ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം ഒരു റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ നടന്ന പ്രധാനപ്പെട്ട ചടങ്ങ് അവസാനിച്ചയുടനെയാണ് ഈ ലേഖകൻ അവിടെ വണ്ടിയിറങ്ങിയത്. തറയിലെ ചുവപ്പു പരവതാനി മാറ്റിയിട്ടില്ല. അലങ്കാരങ്ങൾ അഴിച്ചിട്ടില്ല. നടന്നുപോകുമ്പോൾ ഒരു കട്ടിക്കടലാസ് കഷണം കാലിൽ തട്ടി. ഞാൻ കുനിഞ്ഞ് അതെടുത്തു. അതിൽ ഇംഗ്ലിഷിലെഴുതിയിരുന്നത് ‘വിവിഐപികൾ മാത്രം’ എന്നായിരുന്നു – ‘വളരെ വളരെ പ്രധാനപ്പെട്ട വ്യക്തികൾ മാത്രം.’ മുന്നോട്ടു നടന്നപ്പോൾ അടുത്ത കടലാസ് കഷണം കണ്ടു: ‘വിഐപികൾ മാത്രം.’ ഞാനാലോചിച്ചു: ഒരുപക്ഷേ, വെറും മുപ്പതു മിനിറ്റു മുൻപുവരെ ഈ കടലാസുതുണ്ടുകൾ എത്ര വിലപ്പെട്ടതായിരുന്നു! അവയിൽ തൊടാൻ ശ്രമിച്ചാൽപോലും അതു കുറ്റകൃത്യമാകുമായിരുന്നു.

വിഐപി എന്നു നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വ്യക്തികളെ ഉൾക്കൊള്ളുന്ന സമൂഹമാണ് നമ്മുടേത്. എന്താണ് ആ പദത്തിന്റെ നിയമപരമായ ഉള്ളുകള്ളി എന്നറിയാൻ കൗതുകം തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ്, ഒരു സാധാരണ പൗരനായ എന്റെ കൗതുകംതന്നെ സുപ്രീം കോടതിക്കുമുണ്ടായി എന്നു കണ്ടുപിടിച്ചത്. ജഡ്ജിമാരായ ജി.എസ്.സിംഗ്‌വി, രഞ്ജനാ പ്രകാശ് ദേശായ്, കുര്യൻ ജോസഫ് എന്നിവർ 2013ൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു: ‘വിഐപി, വിവിഐപി എന്നീ പ്രയോഗങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അവയ്ക്കുള്ള സ്ഥാനത്തെപ്പറ്റിയും ഞങ്ങളെ ബോധവൽക്കരിക്കുക.’ ഇതോടൊപ്പം അവർ, വിഐപി സംസ്കാരം സാധാരണ പൗരജീവിതത്തിൽ കടന്നുകയറ്റം നടത്തുന്ന  ഒരു രീതികൂടി പരാമർശിച്ചു: ‘തോക്കു പിടിച്ച സുരക്ഷാ സൈനികർ‍ റസ്റ്ററന്റുകളിലും ഷോപ്പിങ് മാളുകളിലും പൊതു ചടങ്ങുകളിലും വിഐപികൾക്കൊപ്പം കടന്നുവരുന്നത് അനഭിലഷണീയമാണ്. സാധാരണ പൗരരെ പേടിപ്പിക്കുകയാണ് അതു ചെയ്യുന്നത്.’ പിന്നീടെന്തുണ്ടായി എന്നറിയില്ല.

എന്നാൽ, ജഡ്ജിമാർ ആവശ്യപ്പെട്ടതിനു കൃത്യമായ മറുപടിയെന്നപോലെയാണ് 2014ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിവരാവകാശ ചോദ്യത്തിനു നൽകിയ ഉത്തരം: ‘വിഐപി എന്ന പദം ഒൗദ്യോഗിക പദാവലിയുടെ ഭാഗമല്ല. ഒരു വ്യക്തിക്കു സുരക്ഷ നൽകാനായി അയാളെ വിഐപി എന്നോ വിഐപി അല്ലാത്തവരെന്നോ വേർതിരിക്കാൻ ഒരു നടപടിക്രമവുമില്ല.’ അതായത്, ഒരു വ്യക്തിക്കു നൽകുന്ന സുരക്ഷ അയാളെ വിഐപി ആക്കുന്നില്ല. ആ സുരക്ഷയുടെ പരിഗണനകൾ എന്താണെന്നും ഈ ഉത്തരം വിശദീകരിക്കുന്നുണ്ട്.

അന്വേഷണം തുടർന്നപ്പോഴാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ 2017ലെ ഈ പ്രസ്താവന കണ്ടത്. ഒൗദ്യോഗിക വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകൾ വിലക്കിയതിനോടനുബന്ധിച്ചാണ് അദ്ദേഹം പറഞ്ഞത്:‘സർ‍ക്കാരിന്റെ സുചിന്തിതമായ അഭിപ്രായമിതാണ്. വാഹനങ്ങളിലെ ബീക്കണുകൾ വിഐപി സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്. അവയ്ക്കു ജനാധിപത്യ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല, പ്രസക്തിയുമില്ല.’

വീണ്ടും മുന്നോട്ടുപോയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വിഐപി സംസ്കാരത്തെപ്പറ്റി നിലപാടു വ്യക്തമാക്കിയിട്ടുണ്ട് എന്നു മനസ്സിലായത്. ബീക്കണുകൾ നീക്കം ചെയ്യാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു: ‘ബീക്കണുകൾ മാത്രം പോയാൽ പോരാ, വ്യവസ്ഥിതിയിൽ കടന്നുകൂടിയിരിക്കുന്ന വിഐപി സംസ്കാരംതന്നെ ജനങ്ങളുടെ മനസ്സിൽനിന്നു പോകണം. പുതിയ ഇന്ത്യ വിഐപികളെക്കുറിച്ചല്ല, ഇപിഐകളെക്കുറിച്ചാണ്. അതായത്, എവരി പഴ്സൻ ഈസ് ഇംപോർട്ടന്റ്. ഓരോ ഇന്ത്യക്കാരും ‘സ്പെഷൽ’ ആണ്.’

ഇതെല്ലാമായിട്ടും ഈ അദ്ഭുതനാമധേയം സർവവ്യാപിയായിരിക്കുന്നതിന്റെ രഹസ്യം ആർക്കറിയാം? വിഐപികൾക്കുപോലും അറിയാമോ ആവോ? കേന്ദ്ര, സംസ്ഥാന സർക്കാരുകൾതന്നെ വിഐപി പദാവലി യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. യാതൊരു ഒൗദ്യോഗിക സ്വഭാവവുമില്ലാത്ത സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽപോലും ഈ അടയാളപ്പെടുത്തൽ സാധാരണമാണ്. വിഐപികൾ ഇല്ലാത്ത ഒരിന്ത്യയെ സങ്കൽപിക്കാനാവുമോ? ദൈവങ്ങൾപോലും വിഐപികൾക്കു പ്രത്യേക പരിഗണന നൽകിയേ തീരൂ. എങ്ങനെ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഒരു പൗരൻ മറ്റൊരു പൗരനെക്കാൾ പ്രധാനപ്പെട്ടവനാകും? മറ്റു പൗരന്മാരെക്കാൾ കൂടുതൽ പ്രധാനപ്പെട്ട ഒൗദ്യോഗിക ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന വ്യക്തികളുണ്ടാവും. അത് അവർക്കു  കൂടുതൽ പ്രാധാന്യം നൽകുന്നു എന്നുതന്നെ വയ്ക്കുക. എന്നാൽ, സാധാരണ പൗരരെ തരംതാഴ്ത്തുന്ന, അവർക്ക് അയിത്തം കൽപിക്കുന്ന ഒരു പ്രഖ്യാപനമായി ആ പ്രാധാന്യത്തെ എഴുതിവയ്ക്കേണ്ടതുണ്ടോ? പണ്ട് സവർണരുടെ കൺവെട്ടത്തുനിന്ന് അവർണരെ ആട്ടിയകറ്റിയിരുന്നതും ഇതും തമ്മിൽ എന്തു വ്യത്യാസം? 

താൻ സാധാരണ പൗരനല്ല, മറ്റുള്ളവരിൽനിന്നും വിശിഷ്ടനാണ് എന്നു തെളിയിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. പക്ഷേ, അതു തെളിയിക്കേണ്ടതു പദവിയിലൂടെയും അടയാളപ്പെടുത്തലുകളിലൂടെയുമല്ല, പ്രവൃത്തിയിലൂടെയാണ്. ഏതായാലും ഭരണഘടനയുടെ ആമുഖത്തിലെ മൂന്നാം വാഗ്ദാനം ഇനിയും നിലനിൽക്കുന്നുണ്ട്: ‘എല്ലാ പൗരർക്കും പദവിയിലും അവസരത്തിലും സമത്വം ഉറപ്പാക്കുന്നു.’ എത്ര മനോഹരമാണ് ആ വാഗ്ദാനം. 

‘വളരെ പ്രധാനപ്പെട്ട’, ‘വളരെ വളരെ പ്രധാനപ്പെട്ട’ എന്നീ നാമധേയങ്ങൾ എന്നെന്നേക്കുമായി എടുക്കപ്പെട്ടുകഴിഞ്ഞു എന്നിരിക്കെ, ‘വളരെ വളരെ, വളരെ പ്രധാനപ്പെട്ട’ എന്നൊരു പദവി സൃഷ്ടിച്ചാലോ? അതിനെ ഈ രാഷ്ട്രത്തിലെ ദരിദ്രരും വിദ്യാരഹിതരും നിരാലംബരുമായ ലക്ഷക്കണക്കിനു പൗരർക്ക്, അതിന്റെ മുഖവിലയ്ക്കെങ്കിലും, സമർപ്പിക്കാം – അതും എടുക്കപ്പെടും മുൻപ്.

English Summary: Pen drive column about VIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com