ADVERTISEMENT

ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിയെ തുടർന്ന് ബംഗാളിൽ നിന്ന് ആരംഭിച്ച തീർഥയാത്രയ്ക്കിടെ സ്വാമി വിവേകാനന്ദൻ 1892 ഡിസംബറിൽ കൊച്ചിയിൽ എത്തിയപ്പോഴാണ് അവിടെ ദിവ്യനായ ഒരു സ്വാമി താമസിക്കുന്ന വിവരം അറിയുന്നത്; ചട്ടമ്പി സ്വാമികളായിരുന്നു അത്. അദ്ദേഹം അതിഥിയായി താമസിച്ചിരുന്ന വീടിനു തെക്കുവശത്തെ മരച്ചുവട്ടിലായിരുന്നു ആ ആത്മീയ ഗുരുക്കൻമാരുടെ കൂടിക്കാഴ്ച. സംസ്കൃതത്തിൽ മണിക്കൂറുകൾ നീണ്ട സംവാദം. അതിനിടെ ചൂണ്ടുവിരലും പെരുവിരലും ചേർത്തുപിടിക്കുന്ന ചിന്മുദ്രയെക്കുറിച്ച് സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളോട് ആരാഞ്ഞു. 

പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഈ മുദ്രയെക്കുറിച്ച് ചട്ടമ്പി സ്വാമികൾ വിശദമാക്കിയത് ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു. 

ഒട്ടേറെപ്പേരോട് താൻ ചിന്മുദ്രയെക്കുറിച്ചു ചോദിച്ചിട്ടുണ്ടെങ്കിലും  തൃപ്തികരമായ വിശദീകരണം കിട്ടിയത് ചട്ടമ്പിസ്വാമികളിൽ നിന്നാണെന്നായിരുന്നു വിവേകാനന്ദന്റെ സാക്ഷ്യം. ‘മലബാറിൽ ഞാനൊരു മഹാനെ കണ്ടുമുട്ടി’ എന്ന് പിന്നീട് ഈ സമാഗമത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. 

ഏതു മഹാതത്വവും പണ്ഡിതനും പാമരനും മനസിലാകുന്ന രീതിയിൽ മഹാഗ്രന്ഥങ്ങളെ ഉദ്ധരിച്ചു തന്നെ സമർഥിക്കാൻ പോന്നതായിരുന്നു ‘വിദ്യാധിരാജൻ’ എന്നു പേരെടുത്ത ചട്ടമ്പി സ്വാമികളുടെ പാണ്ഡിത്യം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീകൾ നേരിട്ട അസമത്വവും അടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ സ്വാമികൾ കൈമുതലാക്കിയതും അറിവു തന്നെ. 

കാഷായമുടുക്കാതെയും ആശ്രമങ്ങളും പ്രസ്ഥാനങ്ങളും സ്ഥാപിക്കാതെയും ശിഷ്യ പരമ്പര സൃഷ്ടിക്കാതെയും അദ്ദേഹം കേരളീയ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വിപ്ലവ ചിന്തകൾ സൃഷ്ടിച്ചു .

‘ചട്ടമ്പി’ സ്വാമിയായതിങ്ങനെ

ക്ഷേത്ര പൂജാരിയായിരുന്ന  വാസുദേവ ശർമയുടെയും നങ്ങമ്മയുടെയും മകനായി 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരം കണ്ണമ്മൂലയിലായിരുന്നു  ജനനം. പേര് അയ്യപ്പൻ എന്നായിരുന്നെങ്കിലും എല്ലാവരും കുഞ്ഞൻ എന്നു വിളിച്ചു. ആദ്യകാല വിദ്യാഭ്യാസം കൊല്ലൂർമഠം പാഠശാലയിൽ.  പേട്ടയിൽ രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ പഠിക്കുന്ന കാലത്താണു കുഞ്ഞൻ ചട്ടമ്പിയായി മാറുന്നത്. കാര്യഗൗരവ ശേഷിയുള്ള കു‍ഞ്ഞന് മറ്റു കുട്ടികളെ നിയന്ത്രിച്ച് അച്ചടക്കം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമായി ആശാൻ നൽകിയ സ്ഥാനപ്പേരായിരുന്നു ‘ചട്ടമ്പി’.

‘ചട്ടത്തിനൊത്തു മറ്റുള്ളവരെ നയിക്കുന്നവൻ, ചട്ടംപിള്ള. ചട്ടംപിള്ള ചുരുങ്ങി ചട്ടമ്പിയായി. പുതിയ ഭാഷയിൽ ക്ലാസ് മോണിറ്റർ.  കാലം മാറുമ്പോൾ പേരും പൊരുളും മാറിമറിഞ്ഞു വരാം. സത്യത്തെ അറിയുന്നവൻ പേരിനും പൊരുളിനുമപ്പുറത്തു പ്രകാശിച്ചുനിൽക്കും. ചട്ടമ്പിസ്വാമികൾ സ്വയം ജ്യോതീരൂപം പൂണ്ടവനാണ്’– കവി പ്രഫ.വി.മധുസൂദനൻ നായർ ‘ചട്ടമ്പി’യുടെ പൊരുൾ വ്യക്തമാക്കുന്നതിങ്ങനെ. 

രാമൻപിള്ള ആശാനിൽ നിന്ന് സംഗീതത്തിലും അവഗാഹം നേടിയ കുഞ്ഞൻ തൈക്കാട്ട് അയ്യാവിൽ നിന്ന് ഹഠയോഗവും അഭ്യസിച്ചു. സുബ്ബജടാപാഠികൾ, സ്വാമിനാഥ ദേശികൻ എന്നിവരിൽ നിന്ന് തമിഴ്–സംസ്കൃത സാഹിത്യത്തിലും വേദാന്തത്തിലും അഗാധജ്ഞാനം നേടി. കാൽനടയായി രാജ്യത്തൊട്ടാകെ നടത്തിയ യാത്രകൾ  താപസതുല്യമായ മോക്ഷ മാർഗമാക്കി. ഇതിനിടെ ഇസ്‌ലാം, ക്രിസ്ത്യൻ മതസാര തത്വങ്ങളും ആഴത്തിൽ പഠിച്ചു. അവധൂതനായ സിദ്ധനിൽ നിന്നു ലഭിച്ച മന്ത്രോപദേശമാണ് വഴിത്തിരിവായത്. ജീവിതമാകെ കാരുണ്യ ദർശനവും സാത്വിക ഭാവവും മുഖമുദ്രയാക്കിയ ‘ചട്ടമ്പി’ സ്വാമികളായി  മാറുന്നതങ്ങനെയാണ്. 

ജീവിതഭാരവും  ആത്മീയയാത്രയും

ചെറുപ്പം മുതൽ ആത്മീയ ജീവിതത്തിന്റെ പാതയിലായിരിക്കുമ്പോഴും കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബഭാരം ചുമലിലേറ്റെടുക്കാനും മടിച്ചില്ല അദ്ദേഹം. ഏതു തൊഴിലെടുക്കാനും മടിയുമുണ്ടായില്ല. തിരുവനന്തപുരത്ത്സെക്രട്ടേറിയറ്റ് നിർമാണത്തിൽ ചുമട്ടു തൊഴിലാളിയായി അദ്ദേഹം ജോലി ചെയ്തിരുന്നതായി ചില ജീവചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു. പിന്നീട് സെക്രട്ടേറിയറ്റിലെ ക്ലറിക്കൽ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഒന്നാമനായി ജയിച്ച് ഉദ്യോഗസ്ഥ ജോലിയും നേടി.

എങ്കിലും ആത്മീയ യാത്രകൾക്കായി അത് ഉപേക്ഷിച്ചു. ഇതിനിടെ ആധാരമെഴുത്ത്, അഭിഭാഷക ഗുമസ്ത ജോലികളും ചെയ്തു. പിന്നീട് പൂർണമായും അറിവ് സമ്പാദനത്തിലും യാത്രകളിലും മുഴുകിയായി ജീവിതം. ആത്മീയതയിൽ അടിയുറച്ചായിരുന്നു നവോത്ഥാന ചിന്തകളുടെ വിപ്ലവം സൃഷ്ടിച്ചത്. 

വേദം കൊണ്ട് പ്രതിരോധം

മുന്നാക്ക ജാതിയിൽ ജനിച്ചു വളർന്ന ചട്ടമ്പി സ്വാമികൾ ജാതിവ്യവസ്ഥയിൽ അടിയുറച്ചിരുന്ന ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തത് അനുഭവങ്ങളും പഠനവും നൽകിയ തിരിച്ചറിവിൽ നിന്നായിരുന്നു. ‘അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

വേദം പഠിക്കാനും ഉരുവിടാനും ഉന്നതകുലജാതർക്കേ അവകാശമുള്ളൂ എന്ന വാദത്തെ  ചോദ്യം ചെയ്തതു  ബ്രാഹ്‌മണാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു.

 ദലിതനും സ്ത്രീക്കും വേദം പഠിക്കാമെന്ന് വേദത്തിലെ തെളിവുകൾ ചൂണ്ടിക്കാട്ടി  സമർഥിച്ചു.  തിരണ്ടുകുളി, കെട്ടുകല്യാണം തുടങ്ങിയ അനാവശ്യങ്ങളായ ആചാരങ്ങളും വിവാഹം, മരണം, ജനനം എന്നിവയോടനുബന്ധിച്ചുള്ള ചെലവേറിയ ചടങ്ങുകളും തിരസ്‌കരിക്കാൻ സ്വന്തം സമുദായത്തോട് തന്നെ ആഹ്വാനം ചെയ്‌തു.

‘ജാതിഭേദങ്ങളുടെ അപകർഷതയിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ശ്രമിച്ച മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികൾ. പ്രവൃത്തിയും ഗുണവുമാണു മനുഷ്യന്റെ യഥാർഥ ജാതി നിർണയിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു’– ചരിത്രകാരനായ ഡോ.എം.ജി.ശശിഭൂഷൺ ചൂണ്ടിക്കാട്ടുന്നു. 

സ്വാമിയുടെ പാണ്ഡിത്യത്തിലും ചിന്തകളിലും പിറന്ന വ്യത്യസ്തമായ വിഷയങ്ങളിലെ ഗ്രന്ഥങ്ങളും ഉജ്വലങ്ങളായിരുന്നു. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു തെളിയിക്കുന്ന ‘സർവമതസാമരസ്യം’ ആയിരുന്നു ആദ്യത്തെ കൃതി. വേദാധികാര നിരൂപണം, പ്രാചീന മലയാളം, ആദിഭാഷ, അദ്വൈത ചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം, അപൂർവ ചികിത്സാവിധി തുടങ്ങിയവയാണു പ്രധാന രചനകൾ. ക്രിസ്തുമത നിരൂപണ ഗ്രന്ഥങ്ങളും എഴുതി. 

സ്വാമികളും ഗുരുവും 

ചട്ടമ്പി സ്വാമികളെക്കാൾ 3 വയസിന് ഇളപ്പമായിരുന്നു ശ്രീനാരായണ ഗുരുവിന്. സതീർഥ്യരായി  ആത്മീയതയുടെ രണ്ട് വഴികളിലൂടെ ഒരേ ദിശയിലേക്ക് സഞ്ചരിച്ച ഇരുവരും 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കു വഴികാട്ടികളായി.  

‘ഇരുവരും തമ്മിലുളള ബന്ധം രണ്ടു ബ്രഹ്മനിഷ്ഠൻമാർ തമ്മിലുള്ള ആത്മ സൗഹൃദവും ആത്മ സാഹോദര്യവുമായിരുന്നു.  തിരുവനന്തപുരത്ത് പെരുനെല്ലി കൃഷ്ണൻ വൈദ്യരുടെ വീട്ടിലായിരുന്നു  ആദ്യ കൂടിക്കാഴ്ച. അന്നവർ ഗുരുവും സ്വാമിയുമായിട്ടില്ല. കുഞ്ഞൻ എന്ന ചട്ടമ്പി സ്വാമി തൈക്കാട് അയ്യാവ് എന്ന സിദ്ധനിൽ നിന്ന് യോഗവിദ്യ പരിശീലിക്കുന്ന കാലമായിരുന്നു അത്. നാണു സ്വാമിയെയും (ശ്രീനാരായണ ഗുരു) യോഗാഭ്യാസനത്തിനായി  തൈക്കാട് അയ്യാവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമാണ്. 

പിന്നീട് ഒരുമിച്ചായി പഠനം’–  ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടുന്നു. 

ചട്ടമ്പി സ്വാമികൾ 70–ാം വയസിൽ സമാധിയായപ്പോൾ 8 വരി സംസ്കൃത ശ്ലോകം കൊണ്ടാണ് ശ്രീനാരായണ ഗുരു അന്ത്യാഞ്ജലി അർപ്പിച്ചത്. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു– ശ്രീനാരായണഗുരു ആ ശ്ലോകത്തിൽ ചട്ടമ്പി സ്വാമികളെ വിശേഷിപ്പിച്ചത് ഇങ്ങനെയൊക്കെയായിരുന്നു. പരസ്പര ആദരവിന്റെ ഉദാത്തമാതൃക  കൂടിയാണ് ഇവരുടെ ബന്ധത്തിൽ കേരളം ദർശിച്ചത്. 

English Summary : Writeup about Chattampi Swamikal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com