ADVERTISEMENT

ഗാന്ധിജി നയിച്ച  സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനുള്ള കേരളത്തിന്റെ സംഭാവന കൂടിയായിരുന്നു ശ്രീനാരായണഗുരുവിന്റെ പൂർണ പങ്കാളിത്തത്തോടെ നടന്ന വൈക്കം സത്യഗ്രഹം. അതുവരെ കേരളത്തിൽ നടന്ന അവർണരുടെ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളും പൗരസമത്വവാദം പോലെയുള്ള പ്രക്ഷോഭങ്ങളും പ്രാദേശികതലത്തിൽ ഒതുങ്ങിനിന്നപ്പോൾ വൈക്കം സത്യഗ്രഹം, ഉപ്പു സത്യഗ്രഹംപോലെ അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ മാനം കൈവരിച്ചു. 

തിരുവിതാംകൂർ പ്രജാസഭാംഗവും പിന്നീട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ടി.കെ.മാധവനാണ് കേരളത്തിലെ അവർണ ജാതികൾ അനുഭവിക്കുന്ന പാരതന്ത്ര്യത്തിലേക്കു ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും ശ്രദ്ധ ആകർഷിക്കാൻ കാരണക്കാരനായത്.  1921ൽ ഗാന്ധിജി തിരുനെൽവേലി സന്ദർശിക്കുന്നു എന്നറിഞ്ഞ് അദ്ദേഹം അവിടെയെത്തി. ആ സന്ദർശനത്തെക്കുറിച്ച് ഹൃദയസ്പർശിയായി ടി.കെ.മാധവൻ ഇങ്ങനെ എഴുതുന്നു:

‌‘മഹാത്മജിയുടെ അടുത്ത് ഇരുന്നു കഴിഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്ന എന്റെ മനോഭാവത്തിനു പെട്ടെന്നു മാറ്റം വന്നതായി എനിക്ക് അനുഭവപ്പെട്ടു… ഇരുന്നു കഴിഞ്ഞ ഉടനെ ഞാൻ മഹാത്മാവിന്റെ മുഖത്തേക്ക് ഒന്നു നല്ലവണ്ണം സൂക്ഷിച്ചു നോക്കി. ‘ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നെ വിശ്വസിക്കുക’ എന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ എന്നോടു വാഗ്മിതയോടെ സംസാരിച്ചു’. ഗാന്ധിജിയെക്കുറിച്ച് തന്റെ മനസ്സിൽ തെളിഞ്ഞ ചിത്രം കുമാരനാശാന്റെ ‘നളിനി’യിലെ രണ്ടു വരികൾ ഉദ്ധരിച്ചാണ് ടി.കെ.മാധവൻ വെളിപ്പെടുത്തുന്നത്.

rajeev
ബി. രാജീവൻ

“ഇത്ര ധന്യത തെളിഞ്ഞു  കാണ്മതി-ല്ലത്ര നൂനമൊരു സാർവ്വഭൗമനിൽ”

ഇങ്ങനെ ഗാന്ധിജിയിൽ പൂർണവിശ്വാസം അർപ്പിച്ച ടി.കെ.മാധവൻ ഗാന്ധിജിയുമായി ദീർഘസംഭാഷണത്തിൽ ഏർപ്പെട്ടു. കേരളത്തിലെ ജാതിബന്ധങ്ങളുടെ മനുഷ്യത്വഹീനമായ അവസ്ഥയെക്കുറിച്ചു ഗാന്ധിജിയെ പൂർണമായി  ബോധ്യപ്പെടുത്താൻ മാധവനു കഴിഞ്ഞു. ഒടുവിൽ ഗാന്ധിജി പറഞ്ഞു: ‘നിങ്ങൾ സിവിൽ നിയമലംഘനം നടത്തണമെന്നു ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. നിങ്ങൾക്കു പൂർണമായ ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കാം എന്നു ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കണം. കോടതികൾ വിരോധമായി നിൽക്കുന്നെങ്കിൽ ജയിലിൽ പോകാൻ തയാറായിരിക്കണം. ഹിന്ദുമതം നിങ്ങളുടെ ക്ഷേത്രപ്രവേശനത്തെ തടയുന്നു എന്നു പറയുന്നത് അബദ്ധം ആകുന്നു. നിങ്ങൾ അഹിംസാനയത്തെ നിഷ്കർഷമായി അനുഷ്ഠിക്കണം. നിങ്ങൾ ആൾക്കൂട്ടമായി ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. ഓരോരുത്തരായി ക്ഷേത്രത്തിൽ കയറണം. ഇതാണ് എനിക്കു നിങ്ങളോടുള്ള ഉപദേശം’. ഗാന്ധിജിയുടെ ഈ ഉപദേശത്തിന്റെ  സാക്ഷാത്കാരമായിരുന്നു 1924 മാർച്ച് 30ന് രാവിലെ ആരംഭിച്ച ഐതിഹാസികമായ വൈക്കം സത്യഗ്രഹ സമരം. ഇങ്ങനെ വിവിധ സമുദായക്കാർ ചേർന്നു നടത്തിയ ഈ ഗാന്ധിയൻ സമരത്തിൽ ശ്രീനാരായണഗുരു പങ്കെടുത്തത് ഖാദി വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. 

അയിത്തോച്ചാടനത്തിലൂടെ മാത്രമേ ഭാരതത്തിന്റെ സ്വാതന്ത്ര്യം പൂർണമാകൂ എന്നു വിശ്വസിച്ച ഗാന്ധിജിക്കും കേരളീയ സമരാനുഭവം വിലപ്പെട്ട പല പാഠങ്ങളും നൽകി. കേരളത്തിലെ അയിത്താചരണത്തിന്റെ തീവ്രത പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം അദ്ദേഹത്തിനു നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ആചാരാനുഷ്‌ഠാനങ്ങളുടെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു കിടന്ന കേരളീയ ബ്രാഹ്മണ്യത്തിന്റെ മാതൃകയായ ഇണ്ടംതുരുത്തി മനയിൽ തീണ്ടാപ്പാട് അകലത്തിൽ പുറത്തിരുന്നുകൊണ്ട് മാത്രം മനയ്ക്കലെ നമ്പൂതിരിയോടു സംസാരിക്കേണ്ടി വന്ന ഗാന്ധിജി അയിത്തോച്ചാടനത്തിലൂടെയുള്ള പൂർണ സ്വരാജ് എന്ന ദൗത്യം എത്ര കഠിനമാണെന്നു തിരിച്ചറിഞ്ഞിരിക്കണം. 

ഗാന്ധിജി ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണത്തിൽ അയിത്താചാരത്തിൽ നിന്നുള്ള കീഴാള ജനതയുടെ മോചനത്തിനു വേണ്ടിയുള്ള പരിശ്രമം സഫലമാകാതെ വരുമോ എന്നു ചോദിക്കുന്നുണ്ട്. അതിനു ഗുരു പറഞ്ഞ മറുപടി ഇങ്ങനെ: ‘ അതു സഫലമാകാതെ വരില്ല. അതിന്റെ രൂഢമൂലത ഓർത്താൽ പൂർണ ഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്നുതന്നെ പറയണം’.

അവർണർക്കു വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന വൈക്കം സത്യഗ്രഹത്തിന് ഒരു നൂറ്റാണ്ട് തികയാൻ പോകുന്ന ഈ സന്ദർഭത്തിൽപോലും ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഗാന്ധിജിയുടെ സ്വപ്നം ബാക്കിയാവുകയാണ്.

(പ്രമുഖ എഴുത്തുകാരനും  ചിന്തകനുമാണ് ലേഖകൻ)

English Summary: Gandhiji also got a valuable lesson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com