ADVERTISEMENT

കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമായി ആശാപ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്കാരം ലഭിച്ചിട്ട് ഒരു വർഷംപോലുമായില്ല. ‘ലോകം അംഗീകരിക്കുമ്പോൾ തുച്ഛവേതനംപോലും കൃത്യമായി നൽകാതെയും മറ്റും കേരളം ഇവരെ അവഗണിക്കുന്നുവെന്നതു നിർഭാഗ്യകരമാണ്’ എന്ന് മലയാള മനോരമ ആ വേളയിൽ മുഖപ്രസംഗത്തിലെഴുതുകയുണ്ടായി. അപലപനീയമായ ആ അവഗണനയുടെ ഏറ്റവും കഠിനമായ തുടർ‌ച്ച അനുഭവിക്കുകയാണ് ഇപ്പോൾ നമ്മുടെ ആശാപ്രവർത്തകർ. 

സർക്കാരിന്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിലെത്തിക്കുന്ന ഇവരുടെ സേവനം 62–ാം വയസ്സിൽ ആനുകൂല്യങ്ങളൊന്നുമില്ലാതെ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് കേരളത്തിൽ കാൽലക്ഷത്തിലേറെയുള്ള ആശാപ്രവർത്തകരുടെ കുടുംബങ്ങളെ സങ്കടത്തിലാഴ്ത്തുന്നു. ഒരുതരത്തിലുള്ള സേവന–വേതന വ്യവസ്ഥയുമില്ലാതെ, തുച്ഛ വേതനത്തിനു സമൂഹത്തിന്റെ താഴെത്തട്ടിൽ വർഷങ്ങളോളം അക്ഷീണസേവനം നടത്തുന്നവരെ വെറുംകയ്യോടെ പറഞ്ഞുവിടാനുള്ള തീരുമാനം മനുഷ്യത്വരഹിതമാണ്. 

ഇന്ത്യയിലെ 10 ലക്ഷത്തോളം ആശാപ്രവർത്തകർക്കു കഴിഞ്ഞവർഷം ലോകത്തിന്റെ അംഗീകാരം ലഭിച്ചപ്പോൾ അതിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു. ‘ആശ’ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പദ്ധതിക്കു കീഴിൽ കേരളത്തിൽ ഇപ്പോൾ 26,539 പേരാണുള്ളത്– എല്ലാം വനിതകൾ. മുൻപു മഹിള സ്വാസ്ത്യ സംഘ് വൊളന്റിയറായിരുന്ന കാലമുൾപ്പെടെ കാൽനൂറ്റാണ്ടിലേറെയായി ഈ രംഗത്തുള്ളവരുണ്ട്. ഒരു മാനദണ്ഡവുമില്ലാതെ രാഷ്ട്രീയ നിയമനത്തിലൂടെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലെത്തി 2 വർഷം പൂർത്തിയാക്കുന്നവർക്കുപോലും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമ്പോഴാണ് പതിറ്റാണ്ടുകൾ തുച്ഛവേതനത്തിനു ജോലി ചെയ്ത വനിതകളെ ഒരു ആനുകൂല്യവും നൽകാതെ പറഞ്ഞുവിടുന്നത്. ഈ വാർത്ത ഇന്നലെ ‘മനോര മ’യിലൂടെ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർ‌ന്നുതുടങ്ങി.

സർക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതും ജനപങ്കാളിത്തം ഉറപ്പാക്കുന്നതും ആശാപ്രവർത്തകരിലൂടെയാണ്. കോവിഡ്കാലത്ത് വീടുകളിൽ കഴിഞ്ഞ രോഗികൾക്കു മരുന്ന് എത്തിച്ചതും അവരുടെ ആരോഗ്യ വിവരങ്ങളും റൂട്ട് മാപ്പുമെല്ലാം ശേഖരിച്ചതും നിശ്ശബ്ദ പോരാളികളായ ഇവർ വഴിയായിരുന്നു. ഇപ്പോൾ നടക്കുന്ന ജീവിതശൈലീരോഗ സർവേയടക്കം വിവിധ സർവേകൾ നടത്തുന്നതും ഇവരാണ്. സാന്ത്വന പരിചരണവും വീടുകളിലെ രോഗീപരിചരണവും ആശുപത്രിയിലെ സഹായ ഡ്യൂട്ടികളും മുതൽ വാർഡുതല അവലോകന യോഗങ്ങൾ നടത്തി ആരോഗ്യ റിപ്പോർട്ട് തയാറാക്കുന്നതുവരെ ഇവരുടെ ചുമതലകളിൽപ്പെടുന്നു. വീടുകൾ കയറിയിറങ്ങി ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏറെയാണ്.

സമർപ്പിതസേവനത്തിന്റെ ബാക്കിപത്രത്തിൽ അവഗണനയാണു ശേഷിക്കുക എന്നതു സങ്കടകരംതന്നെ. 2020ൽ ആശ പ്രവർത്തകരുടെ വിരമിക്കൽപ്രായം 65 ആയി നിശ്ചയിച്ച ബംഗാളിൽ അവർക്ക് 3 ലക്ഷം രൂപ ആശ്വാസധനം നൽകുന്നുണ്ട്. കേരളത്തിലും അത്തരം വിരമിക്കൽ ആനുകൂല്യങ്ങൾ വേണമെന്നു സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 6000 രൂപ ഓണറേറിയവും 2000 രൂപ കേന്ദ്ര ഇൻസെന്റീവും ഫീൽഡ് പ്രവർത്തനത്തിനുള്ള സംസ്ഥാന ഇൻസെന്റീവുമടക്കം ഇവർക്കുള്ള മാസവേതനം 9000 രൂപ തികയില്ലെന്നുകൂടി ഓർമിക്കാം. അതുതന്നെ കൃത്യമായി കിട്ടാറുമില്ല. 

ആശാപ്രവർത്തകരുടെ സേവനത്തെക്കുറിച്ചു പഠിച്ച സമിതിയുടെ കരടു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ഡയറക്ടർ തയാറാക്കിയ മാർഗനിർദേശം അംഗീകരിച്ചാണ് ഇവരുടെ വിരമിക്കൽ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ഇവർക്കു ലഭിച്ചുപോരുന്ന തുച്ഛവേതനം കാലത്തിനനുസരിച്ചു വർധിപ്പിക്കാനുള്ള നിർദേശം ആ മാർഗരേഖയിൽ ഇടംപിടിച്ചില്ല എന്നതും സങ്കടകരമാണ്. 

ധൂർത്തിന്റെയും പിൻവാതിൽനിയമനങ്ങളുടെയുമ‍ാക്കെ ആഘോഷങ്ങൾക്കിടയിൽ സർക്കാർ‌ ഈ നിരാലംബരുടെ സങ്കടം കാണാതെ പോകുന്നു. ലോകം അംഗീകരിച്ച ആശാപ്രവർത്തകർക്കു സംസ്ഥാന സർക്കാർ നൽകേണ്ടത് അവഗണനയും നിരാശയുമല്ലെന്നു തീർച്ച.

English Summary : Editorial about asha workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com