ADVERTISEMENT

നമ്മുടെ വിദ്യാഭ്യാസത്തിലെ ആദിപാപം കോപ്പിയടിയാണ്. ആ സാങ്കേതികവിദ്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നു വിളിക്കാനുള്ള സാക്ഷരത അന്നില്ല.

വസ്ത്രത്തിലും വസ്ത്രാക്ഷേപത്തിലും കോപ്പിയടിക്കുന്നവരെ പിടിക്കാൻ മിടുക്കുള്ള അപസർപ്പക അധ്യാപകർ എന്നുമുണ്ട്. കോപ്പിയടിക്കു പിടിക്കപ്പെട്ട ചില പാവങ്ങൾ ജീവനൊടുക്കുകപോലും ചെയ്തു.

ഇനിയിപ്പോൾ അതൊന്നും വേണ്ട. 10,000 രൂപയിൽ തീരാവുന്നതേയുള്ളൂ. കോപ്പിയടിക്കു നൽകാവുന്ന പരമാവധി ശിക്ഷ 10,000 രൂപ പിഴയാണെന്നു തീരുമാനിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണു തീരുമാനിച്ചത് എന്നതിനാൽ ഈ പതിനായിരത്തിനു കരുത്തുറ്റ ശാസ്ത്രീയ അടിത്തറയുണ്ടാകുമെന്ന് അപ്പുക്കുട്ടന് ഉറപ്പാണ്.

ഇറ്റലിക്കാരനായ പ്രഫസറുടെ പ്രബന്ധം അപ്പാടെ കോപ്പിയടിച്ച ഗവേഷകന് 10,000 രൂപ പിഴ ശിക്ഷ നൽകാനാണ് കഴിഞ്ഞയാഴ്ച കൊച്ചി സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനിച്ചത്. അതും വൈസ് ചാൻസലറുടെ മഹനീയാധ്യക്ഷതയിൽ.

കോപ്പിയടിക്കാരനു കർശന താക്കീതു നൽകാനും തീരുമാനമുണ്ട്. അതു കണ്ണു പൊട്ടിപ്പോകുന്നത്ര കർശനമായിരിക്കും.

അത് ഏതാണ്ട് ഇപ്രകാരമായിരിക്കാനിടയുണ്ട്:

എടോ ഗവേഷകപ്പെരുങ്കള്ളാ,

ഭാവിയിൽ കോപ്പിയടിക്കുമ്പോൾ ഒരിക്കലും പദാനുപദം കോപ്പിയടിച്ചുപോകരുത്. ചില ഭാഗങ്ങൾ, ചില കഷണങ്ങൾ അഥവാ തുണ്ടുകൾ മാത്രമേ കോപ്പിയടിക്കാവൂ എന്ന് ഇതുവരെ ഗവേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാതെപോയ താങ്കളെ സിൻഡിക്കറ്റ്‌‌യോഗം പിരിയുംവരെ പ്രതീകാത്മകമായി തൂക്കിക്കൊല്ലാൻ തീരുമാനിച്ചിരിക്കുന്നു (ഒപ്പ്)

താക്കീതു കേട്ട് ഗവേഷകൻ ഞെട്ടും. ചിലപ്പോൾ പ്രബന്ധത്തിനുമേൽ മൂത്രമൊഴിച്ചു പോയെന്നു വരും. ഇനിയൊരിക്കലും ഇറ്റാലിയൻ പ്രബന്ധങ്ങൾ മോഷ്ടിക്കില്ലെന്ന് നിറകണ്ണുകളോടെ പ്രതിജ്ഞയെടുക്കും

ഇറ്റലിക്കപ്പുറവും ഇപ്പുറവുമായി രാജ്യങ്ങൾ വേറെ എത്ര കിടക്കുന്നു!

10,000 എന്ന താങ്ങുപിഴ മറ്റു സർവകലാശാലകൾകൂടി അംഗീകരിക്കുന്നതോടെ കുട്ടികൾക്ക് ആശ്വാസമാകും.

പരീക്ഷാ ഹാളിൽ പാഠപുസ്തകം അപ്പാടെ കോപ്പിയടിച്ചാലും പരമാവധി പതിനായിരമേയുള്ളൂ ശിക്ഷ. ഗവേഷകരുടെയത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുട്ടികൾക്കില്ല എന്ന സത്യം അംഗീകരിച്ചാൽ പിഴ അയ്യായിരത്തിനപ്പുറം പോകാനിടയില്ല. അക്ഷരംപ്രതിക്കു പകരം തുണ്ടുതുണ്ടായ കോപ്പിയാണെങ്കിൽ ശിക്ഷ പിന്നെയും കുറയും.

ചിലപ്പോൾ അതികർശനമായ താക്കീതുകൂടിയുണ്ടാകും. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും സൗമ്യമായി, വന്ദേഭാരത് സ്പീഡിൽ അതങ്ങു കടന്നുപോകും.

വരൂ പിള്ളേരേ,

ചരിത്രപ്രധാനമായ ഈ കോപ്പിയടി തീരുമാനം ഓരോ ഇറ്റാലിയൻ പീത്‌സ കഴിച്ച് നമുക്ക് ആഘോഷിക്കാം.

ഒറിജിനൽ പീത്‌സ കിട്ടിയില്ലെങ്കിൽ കോപ്പിയായാലും മതിയല്ലോ.

English Summary: Tharangangalil panachi column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com