ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന് നാം അവകാശപ്പെടുന്ന കണ്ണൂർ ആറളം ഫാം ഇന്ന് ഏറ്റവും ഭയാനകമായ കാട്ടാനക്കലിയുടെ കേന്ദ്രങ്ങളിലെ‍ാന്നായിക്കഴിഞ്ഞു. ആറളം പഞ്ചായത്തിലെ ആറാം വാർഡിൽ 9 വർഷത്തിനിടെ കാട്ടാനകൾ കൊലപ്പെടുത്തിയത് 12 പേരെയാണെന്നതു ഞെട്ടലോടെയേ കേൾക്കാനാവൂ. ഫാമിന്റെ സമീപത്തും രണ്ടുപേരെ കാട്ടാന കെ‍ാന്നു. കാട്ടാനയുടെ ആക്രമണത്തിൽ അംഗഭംഗം വന്നവരും ശിഷ്ടകാലം കിടപ്പുരോഗികളായവരുമായി ആറളം ഫാമിൽ ഒട്ടേറെപ്പേരുണ്ട്. ഈ മേഖലയിൽ ഇത്രയും മരണങ്ങൾ സംഭവിച്ചിട്ടും വെറും പ്രഖ്യാപനങ്ങളല്ലാതെ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പഴുതടച്ച പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല അധികാരികൾ.

കേന്ദ്ര സർക്കാരിനു കീഴിൽ 1971 മുതൽ പ്രവർത്തിച്ചിരുന്ന ആറളം ഫാം അക്കാലത്ത് അത്യുൽപാദനക്ഷമതയുള്ള തൈകളുടെയും വിത്തുകളുടെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു പതിറ്റാണ്ടു മുൻപ് ആദിവാസി ഭൂസമരങ്ങൾ കൊടുമ്പിരികൊണ്ട കാലത്താണ് അവർക്കായി പതിച്ചുനൽകാൻ ഫാമിനെ പരിഗണിച്ചത്. 7000 ഏക്കറുള്ള ആറളം ഫാം ഏറ്റെടുത്ത്, പകുതി ആദിവാസികളുടെ പുനരധിവാസത്തിനും ബാക്കി തൊഴിൽ നൽകാനുമായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. ഫാം പകുത്തപ്പോൾ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ഭാഗം പുനരധിവാസ മേഖലയാക്കാനുള്ള തീരുമാനം മുതൽ പിഴച്ചു. കാട്ടാനകൾ ഫാം മേഖലയിലേക്ക് എത്തിത്തുടങ്ങി. അങ്ങനെയൊരു രാത്രി, 2014 ഏപ്രിൽ 20ന് പുനരധിവാസ മേഖലയിൽ കാട്ടാന ആദ്യ ജീവനെടുത്തു.  

പിന്നീടു തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ ഉണ്ടായപ്പോഴാണ് 2016ൽ ആനമതിൽ നിർമാണം തുടങ്ങിയത്. പക്ഷേ, വനാതിർത്തി മുഴുവൻ അടയ്ക്കാത്തതിനാൽ കാട്ടാനകൾ ആക്രമണം തുടർന്നു. അപ്പോഴെ‍ാക്കെ, മതിലും റെയിൽ വേലിയുമെ‍ാക്കെ നിർമിക്കാൻ തീരുമാനങ്ങളുണ്ടായെങ്കിലും നടപ്പായില്ല. ഇതിനിടെ സോളർ തൂക്കുവേലി നിർമിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും അതും നടപ്പാക്കാതെ വന്ന വേളയിലാണ്, കഴിഞ്ഞ സെപ്റ്റംബർ 27നു ഫാമിൽ അടുത്ത മരണം നടന്നത്. തുടർന്ന് ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു യോഗം വിളിച്ച്, ആനമതിൽ നിർമിക്കുമെന്നു പ്രഖ്യാപിച്ചു. നിസ്സംഗതയുടെ അഞ്ചു മാസംകൂടി പിന്നിടുമ്പോഴാണ്, കഴിഞ്ഞ വെള്ളിയാഴ്ച കാട്ടാന ഫാമിൽ പന്ത്രണ്ടാമത്തെ ജീവനെടുത്തത്.

ആനമതിൽ പണിയാനുള്ള ചെലവോ സമയമോ ആവശ്യമുള്ള പദ്ധതിയല്ല സോളർ തൂക്കുവേലിയുടേത്. ആറളത്തിനു സമീപം  8.5 കിലോമീറ്ററിൽ വെറും 4.8 ലക്ഷം രൂപയ്ക്ക് സ്വന്തം നിലയിൽ തൂക്കുവേലി പണിത് നാട്ടുകാർ ഇക്കാര്യം തെളിയിക്കുകയും ചെയ്തു. 

അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 105 പേരാണെന്ന് ഓർമിക്കാം. 2021ൽ ആണ് ഏറ്റവും കൂടുതൽ പേരെ കാട്ടാന കൊലപ്പെടുത്തിയത്– 27 പേർ. കഴിഞ്ഞ വർഷം 23 പേർ കൊല്ലപ്പെട്ടു. കാടിറങ്ങിവരുന്ന ക്രൗര്യത്തെപ്പേടിച്ച്, നിസ്സഹായതയോടെ ജീവിതം തള്ളിനീക്കുന്ന കേരളത്തിലെ വനമേഖലയിലുള്ള എല്ലാവരുടെയും പ്രതീകമാണ് ആറളം ഫാമിലുള്ളവർ; അധികാരികളുടെ അവഗണനയും നിരുത്തരവാദിത്തവും വർഷങ്ങളായി അനുഭവിക്കേണ്ടിവരുന്നവർ. ആറളം ആദിവാസി മേഖലയിൽ‌ കാട്ടാനകൾ നടത്തിയതുപോലെയുള്ള മനുഷ്യക്കുരുതി ഏതെങ്കിലും നഗരപ്രദേശത്തായിരുന്നെങ്കിൽ ഇത്തരത്തിൽ അവഗണനയാകുമായിരുന്നോ അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി? 

കേരളത്തിൽ വനമേഖലയോടു ചേർന്ന ജനവാസകേന്ദ്രങ്ങളിൽ തുടരെയുണ്ടാവുന്ന കാട്ടാന ആക്രമണങ്ങൾ നാടിന്റെ സ്വസ്ഥത കവരുന്നു. ആനയുടെ കൊലവിളിയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതിലുള്ള അപായഭീഷണി അതീവ ഗൗരവമുള്ളതാണ്. ഇനി എത്രപേർ കൂടി മരിച്ചാലാണ് കാട്ടാന ആക്രമണം തടയാനുള്ള ശാശ്വതപരിഹാരമുണ്ടാവുക എന്നുകൂടി നിരാലംബരായ ജനങ്ങൾ മനമുരുകി ചോദിക്കുമ്പോൾ ആ ചോദ്യത്തിന് ആഴമേറെയാണ്.

English Summary : Editorial about wild elephant attack at Aralam farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com