ലാന്റിനെ എത്തിച്ചതു കോർപറേഷൻ കാലാകാലങ്ങളായി ഭരിച്ചവർതന്നെയാണ്. ദേശീയ ഹരിത ട്രൈബ്യൂണലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പലവട്ടം ചെവിക്കു പിടിച്ചിട്ടും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ കോർപറേഷന്റെ ഭാഗത്തു വൻ വീഴ്ചയാണുണ്ടായത്. ജൈവമാലിന്യ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനത്തിനുമാത്രം പ്രതിവർഷം മൂന്നരക്കോടി രൂപയാണു കോർപറേഷൻ കരാർ കമ്പനിക്കു നൽകുന്നത്. എന്നിട്ടും പ്ലാന്റിൽ കുന്നുകൂടുന്ന മാലിന്യത്തിന് ഒരു കുറവുമില്ല.

അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണു ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. മാലിന്യ നിർമാർജന ചട്ടങ്ങൾ പാലിക്കാത്തതിന് 14.92 കോടി രൂപയാണു കോർപറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയത്. എന്നാൽ, കോർപറേഷൻ ഇതിനെതിരെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങി. ഇതിനു പുറമേയാണ് 1.8 കോടി രൂപ കൂടി ശനിയാഴ്ച കോർപറേഷനു ബോർഡ് പിഴ ചുമത്തിയത്.

മാറിമാറി വന്ന കോർപറേഷൻ ഭരണസമിതികൾ പണം കായ്ക്കുന്ന മരമായാണു ബ്രഹ്മപുരത്തെ കണ്ടത്. മാലിന്യമെത്തിക്കുന്ന ലോറിയുടെ വാടക മുതൽ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനത്തിൽ വരെ പണം വാരാൻ വഴിയുണ്ട്. 55 കോടി രൂപ ചെലവിട്ടുള്ള ബയോമൈനിങ് പദ്ധതിയുടെ കരാർ ബെംഗളൂരുവിലെ കമ്പനിക്കു നൽകിയതിലും രാഷ്്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.

മലയായി മാലിന്യം

കൊച്ചിയിലെ മാലിന്യസംസ്കരണം പലവഴി കറങ്ങിയാണ് ബ്രഹ്മപുരത്തെത്തി നിൽക്കുന്നത്. കോർപറേഷനിലെ മാലിന്യം ആദ്യം ചേരാനല്ലൂർ പഞ്ചായത്തിലെ സ്വകാര്യഭൂമിയിലാണു സംസ്കരിച്ചിരുന്നത്. പിന്നീട് വാത്തുരുത്തിയിലേക്കു മാറ്റി. അവിടെ മാലിന്യം തള്ളുന്നതു നാവികസേന എതിർത്തതോടെ അമ്പലമേട്ടിൽ ഫാക്ടിന്റെ സ്ഥലത്തേക്കു മാറി. സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതും പാളി.

1998ൽ ആണ് കോർപറേഷൻ കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുരത്ത് 37 ഏക്കർ ഭൂമി വാങ്ങിയത്. അവിടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ 2005ൽ ആന്ധ്രപ്രദേശ് ടെക്നോളജി ഡവലപ്മെന്റ് കോർപറേഷനുമായി കരാറൊപ്പിട്ടു. പദ്ധതിക്കെതിരെ ബ്രഹ്മപുരത്ത് തദ്ദേശവാസികളുടെ സമരപരമ്പരതന്നെ നടന്നു. സമരക്കാരുടെ സ്ഥലംകൂടി ഏറ്റെടുത്താണു പ്രശ്നം പരിഹരിച്ചത്.

ആവശ്യത്തിനു കരഭൂമി ലഭ്യമാകാതിരുന്നതോടെ 2007ൽ 15 ഏക്കർ ചതുപ്പു നികത്തി പ്ലാന്റ് പണിതു. എന്നാൽ, പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതിനു മുൻപുതന്നെ പൈലിങ്ങിന്റെയും കോൺക്രീറ്റിന്റെയും ബലക്ഷയംകൊണ്ട് പല ബീമുകളും ചരിഞ്ഞു. യന്ത്രങ്ങൾ സ്ഥാപിച്ച തറ താഴ്ന്നു. പ്രശ്നങ്ങൾ പരിഹരിച്ചു പ്ലാന്റ് നിർമാണം പൂർത്തിയാക്കിയപ്പോൾ 19 കോടി രൂപ ചെലവായി. പ്രതിദിനം 250 ടൺ മാലിന്യസംസ്കരണ ശേഷിയുള്ള പ്ലാന്റ് 2008 ജൂണിൽ ഉദ്ഘാടനം ചെയ്തു. അന്ന് ജൈവശ്രീ എന്ന പേരിൽ വളവും പുറത്തിറക്കി.

എന്നാൽ, ഒന്നര വർഷത്തിനകം പ്ലാന്റിനു തകരാറുകൾ തുടങ്ങിയതോടെ സംസ്കരണം േപരിനു മാത്രമായി. നിർമാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണങ്ങൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി ഇതേ പ്ലാന്റിലാണ് ഇപ്പോഴും മാലിന്യസംസ്കരണം നടക്കുന്നത്. കരാറുകാർ മാറിമാറി വന്നു. 2010ൽ സെന്റർ ഫോർ എൻവയൺമെന്റ് ഡവലപ്മെന്റിനു (സിഎഡ്) നൽകിയെങ്കിലും ഒരുവർഷത്തിനുള്ളിൽ അവർ പിന്മാറി.

ഇതിനിടെ, സമീപവാസികളുടെ ആവശ്യപ്രകാരം കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കോർപറേഷൻ നിർബന്ധിതരായി. കടമെടുത്തു സ്ഥലം വാങ്ങി. മൊത്തം സ്ഥലം 110 ഏക്കറായി. സ്ഥലവാസികൾ കൂടുതൽ പണം ആവശ്യപ്പെട്ടു നൽകിയ കേസുകൾ ഇപ്പോഴും കോടതിയിലുണ്ട്.

2012ൽ എൻവയൺ ഗ്രീൻ എന്ന കമ്പനിക്കു കരാർ നൽകി. തുടക്കത്തിൽ കാര്യങ്ങൾ ഉഷാറായിരുന്നു. 2013ൽ ബ്രഹ്മപുരത്ത് നെൽക്കൃഷി നടത്തി ‘ബ്രഹ്മ റൈസ്’ പുറത്തിറക്കി. 2022 മാർച്ച് മുതൽ സ്റ്റാർ കൺസ്ട്രക്‌ഷൻസ് ആണ് പ്ലാന്റ് നടത്തുന്നത്. ജൈവമാലിന്യ സംസ്കരണ പ്ലാന്റ് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ്. ഒരു വശത്ത് പ്ലാന്റ് പ്രവർത്തിക്കുന്നുവെന്നു പറയുമ്പോഴും മറുവശത്തു മാലിന്യം കുന്നുകൂടാൻ തുടങ്ങി.

ഒഴിയാതെ പ്ലാസ്റ്റിക്

ജൈവമാലിന്യ സംസ്കരണമാണു ബ്രഹ്മപുരത്തു പേരിനെങ്കിലും നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ആർഡിഎഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) ബ്ലോക്കുകൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടു പ്ലാന്റ് പണിതെങ്കിലും പരാജയമായി. സിമന്റ് ഫാക്ടറികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് ആർഡിഎഫ്.

ബ്രഹ്മപുരത്തു സംഭരിക്കുന്ന പ്ലാസ്റ്റിക് കിലോയ്ക്ക് ഒന്നര രൂപ നിരക്കിൽ കൈമാറാൻ ഭാരത് ട്രേഡേഴ്സ് എന്ന കമ്പനിയുമായി 2012 മുതൽ കോർപറേഷനു ധാരണയുണ്ട്. എന്നാൽ, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രമേ അവർ ഏറ്റെടുക്കുന്നുള്ളൂ. ബാക്കിയുള്ളവ അവിടെ കുന്നുകൂടി കിടക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി പലതവണ കോർപറേഷനെ സമീപിച്ചെങ്കിലും അനുകൂലമായല്ല പ്രതികരിച്ചത്. ഭാരത് ട്രേഡേഴ്സിനു സ്ഥിരമായി കരാർ നീട്ടിക്കൊടുക്കുന്നതു വിവാദമായതോടെ ക്ലീൻ കേരളയ്ക്കു കരാർ നൽകാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല.

ചാർജാകാതെ വൈദ്യുതി പ്ലാന്റ്

2011ൽ ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാൻ ആലോചന തുടങ്ങി. പദ്ധതിക്കായി 2015ൽ ജിജെ ഇക്കോപവർ കമ്പനിയുമായി കരാറൊപ്പിട്ടു. 2018ൽ തറക്കല്ലുമിട്ടു. എന്നാൽ, പണം കണ്ടെത്താൻ കമ്പനിക്കു കഴിയാതിരുന്നതോടെ 2020ൽ കരാർ റദ്ദാക്കി.

2021ൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വീണ്ടും ടെൻഡർ വിളിക്കുകയും ബെംഗളൂരു കേന്ദ്രമായ സോൺറ്റ ഇൻഫ്രാടെക് കമ്പനിക്കു കരാർ നൽകുകയും ചെയ്തു. പദ്ധതിക്കായി 20 ഏക്കർ ഭൂമി 27 വർഷത്തെ പാട്ടത്തിനു കോർപറേഷൻ കെഎസ്ഐഡിസിക്കു കൈമാറി. പ്ലാന്റ് പണിയുന്നതിനു പണം കണ്ടെത്താൻ കമ്പനിക്ക് ഈ ഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം. എന്നാൽ, പദ്ധതി ഇപ്പോഴും കടലാസിൽത്തന്നെ തുടരുന്നു.

കോർപറേഷനു പുറമേ എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും മാലിന്യം പ്ലാന്റിലെത്തിച്ചു സംസ്കരിക്കാനുള്ളതാണു പദ്ധതി. പ്ലാന്റിലെത്തിക്കുന്ന ഓരോ ടൺ മാലിന്യത്തിനും 3550 രൂപ തദ്ദേശസ്ഥാപനങ്ങൾ കമ്പനിക്കു നൽകണം. കോർപറേഷൻ ഇതുവരെ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടില്ല.

ബയോമൈനിങ് പാളി

ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ (മാലിന്യത്തിൽനിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നീക്കിയശേഷം ജൈവമാലിന്യം മാത്രം മണ്ണിൽ ബാക്കിയാക്കുന്ന പ്രക്രിയ) സംസ്കരിക്കാനുള്ള പദ്ധതിയുടെ കരാറും സോൺറ്റ ഇൻഫ്രാടെക്കിനു തന്നെയാണ്. 5.52 ലക്ഷം ഘനമീറ്റർ മാലിന്യം സംസ്കരിക്കാൻ 55 കോടി രൂപയ്ക്കാണു കരാർ. ബയോമൈനിങ്ങിൽ മുൻപരിചയമില്ലാത്ത കമ്പനിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ട്. പത്തു കോടിയോളം രൂപ ഇതിനകം കമ്പനിക്കു കൈമാറി.

കഴിഞ്ഞ ഡിസംബറിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കേണ്ടിയിരുന്നതാണ്. എന്നാൽ, ജൂൺ 30 വരെ കമ്പനി സമയം നീട്ടിച്ചോദിച്ചു. ഇതുവരെ 30% മാലിന്യം മാത്രമാണു സംസ്കരിച്ചത്. ബയോമൈനിങ് നടത്തി മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്കിടെയാണു കഴിഞ്ഞ ദിവസം തീ പടർന്നത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നു കോർപറേഷൻതന്നെ വിലയിരുത്തുന്നു. സാധാരണഗതിയിൽ തീപിടിത്തമുണ്ടായാൽ കെടുത്താനുള്ള ഫയർ ഹൈഡ്രന്റ് അവിടെയുണ്ടാകണം. തൊട്ടടുത്തു കടമ്പ്രയാർ ഉള്ളതിനാൽ വെള്ളത്തിനും ക്ഷാമമില്ല. പക്ഷേ, കോർപറേഷന്റെ ഫയർ ഹൈഡ്രന്റിൽനിന്ന് ഒരു തുള്ളി വെള്ളം വന്നില്ല.

കിലോമീറ്ററുകൾ താണ്ടി പുക

ബ്രഹ്മപുരത്തുനിന്നുള്ള വിഷപ്പുക കിലോമീറ്ററുകൾ താണ്ടി തീരദേശത്തേക്കാണു നീങ്ങിയത്. കാറ്റിന്റെ ഗതിയും കടലും കരയും തമ്മിലുള്ള മർദവ്യത്യാസവുമാണ് ഇതിനു കാരണം. കാൻസറിന് ഉൾപ്പെടെ കാരണമാകാവുന്ന വിഷപദാർഥങ്ങൾ ഈ പുകയിൽ അടങ്ങിയിട്ടുണ്ടെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ബ്രഹ്മപുരത്തു മുൻപുണ്ടായ തീപിടിത്തത്തെത്തുടർന്നു നടത്തിയ പഠനങ്ങളിൽ അന്തരീക്ഷത്തിൽ ഡയോക്സിനുകൾ, ഫ്യുറാൻ തുടങ്ങിയ വിഷപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ ഈ വിഷപദാർഥങ്ങൾ 3 മാസം വരെ തുടരുമെന്നാണു റിപ്പോർട്ട്. വായുവിൽ മാത്രമല്ല, മണ്ണിലും വെള്ളത്തിലുമെല്ലാം ലയിച്ചു ചേരും.

ഈ വിഷപദാർഥങ്ങളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണു വായുവിലൂടെ മനുഷ്യശരീരത്തിലെത്തുന്നത്. ബാക്കിയുള്ള 90 ശതമാനവും ശരീരത്തിനുള്ളിലെത്തുന്നതു ഭക്ഷണത്തിലൂടെയാണ്. ബ്രഹ്മപുരത്തെ വിഷപ്പുക അടങ്ങിയാലും ജനം കരുതലോടെയിരിക്കണമെന്നു ചുരുക്കം. പക്ഷികളെയും മൃഗങ്ങളെയും ഇതു ബാധിക്കും. ഡയോക്സിനുകൾ കാൻസറിനും തൈറോയ്ഡ് പ്രശ്നങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും കാരണമാകുമെന്നു പൊതുജനാരോഗ്യ വിദഗ്ധൻ ‍ഡോ. പത്മനാഭ ഷേണായി പറഞ്ഞു.

ബ്രഹ്മപുരം മാലിന്യപ്ലാന്റ്
∙ കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പ‍ഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്ത്.

മാലിന്യമെത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ
∙ കൊച്ചി കോർപറേഷൻ
∙ നഗരസഭകൾ: അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ
∙ പ‍ഞ്ചായത്തുകൾ: ചേരാനല്ലൂർ, കുമ്പളങ്ങി, വടവുകോട്–പുത്തൻകുരിശ്

മാലിന്യത്തിന്റെ ദിവസക്കണക്ക്
∙ എത്തിക്കുന്നത്: 306 ടൺ (206 ടൺ ജൈവമാലിന്യം, 100 ടൺ അജൈവ മാലിന്യം)
∙ സംസ്കരിക്കുന്നത്: 32 ടൺ
∙ സംസ്കരിക്കാതെ കിടക്കുന്നത്: 274 ടൺ

പ്ലാന്റിൽനിന്നു പുകയെത്തിയ സ്ഥലങ്ങളിലേക്കുള്ള ദൂരം (ആകാശദൂരം)
∙ ഇൻഫോപാർക്ക് ക്യാംപസ്– 1.6 കിമീ
∙ കലൂർ – 6.7 കിമീ
∙ വൈറ്റില – 5.6 കിമീ
∙ പാലാരിവട്ടം – 5.8 കിമീ
∙ കുണ്ടന്നൂർ – 7.5 കിമീ
∙ മരട് – 8 കിമീ
∙ തേവര – 9 കിമീ
∙ തോപ്പുംപടി – 13 കിമീ
∙ ഫോർട്ടുകൊച്ചി – 13.5 കിമീ

brahma

കെട്ടിക്കിടക്കുന്ന മാലിന്യം 4.55 ലക്ഷം ഘനമീറ്റർ – അര ലക്ഷം ആനകളുടെ വലിപ്പം
ബയോമൈനിങ്ങിനു മുൻപ് കെട്ടിക്കിടന്നത് – 5.52 ലക്ഷം ഘനമീറ്റർ*
∙ ആർഡിഎഫ് (പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കാൻ കഴിയുന്നവ) – 2.66 ലക്ഷം ഘനമീറ്റർ
∙ പുനരുപയോഗിക്കാവുന്നവ – 5283 ഘനമീറ്റർ
∙ പാഴ്‌വസ്തുക്കൾ – 1.50 ലക്ഷം ഘനമീറ്റർ
∙ വേർതിരിച്ചെടുക്കാവുന്ന മണ്ണ് – 1.31 ലക്ഷം ഘനമീറ്റർ
∙ ബയോമൈനിങ്ങിലൂടെ സംസ്കരിച്ചത് – 97,510 ഘനമീറ്റർ

*2021 ഫെബ്രുവരിയിൽ നടത്തിയ ഡ്രോൺ സർവേ പ്രകാരമുള്ള കണക്ക്. അതിനു ശേഷമെത്തിച്ച മാലിന്യം കണക്കിൽ ഉൾപ്പെട്ടിട്ടില്ല.

English Summary: Writeup about Brahmapuram fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com