ADVERTISEMENT

കലാപം ആളിപ്പടർന്ന മണിപ്പുരിൽ സ്ഥിതി ഏറക്കുറെ നിയന്ത്രണവിധേയമായതു രാജ്യത്തിനാകെ ആശ്വാസം പകരുന്നു. എങ്കിലും, താൽക്കാലിക ശമനത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കുമെ‍ാക്കെയപ്പുറത്ത് നീറിപ്പുകയുന്ന വിഷയത്തിൽ ശാശ്വത പരിഹാരമാണ് ആ വടക്കുകിഴക്കൻ സംസ്ഥാനം ഉള്ളുരുകി തേടുന്നത്.  

ചേരിതിരിഞ്ഞുള്ള പോരിനാണ് മണിപ്പുർ കഴിഞ്ഞ ദിവസങ്ങളിൽ‌ സാക്ഷിയായത്. കുകി, നാഗ എന്നിവയടക്കം മുപ്പതിലേറെ ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ്കളും തമ്മിലാണു മണിപ്പുരിലെ സംഘർഷം. ജനസംഖ്യയുടെ 64 % വരുന്ന മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. മലനിരകളിലെ ജില്ലകളിൽ ഗോത്ര വിഭാഗക്കാർ ഏറെയുള്ളപ്പോൾ താഴ്‌വാര ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. 

തങ്ങൾക്കു 10% സ്ഥലം മാത്രമാണുള്ളതെന്നും ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നുമാണ് മെയ്തെയ് വിഭാഗത്തിന്റെ വാദം. തങ്ങൾക്കും പട്ടികവർഗ പദവി വേണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിഷയം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കൾക്കുകൂടി ആ പദവി ലഭിച്ചാൽ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ തങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും മലനിരകളിലെ ഭൂമി മെയ്തെയ്കൾ കയ്യേറുമെന്നും ഗോത്ര വിഭാഗങ്ങൾ ആശങ്കപ്പെടുന്നു. അത്യന്തം വൈകാരികമായ ഈ സാഹചര്യത്തിലാണു കലാപത്തീ കത്തിത്തുടങ്ങിയത്.

ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടർന്നതോടെ, സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കുഴപ്പങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തുന്ന ഭരണഘടനയുടെ 355–ാം വകുപ്പു പ്രകാരമാണ് സുരക്ഷാച്ചുമതല കേന്ദ്രം ഏറ്റെടുത്തത്. സംഘർഷ സാധ്യത മുൻകൂട്ടിക്കണ്ട് കരുതൽനടപടികളെടുക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ലെന്നാണു പരാതി. കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറയുന്നു. 231 പേർക്കു പരുക്കേറ്റുവെന്നും 1700 വീടുകൾ അഗ്നിക്കിരയായെന്നുമാണ് ഒൗദ്യോഗിക കണക്ക്. മരണങ്ങളിലടക്കം യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നതിൽ സംശയമില്ല. ഇതിനിടെ, ഒട്ടേറെപ്പേർ അയൽസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്തിട്ടുമുണ്ട്.

ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ആരാധനാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്. ഗോത്രവിഭാഗക്കാരുടെ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതായി ക്രൈസ്തവ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ‌ക്രൈസ്തവർക്കുനേരെ നടക്കുന്ന അതിക്രമം ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പറയുമ്പോൾ അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ കലാപങ്ങൾക്ക് അറുതിവരുത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ശാശ്വതമായ സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണസംവിധാനത്തെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണമെന്നുമാണ് ആവശ്യം.

ക്രൈസ്തവ സമൂഹം അത്യധികം ഭയാശങ്കകളോടെയാണ് മണിപ്പുരിലെ ആക്രമണങ്ങളെ കാണുന്നതെന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സജീവ ശ്രദ്ധയിലെത്തേണ്ടതുണ്ട്. വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടിവന്നവരെ പുനരധിവസിപ്പിക്കാനും ആരാധനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുമുണ്ട്.

ലോകത്തെവിടെയും നിലനിൽപിനായി നിരന്തരം പൊരുതേണ്ടിവരുന്നവരാണ് ഗോത്രവിഭാഗങ്ങൾ. ജനസംഖ്യയിൽ അവർ ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ എന്നതല്ല അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള മാനദണ്ഡമെന്നും നാം ഓർക്കേണ്ടതുണ്ട്. മണിപ്പുരിലെ സംഘർഷം ഇല്ലാതാക്കാനും ജനജീവിതം സുഗമമാക്കാനും ആ സുന്ദരദേശത്ത് ശാശ്വത സമാധാനം പുലരാനും സംസ്ഥാന–കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിച്ചേതീരൂ.

English Summary : Editorial about Manipur communal riot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com