ADVERTISEMENT

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യക്കൂനയ്ക്കു തീ പിടിച്ചിട്ട് എട്ടു ദിവസമായിട്ടും അതു പൂർണമായും അണയ്ക്കാനായിട്ടില്ല. വിഷപ്പുക സമീപ ജില്ലകളിലേക്കുകൂടി പടരുന്നത് കേരളത്തെ ഭയപ്പെടുത്തുന്നു. തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ അവിടെ നടന്നതും നടക്കുന്നതും എന്ത്? ആരാണ് ഉത്തരവാദി?

പ്ലാന്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ

ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു സംസ്കരിക്കാനുള്ള (ബയോ മൈനിങ്) കരാർ ലഭിച്ചതു സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ കമ്പനിയായ സോണ്ട ഇൻഫ്രാ ടെക്കിനാണ്. ഉപകരാറിൽ ഇൗ ജോലി ചെയ്യുന്നതു കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ദീർഘകാലം കോൺഗ്രസ് കൗൺസിലറും ജിസിഡിഎ ചെയർമാനുമായിരുന്ന എൻ.വേണുഗോപാലിന്റെ മകൻ വിഘ്നേഷ് വേണുഗോപാലിനു ബന്ധമുള്ള കമ്പനിയും. രേഖകളിലൊന്നും ഉപകരാറോ ഇൗ കമ്പനിയുടെ പേരോ ഇല്ല.

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലെ പോരായ്മയ്ക്കു ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപറേഷനു വൻതുക പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ഒന്നും ചെയ്യാതിരുന്ന കോർപറേഷനിൽനിന്ന് ആ ചുമതല സർക്കാർ ഏറ്റെടുത്തിടത്താണ് ഇൗ കരാറുകളുടെ ഉദ്ഭവം. കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയാക്കി. 2020ൽ കെഎസ്ഐഡിസി ബയോ മൈനിങ്ങിനു ടെൻഡർ ക്ഷണിച്ചു. രണ്ടു കമ്പനികൾ പങ്കെടുത്തു. അതിലൊന്നാണ് സോണ്ട.

ബയോമൈനിങ് രംഗത്ത് 10 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്ത പരിചയം വേണമെന്നായിരുന്നു നിബന്ധന. രണ്ടു കമ്പനികൾക്കും അതില്ലാത്തതിനാൽ റീ ടെൻഡർ. റീ ടെൻഡറിലും സോണ്ട പങ്കെടുത്തു. തിരുനെൽവേലിയിൽ 10.34 കോടി രൂപയ്ക്കു മാലിന്യ സംസ്കരണം നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. ആദ്യ ടെൻഡറിൽ ഇതേ നഗരസഭയുടെ 8.5 കോടി രൂപയുടെ ജോലി ചെയ്ത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതിന്റെ കൂടെ രണ്ടു വർഷത്തെ എഎംസി (വാർഷിക നടത്തിപ്പ് കരാർ) തുക കൂടി കൂട്ടിയാണ് 10 കോടിയുടെ പ്രവൃത്തിപരിചയം എന്ന കടമ്പ കടന്നത്.

രണ്ടാം ടെൻഡറിൽ സോണ്ട മാത്രമേ പങ്കെടുത്തുള്ളൂവെങ്കിലും കരാറിനു ധാരണയായി. കോർപറേഷൻ ഇതിനെതിരായിരുന്നു. എന്നാൽ, കോർപറേഷനിൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ കരാർ ഒപ്പിട്ടു. 9 മാസം കാലാവധി. അതനുസരിച്ച് 2022 ജൂണിൽ ബയോ മൈനിങ് പൂർത്തിയാക്കണം. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സോണ്ട നോട്ടിസ് നൽകി. കോർപറേഷൻ സമ്മതിച്ചില്ല. ഒടുവിൽ കെഎസ്ഐഡിസി ഇടപെട്ട് 2023 ജൂൺ വരെ കരാർ നീട്ടിക്കൊടുത്തു. ബയോ മൈനിങ്ങിൽ ഒരു പുരോഗതിയും ഇല്ലാതിരിക്കെ യുഡിഎഫ് കൗൺസിലർമാർ ഇതു നിരന്തരം കൗൺസിലിൽ ഉന്നയിച്ചു. ഇതിനിടെ ബയോ മൈനിങിന് രേഖകളിലില്ലാത്ത ഉപകരാറുകാരൻ വന്നു. ഉപകരാറുണ്ടെങ്കിൽ അതിനു കോർപറേഷന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഒറിജിനൽ കരാർ വ്യവസ്ഥ. ഉപകരാർ എടുത്തവരാണു ബ്രഹ്മപുരത്തു പണിയെടുക്കുന്നത്. സോണ്ടയുടെ ജീവനക്കാർ സ്ഥലത്തുണ്ട്.

തീപിടിച്ചത് എപ്പോൾ? എന്തു നടപടി സ്വീകരിച്ചു?

മാർച്ച് രണ്ടിനു വൈകിട്ട് 3.30ന് ആണ് തീപിടിത്തം സംബന്ധിച്ച് അഗ്നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ സമയം വൈകിട്ട് 4.15. തീപിടിത്തമുണ്ടായി അരമണിക്കൂറിനകം നാട്ടുകാർ എത്തുമ്പോഴേക്കും തൊഴിലാളികൾ അവിടെനിന്നു കടന്നിരുന്നു. സെക്ടർ ഒന്നിലായിരുന്നു തീ. പൊക്ലൈനുകളും എസ്കവേറ്ററുകളും ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ആളില്ല. അഗ്നിരക്ഷാ വാഹനങ്ങൾക്കു പോകാൻ കഴിയാത്തവിധം വഴിയിൽ മാലിന്യം. തൊട്ടുപുറകിലെ കടമ്പ്രയാറിൽനിന്നു വെള്ളമെടുക്കാൻ പ്രയാസമുണ്ടാക്കി അങ്ങോട്ടുള്ള റോഡിലും മാലിന്യം. പ്ലാന്റിനുള്ളിൽ തുടങ്ങിയ തീ പുറത്തേക്കും പടർന്നു. വെള്ളം പമ്പ് ചെയ്യാനുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചില്ല. നോക്കി നിൽക്കെ തീ ആളിപ്പടർന്നു.

തീ നിയന്ത്രിക്കാൻ സംവിധാനം ഇല്ലേ?

പ്ലാന്റിലെ നിരന്തരമായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും ചില നിർദേശങ്ങൾ കോർപറേഷനു നൽകിയിരുന്നു. എളുപ്പത്തിൽ വെള്ളം ലഭിക്കാനുള്ള ഹൈഡ്രന്റുകൾ, സിസിടിവി ക്യാമറകൾ, തീ കെടുത്താനുള്ള ഉപകരണങ്ങൾ, ആവശ്യത്തിനു തൊഴിലാളികൾ എന്നിവ വേണമെന്നായിരുന്നു അത്. ഇതെല്ലാം ഏർപ്പെടുത്തിയെന്ന സത്യവാങ്മൂലം കോർപറേഷൻ ഹരിത ട്രൈബ്യൂണലിനു നൽകി. കഴിഞ്ഞവർഷം തീപിടിത്തം ഉണ്ടായപ്പോഴും ഇതാവർത്തിച്ചു. തീപിടിത്തം ഉണ്ടായതിന്റെ തലേന്ന്, മാർച്ച് ഒന്നിന് കലക്ടർ കോർപറേഷനു ബ്രഹ്മപുരത്തെ അപകട സാഹചര്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഹൈഡ്രന്റുകൾ 9 എണ്ണം ഉണ്ട്. അതു പ്രവർത്തിക്കുമോ എന്നു നോക്കിയിട്ടില്ല. ജനറേറ്റർ ഇല്ലാത്തതിനാൽ അതിലേക്കു വെള്ളം പമ്പ് ചെയ്യാനായില്ല. കടമ്പ്രയാറിലേക്കുള്ള വഴിയിൽ തീ പിടിച്ചതോടെ ഫയർഫോഴ്സ് വാഹനത്തിനു പുഴയിൽനിന്നു വെള്ളമെടുക്കാനായില്ല. 4 സ്ഥലങ്ങളിൽ ഒരേസമയം തീ പിടിച്ചെന്നാണ് ആരോപണം. തീ വച്ചതോ പിടിച്ചതോ എന്നതു പൊലീസ് അന്വേഷിക്കുന്നു.

ബ്രഹ്മപുരം പ്ലാന്റിലേക്കു വൈദ്യുതി കണക്‌ഷനുണ്ട്. ഇവിടെയുള്ള ട്രാൻസ്ഫോമറിനു സമീപമാണ് ആദ്യം തീ കണ്ടത്. അതോടെ ലൈൻ ഓഫ് ചെയ്തു. െഹെക്കോടതി നിർദേശപ്രകാരം വൈദ്യുതബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.

വേർതിരിച്ചെടുത്ത മാലിന്യം സൂക്ഷിച്ചത് അപകടമായോ?

ബയോ മൈനിങ് നടത്തി വേർതിരിച്ച മാലിന്യം, കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി അവിടെത്തന്നെ സംഭരിച്ചിട്ടുണ്ട്. സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർപ്രകാരം, വേർതിരിച്ചെടുത്ത ആർഡിഎഫ് (റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യൂവൽ) മാലിന്യം 30 ദിവസത്തിനുള്ളിൽ നീക്കണം. ബയോ മൈനിങ് നടത്താനുള്ള മാലിന്യത്തിൽ 45–50 % ആർഡിഎഫ് ആണ്. തിരുച്ചിറപ്പിള്ളിയിലെ സിമന്റ് കമ്പനിയുടെ ചൂളയിൽ ഉപയോഗിക്കാൻ ആർഡിഎഫ് നൽകാനായിരുന്നു പദ്ധതി. ഗുണനിലവാരക്കുറവുമൂലം അതു തടസ്സപ്പെട്ടതോടെ മാലിന്യം കുമിഞ്ഞുകൂടി.

ബ്രഹ്മപുരത്തു നിർമിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിൽ ഉപയോഗിക്കാൻ ഇൗ മാലിന്യം സംഭരിക്കാൻ അനുവദിക്കണമെന്നു കോർപറേഷനോട് സോണ്ട ആവശ്യപ്പെട്ടു. സോണ്ടയ്ക്കു തന്നെയാണ് എനർജി പ്ലാന്റിന്റെ കരാറും. കോർപറേഷൻ അതിനും സമ്മതിച്ചില്ല. ഇതോടെ കെഎസ്ഐഡിസി ഇടപെട്ടു. എനർജി പ്ലാന്റ് നിർമിക്കാൻ ബ്രഹ്മപുരത്ത് 20 ഏക്കർ കെഎസ്ഐഡിസിക്കു കൈമാറിയിട്ടുണ്ട്. ഇവിടെ ആർഡിഎഫ് സൂക്ഷിക്കാൻ അനുവദിച്ചു. ഇവിടെ സൂക്ഷിച്ച മാലിന്യം കത്തിയെന്നാണു വിവരം. വേണ്ട രീതിയിൽ ബയോ െമെനിങ് നടക്കുന്നില്ലെന്നും പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധം വേർതിരിച്ചു മാറ്റുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.

ആദ്യദിനങ്ങളിൽ ഏകോപനം പാളിയതെന്തേ?

കുറ്റവാളിയാര്, ബലിയാടാര് എന്ന അന്വേഷണത്തെക്കാൾ, തീ നിയന്ത്രിക്കുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിലും ജില്ലാ കലക്ടറും കോർപറേഷൻ നേതൃത്വവും സർക്കാരും പരാജയപ്പെട്ടു എന്നതാണു വസ്തുത. ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക്കിനു തീപിടിച്ചാൽ എന്തു സംഭവിക്കുമെന്നു ഉൗഹിക്കാൻ കഴിയുന്നവരാണ് ഇവരെല്ലാം. 2021ലെ കണക്കുപ്രകാരം 5.52 ലക്ഷം ഘനമീറ്റർ മാലിന്യമാണ് ഇവിടെയുള്ളത്. ഇതിൽ 75% പ്ലാസ്റ്റിക്. അവസാന രണ്ടു വർഷത്തെ മാലിന്യത്തിനു കണക്കില്ല.

തീ കെടുത്താൻ ആദ്യ രണ്ടു ദിവസങ്ങളിൽ ഏകോപനമുണ്ടായില്ല. ഫയർഫോഴ്സിനു വെള്ളം കിട്ടിയില്ല. വഴി വെട്ടാൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആളില്ലായിരുന്നു. തീ പടരാത്ത സ്ഥലങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിച്ചില്ല. രണ്ടാം തീയതി തീപിടിച്ചശേഷം നാലിനാണ് ഇത്തരത്തിൽ ശ്രമം ഉണ്ടാവുന്നത്. അപ്പോഴേക്കും 110ൽ 75 ഏക്കറിലേക്കും തീ വ്യാപിച്ചു. നാലിനു രാവിലെ മന്ത്രിതല യോഗത്തിനു ശേഷമാണു കുറച്ചെങ്കിലും ഏകോപനമുണ്ടായത്.

പ്ലാസ്റ്റിക് മാലിന്യം വിലക്കിയ സാഹചര്യത്തിൽ ഇനിയെന്ത്?

നഗരമാലിന്യം ജൈവം, അജൈവം എന്നു വേർതിരിച്ചു ശേഖരിക്കുകയും ജൈവമാലിന്യം സംസ്കരിക്കാൻ ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യഘട്ടത്തിലെ തീരുമാനം. ഇതിന് ഓരോ വീട്ടിലും രണ്ടു ബക്കറ്റുകൾ കോർപറേഷൻ സൗജന്യമായി നൽകി. മേഴ്സി വില്യംസ് മേയറായിരുന്ന കാലത്താണ് ഇത്. പ്ലാന്റ് പണിതതും അക്കാലത്ത്. അതിനു ശേഷം വന്ന എല്ലാ മേയർമാരുടെ കാലത്തും നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യംകൊണ്ട് ബ്രഹ്മപുരം നിറച്ചു.

പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ ഒരു സംവിധാനവും കൊച്ചിയിൽ ഇല്ല. പ്ലാസ്റ്റിക് വേർതിരിച്ച് പുനരുപയോഗത്തിന് അയയ്ക്കാനേ സാധിക്കൂ. ചെളി പുരളാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാൽ അതു വാങ്ങാൻ ആളുണ്ട്. മൂന്നു സോണുകളായി തിരിച്ചു സംവിധാനം ഉണ്ടാക്കുമെന്നാണു സർക്കാർ പ്രഖ്യാപനം.

മാലിന്യപ്പുകയുടെ ആരോഗ്യപ്രശ്നങ്ങൾ

പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാകുന്ന പുക ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും. ഒട്ടേറെ വിഷപദാർഥങ്ങളാണ് പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്നത്. വായുവിലൂടെയും വെള്ളം, പച്ചക്കറി, മാംസാഹാരങ്ങൾ, പാൽ എന്നിവ വഴിയും ഇവ ശരീരത്തിലെത്താം. ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും ഇതു കാരണമാകാം.

കുട്ടികളുടെ ശ്വാസകോശത്തിന്റെ വിസ്തൃതി കൂടുതലാണ്. അതുകൊണ്ടുതന്നെ കുട്ടികൾ കൂടുതൽ ശ്വാസം അകത്തേക്കെടുക്കും. മുതിർന്ന വ്യക്തി ഒരു മിനിറ്റിൽ 20–30 തവണ ശ്വസിക്കുമെങ്കിൽ കുട്ടികളിൽ ഇത് 50–60 തവണയാണ്. അതിനാൽ പാർശ്വഫലങ്ങൾക്കുള്ള സാധ്യത കുട്ടികളിൽ കൂടുതലാണ്.

അലർജി, ആസ്മ, സൈനസൈറ്റിസ്, അഡെനോയ‌്ഡ് പ്രശ്നങ്ങൾ കൂടുതലും കുട്ടികളിലാണ്. കുട്ടികളിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കുറവായതിനാൽ വിഷപദാർഥങ്ങൾ നേരിട്ടു രക്തത്തിൽ എത്തും. സ്രവങ്ങൾ കെട്ടിക്കിടന്ന് ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. മൂന്നുമാസത്തിൽ താഴെ പ്രായമുള്ള ശിശുക്കളെ കഴിയുന്നതും പ്രശ്നബാധിത പ്രദേശങ്ങളിൽനിന്നു മാറ്റണം.

കണ്ണുചൊറിച്ചിൽ, ശ്വാസംമുട്ടൽ, ചുമ എന്നിവയാണ് മാലിന്യപ്പുക ശ്വസിക്കുന്നതുവഴി സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. മലിനവായു ശ്വാസകോശത്തിന്റെ വളർച്ചയെയും ബാധിക്കാം. ആസ്മയുള്ളവർക്ക് പുകകൊണ്ടുള്ള പ്രയാസങ്ങൾ കൂടുതൽ ദിവസം നീണ്ടുനിൽക്കും. ഓക്സിജൻ അളവു കുറയുന്നുണ്ടോ എന്നു പരിശോധിക്കുക, ചിലപ്പോൾ കഴിക്കുന്ന മരുന്നിന്റെ അളവു കൂട്ടേണ്ടി വന്നേക്കാം.

രാത്രി 10 മുതൽ പുലർച്ചെ നാലു വരെയുള്ള സമയത്താണ് ശ്വാസകോശപ്രശ്നങ്ങൾ രൂക്ഷമാകുന്നത്. അങ്ങനെ വന്നാൽ, രാവിലെ ആകാൻ കാത്തുനിൽക്കാതെ ആളെ ആശുപത്രിയിലെത്തിക്കണം.

പരിഹാര മാർഗങ്ങൾ:

∙ മാസ്ക് ഉപയോഗിക്കുക
∙ മുഖം ഇടയ്ക്കിടെ കഴുകുക,
∙ രണ്ടുനേരം കുളിക്കുക.
∙ പരമാവധി വീടുകൾക്കുള്ളിൽ കഴിയുക, ജനാലയും വാതിലുകളും അടച്ചിടുക, എസിയുള്ളവർക്ക് അതുപയോഗിക്കാം. വായുശുദ്ധീകരണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.
∙ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കുക
∙ ആസ്മ പോലുള്ള അസുഖങ്ങളുള്ളവർ മരുന്നുകൾ മുടക്കാതിരിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി വയ്ക്കുക.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഏബ്രഹാം പോൾ, സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ, ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര.
ഡോ. പരമേശ് അയ്യപ്പത്ത്, സീനിയർ കൺസൽറ്റന്റ്, പൾമനോളജി, ലിസി ഹോസ്പിറ്റൽ, കൊച്ചി

English Summary: writeup about political controversies related to the brahmapuram plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com