ADVERTISEMENT

ഇന്നു സിവിൽ സർവീസ് ദിനമാണ്. 1947ൽ ദില്ലിയിലെ മെറ്റ്കാഫ് ഹൗസിൽ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ ഐഎഎസ് ട്രെയ്നികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ ഓർമപുതുക്കൽ. അതുകൊണ്ടുതന്നെ ഇന്ന് ‘സിവിൽ സർവീസ് ഡേ’ ആഘോഷിക്കുമ്പോൾ ഓർമിക്കേണ്ടതും പട്ടേലിനെയാണ്. 

പക്ഷേ, പട്ടേലിനും ജവാഹർലാൽ നെഹ്റുവിനും നായക-പ്രതിനായക വേഷങ്ങൾ നൽകി ആധുനിക ഇന്ത്യയുടെ ‘നിർമിതചരിത്രം’ ശൂന്യതയിൽനിന്നു കെട്ടിപ്പടുക്കുന്ന സത്യാനന്തരകാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയാകേണ്ടിയിരുന്നത് പട്ടേലായിരുന്നെന്നും നെഹ്റു ആ സ്ഥാനം തട്ടിയെടുക്കുകയായിരുന്നെന്നുമുള്ള ഒട്ടേറെ വ്യാഖ്യാനങ്ങൾ ഇന്നു മുഴങ്ങിക്കേൾക്കുന്നുണ്ട്. പക്ഷേ, എന്താണു ശരിക്കും സംഭവിച്ചത്?  

കോൺഗ്രസിലെ ഭൂരിപക്ഷം പിസിസികളും പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചത് പട്ടേലിന്റെ പേരാണെന്നും ഗാന്ധിജി ഇടപെട്ടതുകൊണ്ട്  നെഹ്റുവിനുവേണ്ടി പട്ടേൽ വഴിമാറിക്കൊടുത്തു എന്നുമാണ് പ്രചരിപ്പിക്കപ്പെടുന്ന കഥ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അങ്ങനെയൊരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. പിസിസികൾ പേരു നിർദേശിച്ചത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കാണ്. കോൺഗ്രസ് അധ്യക്ഷനെ സാധാരണ ഒരു വർഷത്തേക്കാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ഭൂരിപക്ഷം നേതാക്കളും ജയിലിലായതിനാൽ 1940-1946 കാലഘട്ടത്തിൽ മൗലാനാ അബുൽ കലാം ആസാദ് തുടരുകയായിരുന്നു. 

യുദ്ധം കഴിഞ്ഞശേഷം, 1946 ഏപ്രിലിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടി ആരംഭിച്ചത്. ആസാദിനും കൃപലാനിക്കും മത്സരിക്കണമെന്നുണ്ടായിരുന്നു. ഗാന്ധിജിയുടെ മനസ്സിലാണെങ്കിൽ നെഹ്റുവും. 1946 ഏപ്രിൽ 20ന് ആസാദിനയച്ച കത്തിൽ അദ്ദേഹം തന്റെ മുൻഗണന സൂചിപ്പിക്കുന്നുണ്ട്. അതോടെ ഇരുവരും പിന്മാറി. ഏപ്രിൽ 25നു കോൺഗ്രസ് യുദ്ധകാലകമ്മിറ്റി യോഗം ചേരുമ്പോഴേക്കും 12 പിസിസികൾ പട്ടേലിന്റെ പേരു നിർദേശിച്ചിരുന്നു. നെഹ്റുവിന്റെ പേര് ആരും നിർദേശിച്ചില്ല. ഒടുവിൽ, ഗാന്ധിജിയുടെ മനസ്സറിഞ്ഞ കൃപലാനി  നെഹ്റുവിന്റെ പേരു നിർദേശിക്കുകയും പ്രവർത്തകസമിതിയിലെ പട്ടേൽ അടക്കമുള്ള അംഗങ്ങൾ അതിൽ ഒപ്പിടുകയും ചെയ്തു. 

കോൺഗ്രസ് പ്രവർത്തകസമിതി നെഹ്റുവിനെ അധ്യക്ഷനായി അംഗീകരിച്ചശേഷം ജൂലൈ ആദ്യവാരം അദ്ദേഹം ചുമതല ഏറ്റെടുത്തു. ഇടക്കാല സർക്കാരിന്റെ തലവനാകാൻ ജൂലൈ 22നു വൈസ്രോയി വേവൽ പ്രഭു കോൺഗ്രസ് അധ്യക്ഷനെ ക്ഷണിക്കുകയും നെഹ്റു ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇതാണ് യഥാർഥത്തിൽ സംഭവിച്ചത്. അല്ലാതെ ‘പട്ടേൽ-നെഹ്റു’ ബലാബലത്തിൽ, നെഹ്റുവിനെ പിസിസികൾ പരാജയപ്പെടുത്തിയതല്ല.  

എന്തുകൊണ്ടാണ് പിസിസികൾ നെഹ്റുവിന്റെ പേരു പരിഗണിക്കാതിരുന്നത് എന്നതിനുള്ള കൃത്യമായ ഉത്തരം അന്നത്തെ മധ്യപ്രദേശ് പിസിസി അധ്യക്ഷനും പട്ടേലിന്റെ ഉറ്റ അനുയായിയുമായ ഡി.പി.മിശ്ര ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. പിസിസികൾ നിർദേശിച്ചത് ‘കോൺഗ്രസ് അധ്യക്ഷനെ’യാണ്, പ്രധാനമന്ത്രിയെ അല്ല. നെഹ്റു മൂന്നുതവണ അധ്യക്ഷനായിരുന്നു; പട്ടേൽ ഒരിക്കൽ  മാത്രവും-1931ൽ. മാത്രമല്ല, ക്വിറ്റ് ഇന്ത്യ സമരകാലത്തെ പട്ടേലിന്റെ അനുപമമായ സംഘാടനത്തിനും ഫണ്ട് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനും ഉള്ള അംഗീകാരം കൂടിയായിരുന്നു അത്. അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് ഗാന്ധിജി ഒരുപാട് മുൻപു പ്രഖ്യാപിച്ചതുപോലെ  നെഹ്റു ആയിരിക്കും എന്ന് എല്ലാ പിസിസികൾക്കും അറിയാമായിരുന്നു.    

സ്വതന്ത്രഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി നെഹ്റു ആയിരിക്കണമെന്ന് ഗാന്ധിജി തീരുമാനിച്ചുറപ്പിച്ചതിനു പിന്നിലും വ്യക്തമായ കാരണങ്ങൾ  ഉണ്ടായിരുന്നു. ഒന്നാമതായി, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മാത്രമല്ല, ആഗോളതലത്തിൽതന്നെ ഏറ്റവും സ്വീകാര്യനും ജനപ്രിയനുമായ നേതാവ് നെഹ്റു ആയിരുന്നു. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലും കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിലും  ഒരുപോലെ സ്വീകാര്യൻ. 1937ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകൻ. നെഹ്റുവിനെപ്പോലെ ജനപ്രിയനായിരുന്നില്ല പട്ടേൽ. ഹിന്ദു-മുസ്‍ലിം വർഗീയത ആസുരരൂപം പൂണ്ടുനിന്ന കാലത്ത്, ബഹുസ്വര മതനിരപേക്ഷ ദേശരാഷ്ട്രത്തിന് ഏറ്റവും അനുയോജ്യനായ പ്രധാനമന്ത്രി മതനിരപേക്ഷ പ്രതിഛായയുള്ള നെഹ്റുവായിരിക്കും എന്നു ഗാന്ധിജി കരുതി.  

രണ്ടാമതായി, ഹാരോയിലും കേംബ്രിജിലും പഠിച്ച, ആഗോളവേദികളിൽ കോൺഗ്രസിന്റെ പ്രതിനിധിയായിരുന്ന നെഹ്റുവിനു ബ്രിട്ടിഷുകാരുമായി അനായാസമായി ചർച്ച നടത്താൻ കഴിയുമെന്നതും ഗാന്ധിജി കണക്കിലെടുത്തു.  

മൂന്നാമതായി, പരിഗണിച്ചത് നെഹ്റുവിന്റെ പ്രായമായിരുന്നു. 71 വയസ്സുള്ള, ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പട്ടേലിനെക്കാൾ 57 വയസ്സുള്ള നെഹ്റുവിനു കൂടുതൽകാലം പുതിയ ഇന്ത്യയെ നയിക്കാൻ കഴിയുമെന്നു ഗാന്ധിജി വീക്ഷിച്ചു. ഈ വസ്തുതകളെല്ലാം പട്ടേൽ അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് എതിർസ്വരങ്ങൾ  ഇല്ലാതെ നെഹ്റു പ്രധാനമന്ത്രിയായത്. 1948ൽ നെഹ്റുവിന്റെ പിറന്നാൾ ദിവസം പട്ടേൽ എഴുതിയത് ‘നെഹ്റുവിനെ പിൻഗാമിയാക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം പൂർണമായും ശരിയായിരുന്നു’ എന്നാണ്. 

ഹൈദരാബാദിനെ ഇന്ത്യയിൽ ലയിപ്പിച്ച വീരനായകനായി പട്ടേൽ ആഘോഷിക്കപ്പെട്ട കാലത്ത്, ബോംബെയിൽ നടന്ന പരിപാടിയിൽ പട്ടേലും നെഹ്റുവും പങ്കെടുത്തപ്പോൾ അവർക്കു മുന്നിൽ മുപ്പതുലക്ഷത്തോളം വരുന്ന ആർത്തിരമ്പുന്ന ജനക്കൂട്ടമുണ്ടായിരുന്നു. അമ്പരന്നുപോയ, അമേരിക്കൻ പത്രപ്രവർത്തകനായ വിൻസന്റ് ഷിയാനോട് പട്ടേൽ ശാന്തനായി പറഞ്ഞത്, ‘അവർ വന്നത് ജവാഹറിനെ കാണാനാണ്, എന്നെ കാണാനല്ല’ എന്നായിരുന്നു. തന്റെ കഴിവുകളും പരിമിതികളും പട്ടേലിനോളം മനസ്സിലാക്കിയ മറ്റാരും ഉണ്ടായിരുന്നില്ല. എല്ലാ വിയോജിപ്പുകൾക്കും അപ്പുറം ബഹുസ്വരഇന്ത്യയ്ക്ക് അടിത്തറയിടാനുള്ള ‘ജവാഹറിന്റെ’ ശ്രമങ്ങളെ അദ്ദേഹം സർവാത്മനാ പിന്തുണച്ചു; ആരോഗ്യം പൂർണമായും ക്ഷയിക്കും വരെ. 

അതുകൊണ്ടുതന്നെ, പട്ടേലിനെ മുൻനിർത്തിയുള്ള വിവാദങ്ങളിൽ സത്യത്തിന്റെ ഒരംശം പോലുമില്ല. ഒരുവശത്ത് പട്ടേലിന്റെ പൈതൃകം ‘ഹൈജാക്ക് ചെയ്യുകയും, മറുവശത്ത് കോൺഗ്രസ് മുക്തഭാരതം ആഗ്രഹിക്കുകയും ചെയ്യുന്നവർ മറന്നുപോകുന്ന കാര്യമുണ്ട്. മരണം വരെ പട്ടേലിന്റെ ‘അടിസ്ഥാനസ്വത്വം’ അച്ചടക്കമുള്ള ‘കോൺഗ്രസുകാരൻ’ എന്നതു മാത്രം ആയിരുന്നെന്ന പരമസത്യം. നിർമിതചരിത്രത്തിനു  മായ്ക്കാനാവാത്തത്ര തെളിമയുള്ള സത്യം.

English Summary: National Civil Service Day and Facts About Sardar Vallabhbhai Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com