ADVERTISEMENT

ഇനിയും തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാൻ കഴിയാത്ത കേരളവും ഭരണം നിലനിർത്തിയ ത്രിപുരയും തമ്മിൽ ഒരു സാമ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം ഈയിടെ കണ്ടെത്തി: റബർ!.   

ഇന്ത്യയിലെ റബർ ഉൽപാദനത്തിൽ കേരളം കഴിഞ്ഞാൽ, തമിഴ്നാടിനെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് ഇന്നു ത്രിപുര. 1,10,000  റബർ കർഷകർ, 87 ലക്ഷം ഹെക്ടറിൽ കൃഷി. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ റബർ കർഷകർക്കു മോഹനവാഗ്ദാനങ്ങൾ നൽകാൻ ബിജെപി മടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തിരഞ്ഞെടുപ്പു റാലിയിൽ റബർ കർഷകരുടെ പിന്തുണ ഉറപ്പാക്കാൻപോന്ന പ്രഖ്യാപനങ്ങൾക്കു മുതിർന്നു. മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നു ചൂണ്ടിക്കാട്ടി സിപിഎം മുഖപത്രമായ ‘പീപ്പിൾസ് ഡമോക്രസി’ക്ക് മറുപടി ലേഖനം എഴുതേണ്ടി വന്നു. ബിജെപിയുടെ അന്തിമ വിശകലനത്തിൽ റബർ കർഷകരെ കൂടെനിർത്താൻ സാധിച്ചതു ത്രിപുരയിലെ ഭരണത്തുടർച്ചയ്ക്കു സഹായിച്ച ഘടകങ്ങളി‍ലൊന്നാണ്.

റബർവില കിലോയ്ക്ക് 300 രൂപയാക്കി ഉയർത്തിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്കൊരു എംപിയെ കിട്ടാൻ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ ഒരു ത്രിപുര തെളിയുന്നുണ്ട്. ഉത്തരേന്ത്യയിൽ ക്രൈസ്തവ വിഭാഗങ്ങൾക്കു സംഘപരിവാറിൽനിന്നു നേരിട്ട അതിക്രമങ്ങൾ ആർച്ച് ബിഷപ്പിനെ ഓർമിപ്പിക്കാനാണ് കോൺഗ്രസും സിപിഎമ്മും അതോടെ മുതിർന്നത്. 

ബിജെപി ചായ്‌വ് നിഷേധിച്ചെങ്കിലും, കർഷകപക്ഷത്തു നിൽക്കുന്ന ഭരണാധികാരികളെ പിന്തുണയ്ക്കുമെന്ന് ആവർത്തിച്ച് ബിജെപിക്കായി ഒരുതരി പ്രതീക്ഷ നിലനിർത്തുകയാണ് അപ്പോഴും മാർ പാംപ്ലാനി ചെയ്തത്; ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിച്ച കേരളത്തിൽ ‘കർഷക രാഷ്ട്രീയ’ത്തിനുള്ള പ്രസക്തി ഉയർത്തിക്കാട്ടുകയും. 

ബിജെപിയുടെ പ്രതീക്ഷ, യുഡിഎഫിന്റെ തന്ത്രം‌

കേരളത്തിൽ ഒരു സീറ്റെങ്കിലും ജയിച്ചേ തീരൂവെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്തുണയില്ലാതെ അതു നടക്കുകയുമില്ല. അതിനുള്ള രാഷ്ട്രീയ ഗവേഷണത്തിലാണ് റബർപശകൊണ്ട് ആ വിഭാഗങ്ങളെ പാർട്ടിയുമായി ഒട്ടിച്ചേർക്കാമോ എന്ന ആശയം ഉടലെടുത്തിരിക്കുന്നത്. 

മാർ പാംപ്ലാനിയുടെ പ്രസ്താവനയെ കയ്യോടെ സ്വാഗതം ചെയ്ത കേരള ബിജെപി, റബർ കർഷക പ്രതിനിധിസംഘവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചയ്ക്കു കളമൊരുക്കാനുള്ള ശ്രമത്തിലാണ്. റബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ പങ്കെടുത്തു പ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്. ആർഎസ്എസ് പിന്തുണയുള്ള പുതിയ റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനനിയ കേരളത്തിലും ഡൽഹിയിലുമായി ഇതു സംബന്ധിച്ച ചർച്ചകൾക്കു മുൻകയ്യെടുക്കുന്നു. വിചിത്രമെന്നു പറയട്ടെ,  കേരളത്തിലെ റബർ ബോർഡിനെ ഇല്ലാതാക്കി റബർക്കൃഷിയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പറിച്ചുനടാൻ ശ്രമിക്കുന്നുവെന്ന പഴിയാണ് കഴിഞ്ഞനാളുകളിൽ കേന്ദ്രസർക്കാർ നേരിട്ടു വന്നത്. ‌

ചൊവ്വാഴ്ച വൈകിട്ടു ചേർന്ന യുഡിഎഫ് നേതൃയോഗം മാർ പാംപ്ലാനിയുടെ പ്രസ്താവന ഗൗരവത്തോടെ ചർച്ച ചെയ്തു. കർഷകപക്ഷ വികാരമായി അദ്ദേഹത്തിന്റെ പ്രസ്താവനയെ ജാഗ്രതാപൂർവം വിലയിരുത്താനാണു തീരുമാനിച്ചത്. റബറിന്റെ താങ്ങുവില പ്രഖ്യാപിക്കുന്നതു സംസ്ഥാന സർക്കാരാണ്. അതിനാൽ, കേന്ദ്രത്തോട് എന്ന പേരിൽ ആർച്ച് ബിഷപ് ഉന്നയിച്ച ആവശ്യം എൽഡിഎഫ് സർക്കാരിനെ സമ്മർദത്തിലാക്കാനാണെന്ന് യുഡിഎഫ് വിചാരിക്കുന്നു. പലതും മുൻകൂട്ടി കാണാൻ  യുഡിഎഫിനു കഴിയുന്നില്ലെന്ന വിമർശനം, ഇക്കാര്യത്തിൽ മുന്നണിക്കുമേൽ ചാരാനും കഴിയില്ല. കോട്ടയത്തു കഴിഞ്ഞ മാസം 11ന് റബർ കർഷക സമര പ്രഖ്യാപന കൺവൻഷൻ വിളിച്ചുചേർത്ത് യുഡിഎഫ് തന്നെയാണ് ആദ്യം ‘റബർ വെട്ടിയത്’. മേയിൽ കാഞ്ഞിരപ്പള്ളിയിൽനിന്നു റബർബോർഡ് ആസ്ഥാനത്തേക്കു ലോങ് മാർച്ച് സംഘടിപ്പിക്കാനും മുന്നണി തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള കർഷകവികാരം വോട്ടാക്കാൻ തന്നെയാണ് യുഡിഎഫ് പുറപ്പാട്.

ഇടതുമുന കേന്ദ്രത്തിനു നേർക്ക്

ബിജെപിയുടെയും യുഡിഎഫിന്റെയും ഈ നീക്കങ്ങൾ ഇടതു സർക്കാരിനെയും എൽഡിഎഫിനെയും സമ്മർദത്തിലാക്കാതിരിക്കില്ല. സിപിഎമ്മിന്റെതന്നെ കർഷകസംഘവും കേരള കോൺഗ്രസും (എം) റബർ താങ്ങുവില 250 ആക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ ബജറ്റിൽ 200 എങ്കിലുമായി ഉയർത്തുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും 170 രൂപ എന്നതു നിലനിർത്തുകയാണുണ്ടായത്. 

സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾ വച്ച് അതിനെ ന്യായീകരിക്കാനും കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ  പ്രചാരണ– പ്രക്ഷോഭങ്ങൾക്കുമാണ് എൽഡിഎഫ് നീക്കം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ആരംഭിച്ച രണ്ടാംഘട്ട കർഷകസമരത്തിന്റെ പിന്നിലെ ഒരു ശക്തി ഇടതുപക്ഷത്തിന്റെ കിസാൻ സഭ തന്നെയാണ്. 

ഏപ്രിലിൽ ഡൽഹിയിലെ രാംലീലാ മൈതാനത്ത് ഇടതു കർഷക സംഘടനകളുടെ വൻ സമരപരിപാടി ആരംഭിക്കുകയാണ്. കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ മേഖലാ റിപ്പോർട്ടിങ് ഇന്നലെ എകെജി സെന്ററിൽ നടത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ ഊന്നിപ്പറഞ്ഞതും  പൊതുതിരഞ്ഞെടുപ്പിൽ കർഷകരാഷ്ട്രീയം വഹിക്കാൻ പോകുന്ന വർധിച്ച സ്വാധീനത്തെക്കുറിച്ചാണ്. മണ്ണിൽ പണിയെടുക്കുന്നവൻ ആരുടെകൂടെ നിൽക്കും എന്നതിനു കേരളത്തിലെ ലോക്സഭാ ബലപരീക്ഷണത്തിൽ മുൻപില്ലാത്ത പ്രസക്തി കൈവരികയാണ്.

English Summary : Writeup on Mar Joseph Pamplany statement 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com