ADVERTISEMENT

ഒറ്റദിവസത്തെ ആഘോഷംകൊണ്ടല്ല പെൺസ്വപ്‌നങ്ങളുടെ നിറവും നിഴലുമളക്കേണ്ടത്. പെൺമയുടെ സന്തോഷങ്ങളും സങ്കടങ്ങളും ചർച്ചചെയ്‌തുമാത്രം ഈ വനിതാദിനം കടന്നുപോയിക്കൂടാ. ദാമ്പത്യം, കുടുംബം തുടങ്ങിയ സംവിധാനങ്ങളെ കാലത്തിനനുസരിച്ചു പുതുക്കിയെഴുതേണ്ടതാണെങ്കിലും അത് എത്രത്തോളം സാധ്യമാക്കാനായെന്നും ആത്മവിശ്വാസത്തിന്റെ മുദ്രാമുഖമായ പുതിയ മലയാളിവനിത എങ്ങനെയാണു സമൂഹത്തിൽ തിരിച്ചറിയപ്പെടുന്നതെന്നുമുള്ള സുപ്രധാന ചോദ്യങ്ങൾക്കുകൂടി നാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു. കേരളം സ്ത്രീകളോടു പെരുമാറുന്നതെങ്ങനെ എന്ന അന്വേഷണവുമായി മലയാള മനോരമ നടത്തിയ വനിതാദിന സർവേ ഈ ദിശയിലാണ് സഞ്ചരിച്ചത്. 

കുടുംബകാര്യങ്ങൾ നോക്കാൻ, ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ, സ്വന്തംകാര്യം വേണ്ടെന്നുവയ്ക്കുകയാണു നമ്മുടെ സ്ത്രീകളിൽ പലരും. അതുകെ‍ാണ്ടുതന്നെ, സമൂഹത്തിൽ തുല്യതയെന്ന അവരുടെ അവകാശത്തിന് അകലെയെവിടെയോ ആണു സ്ഥാനം. കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്തെന്ന സർവേ ചോദ്യത്തിന് വീട്ടുത്തരവാദിത്തങ്ങൾ ഒറ്റയ്ക്കു ചുമലിലേറ്റുന്നതാണെന്ന് ഒട്ടേറെപ്പേർ പറഞ്ഞതിന്റെ ആഴം അളക്കാനാവാത്തതാണ്. 

വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും മക്കളെ വളർത്തലുമെല്ലാം തുല്യമായി പങ്കിട്ടു ചെയ്യേണ്ടതാണെന്നു കുറച്ചുപേരെങ്കിലും അറിയുന്നുണ്ട്. പക്ഷേ, അതു സമൂഹമെന്ന നിലയിലുള്ള തിരിച്ചറിവിലേക്കോ മനോഭാവ മാറ്റത്തിലേക്കോ എത്താൻ ഏറെ ദൂരം താണ്ടാനുണ്ട്. കുടുംബത്തിൽ സ്ത്രീ ചെയ്യുന്ന ജോലികൾക്കു പുരുഷൻ വീടിനു പുറത്തു ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്നു സുപ്രീം കോടതി രണ്ടു വർഷം മുൻപു പറഞ്ഞത് പുതിയ കാലത്തിനുള്ള വലിയ ഓർമപ്പെടുത്തൽതന്നെയാണ്. വീട്ടിലെ ജോലികൾ സ്ത്രീയുടെ മാത്രമല്ല, തുല്യനിലയിൽ പുരുഷന്റെകൂടി ഉത്തരവാദിത്തമാണെന്ന് എല്ലാവരും തിരിച്ചറിയുകയും വേണം. 

സ്ത്രീധനത്തെ ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത ഇപ്പോഴും നിലനിൽക്കുന്നു. ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവവനിതയുടെ നേരെയുള്ള അപമാനം തന്നെയാണിത്. സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരതകൾ ഉണ്ടാവുന്നത് നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. സ്ത്രീധന പീഡനം ഏറ്റവും നീറുന്ന പ്രശ്നങ്ങളിലെ‍ാന്നു തന്നെയെന്ന് സർവേയിൽ പങ്കെടുത്തവർ അടിവരയിടുകയുണ്ടായി. രാജ്യത്തു സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിലായി ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും അതു കർശനമായി നടപ്പാക്കാത്തതു നമ്മുടെ വ്യവസ്ഥിതിയുടെ പരാജയം തന്നെയെന്നേ പറയാനാവൂ. 

സ്ത്രീസുരക്ഷയ്ക്കു സർക്കാർസംവിധാനങ്ങൾ മുന്തിയ പരിഗണനയാണു നൽകേണ്ടതെങ്കിലും അതാണോ നിലവിലുള്ളത് ? സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ വിവിധ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 7 വർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ വർഷമാണ് – 17,183 കേസുകൾ. 7 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്തത് 1,03,354 കേസുകളാണെന്നതും കേരളം തലതാഴ്ത്തി കേൾക്കേണ്ട കണക്കാണ്. 

ഓരോ സംഭവവും ഉണ്ടാകുമ്പോഴുള്ള തീപാറുംചർച്ചകൾ മാത്രമല്ല വേണ്ടത്; സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടിയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് അവരുടെ മാത്രം കാര്യമാണെന്ന ചിന്താഗതി ഒഴിവാക്കാൻ കാലമായി. കർശനനിയമങ്ങളും അവയുടെ പിഴവില്ലാത്ത നിർവഹണവും സ്ത്രീസുരക്ഷാ സ്ഥാപനങ്ങളുടെ കുറ്റമറ്റ പ്രവർത്തനവും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നതിൽ സംശയമില്ല. പക്ഷേ, കേരളത്തിൽനിന്നു സ്ത്രീധന–ഗാർഹിക പീഡനങ്ങൾ ഇല്ലായ്മ ചെയ്യണമെങ്കിൽ മനോഭാവത്തിൽ സമൂലമാറ്റം കൂടിയേ തീരൂ. സ്ത്രീയും പുരുഷനും ട്രാൻസ്ജെൻഡറും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകണം. 

ജെൻഡർ തുല്യതയ്ക്കുവേണ്ടി നിലകൊണ്ടും രാഷ്ട്രീയ – ഭരണമേഖലകളിൽ വനിതാ പങ്കാളിത്തം വർധിപ്പിച്ചും സമത്വത്തിന്റെ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട വനിതാസംവരണ നിയമം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. വനിതകൾക്കു സമൂഹത്തിൽ അവസരസമത്വം ഉറപ്പാക്കുമ്പോഴാണ് ജനാധിപത്യഭാരതം പക്വത നേടുക.

 English Summary : Editorial about womens day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com