ADVERTISEMENT

ഗണിതയുക്തിവാദികളുടെ ഭാഷയിൽ മൗലികങ്ങളിൽ വച്ചേറ്റവും മൗലികമായ സങ്കേതമാണു നന്ദി. മറ്റെ‍ാരു സങ്കേതം കെ‍ാണ്ടതിനെ നിർവചിക്കാനാവില്ല. നാ‍‍ഡീരസതന്ത്രത്തിന്റെ ദൃഷ്ടിയിൽ നന്ദിക്ക് ഒട്ടേറെ മാനങ്ങളുണ്ട്.

അകൈതവമായി നാം നന്ദി പ്രകാശിപ്പിക്കുമ്പോൾ നമ്മുടെ അമിതരക്തസമ്മർദം താനേ താഴോട്ടുവരുന്നു. താൽക്കാലികമായല്ല,  നന്ദി ശീലമാക്കിയാൽ സ്ഥിരമായി ഗുണം കിട്ടുന്നു. നന്ദിശാലികളുടെ ഉറക്കത്തിന്റെ ഗുണമേന്മ ഉയരുന്നതായി, 18നും 68നുമിടയ്ക്ക് പ്രായമുള്ള 401 പേർ പങ്കെടുത്ത പഠനത്തിൽ വ്യക്തമായി. ഇക്കൂട്ടരിൽ 160 പേർക്ക് ഉറക്കമില്ലാരോഗമുണ്ടായിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ ദുഷ്ചിന്തകളെ മാറ്റി, നല്ല നന്ദിയുള്ള കാര്യങ്ങൾ ഓർത്തപ്പോൾ കൂടുതൽ സമയം ഉറങ്ങാൻ കഴിഞ്ഞു; മാത്രമല്ല ഞെട്ടിയുണരാത്ത സുഖനിദ്രയായിരുന്നു അവർക്ക്. 

നന്ദിശീലർ അമിതാഹാരം വർജിക്കുന്നവരാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. തീൻമേശയിലെ ആഹാര വസ്തുക്കൾക്കു നന്ദി പറഞ്ഞുകെ‍ാണ്ട്, കിട്ടാത്തവയെയും ഇഷ്ടപ്പെട്ടവയെയും ഇക്കൂട്ടർ ഓർമയിൽനിന്ന് അകറ്റുന്നുവെന്നാണു വ്യാഖ്യാനം.  നന്ദിശീലം വേദനസംഹാരി കൂടിയാണ്. ആനന്ദദായകങ്ങളായ നാഡീരസങ്ങളാണ്(ഹോർമോൺ) സെറട്ടോണിനും ഡോപ്പമീനും.  നന്ദിപ്രകാശനം ഇവയുടെ അളവ് ഉയർത്തുന്നുവത്രേ. ഒപ്പം മാനസിക പിരിമുറുക്കത്തിനു കാരണമായ ഹോർമോണുകളുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു. 

AP-Jayaraman
ഭാഭാ അറ്റോമിക് റിസർച് സെന്റർ മുൻ ശാസ്ത്രജ്ഞനായ ഡോ.ജയരാമൻ

പ്രമേഹരോഗ നിയന്ത്രണത്തിൽ നന്ദിശീലത്തിനു ശ്രദ്ധേയമായ സ്വാധീനമുണ്ട് എന്നും പഠനങ്ങൾ കാണിക്കുന്നു. ഹീമോഗ്ലോബിൻ  A1C യുടെ അളവ് 9 മുതൽ 13% വരെ കുറഞ്ഞതായി കണ്ടിട്ടുണ്ട്. ഹൃദയാഘാതം കുറയ്ക്കുന്നതിൽ നന്ദിശീലത്തിനു നല്ല പങ്കുണ്ട്.   ഹൃദ്രോഗികളിൽ ഹൃദയവീക്കത്തിനു കാരണമാകുന്ന ജൈവസൂചകങ്ങളുടെ അളവ് 7% കുറയുന്നതായി കണ്ടു.   

സ്ത്രീകൾക്കിടയിലെ ഹൃദ്രോഗപഠനത്തിൽ രസകരമായ ചില വസ്തുതകൾ പുറത്തുവന്നിട്ടുണ്ട്. ശുഭാപ്തിവിശ്വാസമുള്ള സ്ത്രീകൾക്കു ഹൃദ്രോഗസാധ്യത 9% മാത്രമാണത്രേ. ക്രോധവും വെറുപ്പും കൈമുതലാക്കിയവരെക്കാൾ മരണസാധ്യത നന്ദിശീലമുള്ള ശുഭാപ്തി വിശ്വാസികളിൽ 14% കുറവായിരുന്നു. 

2020ൽ അമേരിക്കയിലെ ഡോക്ടർമാർക്കിടയിൽ ഒരു സർവേ നടത്തിയപ്പോൾ അവർ ഏറ്റവും സംതൃപ്തിദായകമെന്നു പറഞ്ഞതു രോഗികളുടെ നന്ദി പ്രകടനമായിരുന്നു (27%).നന്ദി...നന്ദി...നന്ദി...!

നമ്മുടെ ഭാരം, ഭൂമിയുടെയും

ബ്രഹ്മപുരത്തെക്കുറിച്ചു വായിക്കുമ്പോൾ 2020 ഡിസംബർ 9നു നേച്ചർ ജേണലിൽ പ്രഫ. റോൺ മിലോ എഴുതിയ ശ്രദ്ധേയമായ ലേഖനം ഓർമവന്നു; മനുഷ്യനിർമിത വസ്തുക്കളുടെ മെ‍ാ‍ത്തം ഭാരം സർവ ജീവജാലങ്ങളുടെയും ഭാരത്തെ കടത്തിവെട്ടിയിരിക്കുന്നു.   

മനുഷ്യ നിർമിതം: 1154,000,000,000 ടൺ 

ജീവജാലങ്ങൾ: 1120,000,000,000 ടൺ 

ജൈവ പിണ്ഡത്തിന്റെ ഭൂരിഭാഗവും ചെടികളും വൃക്ഷങ്ങളുമാണ്. പിന്നെയാണു സൂക്ഷ്മജീവികളും ഫംഗസുകളും ഇതര ജീവികളും.

ഇഹലോകവാസികളായ നമ്മുടെ തലതെ‍ാട്ടെണ്ണം 800 കോടി എന്നാണു കണക്ക്. എല്ലാവരെയും കൂട്ടി തൂക്കിയാൽ 560 മില്യൻ ടൺ വരും! മെ‍ാത്തം ജൈവപിണ്ഡത്തിന്റെ പതിനായിരത്തിൽ ഒരു ഭാഗം മാത്രമാണിത്.  പ്രശ്നം നമ്മുടെ തൂക്കമല്ല, നാം പടച്ചുവിടുന്ന വസ്തുക്കളുടെ തൂക്കമാണ്. കേവലം ഒരാഴ്ചയിൽ നാം ഉണ്ടാക്കുന്ന സാധനങ്ങളുടെ തൂക്കം നമ്മുടെയെല്ലാവരുടെയും ദേഹഭാരത്തിനു തുല്യമത്രേ.   

അംബരചുംബികളായ സൗധങ്ങളും അതിദൂരപാതകളും ബഹുദൂര റെയിൽപാളങ്ങളും നിർമിത വസ്തുക്കളുടെ ഒരു നവലോകം സൃഷ്ടിച്ചു. സസ്യജാലത്തിന്റെ തൂക്കത്തെ കോൺക്രീറ്റ് പിന്നിലാക്കി. മാത്രമല്ല, വെള്ളം കഴിഞ്ഞാൽ, നമുക്ക് ഏറ്റവും അവശ്യമായ വസ്തു എന്ന പദവിയും കൈവരിച്ചു.  

2020ലെ കണക്കുപ്രകാരം നമ്മുടെ കോൺക്രീറ്റ് കാടുകളുടെ ഭാരം 550 ബില്യൻ ടണ്ണാണ്. 2040ൽ മനുഷ്യനിർമിത വസ്തുക്കൾ ജൈവപിണ്ഡത്തിന്റെ മൂന്നിരട്ടിയാകുമെന്നാണു നിഗമനം. ഇതു നല്ല കാര്യമല്ല. കോൺക്രീറ്റിനെ നഗരങ്ങളിലേക്കു ചുരുക്കുകയും മറ്റിടങ്ങളിലേക്കു അവയുടെ കടന്നുകയറ്റം നിരോധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ തേടുകയും ചെയ്യണമെന്നാണു പ്രഫ. റോണിന്റെ പക്ഷം.  

ഹൈഡ്രജൻ സ്വപ്നങ്ങൾ

പിറന്നാളാഘോഷത്തിനു പറത്തുന്ന ബലൂണിലുള്ളതു ഹൈഡ്രജന്റെ ഏറ്റവും ലളിത രൂപമാണ്. അതേസമയം, ശാസ്ത്രജ്ഞർ സർവനാശമുണ്ടാക്കുന്ന ഹൈഡ്രജൻ ബോംബ് വരെ സൃഷ്ടിച്ചു. 

ഹൈഡ്രജൻ സംയോജനത്തിലൂടെ ലഭിക്കുന്ന ഊർജത്തെ വരുതിയിലാക്കാൻ ഇപ്പോഴും ശാസ്ത്രം കഠിനപ്രയത്നം ചെയ്യുകയാണ്. രണ്ടു പതിറ്റാണ്ടിനുള്ളിൽ അതു സംഭവിക്കുമെന്ന് 68 വർഷം മുൻപ് ഡോ. ഹോമി ഭാഭ പ്രവചിച്ചെങ്കിലും ഇപ്പോഴും സ്വപ്നമായി തുടരുന്നു. 

എഴുപതുകളിൽ ഭാഭ ആറ്റമിക് റിസർച് സെന്ററിലെ കെമിക്കൽ എൻജിനീയറായ എം.ജി.നായർ ഹൈഡ്രജൻ സെല്ലുകളുണ്ടാക്കി ജീപ്പോടിക്കാൻ ശ്രമിച്ചു. പ്രശസ്ത എയ്റോസ്പേസ് എൻജിനീയർ ഡോ. അനിത സെൻഗുപ്തയെ ഈയിടെ കണ്ടിരുന്നു. ഹൈഡ്രജൻ സെല്ലുകൾ ഇന്ധനമാക്കുന്ന കാറാണ് അവർ ഉപയോഗിക്കുന്നത്. വിമാനത്തിൽ ഹൈഡ്രജൻ ഇന്ധനം പരീക്ഷിക്കുന്ന ഹൈഡ്രോപ്ലെയിൻ എന്ന കമ്പനിയുടെ സിഇഒയാണ് അനിത. 2024ൽ വിമാനങ്ങളെ കാർബൺമുക്തമാക്കുകയാണ് അവരുടെ സ്വപ്നം. 

കടൽവെള്ളത്തെ ഓക്സിജനും ഹൈഡ്രജനുമായി വിഘടിപ്പിക്കുന്നതിൽ കെമിക്കൽ എൻജിനീയർമാർ 100% വിജയം നേടിക്കഴിഞ്ഞു; അതും കുറഞ്ഞ ചെലവിൽ. സൗരോർജം ഉപയോഗിച്ച് അന്തരീക്ഷവായുവിൽനിന്നു വെള്ളം ശേഖരിച്ചു ഹൈഡ്രജനുണ്ടാക്കുന്നതിലും എൻജിനീയർമാർ വിജയം നേടിയിരിക്കുന്നു. സെമികണ്ടക്ടർ അധിഷ്ഠിത സാങ്കേതികവിദ്യ ഇലക്ട്രോഡുകളിൽ പ്രയോഗിക്കുന്ന ലളിതമായ സംവിധാനമാണ് അവർ കണ്ടെത്തിയത്. വെറുതേ വെയിൽ കൊള്ളിച്ചാൽ അതു വായുവിൽനിന്നു വെള്ളത്തെയും തുടർന്നു ഹൈഡ്രജൻ വാതകത്തെയും േവർതിരിച്ചെടുക്കും. വെള്ളത്തെ വിഘടിക്കുന്ന വിദ്യയിൽ സിംഗപ്പൂരിലെ ശാസ്ത്രജ്ഞർ വിപ്ലവകരമായ കണ്ടുപിടിത്തം നടത്തി. 

ചിരട്ടക്കരിയും മഞ്ഞളും ചേർത്തുണ്ടാക്കുന്ന ഉൽപ്രേരകം (catalyst) ഹൈഡ്രജൻ ഉൽപാദനം 25.6% വരെ വർധിപ്പിക്കുന്നതായി ഇന്ത്യയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.  നമുക്ക് സദ്‌വാർത്തയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം.

English Summary : Chemistry of sorry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com