ADVERTISEMENT

കഴിഞ്ഞ വർഷം ഭരണഘടനാ ദിനത്തിൽ സുപ്രീം കോടതി സംഘടിപ്പിച്ച ആഘോഷ പരിപാടിയിലെ ഉപസംഹാരപ്രസംഗത്തിൽ  നീതിയെക്കുറിച്ചു സംസാരിക്കുമ്പോൾ ഞാൻ വിചാരണത്തടവുകാരെ ഓർത്തു. അവരുടെ ദുരവസ്ഥയെക്കുറിച്ചു ദീർഘമായി സംസാരിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഉള്ളിൽത്തട്ടിയാണു ഞാൻ സംസാരിച്ചത്. അതിനു ഫലം ഉണ്ടാവുകയും ചെയ്തു. ഇന്ന്, രാജ്യാന്തര വനിതാദിനത്തിൽ, അതേ ആത്മാർഥതയോടെ ഉള്ളുതുറന്ന് ചില ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 

സമൂഹത്തിൽ സ്ത്രീകളുടെ പദവിയെക്കുറിച്ചു കുട്ടിക്കാലം തൊട്ടേ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ചുറ്റുമുള്ളവരിൽനിന്ന് ഒരുപാടു സ്നേഹം പെൺകുട്ടിക്കു കിട്ടുന്നു എന്നത് ഒരുവശം. വിശേഷദിവസങ്ങളിൽ അവൾ ആരാധിക്കപ്പെടുകപോലും ചെയ്യുന്നു. മറുവശത്ത്, തന്റെ സമപ്രായക്കാരായ ആൺകുട്ടികൾക്കു കിട്ടുന്നതിനെക്കാൾ എത്രയോ കുറവാണ് തനിക്കു മുൻപിലുള്ള സാധ്യതകളെന്ന് അവൾ വളരെ വേഗം തിരിച്ചറിയുന്നു. ഒരുവശത്ത്, സഹജമായ വിവേകത്തിന്റെ പേരിൽ സ്ത്രീ ആദരിക്കപ്പെടുകയും എല്ലാവരോടും കരുതലുള്ള കുടുംബത്തിന്റെ നെടുംതൂണായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, കുടുംബവുമായി ബന്ധപ്പെട്ട മിക്ക പ്രധാന തീരുമാനങ്ങളിലും–സ്വന്തം കാര്യങ്ങളിൽ പോലും–അവൾക്കു പരിമിതമായ പങ്കേയുള്ളൂതാനും. 

ആദ്യം വിദ്യാർഥിയായും അതിനുശേഷം അധ്യാപികയായും പിന്നീട് സാമൂഹിക സേവനത്തിനായും വീടിനു പുറത്തു ചെലവഴിച്ച കാലങ്ങളിലെല്ലാം ഈ വൈരുധ്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. വ്യക്തികളെന്ന നിലയിൽ നമ്മിൽ ഭൂരിഭാഗം പേരും പുരുഷന്മാരെയും സ്ത്രീകളെയും തുല്യരായി കണക്കാക്കുന്നുവെന്നാണു ചിലപ്പോൾ എനിക്കു തോന്നിയിട്ടുള്ളത്. പക്ഷേ, സമൂഹമെന്ന നിലയിൽ അതേ ആളുകൾ തന്നെ പാതിജനങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നു. തുല്യത എന്ന ആശയത്തിലേക്കു ഭൂരിഭാഗം വ്യക്തികളും മുന്നേറുന്നത് എന്റെ ജീവിതകാലത്തുതന്നെ ഞാൻ കണ്ടിട്ടുണ്ട്. സാമൂഹികതലത്തിൽ, പക്ഷേ, ശീലമെന്നതുപോലെ പഴയ ആചാരങ്ങളും പാരമ്പര്യങ്ങളും തന്നെ തുടരുകയാണ്. 

representational-image

മുകൾത്തട്ടിലും വേണം സ്ത്രീമുഖങ്ങൾ

ലോകമെങ്ങും സ്ത്രീകളുടെ സ്ഥിതി ഇതുതന്നെ. സങ്കൽപിക്കാൻ കഴിയാത്തത്ര പുരോഗതി സമസ്ത മേഖലകളിലും മനുഷ്യൻ കൈവരിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും, രാഷ്ട്രത്തിന്റെയോ ഭരണത്തിന്റെയോ തലപ്പത്ത് വനിത എത്തിയിട്ടില്ലാത്ത ധാരാളം രാജ്യങ്ങളുണ്ട്. സ്ത്രീകളെ കുറഞ്ഞ മനുഷ്യരായി കണക്കാക്കുന്ന സ്ഥലങ്ങൾ പോലും നിർഭാഗ്യവശാൽ ഇക്കാലത്തുമുണ്ട്; സ്കൂളിൽ പോകുന്നതിന്റെ പേരിൽ പെൺകുട്ടികൾക്കു ജീവൻപോലും നഷ്ടമായേക്കാവുന്ന സ്ഥലങ്ങൾ!

എല്ലാ കാലത്തും ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യയിൽ, കാര്യങ്ങൾ സ്ത്രീകൾ തീരുമാനിച്ചിരുന്ന കാലമുണ്ട്. ധീരതയും പാണ്ഡിത്യവും ഭരണനൈപുണ്യവുമുള്ള സ്ത്രീകളെക്കുറിച്ചു നമ്മുടെ ചരിത്രവും മതശാസനങ്ങളും പറയുന്നുണ്ട്. ഇന്നും എത്രയോ സ്ത്രീകൾ അവരുടെ സ്വന്തം മേഖലകളിൽ പ്രവർത്തിച്ച് രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകുന്നു. അവർ കോർപറേറ്റ് സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നു. സൈന്യത്തിൽപോലും സേവനമനുഷ്ഠിക്കുന്നു. അവർ ഒരേസമയം രണ്ടിടങ്ങളിൽ–തൊഴിലിലും വീട്ടിലും–മികവു തെളിയിക്കേണ്ടി വരുന്നു എന്നതാണു വ്യത്യാസം. അതിൽ അവർ പരാതിപ്പെടുന്നില്ല. സമൂഹം തങ്ങളിൽ വിശ്വാസമർപ്പിക്കണമെന്നു മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. 

വിവിധ അധികാരശ്രേണികളുടെ താഴെത്തട്ടുകളിൽ നമുക്ക് ആരോഗ്യകരമായ സ്ത്രീപ്രാതിനിധ്യമുണ്ട്. പക്ഷേ, മുകളിലേക്കു പോകുമ്പോൾ സ്ത്രീകളെ അധികം കാണാനാവില്ല. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും ജുഡീഷ്യറിയിലും കോർപറേറ്റ് ലോകത്തും ഇതാണു സ്ഥിതി. ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽപോലും ഇക്കാര്യത്തിൽ മാറ്റമില്ല. വിദ്യാഭ്യാസംകൊണ്ടു മാത്രം സ്ത്രീകൾക്കു രാഷ്ട്രീയ– സാമ്പത്തിക സ്വാശ്രയത്വം ലഭിക്കുന്നില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. 

അതുകൊണ്ടു തന്നെ, സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ജെൻഡർ മുൻവിധികൾ തിരിച്ചറിഞ്ഞു നിർമാർജനം ചെയ്തെങ്കിൽ മാത്രമേ സമാധാനപൂർണവും സമ്പൽസമൃദ്ധവുമായ സമൂഹം കെട്ടിപ്പടുക്കാനാകൂ. സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജെൻ‍ഡർ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഈ നടപടികൾ പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്, വിദ്യാഭ്യാസരംഗത്തും തൊഴിൽമേഖലയിലും സ്ത്രീകൾ പുരുഷന്മാരെക്കാൾ ഏറെ പിന്നിലാണ്. മറ്റെന്തിനെക്കാളും, ഇവിടത്തെ പൊതുബോധം രൂപപ്പെടുത്തിയെടുത്ത സാമൂഹിക അവസ്ഥ തന്നെയാണ് അതിന്റെ കാരണം. 

ഇരുചക്രങ്ങളും ഒരുപോലെ നീങ്ങട്ടെ

അവസരം ലഭിച്ചാൽ അക്കാദമിക രംഗത്തു പുരുഷന്മാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്ത്രീകൾക്കു കഴിയുമെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പങ്കെടുത്ത ഒട്ടേറെ ബിരുദസമർപ്പണച്ചടങ്ങുകളിൽവച്ചു ‍ഞ​ാൻ മനസ്സിലാക്കിയിട്ടുള്ളത്. ജെൻഡർ നീതിയിൽ ലോകത്തിനുതന്നെ വഴിവിളക്കാവാൻ ഇന്ത്യയ്ക്കു കഴിയുമെന്ന ആത്മവിശ്വാസം എനിക്കു പകരുന്നത് ഇന്ത്യൻ സ്ത്രീകളുടെയും നമ്മുടെ സമൂഹത്തിന്റെ തന്നെയും അജയ്യമായ ഈ ആത്മബലം തന്നെയാണ്. 

മനുഷ്യരാശിയുടെ ഒരു പകുതിയെ പിന്നിലേക്കു മാറ്റിനിർത്തിയതുകൊണ്ട് മറുപകുതിക്ക് എന്തെങ്കിലും മേൽക്കൈ നേടാനായിട്ടില്ല എന്നതു വ്യക്തമാണ്. വണ്ടിയുടെ രണ്ടു ചക്രങ്ങൾ തമ്മിലുള്ള ചേർച്ചയില്ലായ്മ മനുഷ്യരാശിയുടെ പ്രയാണത്തെ തടസ്സപ്പെടുത്തുന്നുണ്ട് എന്നതാണു സത്യം. തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് സാമ്പത്തിക പുരോഗതിക്കു മാത്രമല്ല പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വേഗം കൂട്ടും. സ്ത്രീകൾക്കു തുല്യപങ്കാളിത്തമുണ്ടാകുന്നതോടെ ഈ ലോകം കൂടുതൽ മെച്ചപ്പെട്ട ഇടമായി മാറുമെന്നും എനിക്ക് ഉറപ്പുണ്ട്. 

ശോഭനമായൊരു ഭാവിയാണു വരാനിരിക്കുന്നതെന്നു തീർച്ചയായും ഞാൻ പ്രത്യാശിക്കുന്നു. ആളുകൾ മാറുന്നതും അവരുടെ സമീപനങ്ങൾ മാറുന്നതും ഈ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. തീർച്ചയായും മനുഷ്യകുലത്തിന്റെ കഥതന്നെ അതാണ്. അല്ലെങ്കിൽ നമ്മൾ ഇപ്പോഴും ഗുഹകളിൽ തന്നെ കഴിയുമായിരുന്നു. വളരെ പതുക്കെ, സങ്കടം തോന്നുന്നത്ര സാവധാനത്തിലാണ് സ്ത്രീ വിമോചനം എന്നും മുന്നേറിയിട്ടുള്ളത്. എങ്കിലും അതു മുന്നോട്ടു മാത്രമേ ചലിച്ചിട്ടുള്ളൂ. ഒരിക്കലും വന്നവഴി തിരിച്ചുപോയിട്ടില്ല. അതുതന്നെയാണ്, ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം വരെ നാം വിഭാവനം ചെയ്യുന്ന ‘അമൃതകാലം’ നമ്മുടെ ചെറുപ്പക്കാരികളുടേതായിരിക്കും എന്ന ശുഭാപ്തിവിശ്വാസം എനിക്കു പകരുന്നതും. 

ഒരു ചെറുപുഞ്ചിരിക്കായ് പ്രതിജ്ഞയെടുക്കാം

ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ തുടക്കം തന്നെ ജെൻഡർ നീതിയുടെ ഉറച്ച അടിത്തറയിലായിരുന്നു എന്ന വസ്തുതയാണ് എനിക്കു പ്രത്യാശയേകുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപു സ്വാതന്ത്ര്യസമര കാലത്തു തന്നെ വീടിന്റെ പടികടന്ന് പുറംലോകത്തേക്കിറങ്ങാൻ മഹാത്മാഗാന്ധിയുടെ ആഹ്വാനം നമ്മുടെ സ്ത്രീകൾക്കു പ്രചോദനമായി. അക്കാലം തൊട്ടേ നമ്മുടെ സമൂഹം, പ്രത്യേകിച്ചു സ്ത്രീകൾ, മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് അനുകൂലമല്ലാത്ത ആചാരങ്ങളെയും മുൻവിധികളെയും നിയമനിർമാണത്തിലൂടെയോ ബോധവൽക്കരണത്തിലൂടെയോ നമ്മൾ നിർമാർജനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനു ഗുണകരമായ ഫലം ഉണ്ടായിട്ടുണ്ട്; നമ്മുടെ പാർലമെന്റിൽ വനിതാ പ്രതിനിധികൾ ഏറ്റവും അധികമുള്ള കാലമാണല്ലോ ഇത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റായി ‍ഞാൻ തിരഞ്ഞെടുക്കപ്പെട്ടതും സ്ത്രീശാക്തീകരണത്തിന്റെ വീരഗാഥയുടെ ഭാഗം തന്നെയെന്നു പറയേണ്ടതില്ലല്ലോ. 

ജെൻഡർ നീതി പ്രോത്സാഹിപ്പിക്കാൻ, ‘മാതൃത്വത്തിൽ അന്തർലീനമായ സഹജമായ നേതൃഗുണ’ത്തിന്റെ ചൈതന്യം പ്രയോഗിക്കേണ്ടതുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. സ്ത്രീകളെ നേരിട്ടു ശാക്തീകരിക്കാൻ സർക്കാർ നടപ്പാക്കുന്ന ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പോലുള്ള ഒട്ടേറെ പദ്ധതികൾ ശരിയായ ദിശയിലുള്ള ചുവടുകളാണ്. 

ഏതു സമൂഹവും, ഏറ്റവും പുരോഗമനപരമായ ആശയങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും എന്ന വസ്തുത നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ, മനുഷ്യർ (അതിൽത്തന്നെ പാതിയും സ്ത്രീകൾ) ചേർന്നുണ്ടാകുന്നതാണല്ലോ സമൂഹം. അതുകൊണ്ടുതന്നെ, പുരോഗതി ത്വരിതപ്പെടുത്തേണ്ടതു നമ്മളാണ്, നമ്മൾ ഓരോരുത്തരുമാണ്. അതുകൊണ്ട്, ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തിലോ ചുറ്റുവട്ടത്തോ ജോലിസ്ഥലത്തോ ഒരു മാറ്റം വരുത്തുമെന്നു പ്രതിജ്ഞ ചെയ്യാൻ നിങ്ങൾ ഓരോരുത്തരോടും അഭ്യർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ഒരു പെൺകുട്ടിയുടെ മുഖത്ത് പുഞ്ചിരി പരത്തുന്ന മാറ്റം.... ജീവിതത്തിൽ മുന്നേറാൻ അവൾക്കു കൂടുതൽ അവസരങ്ങളൊരുക്കുന്ന മാറ്റം... നേരത്തേ പറഞ്ഞതു പോലെ, ഹൃദയത്തിൽതൊട്ട് ആത്മാർഥമായി നടത്തുന്നൊരു അഭ്യർഥനയാണിത്.

English Summary : President of India Droupadi Murmu writeup on Womens day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com