ADVERTISEMENT

ഇന്നലെ ഡൽഹിയിൽ കണ്ട പ്രതിപക്ഷ ഐക്യം എങ്ങനെ സംഭവിച്ചെന്നു ചോദിച്ചാൽ, എല്ലാം പെട്ടെന്നായിരുന്നു എന്നാണുത്തരം. പാർലമെന്റിനു മുന്നിൽ മാത്രമല്ല, സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും ഈ ഐക്യം തെളിഞ്ഞുനിന്നു. ഈ ഒരുമ ബിജെപിയെ വിറളിപിടിപ്പിച്ചുവെന്നു വ്യക്തം. ‘മോദി’ പരാമർശത്തിലൂടെ ഇതര പിന്നാക്ക വിഭാഗങ്ങളെയാണ് (ഒബിസി) രാഹുൽ ഗാന്ധി അവഹേളിച്ചതെന്ന് ഇന്നലെ രാവിലെ ബിജെപി പുതിയ ആഖ്യാനം ചമച്ചതിനു മറ്റു കാരണങ്ങളില്ല. 

കോടതിവിധി കാരണം രാഹുൽ ഗാന്ധിക്ക് എംപിസ്ഥാനം നഷ്ടമായതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷത്തെ കോൺഗ്രസ് വിരുദ്ധരിൽ മമത ബാനർജി ഉൾപ്പെടെ ഇന്നലെ രംഗത്തിറങ്ങി. പാർലമെന്റിനു മുന്നിലെ സമരത്തിൽ തൃണമൂൽ‍ പങ്കെടുക്കാതിരുന്നതിനു കാരണമുണ്ട്: സമരം രാഹുൽ വിഷയത്തിൽ മാത്രമല്ലായിരുന്നു, അദാനിപ്രശ്നത്തിൽ ജെപിസിയെന്നതും മുദ്രാവാക്യമായിരുന്നു. ജെപിസി വേണ്ടെന്നാണ് തൃണമൂൽ നിലപാട്.

മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ഹർജിയുമായി 14 കക്ഷികളാണ് ഇന്നലെ സുപ്രീം കോടതിയിൽ എത്തിയത്. രാഹുൽ കേസിലെ വിധിയുമായി ഈ സഹകരണത്തിനു ബന്ധമില്ലെന്നു പറയാം. ഇങ്ങനെ ഹർജി നൽകണമെന്ന ആശയം ആം ആദ്മി പാർട്ടി രണ്ടാഴ്ചയായി പ്രതിപക്ഷ പാർട്ടികളോടു പറയുന്നതാണ്. 

ഹർജിയിൽ പറയുന്ന അതേകാരണം പറഞ്ഞ് ഈ മാസം അഞ്ചിന് എട്ടു പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു  കത്തെഴുതിയിരുന്നു. മനീഷ് സിസോദിയയ്ക്കെതിരെയുള്ള നടപടിയായിരുന്നു അന്നത്തെ കാരണമെങ്കിലും, കത്തിനു മുൻകയ്യെടുത്തത് ഭാരതരാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവാണ്. ഡൽഹി എക്സൈസ്നയ വിഷയത്തിൽ സിസോദിയയെപ്പോലെ, തന്റെ മകൾ കെ.കവിത നേരിടുന്ന കേസായിരുന്നു കെസിആറിനു പ്രേരണ. പ്രധാനമന്ത്രിക്കുള്ള കത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഡിഎംകെയും െജഡിയുവും മറ്റും ഒപ്പുവച്ചില്ല.

അതിനുശേഷമാണ് സുപ്രീം കോടതിയിൽ ഹർജിയെന്ന ആശയവുമായി ആം ആദ്മി രംഗത്തിറങ്ങിയത്. കോൺഗ്രസും ഇടതു പാർട്ടികളും ഡിഎംകെയും ഏതാനും ദിവസം കൂടിയാലോചിച്ച ശേഷമാണ് ഹർജിയിൽ‍ കക്ഷിയാകാമെന്ന് തീരുമാനിച്ചത്.

11 സംസ്ഥാനങ്ങളിൽ ഭരണം; 42.5 % വോട്ട്

മാർച്ച് അഞ്ചിന് 8 പാർട്ടികളെങ്കിൽ, 24ന് 14 പാർട്ടികളുടേതായി കൂട്ടായ്മ വളർന്നു. പതിനൊന്നു സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ളവർ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ‍ 42.5%, വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലായി 45.19% എന്നിങ്ങനെ വോട്ടു നേടിയവർ എന്നാണ് സുപ്രീം കോടതിയിലെ ഹർജിയിൽ കക്ഷികൾ സ്വയം വിശേഷിപ്പിച്ചത്. പാർലമെന്റിനു മുന്നിലെ സമരത്തിൽ പങ്കെടുത്ത ബിഎസ്പിയെയും കോൺഗ്രസുമായി സഹകരിക്കുന്ന വിവിധ ചെറുപാർട്ടികളെയും ചേർത്താൽ കൂട്ടായ്മ വലുതാണ്. ഈ സഹകരണത്തിന്റെ കെട്ടുറപ്പും ആയുസ്സും സംബന്ധിച്ചു പറയാൻ സമയമായിട്ടില്ല. 

അമേഠിയിൽപോലും മത്സരിക്കുമെന്നു പറഞ്ഞിരുന്ന അഖിലേഷ്് യാദവും മറ്റും കോൺഗ്രസിനായി ശബ്ദിക്കുന്ന സാഹചര്യത്തിലാണ് ‘മോദി’ വിഭാഗത്തെയെന്നതിനപ്പുറം, ഒബിസികളെയാണ് രാഹുൽ അധിക്ഷേപിച്ചതെന്ന വാദത്തിലേക്കു ബിജെപി ചുവടുമാറ്റിയത്. ‘മോദി’ എന്നത് ഒരു മതക്കാരുടെ മാത്രം കുടുംബപ്പേര് അല്ലാത്തതിനാൽ മതപരമായി പ്രയോജനപ്പെടുത്തുന്നതിൽ പരിമിതിയുണ്ടെന്നതും പരിഗണിച്ചു. ഇനി, ഒബിസികളെ അധിക്ഷേപിക്കുന്ന രാഹുലുമായാണോ ചങ്ങാത്തമെന്ന് യുപിയിൽ അഖിലേഷിനോടും ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിനോടും ബിജെപി ചോദിക്കും; കർണാടകയിൽ പ്രചാരണത്തിലും ഒബിസിക്കാര്യം ഉപയോഗിക്കും. 

ദുർബല വാദങ്ങൾ; ഇടപെടലിൽ പിഴവുകൾ

പ്രതിപക്ഷത്ത് ‘സമാനഹൃദയ’രെയും അല്ലാത്തവരെയും തൽക്കാലത്തേക്കെങ്കിലും ഒരുമിപ്പിക്കാനായെന്നു കോൺഗ്രസിന് അഭിമാനിക്കാം. എന്നാൽ, സൂറത്ത് കേസ് കൈകാര്യം ചെയ്ത രീതിയിൽ പാർട്ടിക്കു പിഴവുപറ്റിയെന്നതാണു വസ്തുത. കേസ് ജയിക്കുമെന്നു ഗുജറാത്തിലെ അഭിഭാഷകർ പറഞ്ഞ വാക്കു പൂർണമായി വിശ്വസിച്ചുവെന്നതാണ് ഇപ്പോഴുള്ള ഏറ്റുപറച്ചിൽ. എന്നാൽ‍, പാർട്ടിക്കാർതന്നെ പാരവച്ചോയെന്നു രാഹുൽ‍ പരിശോധിക്കണമെന്നു ബിജെപി നേതാക്കൾ പരിഹസിച്ചതു ശ്രദ്ധേയമാണ്. 

സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിപ്പിഴവുകളും ഹർജിക്കാരൻതന്നെ കേസ് നടപടികൾക്കു ഹൈക്കോടതിയിൽനിന്നു സ്റ്റേ നേടിയതും പിന്നീടു സ്റ്റേ നീക്കിയെടുത്തതുമൊക്കെ ഇപ്പോൾ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പറഞ്ഞ് മേൽക്കോടതികളെ സമീപിക്കാൻ കോൺഗ്രസിനു നിയമപരമായി എന്തു തടസ്സമാണ് ഉണ്ടായിരുന്നതെന്നു  വ്യക്തമല്ല. 

അക്കാര്യത്തിൽ, അഭിഭാഷകരുടെ ആത്മവിശ്വാസം എന്ന ന്യായീകരണം നിലനിൽക്കില്ല.  കോടതിവിധി വന്ന് 24 മണിക്കൂർപോലും തികയുംമുൻപേ രാഹുലിനെ അയോഗ്യനാക്കുന്ന കാര്യത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിയെടുത്തെന്നാണ് കോൺഗ്രസിന്റെ ആരോപണം. അതിൽ കഴമ്പില്ലെന്നു കോൺഗ്രസിനും അറിയാം. കാരണം, വിധി വന്നതോടെ രാഹുൽ അയോഗ്യനായെന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവും ഭരണഘടനാ വിദഗ്ധനുമായ അഭിഷേക് മനു സിങ്‌വി തന്നെ വ്യക്തമാക്കിയതാണ്. 

അല്ലെങ്കിൽതന്നെ, അയോഗ്യതാ വ്യവസ്ഥയെക്കുറിച്ചു നന്നായി അറിയാവുന്ന കക്ഷിയാണ് കോൺഗ്രസ്. ഉടനടി അയോഗ്യതയ്ക്കു കാരണമാകുന്ന സുപ്രീം കോടതി വിധി 2013ൽ വന്നപ്പോൾ‍ അതിനെ മറികടക്കാനാണ് അന്നത്തെ യുപിഎ സർക്കാർ ഓർഡിനൻസിലൂടെ ശ്രമിച്ചത്. രാഹുൽ അതിനു തടയിടുകയും െചയ്തു. രാഹുലിന്റെ കാര്യത്തിൽ അയോഗ്യത സംബന്ധിച്ച വിജ്ഞാപനമിറക്കാൻ 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായി. 

രാഹുൽ ഇന്നലെ സഭയിൽ പ്രവേശിച്ചുവെന്നതാണ് ഈ ‘തിടുക്ക’ത്തിനു ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറയുന്ന കാരണം. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസൽ അയോഗ്യനായെന്ന വിജ്ഞാപനം കവരത്തി കോടതിവിധിവന്ന് 48 മണിക്കൂറിനുള്ളിലാണ് ഇറങ്ങിയത്. 

ഐക്യം നിലനിർത്തൽ വെല്ലുവിളി

അയോഗ്യത സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു രാഷ്ട്രപതിയാണെന്നും അതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിപ്രായം ചോദിക്കണമെന്നുമാണ് ഭരണഘടനയുടെ 103ാം വകുപ്പ് എടുത്തുപറഞ്ഞ് കോൺഗ്രസ് വാദിക്കുന്നത്. എന്നാൽ, കോടതിവിധിയിലൂടെ സംഭവിക്കുന്ന അയോഗ്യതയ്ക്കു രാഷ്ട്രപതിയുടെ തീരുമാനമെന്ന നടപടിക്രമം ബാധകമല്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അയോഗ്യത സംബന്ധിച്ച് പ്രശ്നം ഉന്നയിക്കപ്പെട്ടാൽ മാത്രം രാഷ്ട്രപതിയുടെ ഇടപെടലും തീരുമാനവുമെന്നാണ് 103ാം വകുപ്പ്.

ഉദാഹരണത്തിന്, ലാഭകരമായ പദവി വഹിക്കുന്നതിനാൽ അയോഗ്യതയുണ്ടാകുന്ന സ്ഥിതിയുണ്ടാവാം. അപ്പോൾ, പദവി ലാഭകര ഗണത്തിൽപെടുമോയെന്ന തർക്കം തീർത്ത് തീരുമാനം പറയേണ്ടതു രാഷ്ട്രപതിയാണ്. ഇവിടെ, കോടതിവിധിയിലൂടെ രാഹുൽ‍ അയോഗ്യനായി എന്ന കാര്യത്തിൽ കോൺഗ്രസിനും തർക്കമില്ല. അതിനാൽ, രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാവേണ്ടതായ ‘പ്രശ്ന’വുമില്ല. 

അയോഗ്യത സംബന്ധിച്ച നടപടികളുടെ കാര്യത്തിൽ ഇപ്പോൾ പ്രതിഷേധച്ചൂടിൽ വാദങ്ങൾ ഉന്നയിക്കുകയാണെന്നു കരുതാം. കോൺഗ്രസിനു മുന്നിലുള്ള വെല്ലുവിളികൾ കോടതിയിലെ കേസും പ്രതിപക്ഷ ഐക്യം നിലനിർത്തലുമാണ്. മേൽക്കോടതിയെക്കൊണ്ട് സൂറത്തിലെ വിധി ഉടനെ മരവിപ്പിക്കാൻ സാധിക്കണം. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പിന്, കോടതിവിധിയുണ്ടായി ഏഴാം ദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനമിറക്കി. അതു തിടുക്കപ്പെട്ടുള്ള നടപടിയെന്നു വിമർശനമുണ്ടായി. മുഹമ്മദ് ൈഫസലിനെതിരെയുള്ള വിധി കേരള ഹൈക്കോടതി മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ വെട്ടിലായി; ഉപതിരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്നു വിജ്ഞാപനമിറക്കേണ്ടിവന്നു. 

രണ്ടു മാസംപോലും പഴക്കമില്ലാത്ത ഈ അനുഭവമുള്ളപ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷൻ വയനാട് ഉപതിരഞ്ഞെടുപ്പിനു തിടുക്കപ്പെടില്ലെന്നു കരുതുന്നവരുണ്ട്. രാഹുലിലൂടെ കൈവന്ന പ്രതിപക്ഷ ഐക്യം നിലനിർത്താൻ വിശാലമനസ്സോടെ പ്രവർത്തിക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിലെ 14 കക്ഷികളുടെ ഐക്യം അതിനു സഹായകമാണ്. ഐക്യം കോൺഗ്രസിന്റെ മാത്രം ആവശ്യമല്ലെന്നു കൂടുതൽ കക്ഷികൾ‍ തിരിച്ചറിയുന്നുവെന്നത് അനുഗ്രഹവുമാണ്.

English Summary : Political analysis about court verdict against Rahul Gandhi and opposition unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com