ആലുമ്മൂട്ടിൽ ഗോവിന്ദൻ ചാന്നാർ: ത്യാഗത്തിന്റെ ആൽമരം
Mail This Article
സത്യഗ്രഹകാലത്തെ വെള്ളപ്പൊക്കത്തിനിടെയാണ് കോൺഗ്രസ് അയിത്തോച്ചാടന കമ്മിറ്റി ഖജാൻജി ആലുമ്മൂട്ടിൽ എ.കെ. ഗോവിന്ദൻ ചാന്നാർക്കു വീട്ടിൽനിന്നു ഭാര്യയുടെ കത്തു കിട്ടിയത്. കത്തു പൊട്ടിച്ചുവായിച്ചതും ഗോവിന്ദൻ ചാന്നാരുടെ ഉള്ളിലും സത്യഗ്രഹക്യാംപിലും കണ്ണീരിന്റെ മറ്റൊരു വെള്ളപ്പൊക്കമായി.
ഗോവിന്ദൻ ചാന്നാരുടെ മകനും വൈക്കത്തു സത്യഗ്രഹം അനുഷ്ഠിച്ച സന്നദ്ധഭടനുമായ കെ.രാഘവൻ കാർത്തികപ്പള്ളിയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ദലിത് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച വാർത്തയായിരുന്നു കത്തിൽ. മരണം നടന്നയുടൻ ടെലഗ്രാം അയച്ചെങ്കിലും വെള്ളപ്പൊക്കത്തിനിടെ അതു വൈക്കത്തു ലഭിച്ചില്ല. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വീട്ടിലെത്താതിരുന്നതോടെയാണ് ഭാര്യ കത്തയച്ചു നോക്കിയത്. മകന്റെ മരണത്തിൽ ഉള്ളുലഞ്ഞെങ്കിലും അദ്ദേഹം സത്യഗ്രഹധീരത മുറുകെപ്പിടിച്ചു. ‘ഈ സംഭവത്തെപ്പറ്റി എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ’ എന്ന് ഭാര്യയ്ക്കുള്ള മറുപടിക്കത്തിൽ കുറിച്ചു. സത്യഗ്രഹം തീരാതെ മടങ്ങിവരാനാകില്ലെന്നു വിശദീകരിച്ച് അദ്ദേഹം സഹനസമരത്തിന്റെ പര്യായമായി.
English Summary: Alummutil Govindan Channar