തോറ്റുപോകരുത് കെ‍ാപ്രാസംഭരണം

HIGHLIGHTS
  • പരാജയമാതൃകയുടെ ആവർത്തനം കർഷകർക്കു ഗുണകരമാവില്ല
dried-coconut
SHARE

കഴിഞ്ഞവർഷം പരാജയപ്പെട്ട അതേ മാതൃകയിൽ ഈ സാമ്പത്തികവർഷവും കൊപ്രാസംഭരണം നടത്താൻ കൃഷിവകുപ്പ് ഒരുങ്ങുകയാണ്. കഴിഞ്ഞവർഷം 50,000 ടൺ സംഭരിക്കാനായിരുന്നു കേന്ദ്ര അനുമതി. 8 മാസംകൊണ്ടു കേരളം സംഭരിച്ചതോ, 255 ടൺ മാത്രവും.

പുതിയ താങ്ങുവില പ്രകാരം ഈ വർഷവും 50,000 ടൺ മിൽ കൊപ്ര സംഭരിക്കാനാണു കേരളത്തിനു കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നിശ്ചയിച്ച പുതുക്കിയ നിരക്കായ 10,860 രൂപയ്ക്കാണ് (ക്വിന്റലിന്) സംഭരണം നടത്തുക. മുൻനിരക്ക് 10,590 രൂപയായിരുന്നു. നിലവിലെ വിപണിവിലയെക്കാൾ ഉയർന്ന നിരക്കിൽ താങ്ങുവില നിശ്ചയിച്ചിട്ടുള്ളതിനാൽ നാളികേര കർഷകർക്കു ഗുണകരമാകുമെന്നു കൃഷി വകുപ്പു പറയുന്നുണ്ട്. എന്നാൽ, കഴിഞ്ഞവർഷം നവംബർവരെ സംസ്ഥാനത്തു നടത്തിയ സംഭരണം അതേ മാതൃകയിൽ ഏപ്രിലിൽ പുനരാരംഭിക്കാനുള്ള തീരുമാനം ആശാവഹമല്ല.

കൊപ്രയിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കു സംഭരണത്തിന് അനുമതി നൽകില്ലെന്ന കേന്ദ്ര മാനദണ്ഡമാണു കഴിഞ്ഞവർഷം കേരളത്തിനു തിരിച്ചടിയായത്. തേങ്ങ ഉണക്കി കൊപ്രയാക്കി വിൽക്കുന്ന കർഷകർ കേരളത്തിൽ കുറവാണ്. കർഷകർ പച്ചത്തേങ്ങ വിൽക്കുകയും വ്യാപാരികൾ ഉണക്കി കൊപ്രയാക്കുകയും ചെയ്യുന്നതാണു പെ‍ാതുരീതി. അതുകൊണ്ടുതന്നെ, കൊപ്രാസംഭരണം നടത്തുന്ന സഹകരണ സംഘങ്ങൾ കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി സർക്കാർ ഏജൻസികൾക്കു കൈമാറുകയാണു നേരത്തേ ചെയ്തിരുന്നത്. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സഹകരണ സംഘങ്ങൾക്ക് തേങ്ങ ഉണക്കി കൊപ്രയാക്കുന്ന ഡ്രയർ സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇതു സാധിച്ചത്. 

എന്നാൽ, വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സംഘങ്ങൾ കൊപ്രസംഭരണം നടത്തരുതെന്ന നിബന്ധന വന്നതോടെ കേരഫെഡും വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സഹകരണസംഘങ്ങളുമെല്ലാം പുറത്തായി. അതുകെ‍ാണ്ടുതന്നെ, ആവശ്യത്തിനു സംഭരണകേന്ദ്രങ്ങൾ ഇല്ലാത്തതു കഴിഞ്ഞ വർഷത്തെ സങ്കീർണ പ്രശ്നമാവുകയും ചെയ്തു. സംസ്ഥാനത്തെ നോഡൽ ഏജൻസിയായി മാർക്കറ്റ്ഫെഡിനെ നിശ്ചയിച്ചെങ്കിലും ഇതിനു കീഴിലുള്ള  5 സഹകരണ സംഘങ്ങൾ മാത്രമാണു സംഭരണത്തിനു തയാറായത്. 

അതേസമയം, തമിഴ്നാട്ടിൽ കൃഷിവകുപ്പു നേരിട്ടു സംഭരണത്തിനിറങ്ങിയാണു പ്രതിസന്ധി മറികടന്നത്. കഴിഞ്ഞവർഷം തമിഴ്നാട് സംഭരിച്ചത് 40,000 ടൺ കൊപ്രയാണെന്നത് ഇതോടു ചേർത്ത് ഓർമിക്കാം. സബ്സിഡി ഇനത്തിൽ തമിഴ്നാട് 80 കോടി രൂപ നേടിയപ്പോൾ കേരളത്തിനു ലഭിച്ചതു 40 ലക്ഷത്തോളം മാത്രം. തമിഴ്നാട്ടിൽ 27,000 കർഷകർക്കു സംഭരണത്തിന്റെ ഗുണം കിട്ടിയപ്പോൾ കേരളത്തിൽ ഇത് അറുനൂറോളം കർഷകരിൽ ഒതുങ്ങുകയും ചെയ്തു. നാളികേര ഉൽപാദനത്തിൽ തമിഴ്നാടിനെ ഒന്നാം സ്ഥാനത്തെത്തിക്കാനുള്ള വിപുല പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള ഡിഎംകെ സർക്കാരിന്റെ മൂന്നാം കൃഷി ബജറ്റ് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.  

കഴിഞ്ഞ വർഷത്തെ അതേ മാതൃക പിന്തുടർന്നാൽ ഈ വർഷവും സംഭരണത്തിന്റെ ഗുണം ലഭിക്കില്ലെന്ന നമ്മുടെ കർഷകരുടെ ആശങ്ക ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിലും കൊപ്രാസംഭരണത്തിൽ കൃഷി വകുപ്പ് നേരിട്ട് ഇടപെടണമെന്നാണു കർഷകരുടെ ആവശ്യം. കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കി കേന്ദ്ര സംഭരണ ഏജൻസിയായ നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനു (നാഫെഡ്)  കൈമാറുന്ന രീതിയാണു ഫലപ്രദമാവുക. 

കടുത്ത പ്രതിസന്ധിയിലാണു കേരളത്തിലെ കേര കർഷകർ. മണ്ണിനോടും കാലാവസ്ഥയോടും മല്ലടിച്ചു വിളവെടുക്കുന്ന കർഷകർക്ക് ഒപ്പം നിൽക്കാനുള്ള ബാധ്യത സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കുമുണ്ട്. ചോദ്യങ്ങളുയരുമ്പോൾ പറഞ്ഞുനിൽക്കാൻ മാത്രമുള്ള പദ്ധതികൾകൊണ്ടു കാര്യമില്ല. കേരകർഷകരുടെ കണ്ണീരൊപ്പാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾക്കു സർക്കാർ സന്നദ്ധമായേ തീരൂ. കെ‍ാപ്രാസംഭരണം ഇത്തവണയെങ്കിലും പാഴാകാതിരിക്കാൻ വേണ്ട നിരന്തരശ്രദ്ധ ഇക്കൂട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്.

English Summary : Editorial about dried coconut storage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.