ADVERTISEMENT

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച അക്രമിയുടെ കുത്തേറ്റു ഡോ.വന്ദന ദാസ് എന്ന യുവഡോക്ടർ മരിച്ചതിനെപ്പറ്റി ‘ആ മോൾ പരിചയസമ്പന്നയായിരുന്നില്ല, സ്തംഭിച്ചു നിന്നുപോയി’ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞതിനു നേരെ എല്ലാവരും ഉറഞ്ഞുതുള്ളുന്നത് വാസ്തവത്തിൽ അനീതിയാണ്. പല്ലും നഖവും കാട്ടി മന്ത്രിക്കു നേരെ ചീറാത്തവരിൽ സിപിഎമ്മുകാരൊഴികെ അധികംപേരില്ല. സാധാരണ ഡോക്ടർമാർക്കെതിരെ തിരിയാറുള്ള ഗണേഷ്കുമാർ വരെ ഇത്തവണ അവർക്കൊപ്പംനിന്ന് മന്ത്രിക്കെതിരെ വാളെടുത്തു. വാസ്തവത്തിൽ അക്രമിയുടെ മുന്നിൽപ്പെട്ട കുട്ടിഡോക്ടറെക്കാൾ ഭയന്നും പരിഭ്രമിച്ചുമായിരുന്നു മാധ്യമപ്രവർത്തകരുടെ മുന്നിൽ മന്ത്രിയുടെ നിൽപ് എന്ന സത്യം തിരിച്ചറിഞ്ഞ് വിരോധം അനുകമ്പയായി മാറേണ്ടതാണ്. 

‘ഡോക്ടറെ സംരക്ഷിക്കേണ്ട ചുമതല അക്രമിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസിന് ആയിരുന്നുവെന്നും അതിൽ വീഴ്ച പറ്റി’ എന്നുമാണ് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അന്നു മനസ്സിലായത്. അത് അറിയാൻ മാത്രം തിരിച്ചറിവില്ലാത്ത ആളൊന്നുമല്ല മന്ത്രിയും. മനസ്സിൽ ഒതുക്കേണ്ടതെന്ത്, പുറത്തു പറയേണ്ടതെന്ത് എന്ന തിരിച്ചറിവിനു വിവേകം എന്നും പറയും. താമരയിതളിലെ തുള്ളിപോലെ ഓടിക്കളിക്കുന്ന മന്ത്രിപദവി കയ്യിലിരിക്കുമ്പോൾ നല്ല ബാലൻസ് വേണം. ‘സംഭവിച്ചത് പൊലീസിന്റെ വീഴ്ച’ എന്നെങ്ങാനും മന്ത്രി വീണ സത്യസന്ധമായി പറഞ്ഞിരുന്നുവെന്നു വയ്ക്കുക. എന്തായിരുന്നേനെ ഭൂകമ്പം? 

പൊലീസിന്റെ മന്ത്രി സാക്ഷാൽ പിണറായി വിജയനാണ്. ‘ആ വകുപ്പിന്റെയാണ് വീഴ്ച’ എന്നു പറയാൻ പണ്ടു പരാക്രമശാലിയായിരുന്ന കാനം രാജേന്ദ്രനുകൂടി ഇപ്പോൾ ധൈര്യം വരില്ല. പിന്നെയല്ലേ പാവം വീണ? അതിലും എത്രയോ പ്രായോഗികമാണ് ‘ഡോക്ടറുടെ പരിചയക്കുറവ്’ എന്നു പറഞ്ഞൊഴിയുന്നത്. പൊലീസ് വകുപ്പിന്റെയും പൊലീസ് മന്ത്രിയുടെയും ഇമേജ് രക്ഷിക്കാൻ തനിക്കും തന്റെ വകുപ്പിനും ഡോക്ടർമാർക്കും അൽപം ക്ഷീണം സംഭവിച്ചാലും അതാണ് ആരോഗ്യത്തിനു നല്ലതെന്നു തിരിച്ചറിയാനുള്ള ‘എക്സ്പീരിയൻസ്’ മന്ത്രിപദവിയിലെ ചുരുങ്ങിയകാലംകൊണ്ട് ആരോഗ്യമന്ത്രിക്കു കിട്ടിയത് ആരും കാണാതെ പോകരുത്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികൾ’ എന്നു പറയുന്നതു വെറും വാക്കല്ല.

പക്ഷേ, വന്ദനയുടെ മൃതദേഹത്തിൽ അഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയപ്പോൾ മന്ത്രി വീണയ്ക്കുണ്ടായത് ‘ഗ്ലിസറിൻ കണ്ണീരാണെന്ന്’ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത് ഇത്തിരി കടന്നകയ്യായിപ്പോയി. ‘മാനസം കല്ലു കൊണ്ടല്ലാത്തതായുള്ള’ ഏതു മനുഷ്യനും ആ ദുർവിധിക്കു മുന്നിൽ കണ്ണീരൊഴുക്കാതെ വയ്യ. സ്വതേ മിതഭാഷിയും മൃദുമനസ്കനുമായ തിരുവഞ്ചൂർ അങ്ങനെ കടത്തിപ്പറഞ്ഞതെന്തുകൊണ്ടായിരിക്കാം? പതിവു കാലാവധിക്കപ്പുറം പ്രതിപക്ഷത്തിരിക്കുമ്പോൾ എത്ര ‘എക്സ്പീരിയൻസ്’ ഉള്ള ആളിനും സമനില തെറ്റുകയും മനസ്സ് കല്ലുപോലെ ആവുകയും ചെയ്യുമായിരിക്കും. ആർക്കറിയാം.?

‘ഡോക്ടറുടെ പരിചയക്കുറവ്’ എന്നു നിവൃത്തികേടുകൊണ്ട് മന്ത്രി ‘സ്ട്രെയ്റ്റായി’ പറ‍ഞ്ഞു. മാധ്യമങ്ങൾ അതു സ്ട്രെയ്റ്റായും ലൈവ് ആയും റിപ്പോർട്ട് ചെയ്തു. കുനഷ്ട് ബുദ്ധികൾ അത് ഏറ്റുപിടിച്ചു. അത് അവിടെ തീരേണ്ടതായിരുന്നു. പക്ഷേ, ‘മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു’ എന്നു വീണ പിന്നീടു പറയാൻ നിൽക്കേണ്ടിയിരുന്നില്ല. വിശേഷിച്ചും മുൻപ് അറിയപ്പെടുന്ന മാധ്യമപ്രവർത്തകയായിരുന്നിട്ടും. വന്ന വഴി മറന്നത് മോശമായി എന്ന് ആർക്കെങ്കിലും തോന്നിക്കൂടായ്കയില്ല. എന്തായാലും ഡോക്ടറുടെ കാര്യത്തിൽ പറഞ്ഞതിൽ തെറ്റു തോന്നിയാലും മന്ത്രിയുടെ കണ്ണീരിൽ അതെല്ലാം അലിഞ്ഞുതീർന്നുവെന്നു മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട്. ‘അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം’ എന്നാണ് കവി ആശ്വസിപ്പിച്ചിട്ടുള്ളത്

അസൂയ കലർന്ന ബഹുമാനക്കാർ

താൻ പറയുന്നവ കോൺഗ്രസിലുള്ളവരോ പൊതുജനമോ സത്യമെന്നു കരുതിപ്പോയാൽ അതു തനിക്കുതന്നെ മോശമാണ് എന്നൊരു തോന്നൽ ലീഡർ കെ.കരുണാകരന് ഉണ്ടായിരുന്നോ എന്നു സംശയിക്കണം. പാവപ്പെട്ട പത്രപ്രവർത്തകരോടു പറഞ്ഞ കാര്യങ്ങൾ അതേപടി പിറ്റേന്നു നിഷേധിക്കുന്നതിൽ ലീഡർക്കു മടിയൊന്നുമുണ്ടായിരുന്നുമില്ല. അതിനൊക്കെയുള്ള ലൈസൻസ് തനിക്കുണ്ടെന്ന് അദ്ദേഹം കരുതുകയോ ജനം അതു സമ്മതിച്ചുകൊടുക്കുകയോ ചെയ്തിരുന്നു.

കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നിട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അവസ്ഥ അതല്ല. അതുകൊണ്ടു തന്നെയാണ്, കോൺഗ്രസിലെ പുനഃസംഘടന ഉടൻ നടക്കുമെന്ന് രണ്ടു കൊല്ലം മുൻപ് അധ്യക്ഷനായി അധികാരമേറ്റയുടൻ അദ്ദേഹം പറഞ്ഞത് ഗ്രൂപ്പ് പ്രമാണിമാർ ഒഴികെ ഒട്ടുമിക്ക കോൺഗ്രസുകാരും നാട്ടുകാരും വിശ്വസിച്ചുപോയതും. ഓർമപ്പിശകുകൊണ്ട് തെറ്റു സംഭവിച്ചാലും സുധാകരൻ എന്തും ഉള്ളിൽത്തട്ടിയാണ് പറയുന്നത്. കേൾക്കുന്നവർക്കും അത് അങ്ങനെ തോന്നുകയും ചെയ്യും. അതുകൊണ്ടാണല്ലോ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞതു വിശ്വസിച്ചവർക്ക് ബ്രണ്ണൻ കോളജിനെപ്പറ്റി സുധാകരൻ മറ്റൊരു കഥ പറഞ്ഞപ്പോൾ അതാണു ശരി എന്നു തോന്നിയതും പ്രതിരോധിക്കാൻ പിണറായിക്കു തന്നെ ‘പ്രത്യേക ഏക്ഷൻ’ പുറത്തെടുക്കേണ്ടി വന്നതും.

പറഞ്ഞുവന്നത്, ഇനിയെങ്കിലും കോൺഗ്രസിൽ പുനഃസംഘടന നടന്നില്ലെങ്കിൽ ‘താൻ ഇട്ടിട്ടു തന്റെ പാട്ടിനു പോവു’മെന്ന് വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ‘ലീഡേഴ്സ് മീറ്റിൽ’ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കട്ടായം പിടിച്ചത് കേട്ടതു കൊണ്ടാണ്. ഇനിയും നാണം കെടുത്തരുതെന്ന് ഏതാനും മാസം മുൻപുതന്നെ അദ്ദേഹം അന്ത്യശാസനം കൊടുത്തിരുന്നു. ആദ്യശാസനവും അന്ത്യശാസനവും തമ്മിൽ വലിയ വ്യത്യാസമൊന്നും കോൺഗ്രസിൽ പണ്ടേയില്ലാത്തതു കൊണ്ട് അതാരും കണക്കിലെടുത്തില്ലെന്നേയുള്ളൂ. സാഹചര്യങ്ങളുടെ സമ്മർദംകൊണ്ടാണ് തനിക്ക് ആഗ്രഹിച്ചതൊന്നും പാർട്ടിയിൽ നടത്താ‍ൻ കഴിയാഞ്ഞതെന്നും ഇനി അതിനു കാത്തുനിൽക്കാൻ ഇല്ലെന്നും വേണ്ടിവന്നാൽ സ്വന്തം നിലയ്ക്കു ഭാരവാഹിപ്പട്ടിക പുറത്തുവിടുമെന്നും കൂടി സുധാകരൻ പറഞ്ഞു. സാഹചര്യങ്ങളുടെ സമ്മർദംകൊണ്ട് കടുവ നരഭോജിയായിക്കൂടായ്കയില്ല. ഗ്രൂപ്പുകാർ പേടിക്കണം. ജൂൺ 30ന് അകം പുനഃസംഘടന തീർക്കുമെന്നാണ് ഒടുവിലത്തെ അന്ത്യശാസനം. നടന്നാൽ ഭാഗ്യമെന്നേ കോൺഗ്രസിന്റെ രീതിവച്ച് കരുതേണ്ടൂ.

ശശി തരൂർ അമേരിക്കയിൽ ആയതിനാലും മുല്ലപ്പള്ളി രാമചന്ദ്രൻ അതിലും അകലമുള്ള അഭിപ്രായവ്യത്യാസത്തിൽ ആയതിനാലും യോഗത്തിൽ പങ്കെടുത്തില്ലത്രേ. ‘തരൂരിനോട് തനിക്ക് അസൂയ കലർന്ന ബഹുമാന’മാണെന്നാണ് സതീശൻ കുറച്ചുകാലം മുൻപു പറഞ്ഞത്. ഇതെന്തു വികാരമാണെന്നു കൃത്യമായി ഇംഗ്ലിഷിൽ പിടികിട്ടാത്തതുകൊണ്ടാണോ പേടിച്ച് തരൂർ അമേരിക്കയ്ക്കു പോയതെന്നും സംശയിക്കണം. ‘തരൂർ സകലകലാവല്ലഭനാണ്’ എന്ന് സുധാകരൻ യോഗശേഷം അഭിമുഖത്തിൽ പറഞ്ഞത് എന്ത് ഉദ്ദേശ്യത്തിലായിരിക്കും എന്നു വ്യക്തമല്ല. കെ.കരുണാകരന്റെയും രാഷ്ട്രീയ ഗുരുവായ പനമ്പിള്ളി ഗോവിന്ദമേനോനെപ്പറ്റി ‘ശൈലീവല്ലൻ’ എന്നു കേട്ടിട്ടുള്ളതുപോലെ എന്തെങ്കിലുമാണോ എന്നു തിട്ടമില്ല. നയതന്ത്രവും പ്രസംഗവും എഴുത്തും രാഷ്ട്രീയവും അല്ലാതെ മറ്റെന്തെങ്കിലും സുകുമാരകലകൾ തരുരിന് അറിയാവുന്നതായി പുറത്തറിയില്ല. ഒരുവേള സുധാകരന് അറിയാമായിരിക്കും.

എന്തായാലും, കർണാടകയിലെ തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി ‘കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന്റെ വിജയം’ എന്നാണ് തരൂർ പറഞ്ഞത്. സോണിയ, രാഹുൽ, കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ച കർണാടകക്കാരൻ തന്നെയായ മല്ലികാർജുൻ ഖർഗെ, ഖർഗെയ്ക്കു കൂട്ടുനിന്ന കെ.സി.വേണുഗോപാൽ എന്നിവർക്കൊന്നും എന്തെങ്കിലും റോൾ ഉള്ളതായി തരൂരിനു തോന്നിയിട്ടില്ല. താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തു കോൺഗ്രസിലാണ് മികച്ച വ്യക്തികളുള്ളത് എന്നു ജനം തിരിച്ചറിയുകയായിരുന്നു എന്നുകൂടി ശശി പറഞ്ഞു. കേരളത്തിലും പിണറായിക്കൊപ്പം തലപ്പൊക്കമുള്ള നേതാക്കൾ കോൺഗ്രസിൽ ഇല്ലാതെ കളി നടക്കില്ല എന്നാണു പറയാതെ പറഞ്ഞതെന്നു കരുതണം. അതാരെന്നു പേരു പറഞ്ഞില്ലെന്നു മാത്രം. ‘ ആരാദ്യം പറയും, ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ’ എന്ന സിനിമാപ്പാട്ട് ഓർമവന്നാൽ കുറ്റം പറയരുത്.

സ്റ്റോപ് പ്രസ്

രാവിലെയും ഉച്ചയ്്ക്കും വൈകിട്ടും എണീറ്റുപോകാവുന്നതല്ല രാഷ്ട്രീയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

പുലർച്ചെ എണീറ്റുപോകാൻ ശ്രമിക്കണം

English Summary : Writeup on statement of health minister Veena George  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com