ADVERTISEMENT

അത്രമേലാഴമുള്ളെ‍ാരു വിലാപത്തിന്റെ പേരാണിപ്പോൾ താനൂർ. പൂരപ്പുഴയിലെ ബോട്ട് ദുരന്തത്തിൽ കുഞ്ഞുങ്ങൾക്കടക്കമുണ്ടായ ജീവഹാനി കേരളത്തിന്റെ മുഴുവൻ ദുഃഖമായിത്തീരുന്നു. ജലസഞ്ചാരത്തോടൊപ്പം സഹയാത്ര ചെയ്യേണ്ടതാണു സുരക്ഷിതത്വവും എന്ന അടിസ്‌ഥാനപാഠം ബന്ധപ്പെട്ടവർ മറന്നതുതന്നെയാണ് ഈ ദുരന്തത്തിന്റെയും മുഖ്യകാരണം. നിരുത്തരവാദിത്തവും അശ്രദ്ധയും ലാഭക്കെ‍ാതിയുമെ‍ാക്കെച്ചേർന്നാണ് ആ ബോട്ട് പുഴയിൽ മുക്കി ഒട്ടേറെ കുടുംബങ്ങളെ, തീരാദുഃഖത്തിലാഴ്‌ത്തിയത്. 

ഒരു തരത്തിലുള്ള സുരക്ഷയും പാലിക്കാതെ ഈ ബോട്ട് പുഴയിലോടിച്ച് കീശ നിറച്ചവർമുതൽ ഇതിനു നിർബാധം സവാരി നടത്താൻ അനുമതി നൽകിയ അധികൃതർവരെ ദുരന്തത്തിന് ഉത്തരവാദികളല്ലേ? മീൻപിടിത്ത ഫൈബർ വള്ളം രൂപമാറ്റം വരുത്തിയ ബോട്ടാണു താനൂരിൽ അപകടത്തിൽപ്പെട്ടതെന്ന അതീവഗൗരവമേറിയ ആരോപണം ഉയർന്നിട്ടുണ്ട്. രൂപമാറ്റം നടത്തിയതു ലൈസൻസില്ലാത്ത യാഡിലാണെന്നതും അന്വേഷണത്തിനു വിഷയമാക്കേണ്ടതാണ്. 

കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബോട്ടുകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉത്തരവാദപ്പെട്ടവർ അതു കണക്കിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പരമാവധി 10 പേർക്കു കയറാവുന്ന മീൻപിടിത്ത ഫൈബർവള്ളം രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കി അവതരിപ്പിച്ചപ്പോൾ അതിൽ നാൽപതിലേറെപ്പേരെ കയറ്റുന്നത് അപകടത്തിനുള്ള ക്ഷണപത്രംതന്നെയായെന്നതിൽ സംശയമില്ല. യാത്രക്കാരെ ലൈഫ് ജാക്കറ്റ് അണിയിക്കാതിരുന്നത് ജീവനഷ്ടം വർധിപ്പിക്കുകയും ചെയ്തു. 

ബോട്ടുകളിൽ കയറ്റാവുന്നതിലേറെ യാത്രക്കാരെ കൊണ്ടുപോകുന്നതിനെതിരെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും രോഷാകുലരായ സംഭവങ്ങൾ മലപ്പുറത്തിന്റെ തീരമേഖലയിൽ പുതുമ‌യല്ല. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ആളുകളെ കുത്തിക്കയറ്റുന്നതിനെതിരെ രണ്ടാഴ്ച മുൻപു പരിസരവാസികൾ ശബ്ദമുയർത്തിയിരുന്നു.

അനധികൃത സർവീസ് തടയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്നു പൊലീസ് രംഗത്തെത്തിയിട്ടും ഫലമുണ്ടായില്ലെന്നതു ഗൗരവമായി കാണേണ്ടതാണ്. ബോട്ട് സർവീസുകൾ നടത്തുന്നവർക്കു പണവും സ്വാധീനവുമുള്ളതിനാൽ പ്രതിഷേധമൊന്നും ഗൗനിക്കാറില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. 

സമീപവർഷങ്ങളിലുണ്ടായ ചില വലിയ ദുരന്തങ്ങൾ ബോട്ടപകടങ്ങളിലായിരുന്നു. ബോട്ടുകളിൽ മതിയായ സുരക്ഷാസന്നാഹമില്ലാതിരുന്നതു മരണസംഖ്യ കൂടാൻ കാരണമാകുകയും ചെയ്‌തു. താനൂർ അപകടത്തിലും ജുഡീഷ്യൽ അടക്കം വിവിധ തലത്തിലുള്ള അന്വേഷണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതൊക്കെ നമ്മുടെ വരുംകാല സുരക്ഷാനടപടികളിൽ എത്രത്തോളം പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്. ജലാശയങ്ങളിലെ കൂട്ടമരണങ്ങൾ നമുക്ക് ഇനിയെങ്കിലും പാഠമാകാത്തത് എന്തുകെ‍ാണ്ടാണ്? 

മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലന അപകടം (1924) മുതൽ ഇതുവരെ പതിനഞ്ചോളം വൻ ബോട്ടപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും കൊച്ചി കണ്ണമാലി (1980 – മരണം 30), കുമരകം (2002 – മരണം 29), തട്ടേക്കാട് (2007 – മരണം 18), തേക്കടി ( 2009 – മരണം 45) എന്നീ അപകടങ്ങളിലാണ് ഇതിനുമുൻപു ജുഡീഷ്യൽ അന്വേഷണം നടന്നിട്ടുള്ളത്. സുരക്ഷാചട്ടങ്ങൾ പാലിച്ചിരുന്നെങ്കിൽ ഈ ദുരന്തങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു എന്നാണു കമ്മിഷനുകളുടെ കണ്ടെത്തൽ. കുമരകം അപകടം അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷനും തട്ടേക്കാട് കമ്മിഷനായിരുന്ന ജസ്‌റ്റിസ് എം.എം. പരീതുപിള്ളയും തേക്കടി കമ്മിഷനായിരുന്ന ജസ്‌റ്റിസ് ഇ.മൈതീൻ കുഞ്ഞും മുന്നോട്ടുവച്ച നിർദേശങ്ങളിൽ എത്രയെണ്ണം നടപ്പായെന്നു ജനം അറിയേണ്ടതല്ലേ? 

ബോട്ടുകളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ സംവിധാനം ഉണ്ടാകണമെന്നും യാത്രക്കാർക്കു ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണമെന്നും അധികം യാത്രക്കാരെ കയറ്റുന്ന ബോട്ടുകൾക്കെതിരെ നടപടി വേണമെന്നുമൊക്കെയുള്ള ശുപാർശകൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ജലയാത്രാസുരക്ഷയ്‌ക്കു സമഗ്രനിയമം കൊണ്ടുവരാൻ കാത്തിരിക്കാതെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നു തട്ടേക്കാട് ദുരന്തത്തെത്തുടർന്നും വിനോദസഞ്ചാര മേഖലകളിൽ ബോട്ടുയാത്ര സുരക്ഷിതമാക്കുമെന്നു കുമരകം, തേക്കടി ദുരന്തങ്ങളെത്തുടർന്നും ബന്ധപ്പെട്ട മന്ത്രിമാർ നൽകിയ ഉറപ്പുകളും ജലരേഖയായി. 

ഓരോ ദുരന്തത്തെത്തുടർന്നും ഉണ്ടാകുന്ന പ്രഖ്യാപനങ്ങളും ഉറപ്പുകളും വീണ്ടും ഓർമിക്കാൻ അടുത്ത ദുരന്തംവരെ കാത്തിരിക്കാനാണോ കേരളത്തിന്റെ വിധി?

English Summary : Editorial about Tanur Boat Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com