ADVERTISEMENT

വിശ്വാസിഹൃദയങ്ങളിൽ കുളിർമഴയാണ് റമസാൻ. അവിടെയാണ് റമസാൻ നിലാവ് തെളിയുന്നതും. ജീവിതം നന്മകൊണ്ടു നിറയ്ക്കുമെന്ന ഉറപ്പാണ് വ്രതനാളുകളെ വരവേൽക്കുമ്പോൾ ഓരോ മനസ്സിലും. വിശ്വാസിയുടെ ആത്മാവിൽ വേരൂന്നിയ മാനവികചിന്തകൾക്ക് റമസാൻ എത്രമേൽ പോഷണം നൽകുമെന്നതാണ് ചോദ്യം. ഓരോ റമസാനും ഒരു മാറ്റവും കൊണ്ടുവരാതെ, വയസ്സ് എന്ന അക്കം വർധിപ്പിച്ചു കടന്നുപോയാൽ മതിയോ?  

ആത്മാവിലും ശരീരത്തിലും പടർന്നുകയറുന്ന തിന്മകളുടെ കളകൾ പറിച്ചുകളയാനുള്ള അകബലവും ഇച്ഛാശക്തിയും നേടാൻ റമസാൻ ആവശ്യപ്പെടുന്നു. ദുരാഗ്രഹങ്ങളെ ചെറുക്കുന്ന, സ്വാർഥചിന്തയെ തടയുന്ന, സാമൂഹികശീലങ്ങളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്ന, അനേകർക്ക് ഉപകാരപ്രദമായ സൽക്കർമങ്ങൾക്കായി വെമ്പുന്ന പുതിയ ചൈതന്യം സ്വായത്തമാക്കാനുള്ള അവസരമായി റമസാനെ മാറ്റാൻ കഴിയുന്നിടത്താണ് വിശ്വാസിയുടെ വിജയം. 

മാനവികത ഏതു ഭാഷയിലും ചെറിയ പദമാണ്. എന്നാൽ, അതിന്റെ ആവിഷ്കാരവും അർഥവും തമ്മിൽ നാം ആകാശത്തു കാണുന്ന ചന്ദ്രനും യഥാർഥചന്ദ്രനും തമ്മിലുള്ളതുപോലെ വ്യത്യാസമുണ്ട്. കുടുംബങ്ങളോടും ബന്ധുക്കളോടും അഗതികളോടും അയൽക്കാരോടുമുള്ള സ്നേഹം, ആർദ്രത, ദയ എന്നിവ ചെറിയവൃത്തത്തിൽനിന്നു പുറത്തുകടന്ന്  വിശാലതലത്തിലേക്കു വ്യാപിക്കുമെന്ന സന്ദേശമാണ് വ്രതനാളുകൾ നൽകുന്നത്.

എന്താണ് നന്മ, പുണ്യം എന്ന് ഖുർആൻ വിശദീകരിക്കുന്നത് കാണുക: ‘നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോടു പ്രിയമുണ്ടായിട്ടും അതു ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും വഴിപോക്കർക്കും സഹായം തേടി വരുന്നവർക്കും അടിമമോചനത്തിനും നൽകുകയും നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് നൽകുകയും കരാറിൽ ഏർപ്പെട്ടാൽ അതു നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും ധർമസമരത്തിലും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ദോഷബാധയെ സൂക്ഷിച്ചവർ. (അൽബഖറ 177). ഈ നന്മകളെല്ലാം ഉണർത്തി അടുത്ത റമസാൻവരെ ആത്മീയക്കരുത്ത് നിലനിർത്താനാണ് വ്രതനാളുകൾ ആവശ്യപ്പെടുന്നത്. അഞ്ചു നേരവും നമസ്‌കരിക്കുന്നയാൾക്ക് മറ്റുള്ളവരെ വഞ്ചിക്കാനോ കരാർലംഘനം നടത്താനോ കഴിയില്ല. 

ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി

ക്ഷമയെന്ന ഏറ്റവും മഹത്തായ സ്വഭാവത്തെയാണ് വ്രതനാളുകൾ പരിപോഷിപ്പിക്കുന്നത്. നിങ്ങൾ ധനികനാണെങ്കിൽ, ദരിദ്രരെ ആശ്വസിപ്പിക്കുകയും അവരുടെ വികാരങ്ങൾ സംരക്ഷിക്കുകയും ചെയ്യണം. അവർ ജീവിതത്തിന്റെ രണ്ടറ്റവും ചേർക്കാൻ കഷ്ടപ്പെടുമ്പോൾ നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ പ്രദർശിപ്പിക്കുന്നതിൽ അർഥമില്ല. കഷ്ടപ്പാടുകൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഇരയുടെ ദാരിദ്ര്യവും വിഷമവും പ്രദർശനത്തിനു വയ്ക്കരുതെന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.  പാവങ്ങളെ സഹായിക്കുമ്പോൾ വിശ്വാസികളുടെ മനസ്സ് എങ്ങനെയായിരിക്കുമെന്ന് ഖുർആൻ പറയുന്നതു കാണുക: ‘ആഹാരത്തോടു പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥർക്കും തടവുകാർക്കും അവരതു നൽകുകയും ചെയ്യും. അവർ പറയും: അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ്‌ ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്‌. നിങ്ങളുടെ പക്കൽനിന്നു ഒരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ (അൽ ഇൻസാൻ 9,10)

കൊടുത്തത് എടുത്തുപറഞ്ഞ് വാങ്ങിയവരെ ശല്യം ചെയ്യരുതെന്നു ഖുർആൻ താക്കീത്‌ ചെയ്യുന്നു: ‘സത്യവിശ്വാസികളേ, കൊടുത്തത്‌ എടുത്തുപറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കാൻവേണ്ടി ധനം ചെലവു ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളിൽ അൽപം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറയുടെമേൽ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്കു കഴിയില്ല’ (അൽബഖറ 264). വ്രതനാളുകളെ ഭക്ഷ്യമേളകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്ന് മോചിതമായിട്ടില്ലാത്ത ഒരു സമൂഹം ഇതെല്ലാം കാണുന്നുണ്ടെന്ന് അറിയണം. 

റമസാനിലെ രാത്രിനമസ്കാരങ്ങളിലൂടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. രാത്രി ദീർഘനേരംനിന്ന് നമസ്കരിക്കുന്ന വിശ്വാസിയുടെ ഹൃദയം ദുരിതമനുഭവിക്കുന്നവരോടു കരുണ കാണിക്കാൻ പാകപ്പെടണം. പൊതുവാഹനങ്ങളിൽ യാത്രചെയ്യുന്ന വൃദ്ധർ, പ്രയാസപ്പെട്ടു റോഡ് മുറിച്ചു കടക്കുന്നവർ, നീണ്ടവരികളിൽ ഊഴം കാത്തുനിൽക്കുന്ന ദുർബലർ, ഭാരം വഹിക്കാൻ കഷ്ടപ്പെടുന്നവർ, ഭിന്നശേഷിയുള്ളവർ ഇങ്ങനെ പ്രയാസങ്ങളിൽ വലയുന്നവരെ സഹായിക്കാൻ തയാറാവണം എന്നാണ് ഓരോ ആരാധനയും വിശ്വാസികളെ പഠിപ്പിക്കുന്നത്. എന്തിനാണ് റമസാനിൽ വ്രതം നിർബന്ധമാക്കിയത്. ഖുർആൻ പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുള്ളവരോടു കൽപിച്ചിരുന്നതുപോലെതന്നെ നിങ്ങൾക്കും വ്രതം നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രേ അത്‌’.(അൽബഖറ 183)

പ്രഭാതം മുതൽ വൈകുന്നേരം വരെ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുകയും വികാരവിചാരങ്ങൾ നിയന്ത്രിക്കുകയും ചെയ്താൽ മാത്രം വ്രതമാകില്ല, മോശമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുകകൂടി ചെയ്യുമ്പോഴാണ് വ്രതം പൂർണതയിലെത്തുന്നതെന്നു മുഹമ്മദ് നബി പഠിപ്പിച്ചു. വ്രതനാളുകളിൽ വിശപ്പും ദാഹവും സഹിക്കുന്ന വിശ്വാസി, ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ,  ഭക്ഷണപ്പൊതികൾക്കുവേണ്ടി കാത്തിരിക്കുന്ന നിരാലംബരെ ഓർക്കാതിരിക്കുമോ?. അവരെ ഓർക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും സമയം കണ്ടെത്തണം. ദൈവാനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ആയിരം മാസത്തെക്കാൾ പുണ്യം നിറഞ്ഞ രാവ് പ്രതീക്ഷിക്കുന്ന റമസാനെ സന്തോഷത്തോടെ വരവേൽക്കാം.

(കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറിയാണു ലേഖകൻ)

English Summary : Writeup about Ramzan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com