ADVERTISEMENT

രാവിലെ ഈ കോളം വായിച്ചു കഴിയുമ്പോഴേക്ക് കർണാടകയിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു തുടങ്ങിയിട്ടുണ്ടാകും. സമൂഹമാധ്യമങ്ങൾ നിലവിൽവന്ന ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലുമെന്നപോലെ വ്യാജവാർത്തകളുടെയും കള്ളപ്രചാരണങ്ങളുടെയും കുത്തൊഴുക്ക് ഇത്തവണ കർണാടകയിലുമുണ്ടായി. ഭരണകക്ഷിയായ ബിജെപി അവരുടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുന്നതിനു മുൻപേ ബിജെപി സ്ഥാനാർഥിപ്പട്ടിക എന്ന പേരിൽ ഒരു ലിസ്റ്റ് പ്രചരിക്കാൻ തുടങ്ങി. ‘ഇതു കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്ഥാനാർഥികൾ ഇതല്ല’ എന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കുതന്നെ വ്യക്തമാക്കേണ്ടി വന്നു!

പ്രചാരണം ചൂടുപിടിച്ചു തുടങ്ങുമ്പോഴാണ്, ബിബിസിയുടെ പ്രീ പോൾ സർവേ പുറത്തുവന്നത്. 130 – 142 സീറ്റുമായി ബിജെപി വൻ വിജയം നേടുമെന്നായിരുന്നു സർവേഫലം. ബിബിസി ന്യൂസ്–ഹിന്ദിയുടെ ലോഗോയും ലിങ്കും സഹിതമാണു ഫലം പ്രചരിച്ചത് (ചിത്രം നോക്കുക). പെട്ടെന്നു കണ്ടാൽ ഒരു സംശയവും തോന്നില്ല. മാത്രമല്ല, ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുക ഹിന്ദി ബിബിസിയുടെ വെബ്സൈറ്റിൽത്തന്നെ. പക്ഷേ, സൈറ്റിൽ തലകുത്തിമറിഞ്ഞു നോക്കിയാലും ഇത്തരമൊരു സർവേയുടെ പൊടിപോലും കണ്ടുകിട്ടില്ല. കാരണം, കർണാടകയിൽ ബിബിസി തിരഞ്ഞെടുപ്പു സർവേ നടത്തിയിട്ടേയില്ല! സംഗതി വ്യാജമായി തയാറാക്കി പ്രചരിപ്പിച്ചതാണ്.

അതിൽ പക്ഷേ, യഥാർഥ ബിബിസി സൈറ്റിലേക്കുള്ള ലിങ്ക് കൊടുക്കാൻ തീരുമാനിച്ച ബുദ്ധി ചെറുതല്ല. വ്യാജനു വിശ്വാസ്യത വരുത്താനുള്ള തന്ത്രമാണത്. നമ്മുടെ വാട്സാപ്പിൽ ഇൗ മെസേജ് എത്തുമ്പോൾ, നമുക്ക് അറിയേണ്ട എല്ലാ വിവരങ്ങളും ആ മെസേജിൽത്തന്നെയുണ്ടാകും. അതുകൊണ്ടുതന്നെ 90% പേരും ലിങ്ക് തുറന്ന് കൂടുതൽ വിവരം അറിയാൻ ശ്രമിക്കില്ല. കിട്ടിയതു വിശ്വസിക്കുകയും ചെയ്യും. ഇൗ സാധ്യത മുതലെടുത്താണ് ഇത്തരം വ്യാജന്മാരുടെ നിലനിൽപ്.

രസകരമായ കാര്യം, 2018ലെ കർണാടക തിരഞ്ഞെടുപ്പിലും ബിബിസിയുടെ പേരിൽ വ്യാജ സർവേ റിപ്പോർട്ട് തൽപരകക്ഷികൾ പ്രചരിപ്പിച്ചിരുന്നു. അന്നു ബിജെപിക്കു പ്രവചിച്ചത് 135 സീറ്റുകളായിരുന്നു എന്ന വ്യത്യാസം മാത്രം. ഇന്ത്യയിൽ തങ്ങൾ പ്രീ പോൾ സർവേ നടത്താറില്ലെന്ന് അന്നുതന്നെ ബിബിസി ഔദ്യോഗികമായി അറിയിച്ചതാണ്.

ഏതെങ്കിലും ഒരു പാർട്ടിക്കു വേണ്ടി മാത്രമേ ഇത്തരം പ്രചാരവേലകൾ ഉണ്ടാകൂ എന്നു തെറ്റിദ്ധരിക്കാൻ വരട്ടെ. എൻഡിടിവിയുടെ പോൾ ഓഫ് പോൾ ട്രാക്കർ എന്ന പേരിൽ പ്രചരിച്ച വ്യാജനിൽ വിജയം കോൺഗ്രസിനാണ്! ഇത്തരം കള്ള സർവേഫലങ്ങൾ സൃഷ്ടിക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. കംപ്യൂട്ടറോ ഫോണോ കയ്യിലുണ്ടെങ്കിൽ നിസ്സാരം.

ബിബിസിയുടെ പേരിൽത്തന്നെ വർഷങ്ങളായി പ്രചാരത്തിലുള്ള ഒരു പട്ടികയാണു ചിത്രങ്ങളിലുള്ളത്. ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ രാഷ്ട്രീയപാർട്ടികളുടെ റാങ്ക് പട്ടികയാണു സംഗതി. ബിജെപിയെയും കോൺഗ്രസിനെയും തരാതരം പോലെ പട്ടികയിൽ ഉൾപ്പെടുത്തി എതിരാളികൾ പ്രചരിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തേക്കുമെത്തുമ്പോൾ അവിടത്തെ പാർട്ടികളെയും ഇത്തരത്തിൽ ചേർക്കും.

മൊബൈൽ ഫോണിലെ ബേസിക് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പട്ടികയിൽ ഏതു പാർട്ടിയുടെ പേരു വേണമെങ്കിലും മായ്ച്ച് വേറൊരു പാർട്ടിയെ ചേർക്കാം. ബിബിസി എന്നു പറഞ്ഞാൽ വിശ്വസിക്കുമെന്ന ധാരണ പൊതുവേയുള്ളതുകൊണ്ടാണ് ഇത്തരം വ്യാജനിർമിതികളിൽ ആ പേരു പതിവായി ഉപയോഗിക്കുന്നത്.

അഴിമതിയിൽ ബിജെപിയും കോൺഗ്രസും ലോകത്തു നാലാമത് എന്നു കാണിക്കുന്ന വ്യാജപട്ടികകൾ‍.
അഴിമതിയിൽ ബിജെപിയും കോൺഗ്രസും ലോകത്തു നാലാമത് എന്നു കാണിക്കുന്ന വ്യാജപട്ടികകൾ‍.

ടുഡേ ഈസ് ടുഡേ ഈസ് എ കള്ളം!

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് നമ്മുടെ സ്വന്തം ആളാണല്ലോ. തമിഴ്നാട്ടിൽ വേരുകളുള്ളയാൾ. കമല ഹാരിസിന്റെ ഒരു വിഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിച്ചത് മിക്കവരും കണ്ടിരിക്കും. അവർ നടത്തുന്ന വിചിത്രമായ ഒരു പ്രസംഗമാണ്. 'Today is today, and yesterday was today yesterday, tomorrow will be today tomorrow...' ഇങ്ങനെ പോകുന്നു പ്രസംഗം. അവർ മദ്യപിച്ചിട്ടുണ്ടോ എന്നുപോലും സംശയം തോന്നും കേൾക്കുമ്പോൾ!

കമല ഹാരിസിന്റെ പല പ്രസംഗങ്ങളിലും അബദ്ധങ്ങളും ചിരിക്കാനുള്ള വകയുമൊക്കെ ഉണ്ടാകുമെന്ന പൊതുധാരണയുള്ളതുകൊണ്ട് ടുഡേ ഈസ് ടുഡേ പ്രസംഗവും യഥാർഥമാണെന്നു പലരും വിശ്വസിച്ചിരുന്നു. എന്നാൽ, ഈ വിഡിയോ വ്യാജമാണെന്നു വിദഗ്ധർ പറയുന്നു. വാഷിങ്ടനിലെ ഹവെർഡ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ മാസം കമല ഹാരിസ് നടത്തിയ ഒരു പ്രസംഗത്തിന്റെ വിഡിയോയിലെ ശബ്ദം മാറ്റി തയാറാക്കിയതാണ് ടുഡേ ഈസ് ടുഡേ പ്രസംഗ വിഡിയോ എന്നാണു കണ്ടെത്തൽ. യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിന്റെ പൂർണ വിഡിയോ ഇന്റർനെറ്റിൽ ലഭ്യമാണ്. പ്രചരിക്കുന്ന ഭാഗത്തെ ദൃശ്യങ്ങൾ ആ വിഡിയോയിലുണ്ട്. എന്നാൽ, വാക്കുകൾ വേറെയാണ്. പ്രസംഗത്തിന്റെ അച്ചടിരൂപം വൈറ്റ് ഹൗസിന്റെയും ഹവെർഡ് യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റിലുമുണ്ട്. അതിലും ടുഡേ ഈസ് ടുഡേ എന്ന ഭാഗം കാണാനില്ല. അപ്പോൾ, കമല ഹാരിസ് പറഞ്ഞ വാക്കുകളല്ല വാട്സാപ്പിൽ വന്ന വിഡിയോയിൽ നമ്മൾ കേൾക്കുന്നത്. വ്യക്തികളുടെ ശബ്ദവും ദൃശ്യവുമെല്ലാം കൃത്രിമമായി സൃഷ്ടിക്കുന്ന നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് വിഡിയോകളുടെ ചെറുപതിപ്പാണ് ടുഡേ ഈസ് ടുഡേ പ്രസംഗം എന്നർഥം!

English Summary : Writeup about fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com