ADVERTISEMENT

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുള്ള വാർത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്നു മുദ്രകുത്തിയാൽ സമൂഹമാധ്യമങ്ങളിൽനിന്ന് 72 മണിക്കൂറിനുള്ളിൽ നീക്കംചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഐടി ചട്ടഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നിന്ദ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ദുഷ്ചെയ്തിക്കു കർശന നടപടികളിലൂടെ അറുതിവരുത്തണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇപ്പോൾ‍ നിർദേശിച്ചിരിക്കുന്ന ചട്ടഭേദഗതി ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ലെന്നു തീർച്ച. അതുകെ‍ാണ്ടുതന്നെ കടുത്ത എതിർപ്പാണ് ഇക്കാര്യത്തിൽ ഉയരുന്നത്. 

അശ്ലീലം, ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കംചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം മൂന്നു ദിവസമാണ്. ഇത് 24 മണിക്കൂറായി ക്രമേണ കുറയ്ക്കുമെന്നും കേന്ദ്രം മുൻപു വ്യക്തമാക്കിയിരുന്നു. 2021ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ പട്ടികയിൽ ഉൾപ്പെടുത്തി. സർക്കാർ സംബന്ധമായ വാർത്തകളുടെ വസ്തുതാപരിശോധനയ്ക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗത്തെ വൈകാതെ പ്രത്യേക വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തും.  

വ്യാജമെന്നു മുദ്രകുത്തിയ ഉള്ളടക്കത്തിനെതിരെ ഇന്റർമീഡിയറി കമ്പനിക്കു പരാതി ലഭിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അതു നീക്കേണ്ടിവരുമെന്നതു ദൂരവ്യാപക പ്രശ്നങ്ങൾക്കു കാരണമായേക്കാം. വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താം, കേന്ദ്രത്തിനെതിരെയുള്ള വാർത്തകളും വിമർശനങ്ങളും നീക്കംചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം തുടങ്ങി ഇക്കാര്യത്തിൽ ഇതിനകമുയർന്ന ആശങ്കകൾ പലതാണ്.

സർക്കാർ വാർത്തകളിൽ സർക്കാരിന്റെതന്നെ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷമായ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യം അതീവഗൗരവമുള്ളതാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ അവ ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. എന്നാൽ, കേന്ദ്ര സർക്കാരിനുവേണ്ടി നിലകെ‍ാള്ളുന്ന പിഐബി ചെയ്യുന്നത് അതു മാത്രമാവുമോ? സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ആ ഒറ്റക്കാരണംകൊണ്ട് വ്യാജവാർത്തയായി ചാപ്പകുത്താമോ? എന്താണു പ്രസിദ്ധീകരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു സർക്കാരാണോ എന്നതാണ് അടിസ്ഥാന ചോദ്യം. 

ചട്ടഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) എന്നിവയടക്കം നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ കീഴ്പ്പെടുത്തി സമ്പൂർണാധികാരം പിഐബിക്കു നൽകുന്നതാണു നടപടിയെന്നു ചൂണ്ടിക്കാട്ടി, ഐടി ചട്ടഭേദഗതിയുടെ കരടു വ്യവസ്ഥയിൽ കഴിഞ്ഞ ജനുവരിയിൽതന്നെ എഡിറ്റേഴ്സ് ഗിൽഡ് ആശങ്ക അറിയിച്ചിരുന്നു. വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ, ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്നു സംഘടന ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. 

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ നിശ്ശബ്ദമാക്കാനാണെന്ന ആരോപണം ചട്ട ഭേദഗതിക്കെ‍ാപ്പം ചേർത്തുവയ്ക്കുന്നവരുണ്ട്. വിമർശനത്തോട് സർക്കാരിനുള്ള അസഹിഷ്ണുത ഫാക്ട് ചെക് എന്ന പേരിലുള്ള ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തിനു കാരണമാകുമെന്നാണ് ആശങ്ക. ഏതു വാർത്തയാണു വസ്തുതാപരമെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഫലത്തിൽ‍ സെൻസർഷിപ് ആയി മാറാം.

ജനാധിപത്യം അർഥവത്താകണമെങ്കിൽ മാധ്യമസ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടണമെന്നു സുപ്രീം കോടതി ഒട്ടേറെത്തവണ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മീഡിയവൺ കേസിൽ, ടിവി ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കാൻ തയാറാകാതിരുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നടപടി തെറ്റെന്നു വിധിച്ചപ്പോൾ സുപ്രീം കോടതി ഇങ്ങനെ വിലയിരുത്തി: ‘മാധ്യമങ്ങൾക്കുമേൽ അന്യായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകവഴി സർക്കാർ ചെയ്യുന്നതു തങ്ങൾക്കു താൽപര്യമുള്ള രീതിയിൽ‍മാത്രം ജനം ചിന്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ്’.

മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ സാമൂഹികദൗത്യത്തിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടാ. അതുകെ‍ാണ്ടുതന്നെ, ഇപ്പോഴത്തെ ചട്ടഭേദഗതി ജനാധിപത്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞുള്ള തിരുത്തൽനടപടിയാണു കേന്ദ്ര സർക്കാരിൽനിന്നുണ്ടാകേണ്ടത്. ജനാധിപത്യത്തോടൊപ്പം എന്നും സഹയാത്ര ചെയ്യേണ്ട അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ദുർബലമാക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ നീതിപീഠത്തിന്റെയും മാധ്യമസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെ തന്നെയും ജാഗ്രത ഉണ്ടാകുകയുംവേണം.

English Summary: Editorial about media freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com