ADVERTISEMENT

കേരളത്തിൽ നവോത്ഥാന മുന്നേറ്റങ്ങൾ കീഴ്ത്തട്ട് സാമൂഹികവിഭാഗങ്ങളിൽനിന്നാണു വളർന്നുവന്നത്. ഇതിന്റെ തുടർച്ചയായാണു വൈക്കം സത്യഗ്രഹത്തിനു കാരണമായിത്തീർന്ന സാമൂഹിക– രാഷ്ട്രീയ സാഹചര്യവും പരിഗണിക്കേണ്ടത്. സാമൂഹികപരിഷ്കരണവും ദേശീയ സ്വാതന്ത്ര്യസമരവും ഹിന്ദു മതപരിഷ്കരണവും പരസ്പരം ബന്ധപ്പെട്ടു വികസിച്ചുവന്നതിന്റെ പശ്ചാത്തലത്തിലാണു വൈക്കം സത്യഗ്രഹ സമരം ഉണ്ടാകുന്നത്. 

കീഴാള ജാതിവിഭാഗങ്ങളുടെ സഞ്ചാര വിലക്കുകൾക്കെതിരെ അയ്യൻകാളി നയിച്ച വില്ലുവണ്ടി പ്രക്ഷോഭത്തെത്തുടർന്നാണ് വൈക്കത്തെ സഞ്ചാരവിലക്ക് ദേശീയ രാഷ്ടീയ പ്രശ്നമായി മാറിയത്. വൈക്കം ക്ഷേത്രപരിസരത്തെ സഞ്ചാരസ്വാതന്ത്ര്യപ്രശ്നം, സ്വാതന്ത്ര്യസമരവും അയിത്തോച്ചാടനവും എന്ന ദേശീയമായ രണ്ടു പ്രശ്നങ്ങളെ പരസ്പരം കൂട്ടിനിർത്തുന്ന ഒരു രാഷ്ട്രീയനിലപാടിനെ സൃഷ്ടിച്ചു. വൈക്കം ക്ഷേത്രത്തെ പൊതു ഹിന്ദു ആരാധന ഇടവും ക്ഷേത്രപരിസരവഴികളെ പൊതുവഴികളുമാക്കി മാറ്റുന്ന ദേശീയ രാഷ്ട്രീയവും ഇതോടെ വളർന്നുവന്നു. അയിത്തത്തിന്റെ പേരിൽ കീഴാളജാതികളുടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കിയതിനെതിരെയുള്ള സമരമായിട്ടാണു വൈക്കം സത്യഗ്രഹം ആരംഭിച്ചത്. ഇതു പിന്നീട് ജാതിവിവേചനം, അയിത്തം, സാമൂഹിക വിലക്കുകൾ എന്നീ പ്രശ്നങ്ങൾക്കു മതപരിഷ്കരണം പരിഹാരമായി നിർദേശിക്കുന്ന രാഷ്ട്രീയസമീപനമായി സത്യഗ്രഹത്തിന്റെ ഗതിയെയും തുടർന്നു കേരളത്തിലെ മതസാമുദായിക രൂപീകരണത്തെയും സ്വാധീനിച്ചു. 

വൈക്കം സത്യഗ്രഹത്തെ നിർണയിച്ചതും അതിന്റെ ചാലകശക്തികളായി പ്രവർത്തിച്ചതുമായ രണ്ടു ജാതി സമുദായങ്ങളുടെ ചരിത്രപരമായ പങ്കാളിത്തം ഈ സമരത്തിൽ പ്രധാനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ നവോത്ഥാന പരിഷ്കരണത്തിന്റെ തുടർച്ചയിൽ നായർ, ഈഴവ ജാതി വിഭാഗങ്ങൾക്കുള്ളിൽ നടന്ന സമജാതിവൽക്കരണവും തുടർന്ന് ഈ ജാതിവിഭാഗങ്ങൾ സമുദായങ്ങളായി മാറിയതും പ്രധാനപ്പെട്ടതാണ്. അയിത്തവിരുദ്ധ മനോഭാവം നായർ, ഈഴവ വിഭാഗങ്ങളിലെ പരിഷ്കരണവാദികളിലും ഉൽപതിഷ്ണുക്കളായ സവർണ വിഭാഗങ്ങളിലും വളർന്നുവന്നു. ഇത്തരത്തിൽ ജാതിപരിഷ്കരണങ്ങളുടെയും സാമൂഹികപദവിക്കായുള്ള ജാതിവിഭാഗങ്ങളുടെ മുന്നേറ്റങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണു വൈക്കം സത്യഗ്രഹം ദേശീയ സാമൂഹിക– രാഷ്ടീയപ്രശ്നമായി വികസിച്ചത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ അയിത്തോച്ചാടനം പ്രധാനപ്പെട്ട ഒന്നായതോടെ ഹിന്ദുമത പരിഷ്കരണം കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി. 

 

ഗാന്ധിജിയുടെ സന്ദർശനം 

ഗാന്ധിജിയുടെ നിർദേശമനുസരിച്ച് അക്രമരഹിത സമരമായി 1924 മാർച്ച് 30ന് തുടങ്ങിയ വൈക്കം സത്യഗ്രഹത്തെ തിരുവിതാംകൂർ ഭരണകൂടവും യാഥാസ്ഥിതികരും നിരോധനാജ്ഞയും അറസ്റ്റും മർദനവുംകൊണ്ട് സത്യഗ്രഹത്തെ നേരിട്ടു. അവർ ഒരു പക്ഷത്തും പരിഷ്കരണവാദികളും കോൺഗ്രസ് നേതൃത്വവും സത്യഗ്രഹപക്ഷത്തും അണിനിരന്നു. ശ്രീനാരായണഗുരു സമരത്തെ ധാർമിക– നൈതീക പ്രശ്നമായാണു കണ്ടത്. സഞ്ചാരസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും അവസരസമത്വവും നീതിയുമായി ബന്ധിപ്പിക്കാനാണു ഗുരു ശ്രമിച്ചത്. 

എല്ലാ ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും വേണമെന്ന് ഹിന്ദുമഹാസഭ തിരുവിതാംകൂർ രാജാവിനെ അറിയിച്ചു. മേയ് ഏഴ് ,എട്ട് തീയതികളിൽ നായർ മഹാജനസഭയുടെ സമ്മേളനവും എസ്എൻഡിപി സമ്മേളനവും വൈക്കത്താണു നടന്നത്. ഖദർ വസ്ത്രം ധരിക്കാനും വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനും എസ്എൻഡിപി യോഗ സമ്മേളനം ഈഴവരോട് ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം പന്തലിൽ ഈഴവ,നായർ സമുദായങ്ങളുടെ സംയുക്ത സമ്മേളനം നടന്നു. ചങ്ങനാശേരി പരമേശ്വരൻ പിള്ളയായിരുന്നു അധ്യക്ഷൻ.  

1925 മാർച്ച് ഒൻപതിനാണു ഗാന്ധിജി വൈക്കത്തെത്തുന്നത്. മാർച്ച് 12നു ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി വർക്കലയിൽ കൂടിക്കാഴ്ച നടത്തി. മാർച്ച് 13നു തിരുവനന്തപുരത്തെത്തി മഹാറാണി റീജന്റിനെയും മഹാരാജാവിനെയും കണ്ട് സത്യഗ്രഹം സർക്കാരിനെതിരല്ലെന്നും സവർണരുടെ മനസ്സ് മാറ്റാനുള്ള തപസ്സാണെന്നും ബോധ്യപ്പെടുത്തി. വൈക്കം ക്ഷേത്രപരിസരത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതെത്തുടർന്ന് 1925 ഏപ്രിൽ 7നു സർക്കാർ പിൻവലിച്ചു. ഒടുവിൽ ജൂൺ 26നു ക്ഷേത്രത്തിന്റെ പടിഞ്ഞാറും തെക്കും വടക്കും റോഡുകൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. പ്രധാനപ്പെട്ട കിഴക്കേ നടയിലേക്കുള്ള റോഡ്  തുറന്നില്ല. എങ്കിലും 1925 നവംബർ 23ന്, 603 ദിവസം നീണ്ട സത്യഗ്രഹം അവസാനിപ്പിച്ചു. 

 

ദലിത് പങ്കാളിത്തം അവഗണിക്കപ്പെട്ടു

പൊതുവഴിയിലൂടെ സഞ്ചരിക്കാൻ പ്രക്ഷോഭങ്ങൾ, പൊതുവിദ്യാഭ്യാസത്തിനായി സമരങ്ങൾ, ആധുനിക വിദ്യാഭ്യാസം നേടിയെടുക്കാൻ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക പണിമുടക്കു സമരങ്ങൾ, കൃഷിഭൂമിക്കു വേണ്ടിയുള്ള ആവശ്യങ്ങൾ, സർക്കാർ സർവീസിൽ പങ്കാളിത്തത്തിനായുള്ള ശ്രമങ്ങൾ മുതലായവ അയിത്തജാതിക്കാർക്കുവേണ്ടി നടന്നവയായിരുന്നു. എന്നാൽ, ഇതിന്റെ തുടർച്ചയായി നടന്ന വൈക്കം സത്യഗ്രഹസമരം സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും എന്ന ആവശ്യത്തിലേക്കു ചുരുങ്ങുകയാണുണ്ടായത്. 

ഹരിജനോദ്ധാരണവും ക്ഷേത്രപ്രവേശന ആവശ്യവും മുൻനിർത്തിയുള്ള ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ടീയ നിലപാടായിരുന്നു വൈക്കം സത്യഗ്രഹത്തെ നയിച്ചത് എന്നതാണ് ഇതിനു പ്രധാനപ്പെട്ട കാരണം. സാമുദായിക പരിഷ്കരണം അയിത്ത നിർമാർജനവും ക്ഷേത്രപ്രവേശനവുമായി മാറി. അയിത്തജാതികളെയും ഉൾപ്പെടുത്തി ഒരു ഭൂരിപക്ഷ മതമായി ഹിന്ദുസമുദായങ്ങളും വിവിധ ജാതി വിഭാഗങ്ങളും മാറുകയും ചെയ്തു. എന്നാൽ കീഴാള ദലിത് വിഭാഗങ്ങൾ നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം ഉയർത്തിക്കൊണ്ടുവന്ന അധികാരത്തിലും വിഭവങ്ങളിലും തുല്യപങ്കാളിത്തം എന്ന ആവശ്യം പിന്തള്ളപ്പെട്ടു. 

(കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രഫസറാണു ലേഖകൻ) 

English Summary: The flame of struggle from below

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com