ADVERTISEMENT

സ്പീക്കറായതോടെ അടിമുടി മാറി കൂടുതൽ നല്ലവനായേക്കാം എന്ന് ആത്മാർഥമായി വിചാരിച്ചതു മാത്രമാണ് എ.എൻ.ഷംസീർ ചെയ്ത തെറ്റ്. അസംബ്ലിയിൽ അത്യാവശ്യം ‘കയ്യിലിരിപ്പു’ വശമുള്ളവരുടെ പട്ടികയിലായിരുന്നു ഷംസീർ അതുവരെ. ക്ലാസിലെ കുഴപ്പക്കാരനെ മെരുക്കാൻ എളുപ്പവഴി അവനെ പിടിച്ചു ‘മോണിറ്റർ’ ആക്കുന്നതാണെന്ന പഴയ സ്കൂൾ മാഷമ്മാരുടെ തിയറി സിപിഎമ്മും പ്രാക്ടിക്കലാക്കി എന്നു പലരും ധരിച്ചുപോയി. ‘‘നെവർ ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്സ് കവർ’’ എന്ന് പുതിയ സ്ഥാനം ഏറ്റെടുത്ത ദിവസംതന്നെ ഷംസീർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ എല്ലാവർക്കും ഉറപ്പായി. ‘ഇതുവരെക്കണ്ട ഷംസീർ അല്ല ഇനി’ എന്നാണ് ആ പോസ്റ്റിന്റെ മലയാളം എന്നു പാവം പ്രതിപക്ഷംകൂടി വിശ്വസിച്ചുപോയി. അവരുടെ പുകഴ്ത്തൽ കൂടി വന്നതോടെ ‘സ്കൈ ഈസ് ദ് ലിമിറ്റ്’ എന്ന മട്ടിൽ ആദ്യദിനങ്ങളിൽത്തന്നെ സ്പീക്കറുടെ ഇമേജ് മാനംമുട്ടെ ഉയരുകയും ചെയ്

പക്ഷേ, നൊടിയിടയിലാണു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. എല്ലാറ്റിനും കാരണം ലൈഫ് മിഷൻ കേസിലെ അഴിമതിയെപ്പറ്റിവന്ന ഒറ്റ അടിയന്തരപ്രമേയ നോട്ടിസ്. തനിക്കെതിരെ അഴിഞ്ഞാടാൻ പ്രതിപക്ഷത്തിനു സ്പീക്കർ വഴിവച്ചുകൊടുത്തു എന്ന കോപം മുഖ്യമന്ത്രിക്കുണ്ടായെങ്കിൽ തെറ്റുപറയാനില്ല. മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ചു സഭാരേഖകളിൽനിന്ന് ആരോപണങ്ങൾ സ്പീക്കർക്കു നീക്കേണ്ടിവരികകൂടി ചെയ്തെന്നു കേട്ടതോടെ ജനത്തിന്റെ മനസ്സിലും ആ തോന്നൽ ഉറച്ചു. എന്തായാലും അതിനു ശേഷം ഷംസീറിന്റെ വിശാലമനസ്സ് കോവിഡ് ബാധിച്ച ശ്വാസകോശംപോലെ ചുരുങ്ങിത്തുടങ്ങി. പിന്നങ്ങോട്ട് അടിയന്തരപ്രമേയമെന്നല്ല, അടി എന്നു കേൾക്കുമ്പോൾത്തന്നെ വടിയെടുക്കുന്ന അവസ്ഥയിലായി കാര്യങ്ങളുടെ പോക്ക്. ‘ഭ്രാന്തെല്ലാം മാറി, ഇപ്പോൾ ഉലക്ക കൊണ്ടു കോണകമുടുത്തേ പുറത്തേക്കുപോലും ഇറങ്ങാറുള്ളൂ’ എന്നു പറയുമ്പോലെ കൈവിട്ട നില. ഓരോ ദിവസവും സഭാ സമ്മേളനം മിന്നൽവേഗത്തിൽ പൂട്ടിക്കെട്ടുന്നതായി ലഹരി. ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളിൽനിന്നു മുഖ്യമന്ത്രിയെ രക്ഷിക്കുക എന്നതാണ് മുഖ്യമെന്നും കേൾക്കുന്നു.

എന്തായാലും സഭയിൽ പ്രതിപക്ഷത്തിന്റെ നല്ലകാലം അവസാനിച്ചു. വി.ഡി.സതീശൻ സംസാരിക്കവേ ഇടപെട്ട ഭരണപക്ഷത്തെക്കൂടി ശാസിച്ച് വാർത്തയിൽ നിറ‍ഞ്ഞ ഷംസീറിനെയല്ല പിന്നെ കാണുന്നത്. പക്ഷേ, തങ്ങളുടെ ദുരവസ്ഥയ്ക്കു കാരണക്കാരനായി സ്പീക്കറെയല്ല, മുഖ്യമന്ത്രിയെയാണ് പ്രതിപക്ഷം പ്രതിയായി പിടിച്ചത്. എത്ര ‘പബ്ലിക് റിലേഷൻസ് വർക്ക്’ നടത്തിയിട്ടും മകളുടെ ഭർത്താവുകൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇമേജ് സ്പീക്കർ ഷംസീറിന്റെ പ്രതിഛായയ്ക്കൊപ്പം എത്തുന്നില്ലെന്ന ആധിയാണു മുഖ്യമന്ത്രിക്കെന്നും ഇമേജ് തകർക്കാനായി സ്പീക്കറെക്കൊണ്ടു തെറ്റായ കാര്യങ്ങൾ ചെയ്യിക്കുകയാണെന്നുംകൂടി സതീശൻ പറഞ്ഞുവച്ചു. റിയാസിനെയും തന്നെയും താരതമ്യം ചെയ്യുന്നത് പണ്ടേ ഷംസീറിനു സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഇത്രയും കാലം ഷംസീറിനെ തഴഞ്ഞു റിയാസിനെ മന്ത്രിയാക്കി എന്നായിരുന്നു കരക്കമ്പി. ആ പറയുന്നതിന്റെ ബുദ്ധിമുട്ട് ഷംസീർ മാത്രം സഹിച്ചാൽ മതിയെന്നു വയ്ക്കാം. പക്ഷേ, പ്രതിഛായയിൽ ഷംസീർ മുന്നിൽക്കയറി എന്നു പറഞ്ഞാൽ അതിന്റെ വരുംവരായ്കകൾ ആരൊക്കെ സഹിക്കണം. പ്രശംസയുടെ സ്വർണക്കമ്പി കൊണ്ടാണു കുത്തെന്നു കരുതി മുറിവിനു വേദന കുറവൊന്നുമില്ല. ‘നാൻ മഹാൻ അല്ലൈ’ എന്നൊരു തമിഴ് സിനിമ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ഷംസീറും എന്നാണു കേൾവി.

സതീശന്റെ കുത്ത് ഏതൊക്കെയോ മർമത്തു കൊണ്ടു എന്നുറപ്പ്. അല്ലെങ്കിൽ റിയാസ് ഇത്ര ക്ഷോഭിക്കുമായിരുന്നില്ല. വാഴപ്പിണ്ടിയുടെ നട്ടെല്ലുള്ള ആളെന്നൊക്കെ സതീശനെ പള്ളു പറഞ്ഞു. പ്രതിപക്ഷനേതാവാകാൻ യോഗ്യൻ രമേശ് ചെന്നിത്തല ആയിരുന്നുവെന്നും സതീശൻ പിൻവാതിൽ വഴി കയറിയതാണെന്നും പറഞ്ഞു. രമേശിനെങ്കിലും സന്തോഷമായിട്ടുണ്ടാകണം. തനിക്കുവേണ്ടി രണ്ടു വാക്കു പറയാൻ കോൺഗ്രസിൽപോലും ആരുമില്ലെന്നൊരു പരിഭവം പണ്ടേ രമേശിനുണ്ട്. പ്രതിപക്ഷത്തെങ്കിലും സത്യം തിരിച്ചറിയുന്ന ആരാധകൻ ഉണ്ടായല്ലോ. അത്രയും ആശ്വാസം. ‘മാനേജ്മെന്റ് ക്വോട്ടയിൽ വന്ന മന്ത്രിക്ക് തന്നെ ആക്ഷേപിക്കാൻ എന്തധികാരം’ എന്നായി റിയാസിനു സതീശന്റെ മറുപടി. എം.വി.ഗോവിന്ദന്റെ പ്രതിരോധജാഥയുടെ സമാപനത്തിനു കൂടിച്ചേർന്ന സഖാക്കൾ അടക്കംപറഞ്ഞതെല്ലാം ഈ ‘മാനേജ്മെന്റ് ക്വോട്ട’ പ്രയോഗമാണെന്നാണു ശ്രുതി. ഇതിനെ പ്രതിരോധിക്കാൻ വേണ്ടിവന്നാൽ മറ്റൊരു ജാഥകൂടി നടത്താനും മടിയുള്ള ആളല്ല ഗോവിന്ദൻ സഖാവ്.

എന്തായാലും അടിയന്തരപ്രമേയ നോട്ടിസ് പോലും കൈപ്പറ്റുന്നില്ലെന്നു വന്നതോടെ സഹികെട്ടാണ് പ്രതിപക്ഷത്തിനു ഹാലിളകിയതെന്നു കരുതണം. നടുത്തളത്തിൽ സമാന്തര സഭ തന്നെ നടത്തിക്കളഞ്ഞു. ഷംസീറിനു സഹിച്ചില്ല. ‘ഈ പ്രകടനമൊക്കെ ജനം കാണുന്നുണ്ട്. വെറുതേ ഇമേജ് മോശമാക്കേണ്ട. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പാലക്കാട്ടു തോറ്റുപോകും’ എന്നുകൂടി പറഞ്ഞു സ്പീക്കർ.

സഭയിലുണ്ടായിരുന്ന പലരും ഉള്ളിൽ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം. കാരണം ജനം ഇതൊക്കെ കൊള്ളാവുന്ന സംഗതിയായാണു കരുതുന്നതെന്നു സംശയിക്കണം. സ്പീക്കറുടെ കസേരയെടുത്ത് വായുവിൽ പറപ്പിച്ചയാളെ വീണ്ടും ജയിപ്പിച്ച് അതേ കസേരയിൽ സ്പീക്കറായി ഇരുത്തിയ വോട്ടർമാരാണെന്നോർക്കണം. കസേര മറിക്കാൻ ഒപ്പം കൂടിയവരെ ജനം മന്ത്രിയുമാക്കി. വാസ്തവത്തിൽ ഇതൊക്കെ ചെയ്യാനാണു സഭയിലേക്ക് അയയ്ക്കുന്നതെന്ന തോന്നൽ ജനത്തിനുണ്ടോ എന്നുപോലും സംശയിച്ചുപോകും.

പുതിയ പ്രതിസന്ധിയിൽ വന്നുകണ്ട പ്രതിപക്ഷനേതാവിനോട് ‘തന്നെ പഴിക്കരുതെന്ന’ നിസ്സഹായത സ്പീക്കർ പങ്കുവച്ചതായും ചില കേൾവിയുണ്ട്. സഭാ സമ്മേളനം തുടങ്ങാൻ ചില ഒത്തുതീർപ്പുകൾ നടക്കുന്നു എന്നും പറയുന്നു. ഷംസീറിന്റെ ഏതു മുഖമാണ് ഇനി കാണുക എന്നറിയില്ല. നല്ല സ്പീക്കറാകുക എളുപ്പമല്ലെങ്കിലും അസാധ്യമൊന്നുമല്ല. ലൗഡ് സ്പീക്കറാകാൻ എളുപ്പമാണു താനും. കാലം ഓർത്തുവയ്ക്കുന്നത് ലൗഡ് സ്പീക്കർമാരെയല്ല, സ്പീക്കർമാരെ യാണെന്നത് ഷംസീറിന് അറിയാത്ത കാര്യമല്ല.

വ്യാജമല്ലായിരുന്നെങ്കിൽ ഊപ്പാടു വന്നേനെ!

വ്യാജ പുരാവസ്തു വ്യാപാരി മോൻസൻ മാവുങ്കൽ കൈവശം വച്ച വസ്തുക്കളെല്ലാം യഥാർഥ ഉടമയ്ക്കു തിരിച്ചുകൊടുക്കണമെന്നാണ് കോടതിവിധി. താൻ വിൽപനയ്ക്കും പ്രദർശനത്തിനും വച്ചതെല്ലാം തട്ടിക്കൂട്ടു നിർമിതികളായിരുന്നു എന്നതിൽ മോൻസൻ ആത്മാർഥമായി ആശ്വസിക്കുന്നുണ്ടാകണം. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിനു ലഭിച്ച 30 വെള്ളിക്കാശുകളിൽ രണ്ടെണ്ണം, മോശയുടെ വടി, ടിപ്പുസുൽത്താന്റെ വാളും സിംഹാസനവും, യശോദയുടെ വെണ്ണക്കുടം തുടങ്ങിയവയൊക്കെയായിരുന്നു പട്ടികയിലെന്നു കേൾക്കുന്നു. ഇതിപ്പോ ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മരപ്പണിക്കാരെയും പാത്രനിർ‍മാതാക്കളെയും കണ്ടെത്തി എല്ലാം മടക്കിക്കൊടുത്താൽ മതി. യഥാർഥ പുരാവസ്തുവെങ്ങാനുമായിരുന്നെങ്കിലുള്ള പുകില് ഓർക്കാവതല്ല. മോശയെയും യശോദയെയും ടിപ്പുവിനെയുമൊക്കെ തപ്പിനടന്നു മോൻസന്റെ ഊപ്പാടു വന്നേനെ. യൂദാസിനെ കണ്ടെത്താൻ പിന്നെ ബുദ്ധിമുട്ടില്ല. രാഷ്ട്രീയത്തിൽ തൊട്ട് എവിടെയും ഇഷ്ടംപോലെയുണ്ട്. ഒറിജിനൽ തന്നെ വേണമെന്നു നിർബന്ധം പിടിക്കരുതെന്നേയുള്ളൂ.

monson

ലൈഫ് മിഷൻ കേസിൽ ആരോപണമുന്നയിച്ച കോൺഗ്രസ് മുൻ എംഎൽഎ അനി‍ൽ അക്കരയോട് ഒരു കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ട മുൻമന്ത്രി എ.സി.മൊയ്തീൻ തന്റെ മാനത്തിന്റെ വില 10.10 ലക്ഷമായി കുറച്ചെന്ന കേട്ടുകേൾവിയില്ലാത്ത മറ്റൊരു കോടതി വാർത്ത കേട്ട് കേരളം അന്തംവിട്ടിരിക്കുകയാണ്. വാഹനങ്ങൾക്കും മറ്റും പഴകുന്തോറും വില കുറയുന്നതു സാധാരണമാണെങ്കിലും മാനം ഇടിഞ്ഞുവീണാലും മാനഭംഗം വരാൻ സാധാരണ ജനം സമ്മതിക്കാറില്ല. പറയത്തക്ക സ്വത്തുവഹകളോ മുതലുകളോ പ്രതിക്കില്ല എന്നു കണ്ടതിനാലാണ് തുക കുറയ്ക്കുന്നത് എന്നാണു ഹർജിയിൽ പറഞ്ഞതെന്നു കേൾക്കുന്നു. ഒരു കോടി മാനനഷ്ടം ചോദിച്ചുള്ള കേസിന് ഒൻപതു ലക്ഷത്തോളം രൂപ പണ്ടേ കേസ് നടത്തിപ്പു ഫീസായി കോടതിയിൽ കെട്ടിവച്ചതാണ് മൊയ്തീൻ. മാനം പത്തിലൊന്നായി കുറയുമ്പോൾ ഫീസിൽ എട്ടുലക്ഷത്തോളം രൂപ തിരിച്ചുകിട്ടുമെന്നതാണ് ഈ ഇടപാടിലെ റൊക്കം ലാഭം എന്നു വിരോധികൾ പറഞ്ഞുനടക്കുന്നു. തിരികെക്കൊടുക്കുന്ന ഫീസിനു കോടതി പലിശ കൊടുക്കുമോ എന്നറിയില്ല. മന്ത്രിപ്പണിയും എംഎൽഎ സ്ഥാനവും ഇല്ലാത്ത മോശം കാലത്ത് ചില തുകകൾ ഏതു വഴിക്കും വരുന്നതു മോശമല്ല. മാനം വിറ്റും പണം നേടിക്കൊണ്ടാൽ മാനക്കേടാ പണം തീർത്തുകൊള്ളും എന്ന പതിവു പല്ലവി വെറുതേ അല്ലെന്ന് ഒന്നുകൂടി തെളിയിച്ചു. എന്തായാലും മാനം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട് അത്യാവശ്യത്തിനു പിൻവലിക്കുന്ന ഈ ‘മണി ബാക്ക് പോളിസി’ ഭൂമിമലയാളത്തിൽ ആദ്യമാണെന്നു തോന്നുന്നു.

സ്റ്റോപ് പ്രസ്

ഇ.പി.ജയരാജൻ നിയമസഭയിൽ തല്ലിത്തകർത്ത  കസേര പാലായിലെ ഗോഡൗണിലുണ്ടാകുമെന്ന് വി.ഡി.സതീശൻ

മ്യൂസിയത്തിൽ വയ്ക്കാമായിരുന്നു.

English Summary: aazhchakurippukal by vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com