ADVERTISEMENT

യുക്രെയ്നിലെ അതിക്രമങ്ങളുടെ പേരിൽ ഒട്ടേറെ രാജ്യങ്ങളുടെ വിമർശനം ഏറ്റുവാങ്ങി നിൽക്കുകയാണ് റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയാകട്ടെ യുദ്ധനിയമലംഘനങ്ങൾക്കു രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിൽ സന്ദർശനം നടത്തിയത്. സ്വന്തം സുരക്ഷാ, സാമ്പത്തിക, പ്രത്യയശാസ്ത്ര താൽപര്യങ്ങളുടെ പേരിൽ റഷ്യയുമായുള്ള ബന്ധത്തിനു ചൈന എത്രമാത്രം പ്രാധാന്യം കൽപിക്കുന്നു എന്നു വ്യക്തമാക്കുന്നതാണിത്.

ചൈനയുടെ ഏറ്റവും വലിയ അയൽരാജ്യമാണു റഷ്യ; സൈനിക സാങ്കേതികവിദ്യയിൽ പ്രബലശക്തിയും. ചൈനയുടെ അസ്വസ്ഥമായ പശ്ചിമ മേഖലയുമായി അതിർത്തി പങ്കിടുന്ന പണ്ടത്തെ സോവിയറ്റ് രാജ്യങ്ങളെ ഇപ്പോഴും സ്വാധീനിക്കാനാകുന്ന ശക്തി കൂടിയാണ് റഷ്യ. കൂടാതെ, അവർ ഹൈഡ്രോകാർബൺ അധിഷ്ഠിത ഊർജത്തിന്റെ വലിയ സ്രോതസ്സും ചൈനീസ് ഉൽപന്നങ്ങളുടെയും സാങ്കേതികവിദ്യയുടെയും വലിയ വിപണിയുമാണ്. പാശ്ചാത്യ ലിബറൽ ആശയങ്ങൾക്കെതിരെയും അമേരിക്ക നയിക്കുന്ന ആഗോളവ്യവസ്ഥയ്ക്കെതിരെയും നിലകൊള്ളുന്ന സഖ്യകക്ഷിയായും പുട്ടിനെ ചിൻപിങ് കാണുന്നു. ഈ പശ്ചാത്തലത്തിൽ, ചൈനയുടെ വാക്കുകളും പ്രസ്താവനകളും വളരെ സൂക്ഷ്മതയോടെ വേണം വ്യാഖ്യാനിക്കാൻ.

∙ ‘നിഷ്പക്ഷത’യുടെ ഉന്നം

ഈയിടെ ചൈനയുടെ മധ്യസ്ഥതയിൽ പൂർത്തിയാക്കിയ ഇറാൻ-സൗദി അറേബ്യ ഉടമ്പടിയെക്കുറിച്ചുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തന്നെ ഉദാഹരണം. വിയോജിപ്പുള്ള കാര്യങ്ങളിൽ സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും എങ്ങനെ ഒത്തുതീർപ്പിലെത്തിക്കാമെന്നാണ് അതിൽ പറയുന്നത്. പൊതുവിൽ നിഷ്പക്ഷമെന്ന തോന്നലുണ്ടാക്കുമെങ്കിലും പല പ്രയോഗങ്ങളും ഉന്നംവയ്ക്കുന്നത് അമേരിക്കയെയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു സ്വന്തം ഭാവി തീരുമാനിക്കാൻ ‘ബാഹ്യ ഇടപെടൽ’ ഒഴിവാക്കേണ്ടതുണ്ടെന്നാണു ചൈനീസ് വിദേശകാര്യ വക്താവ് പറയുന്നത്. ഈ ‘ഇടപെടൽ’ അമേരിക്കയുടേതാകാനേ തരമുള്ളൂ. കാരണം, ചൈനീസ് വക്താവിന്റെ വാക്കുകളെടുത്താൽ, അവർക്ക് ഈ പ്രദേശത്തു ‘സ്വാർഥ താൽപര്യങ്ങളില്ല’.

റഷ്യയ്ക്കെതിരെ പാശ്ചാത്യലോകം ചുമത്തിയിട്ടുള്ള ഉപരോധങ്ങൾ ‘ഏകപക്ഷീയവും അധികാരപരിധിയുടെ ദുർവിനിയോഗവും’ എന്നാണു ചൈനയുടെ നിലപാട്. അതുപോലെ, യുക്രെയ്ൻ പ്രതിസന്ധിയിൽ നിഷ്പക്ഷവും ന്യായവുമായ സമീപനം ഉയർത്തിപ്പിടിക്കണമെന്നും സമാധാനചർച്ചകൾ പ്രോത്സാഹിപ്പിക്കാൻ സാഹചര്യമൊരുക്കണമെന്നും ചൈന വാദിക്കുന്നുണ്ട്. യുക്രെയ്നിൽ നടക്കുന്നത് അന്യായമായ യുദ്ധമാണെന്ന വാദത്തിന് എതിരാണിത്. യുക്രെയ്ൻ യുദ്ധത്തിന്റെ പഴി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചാർത്തുന്നത് അമേരിക്കയുടെ പുറത്താണ്. ഈ അഭിപ്രായമുള്ളിടത്തോളം കാലം ചൈനയ്ക്കു സത്യസന്ധമായ മധ്യസ്ഥത സാധിക്കില്ല. അതുകൊണ്ട്, യുക്രെയ്ൻ പ്രതിസന്ധിയുടെ ഒത്തുതീർപ്പിൽ ചൈനയുടെ വാദമോ ഐക്യരാഷ്ട്രസംഘടനയുടെ ലക്ഷ്യങ്ങളെയും തത്വങ്ങളെയും കുറിച്ച് റഷ്യ സന്ദർശനത്തിന്റെ അവസാനത്തിൽ ഷി നടത്തിയ പരാമർശങ്ങളോ മുഖവിലയ്ക്കെടുക്കേണ്ടതില്ല. അങ്ങനെ നോക്കുമ്പോൾ, ചൈനയുടെ ഇടപെടലിൽ റഷ്യ–യുക്രെയ്ൻ സംഘർഷത്തിന് അറുതി വരുമെന്ന വിലയിരുത്തലുകൾക്ക് അടിസ്ഥാനമില്ലെന്നു കാണാം.

∙ യുദ്ധത്തിൽ കാണുന്നത്

യുക്രെയ്നിലെ യുദ്ധം അവസാനിക്കാൻ പല കാരണങ്ങളാൽ ചൈന ആഗ്രഹിക്കില്ല. ഒന്ന്, ഈ സംഘർഷം ദീർഘകാലത്തേക്കു റഷ്യയെ ദുർബലമാക്കും എന്നതാണ്. അതിന്റെ ഫലമായി യുറേഷ്യൻ മേഖലയിൽ ചൈനയ്ക്കു സ്വാധീനം വർധിപ്പിക്കാനാകും. രണ്ട്, സംഘർഷം നീളുന്നതിലൂടെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശ്രദ്ധയും വിഭവങ്ങളും ഗതിമാറ്റപ്പെടും. തയ്‌വാനുമേൽ സംഘർഷസാധ്യത ഉരുത്തിരിഞ്ഞാൽ പാശ്ചാത്യ ഇടപെടൽ ചുരുങ്ങുമെന്നതാണ് ഇതുമൂലം ചൈനയ്ക്കുള്ള ഗുണം. മൂന്ന്‌, അമേരിക്കയെയും റഷ്യയെയും അപേക്ഷിച്ച് ചൈന വളരുന്നുവെന്ന സന്ദേശം ലോകത്തിനു നൽകാനുള്ള സാധ്യതകൾ കൂടി സമ്മാനിക്കുകയാണ് യുക്രെയ്നിലെ പ്രതിസന്ധി. ഇറാൻ–സൗദി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇടപെട്ടതിന്റെയും പശ്ചിമേഷ്യയിൽ സ്വാധീനം വളർന്നുവരുന്നതിന്റെയും സാഹചര്യത്തിൽ പ്രത്യേകിച്ചും. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടുപോലും റഷ്യൻ സേനയെ പുറത്താക്കാൻ യുക്രെയ്നിനു സാധിക്കാത്തത് അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യാം.

jebinanadh
ജെബിൻ ടി.ജേക്കബ്, ആനന്ദ് പാറപ്പടി കൃഷ്ണൻ

അതുകൊണ്ട്, പുട്ടിനെ അനുനയിപ്പിച്ച് യുദ്ധം നിർത്തുന്നതിനു ഷി ഇടപെടാൻ കാരണങ്ങളൊന്നുമില്ല. യുദ്ധത്തിനു നിയമസാധുത നേടാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് ഐക്യരാഷ്ട്രസംഘടനയിലും മറ്റും ചൈനയുടെ പിന്തുണ നിർണായകമാണ്. എന്തിനേറെ, ക്രമേണ റഷ്യയ്ക്കു പരോക്ഷ സൈനികസഹായം ചൈന നൽകുന്നതും നമുക്കു കാണാനായേക്കും

∙ സംശയത്തോടെ ഇന്ത്യ

ഇറാൻ-സൗദി വിഷയത്തിലെ ചൈനയുടെ മധ്യസ്ഥതയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ അനുരഞ്ജകരെന്ന അവരുടെ നാട്യവും ഇന്ത്യയെ അസ്വസ്ഥമാക്കുന്നു. അയൽപക്കത്തും അതിനപ്പുറത്തും കാര്യമായ സ്വാധീനം ചെലുത്താൻ നമുക്കു കഴിയുന്നില്ലല്ലോ എന്ന ചിന്തയ്ക്ക് ഇവ അടിവരയിടുന്നതാണു കാരണം. ഇറാൻ-സൗദി ഉടമ്പടിയെക്കുറിച്ച് നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം മാധ്യമങ്ങൾക്കുള്ള പതിവുപ്രസ്താവനയിലൂടെ മാത്രമാണ് ഇന്ത്യ പ്രതികരിച്ചത്. സംവാദവും നയതന്ത്രവുമാണു പ്രശ്നപരിഹാരമാർഗങ്ങളെന്നാണ് എന്നും ഇന്ത്യ വാദിച്ചിട്ടുള്ളത് എന്നായിരുന്നു അത്. ചുരുങ്ങിയ വാക്കുകളിലൊതുങ്ങുന്ന പ്രസ്താവനയാണ് ഇറക്കേണ്ടിയിരുന്നതെങ്കിൽ, അതു നേരത്തേ ആകാമായിരുന്നു.

ചൈനയുടെ ഇടപെടലിലുള്ള ഇന്ത്യയുടെ ആശ്ചര്യവും അസ്വസ്ഥതയുമാണ് ഇതു വ്യക്തമാക്കുന്നത്. ഒട്ടേറെ അഭ്യർഥനകൾക്കും പരാമർശങ്ങൾക്കും ശേഷവും റഷ്യ–യുക്രെയ്ൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന ആവശ്യത്തിന് ഇനിയും ഇന്ത്യ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഈ യത്നത്തിൽ വിജയിക്കുമോ എന്നതല്ല, മറിച്ച്‌ രാജ്യാന്തരശ്രദ്ധ നേടിയ ഒരു സംഘർഷത്തിനു പരിഹാരം കാണാൻ ഇന്ത്യ താൽപര്യം കാണിക്കുന്നുണ്ടോയെന്നതും അതിനു ശ്രമങ്ങൾ നടത്തുന്നുണ്ടോയെന്നതുമാണു വിഷയം. ചൈനയുടെ നയതന്ത്ര ഇടപെടൽ ഇന്ത്യയെ ഓർമിപ്പിക്കുന്നത് ചരിത്രപ്രധാനമായ ബന്ധങ്ങളും ഫോട്ടോഷൂട്ടുകളുംകൊണ്ടു മാത്രം കാര്യക്ഷമമായ സ്വാധീനം നേടാനാകില്ല എന്ന വസ്തുതയാണ്.

(ഡൽഹി ശിവ് നാടാർ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഹിമാലയൻ സ്റ്റഡീസ് ഡയറക്ടറാണ് ജെബിൻ ടി.ജേക്കബ്; ആനന്ദ് പാറപ്പടി കൃഷ്ണൻ ഫെലോയും)

English Summary: writeup about China's interventions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com