ADVERTISEMENT

∙ ജെ.എസ്.അടൂർ: ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കില്ല. സർക്കാർ ഗുണഭോക്ത ‘സാംസ്‌കാരിക’ നായകരും അധികാര ഭക്തജനങ്ങളും മൗനവ്രതത്തിലാണ്. അനങ്ങില്ല. ഇതേകാര്യം (ബ്രഹ്മപുരം തീപിടിത്തം) വേറൊരു സംസ്ഥാനത്തായിരുന്നു എങ്കിൽ ശാസ്ത്രക്കാരും പുകസക്കാരും സർക്കാർ വിലാസം സാംസ്‌കാരിക നായകരും പ്രതികരിക്കും. ആമസോൺ വനത്തിൽ തീ പിടിച്ചപ്പോൾ ബ്രസീൽ എംബസിയുടെ മുന്നിൽ പ്രതിഷേധിച്ചവർ കേരളത്തിൽ അനങ്ങില്ല.

∙ സലിംകുമാർ: സത്യം പറഞ്ഞാൽ ഞാൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തിൽ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്നു സമൂഹത്തിൽ ചിരിയില്ല. ഈ പൊളിറ്റിക്കൽ കറക്ട്നസ്സിനടിയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്നറിയാതെ കൺഫ്യൂഷനിലാണ് സംവിധായകർ. ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, രാഷ്ട്രീയവിമർശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും?

∙ ഡോ. എം.രാജീവ്കുമാർ: മലയാള സാഹിത്യത്തിൽ കൂടുതൽ വായിക്കപ്പെട്ടാൽ അതിനെന്തോ ഏനക്കേടുണ്ടെന്നു കരുതുന്നവരാണ് നമ്മുടെ നിരൂപകർ. ബഷീർ അതിൽപെടുന്നില്ല. എന്നാൽ, മുട്ടത്തുവർക്കി പെടും.

∙ ഡോ.എം.ലീലാവതി: സ്ത്രീകൾക്കു മൗലികചിന്തകൾ ഉണ്ടാവില്ലെന്നും അതിനുവേണ്ട ‘ശക്തി’കൊണ്ട് അവർ അനുഗൃഹീതരല്ലെന്നും വിശ്വസിക്കുന്ന പുരുഷന്മാർ ഇന്നും ഭൂരിപക്ഷമാണ്. അതുകൊണ്ട്, എന്തെങ്കിലും പുതുതായി അവതരിപ്പിച്ചാൽ പുരുഷന്മാരാണെങ്കിൽ അനുയായി സമൂഹം ഉണ്ടാവുമെന്നും സ്ത്രീകളാണെങ്കിൽ ഉണ്ടാവില്ലെന്നും തോന്നിയിട്ടുണ്ട്.

∙ ലക്ഷ്മി നായർ : ഒരുപാട് സൈബർ ആക്രമണത്തിന് ഇരയായ ആളാണ് ഞാൻ. ഇപ്പോഴുമുണ്ട്. അതിനൊന്നും ഒരു പ്രാധാന്യവും നൽകാറില്ല. എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം എനിക്കു മാത്രമാണ്. എന്റെ വാല്യു എന്താണെന്ന് അറിയാവുന്നിടത്തോളം ഒരു ബുള്ളിയിങ്ങും ബാധിക്കില്ല.

∙ സി.കെ.ജാനു: വിവാഹാലോചനകൾ വന്ന സമയത്ത് നിരന്തരമായ പ്രശ്‌നങ്ങളും സമരങ്ങളും കേസുമെല്ലാമായിരുന്നു. ഇതൊക്കെയെന്നു തീരട്ടെയെന്നു വിചാരിക്കുമ്പോൾ വീണ്ടുംവരും സമരവും കേസും. അങ്ങനെ സ്വന്തമായി കുടുംബത്തെക്കുറിച്ചു ചിന്തിക്കാനോ അതിനുവേണ്ടി സമയം കണ്ടെത്താനോ കഴിഞ്ഞില്ല. സ്വന്തമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോഴേക്കും എനിക്ക് 49 വയസ്സ് കഴിഞ്ഞിരുന്നു

∙ രാജീവ് രവി: ആക്ടറും ക്യാമറയുമായി വല്ലാത്ത കമ്യൂണിക്കേഷനുണ്ട്. നമ്മളറിയാതെ മാഗ്‌നറ്റ് പോലെ നമ്മൾ അവരുടെ അടുത്തേക്കു പോയിപ്പോകും. ഞാൻ ഒരു ആക്ടറിന്റെ അടുത്തുപോയി തൊട്ടടുത്തായി ലെൻസ് വച്ചിട്ട് പറഞ്ഞിട്ടുണ്ട്, അയാം റിയലി സോറി, എബൗട്ട് ഇറ്റ് എന്ന്. ഇവർ ചെയ്യുന്ന ഇമോഷനെല്ലാം ഭയങ്കര പവർഫുൾ ഇമോഷനായിരിക്കും.

∙ ഡോ.എ.കെ.ജയശ്രീ: സംരക്ഷണം എന്നതു നിയന്ത്രണം കൂടിയാണെന്നതു തിരിച്ചറിയാൻ വൈകിയാണെങ്കിലും സ്ത്രീകൾക്കു കഴിഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് സ്‌നേഹപരിലാളനകളോടൊപ്പമാണ് ഈ നിയന്ത്രണങ്ങൾ വരുന്നത് എന്നതുകൊണ്ട് പെൺകുട്ടികൾക്ക് ഇതു തിരിച്ചറിയുക എളുപ്പമല്ല.

∙ കെ.പി.രാമനുണ്ണി: ഇന്ത്യൻ ജനാധിപത്യത്തിൽ പിന്നാക്ക –ദലിത് –ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞാബദ്ധത ലീഗിന്റെ ഭരണഘടനാ സവിശേഷതയാണ്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ സ്ഥാപകൻ മുഹമ്മദ് ഇസ്മായിൽ വിളംബരം ചെയ്ത പ്രസ്തുത നിലപാടാണ് മുസ്‌ലിം വിഷയങ്ങളിൽ ശബ്ദമുയർത്താനും പാർട്ടിക്ക് അർഹത നൽകുന്നത്. സ്വന്തം ഭരണഘടന ലീഗ് നേതാക്കളും അണികളും ഇടയ്ക്കെല്ലാം ഉരുവിട്ടു പഠിക്കണം. അപ്പോൾ സ്വന്തം നിലപാടിനെ പ്രതിനിധാനം ചെയ്യാൻ ഒരു രാമനും ഉണ്ണിക്കൃഷ്ണനും മാത്രം പാർട്ടിയിൽ പോരെന്നു മനസ്സിലാകും.

∙ ബാലചന്ദ്രൻ ചുള്ളിക്കാട്: സൗന്ദര്യലഹരി രചിച്ച ശങ്കരാചാര്യർക്ക് ദേവി സങ്കീർണമായ ഒരു താന്ത്രികസത്തയാണ്. ജനനീനവരത്നമഞ്ജരി എഴുതിയ ശ്രീനാരായണഗുരുവിന് ദേവി ‘ആഗമാന്തനിലയയായ (വേദത്തിന്റെ പൊരുളായ) ദാർശനിക സത്തയാണ്. എന്നാൽ, ഒളപ്പമണ്ണയ്ക്കു ദേവി മുമ്മൂന്നാനകളുടെ നടുവിൽ ഏഴാമത്തെ ആനപ്പുറത്ത് എഴുന്നള്ളി വീടിന്റെ പൂമുഖത്ത് ഇറങ്ങുന്ന ‘ഇല്ലത്തമ്മ’യാണ്.

∙ മാധവ് ഗാഡ്ഗിൽ: ബിഹാറിലെ സ്ത്രീകൾ അവരുടെ കുഞ്ഞു മൊബൈൽ ഫോണുകളിൽ ആടുകളുടെ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യുകയും 40 ശതമാനം അധികവിലയ്ക്ക് 500–600 കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലങ്ങളിൽ ആടുകളെ വിൽക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ നിരക്ഷരരായ ഭൂരിപക്ഷം കർഷകരുടെ സഹായത്തിനെത്തുന്നുണ്ട്. വളച്ചാക്കുകളുടെയും കീടനാശിനിക്കുപ്പികളുടെയും ചിത്രങ്ങൾ, മെച്ചപ്പെട്ട കൃഷിരീതികളുടെ വിഡിയോകൾ തുടങ്ങിയവയുടെയൊക്കെ കൈമാറ്റത്തിനായി കർഷകർ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു.

∙ രാംമോഹൻ പാലിയത്ത്: മലയാളികളെ പൊതുവിൽ നിരീക്ഷിക്കുകയാണെങ്കിൽ, ഒരു ഇടത്തരക്കാരന്റെ ഏറ്റവും വലിയ സമ്പാദ്യം സാധാരണഗതിയിൽ അവന്റെ വീടായിരിക്കും. കിട്ടാവുന്നതിലേറെ പണം സംഘടിപ്പിച്ചാണ് വീടുപണി പൂർത്തിയാക്കുക. എന്നാൽ, സാമ്പത്തികനിക്ഷേപത്തിന്റെ ബുദ്ധിശാസ്ത്രത്തിൽ വീടെന്നത് ഒരു ബാധ്യതയായാണ് കണക്കാക്കുന്നതെന്ന് ‘റിച്ച് ഡാഡ് പുവർ ‍ഡാഡ്’ എന്ന വിശ്വപ്രസിദ്ധ പുസ്തകമഴുതിയ റോബർട്ട് കിയോസാക്കി പറയുന്നു. ലക്ഷക്കണക്കിനു രൂപ യാതൊരുവിധ ലാഭങ്ങളുമില്ലാതെ കുഴിച്ചിടുന്ന സംഗതി.

∙ കൽപറ്റ നാരായണൻ: എഴുത്തിൽ ബഷീറിനെ അതിശയിക്കുന്ന കയ്യടക്കക്കാരൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയം. അദ്ഭുത‘കര’മാണ് ബഷീറിന്റെ കലാവൈഭവം. അഥവാ ദൈവികമായ കയ്യുണ്ട് ബഷീറിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെയും അതിന്റെ ദുഃഖകരം കൂടിയായ അന്ത്യത്തിന്റെയും കഥ പറയാൻ സാധാരണഗതിയിൽ എഴുനൂറോ എണ്ണൂറോ പുറങ്ങളെങ്കിലും വേണ്ടിടത്ത് പറയേണ്ടതൊന്നും വിട്ടുപോകാതെതന്നെ ബഷീറിന്റെ ‘മതിലുകളിൽ’ അതിനുവേണ്ടിവന്നത് വെറും അൻപത്തൊൻപതു പുറങ്ങൾ.

∙ കെ.സി.ഉമേഷ്ബാബു: മലയാള സാംസ്കാരികലോകത്തെ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരും പത്രാധിപന്മാരും മറ്റുമായ ആളുകളിൽ കുറച്ചുപേരൊഴിച്ചുള്ളവരെല്ലാം സിപിഎം അടിമപ്പറ്റങ്ങളാണ്.

∙ ശശി തരൂർ: മൗലികമായ ഒരു കഥാതന്തു വികസിപ്പിക്കാൻ ചാറ്റ്ജിപിടിക്കു കഴിഞ്ഞു എന്നതിൽ നമ്മൾ ഭയപ്പെടേണ്ടതുണ്ടോ? ഒരിക്കലുമില്ല. കാരണം, ആത്മാഭിമാനമുള്ള എഴുത്തുകാരൻ തന്റെ മനസ്സിൽ ഉരുത്തിരിയുന്ന സ്വന്തം ആശയങ്ങൾ രുചിച്ചറിയുന്നതിലാണ് സന്തോഷം കണ്ടെത്തേണ്ടത്. അയാൾ ആ ജോലി ഉപകരാറായി കൊടുത്താൽ അയാൾക്ക് ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള മഹത്തായ സന്തോഷവും സൃഷ്ടിയുടെ ആനന്ദവുമാണ് നഷ്ടമാകുക.

Content Highlight : Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com