ADVERTISEMENT

കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ റബറിന്റെ പാൽപ്പാടുകൾ പതിഞ്ഞത് 145 വർഷം മുൻപ്. ആ മുദ്രയ്ക്ക് പിന്നീടു കൂടുതൽ ഉറപ്പേകിയ, കരുത്തേകിയ റബർ നിയമവും റബർ ബോർഡ് എന്ന സ്ഥാപനവും രൂപീകരിച്ചിട്ട് ഇന്ന് 75 വർഷം പൂർത്തിയാകുന്നു. ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ 1947 ഏപ്രിൽ 18ന് ആണ് റബർ നിയമവും അതുവഴി റബർ ബോർഡും സ്ഥാപിച്ചത്.

വലിച്ചുവിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതാണ് റബർ. എന്നാൽ, വലിച്ചുവിട്ട റബർ ബാൻഡുപോലെ കുതിച്ച സ്ഥാപനമാണ് റബർ ബോർഡ്. നീതി ആയോഗിന്റെ ചില ഇടപെടലുകൾ ബോർഡിന്റെ നിലനിൽപിനു ഭീഷണിയാകുമെന്നു കരുതിയെങ്കിലും റീട്രെഡിങ് നടത്തിയ ടയർ പോലെ ബോർഡ് ഓട്ടം തുടരുകയാണ്.

യുദ്ധമാണ് റബർ വിലയുടെ കയറ്റിറക്കങ്ങൾക്ക് ആദ്യകാലത്ത് കാരണമായത്. എന്നാൽ, പിന്നീട് റബറിന്റെ വില രാജ്യത്ത് പല രാഷ്ട്രീയയുദ്ധങ്ങൾക്കും കാരണമായി. പാർലമെന്റിൽവരെ റബർ ഷീറ്റ് ഉയർത്തിയുള്ള പ്രതിഷേധങ്ങളുണ്ടായി.

റബറിന് പവന്റെ വില

ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ഒരു റാത്തൽ (454 ഗ്രാം) റബറിന് 12 രൂപ വരെ ലഭിച്ചു. അന്ന് ഒരു പവന് 12 രൂപ മതിയായിരുന്നു. യുദ്ധത്തിന് ആയുധങ്ങൾ എത്തിക്കാൻ റബർ ടയറുള്ള വാഹനങ്ങൾ ധാരാളം വേണ്ടിവന്നു. അതാണ് വിലയുയരാൻ കാരണമായത്. 1930ൽ ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ വില തീരെ താഴ്ന്നു. 1939ൽ രണ്ടാം ലോക യുദ്ധകാലത്ത് ടയർ ക്ഷാമം രൂക്ഷമായപ്പോൾ വില വീണ്ടും കൂടി. യുദ്ധവിജയത്തിനു വലിയ വാഹനങ്ങളും റബർ ടയറുകളുമെല്ലാം അനിവാര്യമാണെന്നു വന്നതോടെ തങ്ങളുടെ കോളനികളിലെല്ലാം ബ്രിട്ടൻ റബർക്കൃഷി പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. 1873ൽതന്നെ ഇന്ത്യയിലേക്ക് അവർ റബർക്കൃഷി കൊണ്ടുവന്നു. കൽക്കട്ട ബൊട്ടാണിക്കൽ ഗാർഡനിലെ കൃഷി പക്ഷേ ആദ്യകാലത്തു വിജയിച്ചില്ല. 1876ൽ ആമസോൺ മേഖലയിൽനിന്നു നല്ലയിനം റബർക്കുരു കടത്തിയ ബ്രിട്ടൻ, അതു മുളപ്പിച്ച് തൈകൾ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കുമെല്ലാം കൊണ്ടുവരികയായിരുന്നു. 

rubber-sheet

റബർ കേരളത്തിൽ

ആമസോൺ തീരത്തുനിന്ന് ഇംഗ്ലണ്ടിലെത്തിയ റബർച്ചെടി അവിടെനിന്നു ശ്രീലങ്ക വഴിയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് താമരശ്ശേരിയിൽ എസ്റ്റേറ്റ് നടത്തിയിരുന്ന ഫെർഗൂസൻ സായ്പാണ് 1878ൽ ശ്രീലങ്കയിൽനിന്നു തൈകൾ കൊണ്ടുവന്നത്. നിലമ്പൂരിലെ തേക്കുതോട്ടത്തിനു സമീപം അവ നട്ടു. എന്നാൽ റബർക്കൃഷി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചത് 1902ൽ ആണ്. ആലുവയിൽ പെരിയാർ തീരത്ത് യൂറോപ്യൻ പ്ലാന്റർമാരാണ് കൃഷി ചെയ്തത്. ജെ.ജെ മർഫി, ജെ.എ.ഹണ്ടർ, കെ.ജി.നിക്കോൾ എന്നീ വിദേശികൾ ചേർന്നു രൂപീകരിച്ച പെരിയാർ സിൻഡിക്കറ്റ് 500 ഏക്കറിലാണ് കൃഷി തുടങ്ങിയത്. കണ്ണൻദേവൻ ടീ എസ്റ്റേറ്റിൽ ഡിവിഷനൽ മാനേജരായിരുന്ന മർഫി ആ ജോലി രാജിവച്ചാണ് 1904ൽ 32-ാം വയസ്സിൽ, പൂഞ്ഞാർ വഞ്ചിപ്പുഴ രാജാക്കന്മാരിൽനിന്ന് ഏന്തയാറ്റിൽ സ്ഥലം പാട്ടത്തിനെടുത്ത് റബർത്തോട്ടം വച്ചുപിടിപ്പിച്ചത്. 1910 ആയപ്പോഴേക്കും ഏകദേശം 12000 ഏക്കറിലേക്കു തോട്ടം വളർത്തി ഏന്തയാർ എസ്റ്റേറ്റെന്നു പേരിട്ടു. രണ്ടാം ലോകയുദ്ധക്കാലത്ത് ഇവിടെനിന്ന് കട്ടികുറഞ്ഞ റബർ ഷീറ്റ് കയറ്റുമതിയിലൂടെ വൻലാഭവും നേടി. കാഞ്ഞിരപ്പള്ളി, മീനച്ചിൽ മേഖലയിൽ റബർക്കൃഷി വ്യാപിക്കാൻ ഇതെല്ലാം കാരണമായി. അയൽജില്ലകളിലേക്കും കൃഷി വ്യാപിച്ചു.

റബർ ബോർഡ്

റബർ ബോർഡിന്റെ സ്ഥാപനത്തിനു ശേഷം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും റബർ നിർണായക സ്വാധീനമായി. റബർക്കൃഷി അതിവേഗം കിഴക്കൻ മേഖലകളിലെല്ലാം വ്യാപിച്ചു. മുന്തിയ ഉൽപാദനശേഷിയുള്ള റബർത്തൈകളുടെ കണ്ടുപിടിത്തത്തോടെ ബാക്കി കൃഷികളെല്ലാം ഒഴിവാക്കി റബറിലേക്കു കേരളം തിരിഞ്ഞു. കുടിയേറ്റ മേഖലകളിലും റബർ പച്ചപ്പു വളർത്തി. ഇതോടൊപ്പം റബർ ഉൽപാദക സംഘങ്ങളുടെ രൂപീകരണവും ടാപ്പിങ് പരിശീലനവും റബർ ബോർഡ് ശക്തമാക്കിയതും മേഖലയ്ക്കു പ്രോത്സാഹനമായി.

റബറിന്റെ വിലക്കയറ്റവും വിലയിടിവും കേരളത്തിന്റെ രാഷ്ട്രീയ വിധിയെഴുത്തുകളെയും സ്വാധീനിക്കുന്ന രീതിയിൽ വളർന്നു. ഒരു കാലത്ത് രാജ്യാന്തര മാർക്കറ്റിൽ ലഭിച്ചിരുന്ന വിലയെക്കാൾ ഉയർന്ന വില റബറിനു കേരളത്തിൽ ലഭിച്ചു. എന്നാൽ, പലപ്പോഴും നിലത്തടിച്ച റബർ പന്തുപോലെ റബർവില ചാടിക്കളിക്കുന്നതും വിപണി കണ്ടു. 2011 ഏപ്രിൽ അഞ്ചിനാണ് റബറിനു റെക്കോർഡ് വില ലഭിച്ചത്, കിലോയ്ക്ക് 243 രൂപ. കഴിഞ്ഞ മാസങ്ങളിലാകട്ടെ വില 140-150 നിരക്കിൽ നിന്നു.

റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്

ദ് ഇന്ത്യൻ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ആർആർഐഐ) 105 എന്ന ഇനം വികസിപ്പിച്ചത് റബർ മേഖലയിലെ വിപ്ലവകരമായ നേട്ടമാണ്. പിന്നീട് വിവിധ ഇനങ്ങൾ വികസിപ്പിച്ചു. ജനിതകമാറ്റം വരുത്തിയ തൈകളും വികസിപ്പിച്ച് ശക്തമായ കുതിപ്പിലാണ് ആർആർഐഐ. അസമിലും ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൃഷിക്കു യോജിച്ച തൈകളാണ് ഈയിടെ വികസിപ്പിച്ചത്. ഇതിനു പേറ്റന്റും നേടിയിട്ടുണ്ട്. ഇന്ത്യയുടെ റബർക്കൃഷി മേഖലകളെക്കുറിച്ചുള്ള ജിയോ മാപ്പിങ്, മണ്ണിടിച്ചിലും മറ്റു ദുരന്തങ്ങളും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ വ്യക്തമാക്കുന്ന സോണേഷൻ മാപ്പ്, വളപ്രയോഗത്തെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്ന ആപ്പ് റബ്സിസ് (RUBSIS) എന്നിവയെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിനു ഖ്യാതി നേടിക്കൊടുത്തു. രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ ക്ലോൺ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. ആശയങ്ങൾ ഉൽപന്നങ്ങളാക്കി മാറ്റാൻ ഇവിടുത്തെ ഇൻകുബേഷൻ സെന്ററും അക്ഷീണം യത്നിക്കുന്നു.

റീച്ച് ലാബ്

മെയ്ക് ഇന്ത്യ പദ്ധതി പ്രകാരം വിദേശത്തേക്കു കയറ്റി അയയ്ക്കാൻ നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ലാബുകളാണ് റീച്ച് ലാബ്. ഇതും റബർ ബോർഡിന്റെ പദ്ധതിയാണ്. ലാറ്റക്സിലെ റബറിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്ന ഡിആർസി ലാബുകൾ വിലയിരുത്തി റബ‍‍ർ ബോ‍ർഡ് സർട്ടിഫിക്കറ്റുകൾ നൽകുന്നു. ഇവിടെയുള്ള ജീവനക്കാ‍ർക്കു പരിശീലനം നൽകുന്നതും ബോർഡാണ്. 

എം റൂബ്

റബർ ബോർഡിന്റെ ഇലക്ട്രോണിക് വിൽപന പ്ലാറ്റ്ഫോമാണ് എം റൂബ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കാർഷിക ഉൽപന്നത്തിന്  ഇലക്ട്രോണിക് വിൽപന പ്ലാറ്റ്ഫോം. ഉപയോക്താവിനു നേരിട്ടു റബർ നൽകാൻ കർഷകർക്ക് ഇതിലൂടെ സാധിക്കും. ഇതിനു പുറമേ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി റബർ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു പകരമായി വെർച്വൽ ട്രേഡ് ഫെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാർബൺ ക്രെഡിറ്റിനെ അടിസ്ഥാനമാക്കി വൊളന്ററി കാർബൺ മെക്കാനിസം നടപ്പാക്കാനുള്ള നീക്കങ്ങൾ റബർ ബോർഡ് തുടങ്ങി. ഇതിന്റെ പ്രയോജനവും റബർ കർഷകർക്കു ലഭിക്കും. സുസ്ഥിര കൃഷിക്കായുള്ള സർട്ടിഫിക്കേഷൻ ഏജൻസിയായി റബർ ബോർഡിനെ മാറ്റാനുള്ള ശ്രമവും ആരംഭിച്ചു. ഇതെല്ലാം പുതുതലമുറ കർഷകരെക്കൂടി രംഗത്തേക്കു കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമാണ്.

m-vasantha-geshan
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ

റബറിന്റെ ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷ മാത്രമാണുള്ളത്. അടുത്ത തലമുറയെക്കൂടി ഈ രംഗത്തു കൊണ്ടുവരാനുള്ള പദ്ധതികൾ ആലോചനയിലുണ്ട്.  ചുമതല ഏറ്റതേയുള്ളൂ. റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടെ കാണും

റബർ നിയമം

1942ൽ സർക്കാർ ഇന്ത്യൻ റബർ കൺട്രോൾ കമ്മിറ്റി രൂപീകരിച്ചു. ക്രമേണ അതു പ്രവർത്തനരഹിതമായി. സി.വി.രാമസ്വാമി അയ്യർ ചെയർമാനായും വി.കുര്യൻ ജോൺ  കമ്മിഷണറായും 1942ൽ റബർ പ്രൊഡക്‌ഷൻ ബോർഡ് നിലവിൽ വന്നു. തുടർന്നാണ്  1947ൽ റബർ നിയമം കൊണ്ടുവന്നത്. ഇതു നടപ്പാക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഇന്ത്യൻ റബർ ബോർഡും രൂപീകരിച്ചത്. 1954ൽ റബർ നിയമം ഭേദഗതി ചെയ്തു. ഇന്ത്യൻ റബർ ബോർഡ്  റബർ ബോർഡ് എന്നാക്കി. 

റബറിന്റെ ഭാവി

ഇന്ത്യയിൽ ആഭ്യന്തര വിപണിയിൽ അഞ്ചുലക്ഷം ടൺ സ്വാഭാവിക റബർ പ്രതിവർഷം വേണമെന്നു ബോർഡ് വ്യക്തമാക്കുന്നു. ഇതു റബറിന്റെ ശോഭനമായ ഭാവിയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ഉൽപാദനച്ചെലവും വിലയും തമ്മിൽ ഒത്തുപോകാത്തതിനാൽ കർഷകർ ഈ രംഗം വിടുകയാണ്. യുവകർഷകർ വരാനും മടിക്കുന്നു. ഇതിനു പരിഹാരം വേണം.  പദ്ധതികളുടെ ആലോചനയിലാണ് ബോർഡും അധികൃതരും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർക്കൃഷി ശക്തമാകുകയാണ്. യോജിച്ച കാലാവസ്ഥ, ധാരാളം കൃഷിയിടങ്ങൾ, വേതനക്കുറവ് തുടങ്ങിയവയെല്ലാം ഇതിനു വളമാകുന്നു.   സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിക്കൊപ്പം കേന്ദ്രംകൂടി ഒരു വിഹിതം ഇട്ടാൽ  റബർ മേഖല പുഷ്ടിപ്പെടും. താങ്ങുവില പ്രഖ്യാപനത്തിനും മനസ്സ് കാണിക്കണമെന്നാണ് കർഷകരുടെ അഭ്യർഥന.

‘കൌവ്ച്ചു’ എന്നാണ് റബർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ‘കരയുന്ന മരം’ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അർഥം. ജോസഫ് പ്രീസ്‌റ്റലി എന്ന ശാസ്‌ത്രജ്‌ഞനാണ് റബർ എന്നു പേരിട്ടത്. ഒന്നു മുറിപ്പെടുത്തുമ്പോൾ റബർ പാൽ ചുരത്തും. എന്നാൽ  റബർ കർഷകരുടെ ഹൃദയം മുറിപ്പെട്ടാൽ ചോരയാണ് പൊടിയുക. അതു പാടില്ല, പാൽപുഞ്ചിരി നിറയട്ടെ, റബർപാൽ പോലെ....

രാജ്യത്ത് റബർക്കൃഷി 8,26,660 ഹെക്ടറിൽ

റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം 2021 – 22ൽ ഇന്ത്യയിൽ കൃഷി 8,26,660 ഹെക്ടറിൽ.
ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് 7,18, 300 ഹെക്ടറിൽ. 1947ൽ രാജ്യത്തു റബർ കൃഷി 62,987 ഹെക്‌ടറിലായിരുന്നു.

∙ ഇന്ത്യയിലെ റബർ ഉൽപാദനം– 7,75,000 ടൺ (1947ൽ 14,681 ടൺ)
∙ശരാശരി ഉൽപാദനം ഹെക്ടർ ഒന്നിന്- 1472 കിലോ
∙ ഇന്ത്യയിൽ റബർഉൽപാദക സംഘങ്ങൾ- 2900

കേരളം
∙ രാജ്യത്ത് റബർക്കൃഷിയുടെ 85 ശതമാനവും കേരളത്തിൽ. കൃഷി 5,48,225 ഹെക്ടറിൽ
∙ ഉൽപാദനം– 6,48,22 ടൺ
∙ ഉപയോഗം– 1,34,000 ടൺ

അവലംബം: invest.kerala.gov.in (2017 – 18ലെ കണക്ക്)

English Summary: Writeup about rubber board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com