നമ്മളിൽ മിക്കവരും പലവിധ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ 1994ൽ ആണ് ആരംഭിച്ചത്. അടുത്ത വർഷം 30 വയസ്സാകും. പക്ഷേ, ആഘോഷം നേരത്തേ തുടങ്ങിയെന്നു വേണം വാട്‌സാപ്പിലും മെസഞ്ചറിലുമൊക്കെ വരുന്ന ഫോർവേഡുകൾ കണ്ടു മനസ്സിലാക്കാൻ. ആമസോണിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പലതരം സമ്മാനങ്ങൾ നമ്മളെ കാത്തിരിക്കുന്നുവെന്നാണു സന്ദേശം. അതുകിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം - മെസേജിലുള്ള ലിങ്ക് തുറക്കുക, അവിടെ കുറെ ചോദ്യങ്ങളുണ്ടാകും, ഉത്തരം നൽകുക, ശേഷം സന്ദേശം നിങ്ങളുടെ പത്തിരുപതു കൂട്ടുകാർക്കു ഫോർവേഡ് ചെയ്യുക, അപ്പോൾ തെളിഞ്ഞുവരുന്ന സമ്മാനപ്പെട്ടിയിൽ ഞെക്കിയാൽ സമ്മാനം എന്തെന്നറിയാം! സോ കൂൾ.
ഈ മെസേജ് കിട്ടിയാൽതന്നെ മിക്കവാറുംപേർക്കു കാര്യം മനസ്സിലാകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അഞ്ചാറു വർഷമായി ആമസോണിന്റെ പേരിൽ ഇത്തരം മെസേജ് വരാറുണ്ട്. മെസേജിലെ ലിങ്ക് തുറക്കുമ്പോൾ കിട്ടുന്ന വെബ്‌സൈറ്റിന് ആമസോണുമായി ഒരു ബന്ധവുമില്ല. ഏതോ അജ്ഞാത സൈറ്റ്. അവിടെ നിങ്ങൾ നൽകുന്ന വ്യക്തിവിവരങ്ങളെല്ലാം തട്ടിയെടുക്കപ്പെടുകയാണ്. മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കളെക്കൂടി അതിലേക്കു തള്ളിവിടാനാണു ശ്രമം. ഒടുവിലോ, സമ്മാനമൊന്നും കിട്ടുകയുമില്ല!
ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ അറിയിപ്പു മെസേജ് കിട്ടിയത് - ഞങ്ങളുടെ 30-ാം വാർഷികത്തോടനുബന്ധിച്ചു സമ്മാനം നൽകുമെന്നു കാണിച്ച് വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. അതിൽപോയി വ്യക്തിവിവരങ്ങൾ നൽകി വഞ്ചിതരാകരുത്! മുപ്പതാം വാർഷികം ഒരു സംഭവമാണെന്നു മനസ്സിലായല്ലോ; അമേരിക്കയിൽ തുടങ്ങിയ ആമസോൺ മുതൽ നമ്മുടെ ജ്വല്ലറി വരെ!

ഈ തട്ടിപ്പ് ഒരു പുതുമയേ അല്ല. ഉപഭോക്താക്കളുടെ വൻകടലിൽ, വിശ്വസനീയമായ കമ്പനികളുടേതെന്നു തോന്നിക്കുന്ന ലിങ്ക് ചൂണ്ടയായി ഇട്ട്, അതിൽ നമ്മളെക്കൊണ്ടു കൊത്തിച്ച്, യൂസർനെയിമുകളും പാസ്‌വേഡുകളും പോലെയുള്ള നമ്മുടെ പ്രധാന വ്യക്തിവിവരങ്ങൾ തട്ടിക്കുന്ന ഈ തന്ത്രം ഇന്റർനെറ്റ് വ്യാപകമായ കാലം മുതലേയുണ്ട് - ഫിഷിങ് (PHISHING) എന്നാണ് ഇതിനെ വിളിക്കുന്നതും. നമ്മുടെ യഥാർഥ മീൻപിടിത്തത്തിൽനിന്നു (fishing) തന്നെയാണ് ഈ വാക്കുണ്ടായത്. എന്തായാലും വാട്‌സാപ്പിലോ എസ്എംഎസിലോ ഫ്രീ സമ്മാനമെന്ന പേരിൽ എന്ത് ഓഫർ വന്നാലും സംശയത്തോടെ മാത്രം തുറക്കുക.
അന്തമില്ലാത്ത യന്ത്രഭാവനകൾ
നിർമിതബുദ്ധിയുടെ (AI) സഹായത്തോടെ യഥാർഥ ഫോട്ടോയെന്നു തോന്നുന്ന ചിത്രങ്ങൾ തയാറാക്കുന്ന സങ്കേതങ്ങളെക്കുറിച്ച് ഈ പംക്തിയിൽ കഴിഞ്ഞ ലക്കം എഴുതിയിരുന്നല്ലോ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിചാരണ ചെയ്യുന്നതിന്റെയും മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിന്റെയുമൊക്കെ AI ചിത്രങ്ങളും ഒപ്പം ചേർത്തിരുന്നു.
ഈ സാങ്കേതികവിദ്യയിൽ അനുദിനം ആളുകൾ പരീക്ഷണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച നമ്മുടെ നാട്ടിൽ ഏറ്റവുമധികം പ്രചരിച്ച ഇത്തരമൊരു ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. പ്രധാനമന്ത്രി മൈക്രോസ്‌കോപ്പിലൂടെ നോക്കുന്നതാണ് ചിത്രം. യഥാർഥചിത്രമെന്നു തെറ്റിദ്ധരിച്ച്, അദ്ദേഹം മൈക്രോസ്‌കോപ്പിലേക്കു നോക്കുന്ന രീതി ശരിയല്ലെന്നു വിമർശിച്ച് കേരളത്തിലെ പോലും പല പ്രമുഖരും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവച്ചു.

എന്നാൽ, മോദിയുടെ ഈ ചിത്രം മിഡ്‌ജേണി എന്ന AI ടൂൾ ഉപയോഗിച്ചു തയാറാക്കിയ അയഥാർഥ ചിത്രമാണെന്ന് അതുണ്ടാക്കിയ ഷാഹിദ് എന്ന ഡിജിറ്റൽ ക്രിയേറ്റർ വ്യക്തമാക്കിയിട്ടുള്ളതാണ്. sahixd എന്ന അദ്ദേഹത്തിന്റെ ഇൻസ്റ്റ പേജിൽ പോയാൽ ഇത്തരത്തിൽ തയാറാക്കിയ ഇഷ്ടംപോലെ ചിത്രങ്ങൾ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ എന്തുജോലി ചെയ്യുമായിരുന്നു എന്ന അന്വേഷണമാണ് മിഡ്‌ജേണി ടൂൾ ഉപയോഗിച്ച് ഇദ്ദേഹം നടത്തിയിട്ടുള്ളത്. ശാസ്ത്രജ്ഞൻ, സൈനികൻ അങ്ങനെ പല വേഷത്തിൽ മോദിയെ അവിടെ കാണാം. എല്ലാം യന്ത്രഭാവനയാണ്, മനുഷ്യൻ അൽപം ആശയങ്ങൾ കൊടുക്കുന്നു എന്നേയുള്ളൂ!
മിഡ്‌ജേണി ഉപയോഗിച്ചു ചിത്രങ്ങൾ തയാറാക്കുന്ന മലയാളിയാണ് ജോ ജോൺ മുള്ളൂർ. ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറുമൊക്കെ സെൽഫിയെടുക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം മിഡ്‌ജേണിയുടെ സഹായത്തോടെ തയാറാക്കിയത് വൈറലായിരുന്നു. ഇപ്പോൾ പുതിയ സെറ്റ് AI ചിത്രങ്ങളുമായി ജോ വന്നിട്ടുണ്ട്. ദുബായിലെ റമസാൻ ഫുട്‌സ്ട്രീറ്റിലേതെന്ന മട്ടിലുള്ള ആ ചിത്രങ്ങളിൽ മാർപാപ്പ മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെയുണ്ട്.
സംഗതി രസകരമാണ്; യന്ത്രവും മനുഷ്യനും ചേർന്നുള്ള അന്തമില്ലാത്ത ഭാവനയാണ്. പക്ഷേ, ഇതൊക്കെ യഥാർഥമെന്നു വിശ്വസിച്ചുപോകുന്ന ഒരു വിഭാഗം ആളുകളുണ്ടാകുമെന്നതാണ് ഭയപ്പെടുത്തുന്നത്. ആ ഭയമേറ്റുന്ന മട്ടിലുള്ള, ദുരന്തശേഷിയുള്ള അയഥാർഥ ചിത്രങ്ങൾ തയാറാക്കാൻ യന്ത്രത്തിനു കഴിയുമെന്നതും!

English Summary : Writeup about fake messages