ADVERTISEMENT

അസാധാരണമായ വരൾച്ചക്കാലത്തിലൂടെ വാടിത്തളർന്നു സഞ്ചരിക്കുകയാണ് കേരളം. കുംഭച്ചൂടിൽ താപതരംഗം സൃഷ്ടിച്ച് മാർച്ച് വരവറിയിച്ചപ്പോൾ ഉത്തരകേരളത്തിൽ ചിലയിടത്ത് താപനില 40–41 ഡിഗ്രി സെൽഷ്യസായി. രാത്രിതാപനില ഇതിന്റെ നേരെ പകുതിയായി താണു. 

ഊഷ്മാവിനൊപ്പം ഈർപ്പവുംകൂടി ചേർന്നുണ്ടാകുന്ന അന്തരീക്ഷ ആർദ്രതയുടെ തോതും വർധിച്ചു. തൽഫലമായി അനുഭവവേദ്യമാകുന്ന ചൂട് അസഹ്യമായി. രാജ്യത്തുതന്നെ താപസൂചിക ഏറ്റവുമുയർന്ന ഉഷ്ണമേഖലയായി കേരളം മാറി. വെയിലിലെ അൾട്രാ വയലറ്റ് തോതും ഇവിടെ രൂക്ഷമാണ്. 

മൂന്നാറിലെ രാജമല ഉൾപ്പെടുന്ന ചോലവന– ജൈവമേഖലയും തിരുവനന്തപുരത്തെ തീരമേഖലയും ഒഴികെ മിക്ക സ്ഥലങ്ങളിലും ഹീറ്റ് ഇൻഡക്സ് 40–45 ആണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിസ്ക് ലാബ് പുറത്തിറക്കിയ താപസൂചികാ ഭൂപടം വ്യക്തമാക്കുന്നു. വെയിലത്തു നിന്നാൽ തളർന്നു വീണേക്കാം എന്ന മുന്നറിയിപ്പും ഇതോടൊപ്പം അതോറിറ്റി നൽകുമ്പോഴാണ് ഈ ഉച്ചച്ചൂടിന്റെ പൊള്ളൽ നാം തിരിച്ചറിയുന്നത്. 

കാലാവസ്ഥാമാറ്റം മൂലമുള്ള ആഗോളതാപനത്തിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞു. മഴ പെയ്താൽ വേനലിനെയും വെയിലുദിച്ചാൽ പ്രളയത്തെയും മറക്കുന്ന രീതിയിൽ ഇനി മുന്നോട്ടു പോകാനാവില്ല എന്നു വ്യക്തം. ചൂട് കഠിനമാകുന്നതിനൊപ്പം  കൊച്ചി ബ്രഹ്മപുരത്തെ വിഷവായു സമീപ ജില്ലകളിലേക്കു വേനൽക്കാറ്റിനൊപ്പം പരക്കുന്നതും പ്രത്യേകതരം പകർച്ചപ്പനി സംസ്ഥാനത്തു വ്യാപകമാകുന്നതും ഇതിനു തെളിവായിക്കാണണം. ജലക്ഷാമം രൂക്ഷമായാൽ പകർച്ചവ്യാധികൾക്കും സാധ്യതയേറും. 

വേനൽമഴയുടെ അഭാവത്തിൽ, കരിയില കത്തിക്കുന്നതുപോലും കാട്ടുതീക്ക് ഇന്ധനം പകരുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു കൊള്ളിമതി നാടിന്റെ അമൂല്യ ജൈവസമ്പത്ത് ഒറ്റ നിമിഷംകൊണ്ട് ചാമ്പലാകാൻ. കത്തുന്ന കാട്ടിൽ വെള്ളവും തീറ്റയും ഇല്ലാതാകുന്നതോടെ പുറത്തുവരുന്ന വന്യജീവികൾ മനുഷ്യനുമായുള്ള സംഘർഷങ്ങൾക്കു വഴിമരുന്നിടും. 

തുലാമഴയിലെയും വേനൽമഴയിലെയും കുറവ് മണ്ണിലെ ഈർപ്പത്തോത് ഇല്ലാതാക്കിയത് ഉത്തരകേരളത്തിൽ, വിശേഷിച്ചും കണ്ണൂർ ജില്ലയിൽ, ഇത്തവണ റെക്കോർഡ് ചൂടിനു കാരണമായി എന്നാണു നിഗമനം. പട്ടണവൽക്കരണത്തിന്റെ പാതയിൽ മുന്നേറുന്ന സംസ്ഥാനത്തു നഗരതാപത്തുരുത്തുകളിൽ നിന്നുള്ള ചൂടും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. 

പ്രളയം, വരൾച്ച, ജലക്ഷാമം തുടങ്ങിയവയെ നേരിടാൻ ആവശ്യമായ മുൻകരുതൽ നമ്മുടെ സംസ്ഥാനത്തു വേണ്ടത്രയില്ല. തണ്ണീർപന്തലിട്ട് ശുദ്ധജലവും മറ്റും നൽകി ഇതിൽ ഇടപെടാനുള്ള സർക്കാർ ശ്രമം നല്ലതു തന്നെയെങ്കിലും പരിസ്ഥിതിയുടെ വീണ്ടെടുപ്പിനു കാര്യമായ ശ്രമങ്ങളൊന്നും കേരളത്തിന്റെ ആസൂത്രണ റഡാറിൽ ഇനിയും തെളിഞ്ഞിട്ടില്ല. അനധികൃത പാറമടകളും മണ്ണെടുപ്പും ഉൾപ്പെടെയുള്ള പ്രകൃതിചൂഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. രാഷ്ട്രീയ ഉഷ്ണക്കാറ്റിൽ യഥാർഥ പ്രശ്നങ്ങൾ വാടിപ്പോകുന്നു. 

നദികളിലെ ജലനിരപ്പ് ക്രമാതീതമായി താണാൽ സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ജലവിതരണ പദ്ധതികൾ അടച്ചുപൂട്ടേണ്ടി വന്നേക്കാം. ഇനി എത്ര ദിവസത്തേക്കുള്ള ജലശേഖരം ഉണ്ടെന്ന ഒരു കണക്കെടുപ്പും അനിവാര്യമാണ്. കിണർ– ഭൂഗർഭജല സാധ്യതകളും പരിഗണിക്കണം. അണക്കെട്ടുകളിലും സ്ഥിതി മെച്ചമല്ല. പലയിടത്തും ശേഷിയുടെ പകുതിയിലും താഴെയാണ് ജലനിരപ്പ്.

നഗര– ഗാർഹിക മാലിന്യവും ശുചിമുറി മാലിന്യവും ഉൾപ്പെടെ ജലാശയങ്ങളിലേക്കു തള്ളാൻ മടിക്കാത്ത സംഘങ്ങൾ ഈ വേനൽക്കാലത്തും വിലസുന്നു. ജലമലിനീകരണത്തിനു തടവുശിക്ഷ നൽകാൻ വ്യവസ്ഥയുള്ള സംസ്ഥാനത്താണ് കർശന നിയമപാലന–നിരീക്ഷണ സംവിധാനങ്ങളുടെ അഭാവത്തിൽ ഈ ഹീനത അരങ്ങേറുന്നത്.

കൂടുതൽ തണൽമരങ്ങൾ നട്ടും അവശേഷിക്കുന്ന ജലാശയങ്ങളും തണ്ണീർത്തടങ്ങളും തോടുകളും പാടങ്ങളും നിലനിർത്തിയും നഷ്ടപ്പെട്ടവ വീണ്ടെടുത്തും കേരളത്തെ കാലാവസ്ഥാമാറ്റത്തിൽനിന്നു പൊതിഞ്ഞുപിടിക്കുവാനുള്ള കർമപദ്ധതികളെക്കുറിച്ചു ചിന്തിക്കാൻ ഇപ്പോൾത്തന്നെ വൈകി. നദികളുടെ പുനർജീവനത്തിനു ഗംഗാ മാതൃകയിൽ പദ്ധതികൾക്കു തുടക്കമിടാൻ കേന്ദ്ര സർക്കാരിലും സമ്മർദം ചെലുത്തണം. ഒപ്പം വായുമലിനീകരണവും കുറയ്ക്കേണ്ടതുണ്ട്. 

വേനൽമഴ ലഭിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷയുണ്ടെങ്കിലും കാലവർഷത്തെ ദുർബലമാക്കുന്ന എൽനിനോ പ്രതിഭാസം അടുത്ത മഴക്കാലം മുതൽ ഏതാനും വർഷത്തേക്ക് അനുഭവപ്പെടുമെന്നു മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യ താപതരംഗത്തിന്റെ പിടിയിലേക്കു നീങ്ങുകയാണ്. കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും ഇതു വെല്ലുവിളി ഉയർത്തുന്നു. 

ആഗോള താപന പശ്ചാത്തലത്തിൽ, കേരളത്തിന്റെ ജല–പരിസ്ഥിതി– കാർഷിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചിന്തകൾക്കും ചൂടുപിടിക്കേണ്ട സമയമാണ് ഈ വേനൽക്കാലം. ഫലപ്രദമെന്നു കണ്ടെത്തിയിട്ടുള്ള ഹ്രസ്വ–ദീർഘകാല പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒട്ടും വൈകിക്കൂടാ.

English Summary: Editorial about Kerala's Flood, drought, water scarcity 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com