മാസങ്ങൾ ഭാരത് ജോഡോ യാത്ര നടത്തി വെയിലും മഞ്ഞും മഴയുംകൊണ്ട് ഉണ്ടാക്കിയതിനെക്കാൾ മാനമാണ് ഒറ്റ മാനനഷ്ടക്കേസിലെ ശിക്ഷാവിധിയിലൂടെ രാഹുലും കോൺഗ്രസും നേടിയതെന്നു കരുതണം. കോടതിയാണു ശിക്ഷിച്ചതെങ്കിലും കേന്ദ്രം കൊടുംപാതകം ചെയ്തെന്നു വരുത്തുകയാണെന്ന ബിജെപി നിഷ്കളങ്ക ബുദ്ധിസെല്ലിന്റെ ഓവർ ടൈം ഫോർവേഡ് പണി ഫലിക്കുന്നതായി കാണുന്നില്ല,
രാഹു മാറിയ ഈ അപൂർവയോഗം ഒറ്റയ്ക്ക് ആസ്വദിക്കാൻ കോൺഗ്രസിനെ വിടില്ലെന്ന വാശിയിലാണ് ചില കക്ഷികൾ. വലിയ അപകടം സംഭവിച്ചെന്നു നെഞ്ചത്തടിയും നിലവിളിയും പിന്തുണയുമായിവന്നു മറിയുകയാണവർ. സിപിഎമ്മിന്റെ കാര്യമാണ് വിചിത്രം. അവരുടെ നേതാവിനെതിരാണ് വിധിയെങ്കിൽകൂടി ഇത്ര സങ്കടവും ക്ഷോഭവും വരുമായിരുന്നോ എന്നുപോലും സംശയം. മരിച്ചിടത്തേതിനെക്കാൾ കരച്ചിൽ ശത്രുവീട്ടിൽ ഉയരുമ്പോൾ ‘എവിടെയോ എന്തോ തകരാർ’ തോന്നാം.
കേരളത്തിനു പുറത്തെ കാര്യങ്ങളിൽ അഭിപ്രായംപറയലാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പാർട്ടിയുടെ ഇവിടത്തെ ഘടകം നിശ്ചയിച്ചിട്ടുള്ള അഖിലേന്ത്യാ ചുമതല. മറ്റിടത്തെങ്ങും പാർട്ടിക്കു വലിയ കാര്യങ്ങളില്ല എന്നതിനാൽ കോൺഗ്രസിനോടു വിരോധം തോന്നേണ്ട കാര്യവുമില്ല. എന്നാൽ, ഇരുകൂട്ടരും കീരിയും പാമ്പുമായി കഴിയുന്ന കേരളത്തിൽ അതല്ലായിരുന്നു ഇതുവരെ സ്ഥിതി. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ തുടങ്ങി കോൺഗ്രസിനെ കിട്ടിയാൽ പച്ചയ്ക്കു കടിച്ചുകീറാൻ മടിയില്ലാത്തവരെന്നു കരുതിയിരുന്നവരെല്ലാം രാഹുലിന്റെ പേരിൽ കണ്ണീർ പൊഴിക്കുകയും ഈ അവസ്ഥയുണ്ടാക്കിയവനെ മനംനൊന്തു ശപിക്കുകയും ചെയ്താൽ നാട്ടിലെ പാവം സഖാക്കൾ അന്തംവിടുകയല്ലാതെ എന്തു നിവൃത്തി.
സിപിഎമ്മിനു കോൺഗ്രസിനോടു സ്നേഹം പെട്ടെന്നു കൂടിയതാണോ, കേന്ദ്രത്തോടുള്ള വിരോധം തുടരുന്നതാണോ അതോ ഇതു രണ്ടുമല്ല, കോടതിവിധികളോടുള്ള പേടി പൊടുന്നനെ മൂത്തതാണോ എന്ന കാര്യത്തിൽ നിരീക്ഷകർക്കു തീർച്ച പോരെന്നു കേൾക്കുന്നു. ലാവ്‌ലിൻതൊട്ട് ദുരിതാശ്വാസനിധി വിതരണംവരെ എണ്ണമറ്റ കേസുകൾ പെൻഡിങ്ങിലുണ്ട്. ‘എൻഐഎ’ മുതൽ ഏതു രാത്രിയിലും ഞെട്ടിയുണരുന്ന കേന്ദ്ര ഏജൻസി ദുഃസ്വപ്നങ്ങൾ വേറെ. ബുദ്ധിമുട്ടുകാലത്ത് ആശ്വാസവുമായി അടുത്തുകൂടുന്ന ചില ബ്ലേഡ് പലിശക്കാരുണ്ട്. സഹായിക്കുകയാണെന്നേ അപ്പോഴത്തെ ഗതികേടിൽ തോന്നൂ. തിരികെച്ചോദിക്കുമ്പോഴാണ് യഥാർഥമുഖം തിരിച്ചറിയുക. ഇപ്പോഴുള്ള സ്നേഹം കൂട്ടുപലിശ സഹിതം സിപിഎം തിരിച്ചു ചോദിക്കുന്നത് ഏതു കാര്യത്തിലാണെന്നറിയില്ല. രാഹുലിനോട് അത്ര സ്നേഹമെങ്കിൽ അടുത്തവട്ടം എൽഡിഎഫ് വയനാട്ടിൽ മത്സരിക്കാതിരിക്കട്ടെ എന്ന ബിജെപിയുടെ നിർദേശം ആലോചിക്കാവുന്നതേയുള്ളൂ. മത്സരിച്ചിട്ട് വലിയ കാര്യമൊന്നുമുണ്ടാകാതെപോയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പഴി മുഴുവൻ രാഹുൽ കേരളത്തിൽ വന്ന് മത്സരിച്ചതിനാണ്, ഇപ്പോഴും.
ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾ
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വീഴ്ചയില്ലാത്ത സംസ്ഥാനമാണ് കേരളം എന്നാണു മുഖ്യമന്ത്രിയുടെ വാദം. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണു മറിച്ചെന്നും അദ്ദേഹം പറഞ്ഞു. എത്ര സംഭവങ്ങളെയാണ് ഒറ്റയൊറ്റയായി കാണേണ്ടത് എന്നൊരു വിശദീകരണം പക്ഷേ കിട്ടിയില്ല. തിരുവനന്തപുരത്ത് അഞ്ചുമാസത്തിനിടെ ഏഴു സ്ത്രീകൾ ആക്രമിക്കപ്പെട്ടത് ഏഴ് ഒറ്റപ്പെട്ട സംഭവങ്ങളായി കാണണമെന്നു തീരുമാനിച്ചാൽ തെറ്റുപറയാനാവില്ല. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അർധരാത്രി അപമാനിക്കപ്പെട്ടപ്പോൾ രാത്രി സ്റ്റേഷനിൽ വന്നു മൊഴി നൽകാൻ ആവശ്യപ്പെട്ട പൊലീസിന്റെ കരുതലാണ് മറ്റൊരു ഒറ്റപ്പെട്ട സംഭവം.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ അർധബോധാവസ്ഥയിൽ കിടന്ന രോഗിയെ ജീവനക്കാരൻതന്നെ പീഡിപ്പിച്ച ഒറ്റപ്പെട്ട സംഭവം മറ്റൊന്ന്. പരാതി കൊടുത്തപ്പോൾ ഭീഷണിയുമായി ജീവനക്കാരുടെതന്നെ ആളുകൾ വന്നതു വേറൊന്ന്. തിരുവനന്തപുരം ഗവ. ലോ കോളജിൽ വനിതാ പ്രഫസറെയടക്കം എസ്എഫ്ഐ പ്രവർത്തകർ മുറിയിലിട്ടു പൂട്ടി ശ്വാസംമുട്ടിച്ചതും പൊറുതിമുട്ടി പുറത്തുചാടിയ അധ്യാപികയുടെ കയ്യും കഴുത്തും പിടിച്ചുതിരിച്ചതും മറ്റൊരു ഒറ്റപ്പെട്ട സംഭവം.
നടുറോഡിൽ വെട്ടുകൊണ്ടുവീണു മരിച്ച പഴയ സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎൽഎയുടെ കൈ നിയമസഭാ വളപ്പിനകത്ത് ചവിട്ടിത്തിരിച്ചത് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞ സ്ത്രീ സുരക്ഷയുടെ വാഴ്ചയോ വീഴ്ചയോ എന്നറിയില്ല. പരുക്കേറ്റ കയ്യിലെ പ്ലാസ്റ്ററും വേദനകൊണ്ടു പുളയുന്ന മുഖവുമായി രമയുടെ ചിത്രം മാധ്യമങ്ങളിൽ വന്നപ്പോൾ വ്യാജ പ്ലാസ്റ്ററും പ്രചാരണവുമാണെന്ന് അപമാനിക്കാൻ ഒരു എംഎൽഎയും പാർട്ടി സെക്രട്ടറിയും മുതൽ സൈബർ ചാവേറുകൾ വരെ ആർപ്പുവിളിച്ചതും നാടു കണ്ടതാണ്.
പൊലീസിന്റെ എണ്ണമറ്റ ഹെൽപ്‌ലൈനുകളിലൊന്നിന്റെ പേര് ‘അപരാജിത’ എന്നാണ്. ആ പേരിന്റെ വീറുറ്റ പര്യായമാണ് ‘കെ.കെ. രമ ’. ഭർത്താവു കൊല്ലപ്പെട്ട സ്ത്രീ അപരാജിതയായി പൊരുതുമ്പോൾ അവരെ വീഴ്ത്താനാണ് ഒരു പാർട്ടിയും അതിന്റെ ഭീകരമായ സംഘാടകശേഷിയും പണിയെടുക്കുന്നത്. ‘വിങ്സ്’ എന്നാണ് മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് യോഗത്തിന്റെ പേര്. ചിറകുവിരിച്ച് പറക്കാനാണ് അപരാജിതകളായ സ്ത്രീകളുടെ ആഗ്രഹം. ചിറകരിയൽ അല്ല ‘വിങ്സ്’ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു കൊടുക്കേണ്ടതുണ്ട്; പാർട്ടിക്കാർക്കും പൊലീസിനുമെങ്കിലും.
സഭാകമ്പനം; തുടർചലനങ്ങളും
നിയമസഭാ സമ്മേളനം പാതിവഴിയിൽ പിരിഞ്ഞെങ്കിലും മൂന്നു തുടർചലനങ്ങൾ കാണാതെ പോകരുത്. സഭയിലെ പ്രതിപക്ഷ സമരത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസംഗവും ട്രോളുകളുമാണ് അതിലൊന്ന്.
‘‘ഇതെന്തു തരം അക്രമമാണ് സാർ, ഇങ്ങനെയാണോ സമരം ’’ എന്നിങ്ങനെ ശിവൻകുട്ടി ചോദിക്കുന്നതും അദ്ദേഹത്തിന്റെ പഴയ ‘താണ്ഡവവും ’ ചേർത്തുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ‘‘പണ്ട് അങ്ങനെ ഉണ്ടായെന്നു കരുതി ലോകാവസാനം വരെ മിണ്ടാതിരിക്കാൻ തന്നെ കിട്ടില്ല’’ എന്നു മന്ത്രിതന്നെ കഴിഞ്ഞദിവസം വിശദീകരിച്ചു. ‘ജനാധിപത്യപരമായ രീതിയിൽ എങ്ങനെ സമരം ചെയ്യണം’ എന്നു പ്രതിപക്ഷത്തിനു ക്ലാസെടുക്കാനുള്ള മന്ത്രിയുടെ അർഹത ചോദ്യം ചെയ്യപ്പെടാവുന്നതല്ല. വകുപ്പ് വിദ്യാഭ്യാസം ആകുമ്പോൾ ക്ലാസ് എടുക്കണമെന്നു മന്ത്രിക്കു തോന്നുന്നത് വലിയ കുറ്റമല്ല. സ്പീക്കർ തീരുമാനിക്കട്ടെ.

‘തല്ലുകൊള്ളേണ്ട ചില ഡോക്ടർമാരുണ്ടെന്ന്’ മുൻമന്ത്രി ബി.ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞതിനെച്ചൊല്ലിയുള്ള ഭൂകമ്പമാണ് മറ്റൊന്ന്. തന്റെ മണ്ഡലത്തിലെ സ്ത്രീയുടെ വയറിനു ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ മുറിവു തുന്നിക്കെട്ടാതെ അവഗണന കാട്ടി എന്നതാണ് ഗണേശനെ ചൊടിപ്പിച്ചതെന്നു കേൾക്കുന്നു. ‘തല്ലുകൊള്ളേണ്ട ചില മന്ത്രിമാരുമുണ്ട്’ എന്നു പണ്ട് മന്ത്രിയുടെ കുടുംബത്തിലെതന്നെ ഒരു ഡോക്ടർ തെളിയിച്ചതായി കഥയുണ്ട്. ഡോക്ടർമാരോടു മുൻവൈരാഗ്യം മനസ്സിൽ വച്ചാണോ ‘തല്ലുകൊള്ളിത്തരം’ ചൂണ്ടിക്കാട്ടിയതെന്നു ചിന്തിച്ചുപോയാൽ കുറ്റം പറയാനില്ല. തങ്ങളെ ആക്രമിക്കുന്നതിനെതിരെ ഡോക്ടർമാർ നടത്തിയ സമരത്തിലും പ്രധാന ആക്രമണം ഗണേശനെതിരെ ആയിരുന്നു. ക്ഷമിച്ച ചരിത്രം കീഴൂട്ടുകുടുംബക്കാർക്കില്ല. ഡോക്ടർമാരും അങ്ങനെ തുടങ്ങിയാൽ തമ്മിൽത്തല്ലിത്തന്നെ തീർക്കേണ്ടിവരും.
മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സഭയിൽ കൊമ്പുകോർത്തതോടെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് ഒരാളെക്കൂടി കിട്ടി. തിരുവനന്തപുരത്തു കാട്ടാക്കടയിൽ റിയാസ് പോയ വഴിയിൽ യൂത്ത് കോൺഗ്രസുകാരെ പിടികൂടി കരുതൽതടങ്കലിൽവച്ചു പൊലീസ് തങ്ങളുടെ ‘ഡ്യൂട്ടി’ കൃത്യമായി ചെയ്തു. മുഖ്യമന്ത്രി പോകുന്ന വഴിയിൽ മാത്രമായിരുന്നു കോൺഗ്രസുകാർക്ക് ഈ ബഹുമതി. മുഖ്യമന്ത്രിക്കു തുല്യമായ പദവി കൊടുക്കേണ്ടത് ആർക്കാണെന്ന് അദ്ദേഹം തന്നെ ഭരിക്കുന്ന പൊലീസ് മനസ്സിലാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
‘മാനേജ്മെന്റ് ക്വോട്ടയിലെ മന്ത്രി’ എന്നു സതീശൻ പറഞ്ഞതിനുശേഷം റോഡിലെ ടാറിന്റെ അളവെടുക്കൽ, ഓഫിസിലെ മിന്നൽപരിശോധന തുടങ്ങിയ പഴയ ചില നമ്പരുകൾ റിയാസ് പൊടിതട്ടിയെടുത്തുവെന്നു പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ഈ കരുതലിൽനിന്നു തന്നെ രക്ഷിക്കണമെന്ന് പൊലീസ് മന്ത്രിക്കു റിയാസ് നിവേദനം കൊടുക്കുന്നതിൽ തെറ്റില്ല. പൊലീസ് എത്ര ശ്രമിച്ചാലും തന്റെ ഇമേജ് മോശമാവില്ലെന്നു പിണറായിക്കു തോന്നുന്നുണ്ടാവാം. പക്ഷേ, കന്നിക്കാരനായ റിയാസ് അത്രയും പോവേണ്ടതില്ല. ആന വഹിക്കുന്ന ഭാരം മറ്റു ജീവികൾ താങ്ങണമെന്നില്ല.
സ്റ്റോപ് പ്രസ്
രാഹുൽ ഗാന്ധിക്കു ശിക്ഷ: ഗുജറാത്തിലെ കോൺഗ്രസ് മര്യാദയ്ക്കു കേസ് നടത്തിയില്ലെന്ന് ടി.പത്മനാഭൻ.
കേസ് നടത്താൻ അവിടെ ആരെങ്കിലുമുണ്ടോ?
English Summary: Aazhchakurippukal by vimathan