ADVERTISEMENT

കൊച്ചി ∙ മകൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഫിനിഷ് ചെയ്തപ്പോൾ ആശങ്കയുടെ കടലിൽനിന്ന് ആശ്വാസതീരമണയുകയായിരുന്നു ഉദയംപേരൂർ കണ്ടനാട് സുരഭി നഗറിലെ വസതിയിൽ ലഫ്.കമാൻഡർ വി.സി.ടോമിയും ഭാര്യ വത്സമ്മയും.

‘ആശ്വാസമായി. ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നതല്ല, അവൻ സുരക്ഷിതനായി എത്തിയല്ലോ. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പലതും’–വത്സമ്മയുടെ വാക്കുകൾ. ‘അഭിലാഷ് ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്തെന്നതാണു വലിയ കാര്യം. ഇതുവരെ ഒരു ഏഷ്യക്കാരനും സാധിക്കാതിരുന്ന നേട്ടം. അതവന്റെ ചിരകാല സ്വപ്നമായിരുന്നു. ഏറെ സന്തോഷം’– അഭിമാനത്തോടെ ലഫ്. കമാൻഡർ ടോമിയുടെ പ്രതികരണം.

കഴിഞ്ഞ സെപ്‌റ്റംബർ 4നു ഫ്രാൻസിൽനിന്നു പുറപ്പെടും മുൻപു വിളിച്ചതാണ്. പിന്നീടിതുവരെ മകനുമായി സംസാരിച്ചിട്ടില്ല മാതാപിതാക്കൾ. ദിവസവും നാലു മണിക്കൂർ കൂടുമ്പോൾ റേസിന്റെ പുരോഗതിയറിയാൻ വെബ്സൈറ്റ് നോക്കും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ ലഫ്.കമാൻഡർ ടോമി. രാത്രി 9.30 കഴിഞ്ഞാൽ അടുത്ത അറിയിപ്പ് 1.30നാണ്. അലാം വച്ച് ഉണർന്ന് അതു നോക്കും. പിന്നീട് ആ സമയമാകുമ്പോൾ താനേ എഴുന്നേറ്റുതുടങ്ങി. ഇനി എത്ര ദൂരമുണ്ട്, ഇപ്പോൾ എത്ര വേഗമുണ്ട് എന്നത്തേക്കു തീരമണയും തുടങ്ങിയ കാര്യങ്ങളിലായിരുന്നു വത്സമ്മയ്ക്ക് അപ്പോഴും താൽപര്യം.

മകൻ വീട്ടിലെത്തുന്നത് എപ്പോഴെന്ന് അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്. ഫിനിഷിങ് കഴിഞ്ഞ നിലയ്ക്കു ഫ്രാൻസിൽതന്നെ ഒരുപാടു പരിപാടികൾ കാണും. ആലപ്പുഴയിൽ നെഹ്റു ട്രോഫിയെന്നപോലെ അവിടെ വലിയ ഉത്സവമാണിത്–കുട്ടനാട്ടിലെ നെടുമുടി ചേന്നങ്കരി സ്വദേശിയായ ടോമി പറയുന്നു. സമ്മാനവിതരണച്ചടങ്ങ് ജൂൺ അവസാനത്തിലേ ഉള്ളൂ എന്നതിനാൽ അഭിലാഷ് നാട്ടിൽ വന്നു തിരികെപോകുമെന്നാണു കരുതുന്നത്. ഓസ്ട്രേലിയയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇളയമകൻ അനീഷ് ടോമി ജ്യേഷ്ഠനെ സ്വീകരിക്കാൻ നേരത്തേതന്നെ ഫ്രാൻസിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആകെ മാനസിക സംഘർഷത്തിലായിരുന്നു ടോമിയും വത്സമ്മയും. ആലോചനകൾ കാരണം ഉറങ്ങാൻ സാധിച്ചിരുന്നില്ല. അപകടസാധ്യത കൂടിയതും വൻ തോതിൽ കപ്പൽ ഗതാഗതമുള്ളതുമായ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിലൂടെയായിരുന്നു അഭിലാഷിന്റെ ഈ ദിവസങ്ങളിലെ സഞ്ചാരം. രാത്രിയിൽ പലപ്പോഴും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും കപ്പലുകൾ വരുന്നതു കാണാനാകുന്നില്ലെന്നും സൈറൺ കേട്ടാണു കപ്പൽ സമീപത്തെത്തിയെന്നു മനസ്സിലാക്കുന്നതെന്നും അഭിലാഷ് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ വത്സമ്മയ്ക്കും മനോവിഷമമായി. തലചുറ്റലും മറ്റുമായി കിടപ്പിലായിരുന്നു.

കുട്ടനാട്ടുകാരനായ പിതാവിന്റെ മകനായത് അഭിലാഷിന്റെ സാഹസികതയ്ക്കും കാരണമായിട്ടുണ്ടാകില്ലേ എന്നു ചോദിച്ചപ്പോൾ ടോമി പറഞ്ഞു, ഞാനൊരു കഠിനാധ്വാനിയാണ്. അതു ചിലപ്പോൾ അഭിലാഷിനെ സ്വാധീനിച്ചിരിക്കാം. ചെറുപ്പം മുതലേ അഭിലാഷിനു വഞ്ചിതുഴച്ചിലും മറ്റും വലിയ ഇഷ്ടമായിരുന്നു. ടോമി നാവിക സേനയിൽ കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാലത്ത് കഠാരിബാഗിലായിരുന്നു താമസം. അന്ന് അഭിലാഷിന് ഏഴു വയസ്സ്. സമയം കിട്ടുമ്പോഴെല്ലാം അവൻ സെയിലിങ് ക്ലബ്ബിലേക്കോടും. അവിടത്തെ മാനേജർക്കും താൽപര്യമായിരുന്നു. അതായിരുന്നു തുടക്കം.

അവനു വിശ്വാസമുണ്ടായിരുന്നു ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യാൻ പറ്റുമെന്ന്. അവന്റെ ആത്മവിശ്വാസത്തിൽ എനിക്കും വിശ്വാസമുണ്ടായിരുന്നു. ഇപ്പോഴത്തെ പായ്‌വഞ്ചി ‘ബയാനത്’ ഉപയോഗിച്ചു റേസിനു തയാറെടുക്കാൻ അഭിലാഷിന് അധികം സമയം ലഭിച്ചില്ല. റേസിനു മുൻപു 2000 നോട്ടിക്കൽ മൈൽ ഓടിച്ചു ട്രയൽ നടത്തണം. അതു ചെയ്യാൻ 45 ദിവസം ലഭിച്ചു. അതു മാത്രമായിരുന്നു ഈ പായ്‌ഞ്ചിയിലെ പരിചയം. എന്നിട്ടും ഫിനിഷ് ചെയ്യാൻ സാധിച്ചതു വലിയ നേട്ടം.

എത്രാം സ്ഥാനത്താണു ഫിനിഷ് എന്നതു കുറച്ചുദിവസത്തേക്കു മാത്രം ആളുകൾ ശ്രദ്ധിക്കുന്ന കാര്യം. റേസ് പൂർത്തിയാക്കുന്നതാണു വലിയ നേട്ടം. അതെപ്പോഴും ഓർമിക്കപ്പെടും–ടോമി പറയുന്നു.

അഭിലാഷ് ടോമി ഉടൻ നാട്ടിലേക്ക് 

എത്രയും വേഗം നാട്ടിലേക്കു മടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു. ഭാര്യ ഉർമിമാലയും മക്കളായ വേദാന്ത്, അഭ്രനീൽ എന്നിവരും ഗോവയിലെ വീട്ടിലാണുള്ളത്. എത്രയും വേഗം അവരുടെ അരികിലെത്താനാണ് ആഗ്രഹിക്കുന്നത്. അതിനു ശേഷം കേരളത്തിലെത്തി മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും കാണണം. അഭിലാഷിന്റെ ഇളസഹോദരൻ ഓസ്ട്രേലിയയിൽ ഐടി എൻജിനീയറായ അനീഷ് ടോമിയും കുടുംബവും ലെ സാബ്‌ലെ ദെലോനിൽ എത്തിയിരുന്നു. അഭിലാഷിന്റെ സ്പോൺസർമാരായ ബയാനത് ഗ്രൂപ്പും ഏതാനും സുഹൃത്തുക്കളും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തി. ഫിനിഷ് ചെയ്യാൻ അവശേഷിക്കുന്ന ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ കൂടി തീരത്തെത്തിയതിനു ശേഷം ജൂണിലാവും സമ്മാനവിതരണച്ചടങ്ങ്. അപ്പോൾ വീണ്ടും ഫ്രാൻസിലേക്കു പോകുമെന്നും അഭിലാഷ് പറഞ്ഞു. 

English Summary : Parents says about Golden globe winner Abhilash Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com