ADVERTISEMENT

മോഷ്ടാക്കളായ ഇവരെ സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പുമായി ഇക്കഴിഞ്ഞ ഭരണിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്ത് അൻപതു സ്ത്രീകളുടെ ചിത്രങ്ങളുള്ള ഒരു വലിയ പരസ്യപ്പലക സ്ഥാപിച്ചിരുന്നു. ഒരുപക്ഷേ, കേരളത്തിൽ പലയിടത്തും ഇങ്ങനെ പ്രദർശിപ്പിക്കുന്നുണ്ടാവും. പൊലീസിന്റെ സദുദ്ദേശ്യം വിമർശനാതീതമാണ്.

അവർക്ക് ഈ അൻപതു സ്ത്രീകളോടു വ്യക്തിവൈരാഗ്യമില്ല. ഈ സ്ത്രീകളെ മോഷ്ടാക്കൾ എന്നു വിളിക്കുന്നത് ഒരു തവണയെങ്കിലും മോഷ്ടിച്ചതിനാലോ അല്ലെങ്കിൽ മോഷണക്കുറ്റം ചുമത്തപ്പെട്ടതിനാലോ ആണെന്നു കരുതാം. 

പരസ്യപ്പലകയിൽ സ്ത്രീകളുടെ മുഖങ്ങൾ സുവ്യക്തമാണ്. കാരണം, പ്രദർശനമാണ് അതിന്റെ ഉദ്ദേശ്യം. ഇവിടെ ചേർത്തിട്ടുള്ള പരസ്യപ്പലകയുടെ ചിത്രത്തിൽ അവരുടെ മുഖങ്ങൾ അവ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ കാരണം പിന്നാലെ വ്യക്തമാക്കാം. മുഖങ്ങളിൽ നല്ലൊരു പങ്കിന്റെമേലും മർദനമേറ്റതിന്റെ അടയാളങ്ങളുണ്ട്. മുഖങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ദൈന്യതയും അവശതയുമാണ്. ഈ സ്ത്രീകളുടെ പ്രായം ഏതാണ്ട് മുപ്പതിനും അൻപതിനുമിടയിലാണെന്ന് ഊഹിക്കാം. മർദനത്തിന്റെയും വേദനയുടെയും അടയാളങ്ങൾ മാറ്റിവച്ചാൽ, ഈ അൻപതുപേരുടെയും മുഖങ്ങൾ കാണിക്കുന്നത് നമ്മുടെയെല്ലാം അമ്മയെയോ ചേച്ചിയെയോ അനുജത്തിയെയോ ഭാര്യയെയോ മകളെയോ പോലെയുള്ള സാധാരണ സ്ത്രീകളെയാണ്. അവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരുണ്ടാവാം, ഗർഭിണികൾ ഉണ്ടാവാം, രോഗിണികൾ ഉണ്ടാവാം. അവർക്കെല്ലാം നാമെല്ലാവരെയുംപോലെ ജീവിതസ്വപ്നങ്ങളുമുണ്ടാവാം.

പൊലീസ് അവരെ വിളിക്കുന്നതു മോഷ്ടാക്കൾ എന്നു മാത്രമാണ്. അവർ വാടകക്കൊലയാളികളല്ല, ഭീകരരല്ല, ലഹരിമരുന്നു വിൽപനക്കാരല്ല, ഗുണ്ടകളല്ല, ൈകക്കൂലിവിരുതരല്ല.  മോഷ്ടാക്കൾ എന്നു വിളിക്കുമ്പോൾ അവരുടെ പ്രധാനകുറ്റം മാലമോഷണമോ പോക്കറ്റടിയോ ആവാനാണു വഴി. അവരിൽ നല്ലപങ്കും അന്യനാട്ടുകാരാണെന്നു വ്യക്തം. ഏതു മാഫിയയുടെ ക്രൂരതയ്ക്കു കീഴിലാണ് അവർ ഇവിടെ മോഷണം നടത്തുന്നതെന്ന് അറിഞ്ഞുകൂടാ.

ഈ അൻപതു സ്ത്രീകളും ജയിലിലല്ല – ആയിരുന്നെങ്കിൽ ഇങ്ങനെയൊരു മുന്നറിയിപ്പ് ആവശ്യമില്ല. ഒന്നുകിൽ അവർ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിരിക്കണം; അല്ലെങ്കിൽ അവരെ വെറുതേ വിട്ടിരിക്കണം; അതുമല്ലെങ്കിൽ അവർ ജാമ്യത്തിലിറങ്ങി. പിടികിട്ടാപ്പുള്ളികളാണെന്നു പരസ്യത്തിൽ പറയുന്നുമില്ല. ചിത്രങ്ങളുടെ പഴക്കം അറിഞ്ഞുകൂടാ. അവരിൽ ചിലരെങ്കിലും കുറ്റജീവിതം ഉപേക്ഷിച്ചിരിക്കാം; മറ്റൊരു ജീവിതത്തിലേക്കു പ്രവേശിച്ചിരിക്കാം; ആർക്കറിയാം, സന്യാസം സ്വീകരിച്ചവർ പോലുമുണ്ടാവും. കുറ്റവാളി എന്നന്നേക്കും കുറ്റവാളിയായിരിക്കും എന്നൊരു പ്രകൃതിനിയമമില്ല. പക്ഷേ, പരസ്യപ്പലക സ്ഥാപിച്ച പൊലീസിന് ഇത്തരം അതിവിശദ പരിഗണനകൾ അസാധ്യമാണ്. അവർക്ക് അതിവേഗ പരിഹാരങ്ങളാണ് ആവശ്യം. 

പോൾ സക്കറിയ
പോൾ സക്കറിയ

പക്ഷേ, മലയാളികളുടെ പരിഷ്കൃത സമൂഹത്തിനു മുൻപിൽ ഈ പരസ്യപ്പലക ഒരു ചോദ്യചിഹ്നമായിത്തീരുന്നു. അതേസമയം, പൊലീസുകാരുടെ സൃഷ്ടിയാണ് ഈ അവസ്ഥാവിശേഷം എന്നു പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. അവരുടെ പരസ്യപ്പലക പ്രതിഫലിപ്പിക്കുന്നത് നാം അഭിമാനം കൊള്ളുന്ന സംസ്കാരസമ്പന്നതയ്ക്ക് എതിർപായുന്ന വളരെ അസ്വസ്ഥതാജനകമായ ഒരു യാഥാർഥ്യത്തെയാണ്. 

കേരളത്തിന്റെ എല്ലാ മേഖലകളിലെയും അധികാരവ്യവസ്ഥകളിൽ ആധിപത്യം ചെലുത്തിയിരിക്കുന്ന പുരുഷ പ്രാമാണിത്തത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും സ്ത്രീകളെ അവമതിക്കാനുള്ള പ്രവണതയുടെയും ഇരുണ്ട ലോകമാണ് ആ യാഥാർഥ്യം. പൊലീസ് അതിന്റെ ഭാഗം മാത്രമാണ്. ഈ പരസ്യപ്പലകയിൽ പുരുഷന്മാരുടെ ചിത്രമില്ല എന്നതു ശ്രദ്ധിക്കുക. 

സ്ത്രീകളുടെ സ്വാതന്ത്ര്യവും അന്തസ്സും സമത്വവും മനുഷ്യാവകാശങ്ങളും ഭരണഘടനയിലൂടെയും നിയമങ്ങളിലൂടെയും  സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ജനാധിപത്യത്തിൽ സ്വതന്ത്രരായി ജീവിക്കുന്ന അൻപതു സ്ത്രീകളുടെ ചിത്രങ്ങൾ ‘മോഷ്ടാക്കളായ ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടിനു കീഴിൽ പ്രദർശനത്തിനുവയ്ക്കുന്നതിനെ ഏതൊരു സംസ്കാര സംഹിതയോ ആധ്യാത്മിക സംഹിതയോ ആണ് ന്യായീകരിക്കുക? സർവസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ സാധ്യത ഒരു പ്രവചനംപോലെ ഒരു സംഘം സ്ത്രീകളുടെമേൽ അടിച്ചേൽപിക്കുന്നതിന്റെ നീതിയെന്ത്? അവരിൽ പലരും മർദിക്കപ്പെട്ടതിന്റെ ന്യായീകരണമെന്ത്? മർദിച്ചവർ ആര്?  അവർക്കെതിരെ നടപടിയെടുക്കപ്പെട്ടോ? എല്ലാ പൗരാവകാശങ്ങളുമുള്ള അൻപതു സ്ത്രീകളുടെ പരസ്യമായ അപമാനിക്കൽ – പബ്ലിക് െഷയ്മിങ് – ആണ് ഈ പരസ്യപ്പലക എന്നതാണ് വാസ്തവം. 

ഏതൊരു സ്ത്രീയുടെയും – പുരുഷന്റെയും – മൗലികാവകാശമായ സ്വകാര്യതയെയാണ് ആ പരസ്യപ്പലക ലംഘിക്കുന്നത്. സമൂഹമാധ്യമങ്ങൾ പകർത്തുന്ന അവരുടെ ചിത്രങ്ങൾ അനന്തകാലത്തേക്കാണു പ്രചരിക്കുക. ഈ മുൻ‍കരുതൽകൊണ്ടാണ് ഈ പംക്തിയിൽ അവരുടെ മുഖങ്ങൾ വ്യക്തിയെ തിരിച്ചറിയാനാവാത്തവിധം മറച്ചിരിക്കുന്നത്. ഈ പരസ്യപ്പലകയിലെ ചിത്രപ്രദർശനം മൂലം അവരിലൊരാളോ പലരോ ആൾക്കൂട്ട ആക്രമണത്തിനോ കൊലയ്ക്കോ ഇരയായാൽ ആരാണ് ഉത്തരവാദി?

ഈ ചിത്രങ്ങളിലെ സ്ത്രീകളോടു മുഖസാമ്യമുള്ള എത്രയോ സ്ത്രീകളുണ്ടാവും കേരളത്തിൽ. നമുക്കിടയിലെ മനുഷ്യവേട്ടക്കാർ അട്ടപ്പാടിയിലെ മധുവിനെപ്പോലെ അവരെ കെട്ടിയിട്ട് അടിച്ചുകൊന്നാലോ? പൊലീസിനു നേരെയല്ല ഇവിടെ വിരൽചൂണ്ടേണ്ടത്. എല്ലാ വിരലുകളും നമുക്കു നേരെയാണു ചൂണ്ടേണ്ടത്. കാരണം, കേരളത്തിലെ എല്ലാ അധികാര സംവിധാനങ്ങളുടെയും സ്ത്രീസമീപനം അക്ഷന്തവ്യങ്ങളായ അപചയങ്ങൾ നിറഞ്ഞതാണ്. അതു കണ്ണുതുറന്നു കാണാൻ വിസമ്മതിക്കുന്നിടത്തോളം കാലം നമ്മുടെ പരിഷ്കൃതി ലജ്ജാകരമായൊരു കരിനിഴലിനു കീഴിലാണ്.

English Summary: Writeup about Police notice board seen in Kodunagallur temple ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com