ADVERTISEMENT

മെഡിസെപ് പദ്ധതിയിൽ ഏറ്റവും സജീവമായ പങ്കാളിത്തം വഹിക്കുന്നത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളാണ്. 323 സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിലുള്ളത്. എന്നാൽ, ഇവയിൽ ചില ആശുപത്രികളുടെ നടപടികൾ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെത്തന്നെ ബാധിക്കുന്നതാണ്. പാക്കേജിനു പുറമേ പണം ചോദിച്ചുവാങ്ങുകയും അല്ലാത്തവർക്കു ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം.

പണത്തിനൊത്ത പണി

പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാനാണ് കണ്ണൂർ സ്വദേശി മെഡിസെപ് കവറേജുള്ള ആശുപത്രിയിലേക്കു വിളിച്ചത്. മെഡിസെപ് ഉണ്ടെന്നും ശസ്ത്രക്രിയ നടത്താമെന്നും അധികൃതർ പറഞ്ഞതോടെ ആശുപത്രിയിലെത്തി. അണുബാധയും കഠിനമായ വേദനയും ഉള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നു. പക്ഷേ, താക്കോൽദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നതെങ്കിൽ മെഡിസെപ് കവറേജ് ലഭിക്കില്ലെന്നും ഓപ്പൺ സർജറിക്കേ ഉള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സ്ഥിതി ഗുരുതരമായതിനാൽ പണം നൽകി താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യാൻ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ, അണുബാധ കൂടിയതിനാൽ ഓപ്പൺ സർജറിതന്നെ വേണമെന്നു ഡോക്ടർമാർ അറിയിച്ചു. മെഡിസെപ്പിലെ ശസ്ത്രക്രിയ ആശുപത്രിക്കു നഷ്ടമാണെന്നും അതിനാൽ 25,000 രൂപ പണമായി നൽകണമെന്നും ആവശ്യപ്പെട്ടു. സമ്മതിച്ചതോടെ പിറ്റേന്നു ശസ്ത്രക്രിയ നടത്താൻ തീരുമാനമായി. എന്നാൽ, പിറ്റേന്ന് 35,000 രൂപയാണ് ആവശ്യപ്പെട്ടത്. 25,000 രൂപയ്ക്കു സമ്മതിച്ചതാണല്ലോ എന്നു ചോദിച്ചപ്പോൾ തർക്കമായി. ശസ്ത്രക്രിയയ്ക്കു ഡേറ്റില്ല, ഡോക്ടർമാർ ലഭ്യമല്ല എന്ന തരത്തിലായി സംസാരം. മെഡിസെപ്പുള്ള മറ്റു ചില ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ അവിടെയും പണം വാങ്ങുന്നുണ്ടെന്നു മനസ്സിലായി. ആശുപത്രികളുടെ വലുപ്പവും സൗകര്യവുമനുസരിച്ചാണ് പണം നിശ്ചയിക്കുന്നത്. 70,000 രൂപ വരെ ആവശ്യപ്പെട്ട ആശുപത്രികളുണ്ട്.

ഒടുവിൽ ആദ്യത്തെ ആശുപത്രിയിൽ 25,000 രൂപയ്ക്കു തന്നെ ധാരണയായി. തുക ഓൺലൈനായി അടയ്ക്കാനും സമ്മതിച്ചു. സാധാരണ ഇതിനു ബിൽ നൽകാറില്ലെന്നും ഓൺലൈനായി അടച്ചതിനാൽ പ്രത്യേകം ബിൽ തരുമെന്നും ചികിത്സാ ബില്ലിൽ ഇതുണ്ടാവില്ലെന്നും അറിയിച്ചു. ‘ഇൻപേഷ്യന്റ് ക്രെഡിറ്റ് സെറ്റിൽമെന്റ്’ എന്ന പേരിലായിരുന്നു പ്രത്യേക ബിൽ. ചികിത്സ സംബന്ധിച്ച വിവരങ്ങളൊന്നും അതിലില്ല. ഡിസ്ചാർജ് സമയത്തു ലഭിച്ച ബിൽ 1.37 ലക്ഷം രൂപയുടേതായിരുന്നു. ഇത് അടയ്ക്കേണ്ടവരുടെ സ്ഥാനത്ത് ഇൻഷുറൻസ് കമ്പനിയുടെ പേരായിരുന്നു. രോഗി അടയ്ക്കേണ്ട തുകയുടെ സ്ഥാനത്ത് ‘0’ എന്നും കൃത്യമായി എഴുതിയിരുന്നു. അഡ്മിഷൻ ദിവസങ്ങളിലെ ഡോക്ടർമാരുടെ കൺസൽറ്റേഷൻ, നഴ്സിങ് ചാർജ്, ഉപകരണങ്ങളുടെ വില, മുറിവാടക, മരുന്ന് തുടങ്ങി എല്ലാ ചെലവുകളും മെഡിസെപ്പിനു കീഴിൽ വരും. എന്നാൽ, ശസ്ത്രക്രിയയുടെ ചാർജ് മാത്രമേ ലഭിക്കൂവെന്നും അത് ആശുപത്രികൾക്കു വലിയ നഷ്ടം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ചില ആശുപത്രികളുടെ ഈ തട്ടിപ്പ്.

medisepcartoon1

മെഡിസെപ് പദ്ധതിയിലെ ഗുണഭോക്താക്കളോട് സർക്കാർ– സ്വകാര്യ ആശുപത്രികളുടെ പ്രതികരണം. വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണം

കോഴിക്കോട്: സർക്കാർ ആശുപത്രി

∙ മെ‍ഡിസെപ്പിൽ ഉൾപ്പെട്ടയാളാണ്, ചികിത്സാസൗകര്യമുണ്ടോ?
 ഇപ്പോൾ മെഡിസെപ് ചികിത്സ ഇല്ല. കാസ്പ് ചികിത്സ മാത്രമാണുള്ളത്.

∙ വെബ്സൈറ്റിൽ ഈ ആശുപത്രിയുടെ പേരുണ്ടല്ലോ?
 എങ്കിൽ വേറെ ഒരു നമ്പറിൽ വിളിച്ച് അന്വേഷിക്കണം.
(തന്ന നമ്പറിൽ പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.)

തൃശൂർ: സ്വകാര്യ ആശുപത്രി

∙ മെഡിസെപ്പിൽ ഉൾപ്പെട്ട ആളാണ്. ജനറൽ സർ‌ജറിക്കു വേണ്ടിയാണ്. ‌
  മെഡിസെപ് കാർഡും ആധാർ കാർഡും 5000 രൂപയും കൊണ്ടുവരണം. ഡിസ്ചാർജ് ആയി പോകുമ്പോൾ ബില്ലിന്റെ പകുതി അടയ്ക്കണം.  ഈ തുക ഇൻഷുറൻസ് അപ്രൂവൽ ആകുന്ന മുറയ്ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്കു തിരികെ നൽകും.

∙ കാഷ്‌ലെസ് അല്ലേ?
  അപ്രൂവൽ വൈകിയാണ് വരുന്നത്. അതുകൊണ്ട് സെക്യൂരിറ്റി ആയിട്ടാണു തുക വാങ്ങിവയ്ക്കുന്നത്. മുഴുവൻ തുകയും അപ്രൂവൽ ആയാൽ വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകും. കട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതു കിഴിച്ചുള്ള തുക നൽകും.

തൊടുപുഴ: സ്വകാര്യ ആശുപത്രി
∙ സർ, അവിടെ മെഡിസെപ്പിൽ ഹെർണിയ ഓപ്പറേഷൻ നടത്തുന്നുണ്ടോ?
  ഹെർണിയ ഓപ്പറേഷനുണ്ട്, പക്ഷേ, പാക്കേജിൽ ഉള്ള ഹെർണിയ മാത്രമേ മെഡിസെപ് വഴി ചെയ്യാൻ കഴിയൂ

∙ ഏതൊക്കെയാണ് പാക്കേജിലുള്ളത്?
  നിങ്ങൾ ഡോക്ടറെ കൺസൽറ്റ് ചെയ്ത ശേഷമേ ഏതു ഹെർണിയയാണെന്നു പറയാനാവൂ

∙ എന്തുകൊണ്ടാണ് ചില ഹെർണിയ ഓപ്പറേഷൻ ഒഴിവാക്കുന്നത്?
  ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. അന്ന് ഏത് ഓപ്പറേഷനും ചെയ്യാമെന്നായിരുന്നു ഇൻഷുറൻസ് കമ്പനികൾ പറഞ്ഞത്. ഇപ്പോൾ അങ്ങനെയില്ല.

ചികിത്സയില്ല...

പല ആശുപത്രികളിലും മെഡിസെപ് ആനുകൂല്യങ്ങൾ എല്ലാ വിഭാഗം ചികിത്സകൾക്കും ലഭിക്കില്ല. എംപാനൽ ചെയ്ത ആശുപത്രികൾ പോലും മെഡിസെപ്പിലാണെങ്കിൽ ചികിത്സ നിഷേധിക്കുന്നു. പണം റീഇംബേഴ്സ് ചെയ്തു കിട്ടാനുള്ള കാലതാമസമാണു കാരണം.

അനുഭവം

∙ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ(കുസാറ്റ്)നിന്നു വിരമിച്ച സതിയമ്മയെ ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് എറണാകുളത്തെ എംപാനൽ ചെയ്ത ആശുപത്രികളിൽ ബന്ധുക്കൾ എത്തിച്ചത്. പ്രമുഖ ആശുപത്രികളെല്ലാം കയ്യൊഴിഞ്ഞു. ഒരു ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ ആവശ്യമെങ്കിൽ മാത്രമേ മെഡിസെപ് അഡ്മിഷൻ നൽകൂ എന്നും മറ്റൊരു ആശുപത്രിയിൽനിന്ന് മെഡിസെപ്പിൽ ബില്ലിന്റെ പകുതി നേരിട്ട് അടയ്ക്കേണ്ടി വരുമെന്നും പറഞ്ഞു. ഒടുവിൽ പണം മുഴുവൻ അടച്ചാണ് സതിയമ്മ ആശുപത്രി വിട്ടത്.

∙ രണ്ടു കണ്ണിന് രണ്ടു നീതി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദ് റഷീദ് തിമിര ശസ്ത്രക്രിയയ്ക്കായാണ് ഭാര്യ ജമീലയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. ഒരു കണ്ണിന് 22,300 രൂപയാണ് മെഡിസെപ് പ്രകാരം അനുവദിക്കുന്നതെന്നും മികച്ച ലെൻസ് വേണമെങ്കിൽ 10,000 രൂപ അധികം വേണമെന്നും ആശുപത്രി ആവശ്യപ്പെട്ടു. മാർച്ച് 16ന് ഒരു കണ്ണിനു ശസ്ത്രക്രിയ നടത്തിയപ്പോൾ 10,000 രൂപ അടച്ചു. 18ന് രണ്ടാമത്തെ കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആശുപത്രിയിൽനിന്നു വിളിച്ചത്. രണ്ടാമത്തെ കണ്ണിന് 15,300 രൂപയേ മെഡിസെപ്പിൽ അനുവദിക്കുകയുള്ളൂവെന്നും ബാക്കി തുക അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. ആദ്യകണ്ണിനു നടത്തിയപ്പോൾ അംഗീകരിച്ച ശസ്ത്രക്രിയാരീതി പിൻവലിച്ചെന്നും പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയയ്ക്കു മാത്രമേ തുക അനുവദിക്കുകയുള്ളൂവെന്നും ഇൻഷുറൻസ് കമ്പനി അറിയിച്ചെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇരിക്കട്ടെ രണ്ട് ഇൻഷുറൻസ്

‘ഞങ്ങളെ മെഡിസെപ്പിൽ നിന്ന് ഒഴിവാക്കിത്തരൂ’. സംസ്ഥാന സർവീസിലുള്ള മുൻ സൈനികർ പദ്ധതി ആരംഭിച്ചതു മുതൽ മുന്നോട്ടുവയ്ക്കുന്ന അപേക്ഷയാണിത്. വിരമിച്ച സൈനികർക്ക് എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) എന്ന വിപുലമായ ഇൻഷുറൻസ് പദ്ധതിയുണ്ട്. വിരമിക്കുമ്പോൾ ഒറ്റത്തവണ പ്രീമിയമായി നല്ലൊരു തുക ഇവരിൽനിന്ന് ഈടാക്കുന്നുണ്ട്. സൈനികർക്കും ആശ്രിതർക്കും മികച്ച ആശുപത്രികളിലെല്ലാം ഇതിന്റെ ആനുകൂല്യം ലഭിക്കും. ചികിത്സച്ചെലവിനു പരിധിയില്ല. ഇസിഎച്ച്എസ് ഉള്ളതിനാൽ മറ്റൊരു ഇൻഷുറൻസിന്റെ ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്. അനുമതി പത്രം വാങ്ങിയാണ് കമ്പനികളും സ്ഥാപനങ്ങളുമെല്ലാം സാധാരണ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുന്നത്. എന്നാൽ, മെഡിസെപ്പിൽ ചേരാതിരിക്കാനുള്ള ഓപ്ഷൻ സർക്കാർ നൽകിയില്ലെന്നു തുറമുഖ വകുപ്പിൽ ജോലി ചെയ്യുന്ന‍ മുൻ സൈനികൻ മലപ്പുറം ചുങ്കത്ത് അബ്ദുൽ മജീദ് പറയുന്നു. ശമ്പളത്തിൽനിന്നു മാസം 500 രൂപ പ്രീമിയമായി പിടിക്കുന്നതു മാത്രം മിച്ചം.

വിചിത്ര വ്യവസ്ഥകൾ, യുക്തിയില്ലാത്ത മാനദണ്ഡങ്ങൾ

∙ മെഡിസെപ് ഇൻഷുറൻസ് കാഷ്‌ലെസ് ആണെന്നാണു പറയുന്നത്. രോഗി ഡിസ്ചാർജ് ആയി 15 ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്ന് ആശുപത്രികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ ചില ആശുപത്രികൾ കാഷ്‌ലെസ് ചികിത്സ ഉപേക്ഷിച്ചു. ഡിസ്ചാർജ് ചെയ്യണമെങ്കിൽ ചെലവായ തുക രോഗി അടയ്ക്കണം, അല്ലെങ്കിൽ ബ്ലാങ്ക് ചെക്ക് നൽകണം. ഇൻഷുറൻസ് കമ്പനിയിൽനിന്നു പണം കിട്ടുമ്പോൾ രോഗിക്കു തുക തിരികെ നൽകും.

∙ പ്രസവം മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 2 പ്രസവത്തിനു മാത്രമേ മെഡിസെപ്പിൽ ഇൻഷുറൻസ് അനുവദിക്കുന്നുള്ളൂ. ആദ്യ 2 പ്രസവങ്ങളിലെ കുട്ടികൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മൂന്നാം പ്രസവത്തിന് ആനുകൂല്യം കിട്ടില്ല. എല്ലാ സ്വകാര്യ ഇൻഷുറൻസിലും ഇങ്ങനെയാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ, കരാറിൽ ഒപ്പിടുന്ന സമയത്ത് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് ആശുപത്രികൾ പറയുന്നു.

∙ നൂതനവും ലളിതവും രോഗികൾക്ക് എളുപ്പം രോഗമുക്തി ലഭിക്കുന്നതുമായ മൈക്രോ ഇൻസിഷൻ കാറ്ററാക്ട് സർജറി (എംഐസിഎസ്) എന്ന തിമിര ശസ്ത്രക്രിയയാണ് 99‌ ശതമാനം ആശുപത്രികളും ചെയ്തിരുന്നത്. 22,000 രൂപയായിരുന്നു നിരക്ക്. ഈ രീതിക്കു പകരം പരമ്പരാഗതരീതിയിലുള്ള ശസ്ത്രക്രിയ മതിയെന്നാണ് പുതിയ നിർദേശം. ഓരോ രോഗിയുടെയും മെഡിക്കൽ രേഖകൾ ഉൾ‌പ്പെടെ ആശുപത്രികൾ കാര്യകാരണ സഹിതം ബോധിപ്പിച്ചിട്ടും നിർദേശം പിൻവലിച്ചിട്ടില്ല. ഇൻഷുറൻസ് പാക്കേജ് നിരക്ക് 15,000 ആക്കി കുറയ്ക്കുകയും ചെയ്തു.

∙ അപകടത്തിൽ പരുക്കേറ്റ് രണ്ടു കാലിനും ചികിത്സ തേടിയാൽ ഒരു കാലിനു മുഴുവൻ തുകയും മറ്റേ കാലിന് 75 ശതമാനം വരെയുള്ള തുകയുമേ ഇൻഷുറൻസ് ലഭിക്കൂ. ഒരേസമയത്തുതന്നെ ചികിത്സ നടക്കുന്നതിനാൽ നടപടിക്രമങ്ങൾക്കുള്ള ചെലവ് കുറവാണെന്നാണു വാദം.

∙ റൂം, ശസ്ത്രക്രിയ, ഇംപ്ലാന്റ് എന്നിവയുടെ നിരക്കുകൾ വെവ്വേറെ ക്ലെയിം ചെയ്യാം എന്നാണ് ആശുപത്രികളെ അറിയിച്ചിരുന്നത്. ഇതെല്ലാം ഉൾപ്പെടുത്തിയതാണ് പാക്കേജ് എന്നു വിശദീകരിച്ച് ഇപ്പോൾ അവ നൽകുന്നില്ല.

∙ മെഡിസെപ്പുമായി ബന്ധപ്പെട്ട് ആശുപത്രികൾക്കു കൃത്യമായ പരിശീലനം നൽകുമെന്നു പറഞ്ഞിരുന്നു. ആകെ നൽകിയത് അര ദിവസത്തെ പരിശീലനം. എപ്പോൾ വിളിച്ചാലും ലഭ്യമാകുമെന്നു പറഞ്ഞിരുന്നെങ്കിലും ടെക്നിക്കൽ ടീമിനെ വൈകിട്ട് 5നു ശേഷമോ അവധി ദിനങ്ങളിലോ വിളിച്ചാൽ കിട്ടില്ലെന്നു പരാതി.

നാളെ: പരിഹാരമില്ലാതെ പരാതി പരിഹാരം

തയാറാക്കിയത്: അരുൺ എഴുത്തച്ഛൻ, ഷജിൽ കുമാർ, ഫിറോസ് അലി, കെ.പി.സഫീന, പിങ്കി ബേബി, സിജിത്ത് പയ്യന്നൂർ.
സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary : Writeup about medisep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com