ADVERTISEMENT

സാധാരണഗതിയിൽ മൊബൈൽ ഫോണിലെ ബാറ്ററി സുരക്ഷിതമാണ്. എങ്കിലും ചിലപ്പോൾ ബാറ്ററി അനിയന്ത്രിതമായി ചൂടായി പൊട്ടിത്തെറിയിലേക്കു പോകാം. എന്തുകൊണ്ടാണു ബാറ്ററി പൊട്ടിത്തെറിക്കുന്നത്? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? കൂടുതൽ വിശദീകരിക്കുന്നതിനു മുൻപ്, മൊബൈൽ ബാറ്ററികളുടെ രസതന്ത്രവും പ്രവർത്തനവും മനസ്സിലാക്കാം.

റീചാർജ് ചെയ്യാവുന്ന ലിഥിയം അയോൺ ബാറ്ററിയാണു സ്മാർട് ഫോണുകളിൽ സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികളിൽ പ്രധാനമായി 4 ഭാഗങ്ങളുണ്ട് – ആനോഡ് അഥവാ നെഗറ്റീവ് ചാലകം, കാഥോഡ് അഥവാ അഥവാ പോസിറ്റീവ് ചാലകം, ഇലക്ട്രോലൈറ്റ്, പിന്നെ ആനോഡിനെയും കാഥോഡിനെയും വേർതിരിക്കുന്ന സെപ്പറേറ്റർ.

കാഥോഡായി ലിഥിയം-കൊബാൾട്ട് ഓക്സൈഡ് സംയുക്തം, ആനോഡായി കാർബണിന്റെ മറ്റൊരു ഗുണഭേദമായ ഗ്രാഫൈറ്റ്, ഇലക്ട്രോലൈറ്റായി ലിഥിയം ഹെക്സാഫ്ലൂറോഫോസ്ഫേറ്റ് എന്ന കെമിക്കലും ലായകങ്ങളും ചേർന്ന മിശ്രിതം എന്നിവയാണു സാധാരണ കാണുന്നത്. ഒരു ചാലകത്തിൽനിന്ന് എത്തുന്ന ലിഥിയം അയോണുകൾക്ക് എതിർ ചാലകത്തിലേക്കു അനായാസം നീങ്ങാനുള്ള മാധ്യമമാണ് ഇലക്ട്രോലൈറ്റ്. ഇലക്ട്രോഡുകൾ പരസ്പരം കൂട്ടിമുട്ടാതെ, അവയിൽനിന്നു വരുന്ന ലിഥിയം അയോണുകളെ മാത്രം കടത്തിവിടുക എന്നതാണു സെപ്പറേറ്ററുകളുടെ ജോലി. നേർത്ത പോളി എഥിലീൻ അല്ലെങ്കിൽ പോളിപ്രൊപ്പിലീൻ പാടകളാണു സെപ്പറേറ്ററുകളായി ഉപയോഗിക്കുന്നത്.

∙ ബാറ്ററിയുടെ പ്രവർത്തനം

വൈദ്യുതി ഒരു ചാലകത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണെന്നു നാം സ്കൂളിൽ പഠിച്ചിട്ടുണ്ട്. ഫോൺ ഉപയോഗിക്കുമ്പോൾ ഗ്രാഫൈറ്റ് പാളികളുടെ (ആനോഡ്) ഇടയിലിരിക്കുന്ന ലിഥിയം ആറ്റങ്ങളിൽനിന്നുള്ള ഇലക്ട്രോണുകൾ ഫോണിലേക്കു പലായനം ചെയ്യും. ഫോൺ പ്രവർത്തിക്കാൻ ആവശ്യമുള്ള വൈദ്യുതി ഇങ്ങനെയാണു കിട്ടുന്നത്.

ഇലക്ട്രോണുകൾ നഷ്ടപ്പെടുന്ന ലിഥിയം, പോസിറ്റീവ് ചാർജുള്ള ലിഥിയം അയോണുകളായി കാഥോഡിലേക്കു പോകും. ഇങ്ങനെ മുഴുവൻ ലിഥിയം ആറ്റങ്ങളും ആനോഡിൽനിന്നു മാറുമ്പോൾ ഫോണിൽ ചാർജ് തീരും.

Suresh-Pillai
ഡോ. സുരേഷ് സി പിളള

വീണ്ടും ബാറ്ററി ചാർജ് ചെയ്യാൻ പ്ലഗ്ഗിൽ കുത്തുമ്പോൾ, ആനോഡിലേക്ക് ഇലക്ട്രോണുകൾ പ്രവഹിക്കും. കാഥോഡിലുള്ള പോസിറ്റീവ് ചാർജുള്ള ലിഥിയം ഇലക്ട്രോലൈറ്റിൽ കൂടി സഞ്ചരിച്ച്, ആനോഡിലെ ഇലക്ട്രോണുകളെ സ്വീകരിച്ചു ലിഥിയം ആറ്റമായി ഗ്രാഫൈറ്റ് ആനോഡ് പാളികളുടെ ഇടയിൽ തിരിച്ചുകയറും.

വീണ്ടും ഈ ലിഥിയം ആറ്റങ്ങൾ ഫോൺ പ്രവർത്തിക്കാൻ ആവശ്യമായ ഇലക്ട്രോണുകൾ വിട്ടുകൊടുത്ത് ലിഥിയം അയോണുകളായി കാഥോഡിലേക്കു നീങ്ങും. ഈ പ്രക്രിയ ചാക്രികമായി തുടരും.

പൊട്ടിത്തെറി ശ്രദ്ധിക്കാം

ബാറ്ററിയിൽ ഉപയോഗിക്കുന്ന ഒട്ടേറെ കെമിക്കലുകൾ മുകളിൽ പറഞ്ഞല്ലോ? അമിത മർദം, ഉയർന്ന താപനില, ജലവുമായും വായുവുമായും ഉള്ള സമ്പർക്കം എന്നീ സാഹചര്യങ്ങളുണ്ടായാൽ ഇവയ്ക്കു തീപിടിക്കാൻ സാധ്യതയുണ്ട്. അംഗീകൃത കമ്പനികളുടെ ലിഥിയം അയോൺ ബാറ്ററികൾ സുരക്ഷിതമായി നിർമിച്ചതായതിനാൽ അപകടസാധ്യത കുറഞ്ഞവയാണ്. വായുവുമായോ ജലവുമായോ സമ്പർക്കമില്ലാത്ത സുരക്ഷിത കവചങ്ങൾ ഉപയോഗിച്ചാണ് അംഗീകൃത കമ്പനികൾ ബാറ്ററി ഉണ്ടാക്കുന്നത്.

ഗുണനിലവാരമില്ലാത്ത ഇലക്ട്രോഡുകൾ, ഇലക്ട്രോലൈറ്റ്, സെപ്പറേറ്ററുകൾ എന്നിവ ഉപയോഗിച്ചാൽ ബാറ്ററി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഗുണനിലവാരം കുറഞ്ഞ പാക്കിങ് മെറ്റീരിയലുകളും അപകടമുണ്ടാക്കാം. അതിനാൽ, അംഗീകാരമില്ലാത്ത ഉൽപാദകർ ഉണ്ടാക്കുന്ന ബാറ്ററികൾ ഫോണിൽ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഗുണനിലവാരം കുറഞ്ഞ ചാർജറുകളും അപകടം വരുത്താം.

പഴകിയ ബാറ്ററികളുടെ ആവരണം പൊട്ടി ഇലക്ട്രോലൈറ്റ് പുറത്തെത്താം. ലിഥിയം ബാറ്ററിയിൽ ഉപയോഗിക്കുന്ന ലിഥിയം ഹെക്സാഫ്ലൂറോഫോസ്ഫേറ്റ് എന്ന രാസവസ്തു എളുപ്പം തീപിടിക്കുന്നതാണ്. അതുകൊണ്ട് ഉൽപാദകർ പറയുന്ന കാലാവധിക്കപ്പുറം ബാറ്ററി ഉപയോഗിക്കരുത്.

ബാറ്ററിയുടെ അകത്തോ പുറത്തോ ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകൾ, ബാറ്ററിയുടെ പൊട്ടലുകൾ എന്നിവയൊക്കെ തീപിടിത്തത്തിനു കാരണമാകാം. ബാറ്ററി കേടായാൽ റിപ്പയർ ചെയ്ത് ഉപയോഗിക്കരുത്.

English Summary: Writeup on mobile battery explotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com