ADVERTISEMENT

‘‘ട്രേഡിങ് എങ്ങനെ പോകുന്നു ? ക്രിപ്റ്റോയുടെ പുതിയൊരു പരിപാടിയുണ്ട്. താൽപര്യമുണ്ടോ?’’
ക്രിപ്റ്റോകറൻസിയിൽ ചെറിയ തോതിൽ നിക്ഷേപം നടത്തുന്ന കൂത്താട്ടുകുളം സ്വദേശിയായ ബസ് ഡ്രൈവർ രാജനോട് (പേര് യഥാർഥമല്ല) പരിചയക്കാരൻ ഇതു ചോദിക്കുന്നത് 2022 സെപ്റ്റംബർ 25ന്. രാജൻ ക്രിപ്റ്റോ രംഗത്ത് ചെറിയ നിക്ഷേപങ്ങൾ തുടങ്ങുന്ന സമയമായിരുന്നു അത്.

വലിയ തുക ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്ന സുഹൃത്തിനെ പരിചയപ്പെടുത്താമെന്നും അയാൾക്കൊപ്പം നിന്നാൽ നല്ലൊരു തുക കമ്മിഷനായി ലഭിക്കുമെന്നും പറഞ്ഞു. അവർ പറയുന്ന സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് തുടങ്ങിയാൽ മാത്രം മതി. തുടർന്ന് ഇവർ വലിയ നിക്ഷേപകരെക്കൊണ്ട് തുക നിക്ഷേപിച്ച് ക്രിപ്റ്റോ വ്യാപാരം (ട്രേഡിങ്) നടത്തും. അതിൽ നിന്നുള്ള ലാഭത്തിന്റെ വിഹിതം രാജന് എല്ലാ ശനിയാഴ്ചയും അക്കൗണ്ടിൽ ഇട്ടുകൊടുക്കും.

അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ പുതിയ സിം കാർഡ് എടുക്കണമെന്നും പറഞ്ഞു. രാജൻ സമ്മതിച്ചു. പരിചയക്കാരൻ പറഞ്ഞ മലപ്പുറം സ്വദേശിയും മറ്റൊരാളും കൂടി വീട്ടിൽ വന്നു. ഇവരോടൊപ്പം പോയി രാജൻ കൂത്താട്ടുകുളത്തെ ബാങ്കിൽ അക്കൗണ്ട് തുറന്നു. പാസ്‍ബുക്ക്, ഇന്റർനെറ്റ് ബാങ്കിങ് ലോഗിൻ, എടിഎം കാർഡ്, ചെക്ക് ബുക്ക്, സിം എന്നിവയും ആധാർ, പാൻ കാർഡ് എന്നിവയുടെ പകർപ്പും 2 ഫോട്ടോയും ഇവർക്കു കൈമാറി. ഇതിനു പുറമേ, രാജൻ ക്രിപ്റ്റോ വ്യാപാരം നടത്തുന്ന ബൈനാൻസ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ പാ‍സ്‍വേഡും ഇവർ വാങ്ങി.

കുറച്ചുനാൾ കഴിഞ്ഞ് അക്കൗണ്ട് മരവിപ്പിച്ചെന്നു പറഞ്ഞ് ബാങ്കിൽനിന്നു വിളിവന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മരവിപ്പിച്ചതിന്റെ കാരണം ബാങ്ക് വ്യക്തമാക്കിയില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 18 കോടി രൂപയാണ് ഈ അക്കൗണ്ടിലൂടെ കയറിയിറങ്ങിയതെന്ന് അറിഞ്ഞപ്പോൾ പരിഭ്രമമായി. പരിചയക്കാരനും അക്കൗണ്ട് വാങ്ങിയ ആളുകളും ഫോൺ എടുക്കാതായി. അക്കൗണ്ട് തിരിച്ചുതരണമെന്നു പറഞ്ഞെങ്കിലും അവർ അനങ്ങിയില്ല. ഒരു രൂപ പോലും കമ്മിഷനും ലഭിച്ചില്ല.

കുഴപ്പമായെന്നു മനസ്സിലാക്കിയ രാജൻ സിം നഷ്ടമായെന്നു ചൂണ്ടിക്കാട്ടി ഡ്യൂപ്ലിക്കറ്റ് സിം എടുത്തു. ഇതോടെ തട്ടിപ്പുകാർക്ക് ഓൺലൈൻ ബാങ്ക് അക്കൗണ്ടിലേക്കു കയറാനാകാതെ വന്നു. കമ്മിഷൻ തരണമെങ്കിൽ ഡ്യൂപ്ലിക്കറ്റ് സിം അവർക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു. രാജൻ തയാറായില്ല. അ ക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോൾ 10 ലക്ഷം രൂപയായിരുന്നു ബാലൻസ്.

ഏതാനും മാസങ്ങൾക്കുള്ളിൽ തിരുപ്പതിയിൽ നിന്നടക്കം 3 പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഇ മെയിലും ഫോൺവിളിയും വന്നു. സൈബർ തട്ടിപ്പിന് ഇരകളായവരുടെ പണം ഈ അക്കൗണ്ടിലാണ് എത്തിയതെന്നു കണ്ടെത്തി. സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ മെയിലുകൾ. അബദ്ധം പറ്റിയെന്നു ചൂണ്ടിക്കാട്ടി കേരള പൊലീസിനു പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തം ഇഷ്ടപ്രകാരം അക്കൗണ്ട് ആരംഭിച്ച് വിവരങ്ങൾ എതിർകക്ഷികൾക്കു നൽകിയതുകൊണ്ട് കാര്യമായൊന്നും ചെയ്യാനില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

സ്റ്റേറ്റ്മെന്റിൽ കണ്ടത്

ഒക്ടോബർ 10ന് ആരംഭിച്ച രാജന്റെ അക്കൗണ്ടിൽ ആദ്യ തുകയായ 50,000 രൂപ എത്തിയത് പിറ്റേന്ന്. എത്തിയ അതേ വേഗത്തിൽ പണം ഈ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേക്കു കൈമാറിയെന്നും കാണാം. ഇതുകൊണ്ടാണ് 18 കോടി രൂപ വന്ന അക്കൗണ്ടിൽ 10 ലക്ഷം മാത്രം ബാക്കിയായത്. ഒക്ടോബർ 22നു മാത്രം നടന്നത് നൂറിലധികം വൻകിട ഇടപാടുകൾ.

രാജന്റെ ക്രിപ്റ്റോ ബൈനാൻസ് അക്കൗണ്ടിലും വൻ തുക ക്രിപ്റ്റോകറൻസിയാക്കി മാറ്റി. ചുരുക്കത്തിൽ രാജന്റെ കറന്റ് അക്കൗണ്ടിൽ വന്ന തട്ടിപ്പുതുക തട്ടിപ്പുകാർ ബൈനാൻസ് അക്കൗണ്ട് ഉപയോഗിച്ച് ക്രിപ്റ്റോകറൻസിയാക്കി മാറ്റി ബാങ്കിങ് ശൃംഖലയുടെ പുറത്തെത്തിച്ചു.

ബിസിനസ്, പ്രഫഷനൽ ആവശ്യങ്ങൾക്കാണ് കറന്റ് അക്കൗണ്ട് ഉപയോഗിക്കാറുള്ളത്. ഉയർന്ന തുക കൈകാര്യം ചെയ്യാമെന്നതാണു മെച്ചം. സ്വന്തം അക്കൗണ്ടുകൾക്കു പകരം തട്ടിപ്പുകാർ ഉപയോഗിക്കുന്നത് സാധാരണക്കാരുടെ പേരിലുള്ള ഇത്തരം അക്കൗണ്ടുകളാണ്. ഇവ വിതരണം ചെയ്യുന്നതാകട്ടെ രാജനെ സമീപിച്ചതുപോലെയുള്ള ഏജന്റുമാരും.

10 ലക്ഷം രൂപ തട്ടിയ എടിഎം കാർഡിന്റെ കഥ

തിരുവല്ല സ്വദേശിയായ പ്രവാസിക്ക് എടിഎം കാർഡ് കൊടുത്ത പണിയുടെ കഥയാണിത്. യുഎസ് മിലിറ്ററിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയായ ബ്രിട്ടാനി ക്രൂസിന്റെ പേരിൽ ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് ലഭിക്കുന്നത് മൂന്നു വർഷം മുൻപ്. സിറിയയിലെ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്നതിനിടെ അവർക്കു ലഭിച്ച വലിയൊരു തുകയുടെ കാര്യവും സംഭാഷണത്തിനിടെ പങ്കുവച്ചു. യുഎസിലേക്കു പണം കൊണ്ടുപോകാനാകില്ല. അത് എത്രയും വേഗം മറ്റൊരു രാജ്യത്തേക്കു മാറ്റാൻ നോക്കുകയാണ്. ഇന്ത്യയിലേക്കു മാറ്റാനാകുമോയെന്നു ചോദിച്ചപ്പോൾ, നിയമം ശക്തമാണെന്നും തനിക്കൊന്നും ചെയ്യാനാകില്ലെന്നും പ്രവാസി പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തുള്ള സുഹൃത്തുക്കളെ ബന്ധിപ്പിച്ചു കൊടുക്കാമോയെന്നായി പിന്നീട്. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് പരിചയമുള്ള ഇത്യോപ്യക്കാരനെ പരിചയപ്പെടുത്തിക്കൊടുത്തു.

atm-card-representational
തിരുവല്ല സ്വദേശിക്ക് ലഭിച്ച എടിഎം കാർഡ്

കുറച്ചുനാൾ കഴിഞ്ഞ് ബ്രിട്ടാനി വീണ്ടും ബന്ധപ്പെട്ടു. ഇത്യോപ്യക്കാരനുമായി ധാരണയായെന്നും സഹായിച്ചതിനു നന്ദിയായി 3.5 ലക്ഷം ഡോളർ എടിഎം കാർഡാക്കി അയയ്ക്കാമെന്നും പ്രവാസിയോടു പറഞ്ഞു. തുടർന്ന് നൈജീരിയയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്ക(യുബിഎ)യുടെ ഉദ്യോഗസ്ഥനായ തോംസൺ ജാജയെന്ന വ്യക്തി ബന്ധപ്പെട്ടു. കാർഡ് അയയ്ക്കാനുള്ള നടപടി ആരംഭിച്ചെന്നും പ്രോസസിങ് ചാർജ് ആയി 17,000 രൂപ വേണമെന്നും പറഞ്ഞു. നൈജീരിയയിലേക്കു പണമയയ്ക്കാൻ തടസ്സമുള്ളതിനാൽ ഇന്ത്യയിലെ  ഏജന്റുമാരുടെ അക്കൗണ്ടിലേക്കു പണമയയ്ക്കാനും നിർദേശിച്ചു. 

ഇതനുസരിച്ച് ഡൽഹിയിലും യുപിയിലുമുള്ള പല അക്കൗണ്ടുകളിലേക്കും പണമയച്ചു. പതിയെ തോംസൺ ജാജ അപ്രത്യക്ഷനായി. തുടർന്നുള്ള ഇ മെയിലുകൾ യുബിഎ ബാങ്ക് നേരിട്ടായി. കാർഡ് റെഡിയാണെന്നും ഇൻഷുറൻസ് തുകയായി 71,000 രൂപ നൽകണമെന്നും പറഞ്ഞു. തുകയടച്ചതോടെ കാർഡ് കുറിയറിലെത്തി. 3,200 രൂപയെങ്കിലും ആദ്യം പി‍ൻവലിക്കണമെന്നും അതുകഴിഞ്ഞ് മാത്രമേ 3.5 ലക്ഷം ഡോളർ അതിലേക്കു ലോഡ് ചെയ്യൂ എന്നും പറഞ്ഞു. തിരുവല്ലയിലെ എടിഎം കൗണ്ടറിൽ പോയി 3,200 രൂപ പി‍ൻവലിച്ചതോടെ വിശ്വാസമേറി. തുടർന്ന് വീണ്ടും പ്രോസസിങ് ചാർജെന്നു പറഞ്ഞു വലിയ തുകകൾ വാങ്ങിക്കൊണ്ടേയിരുന്നു. ഒടുവിലാണ് പന്തികേടു മനസ്സിലാക്കിയത്. 

യഥാർഥത്തിൽ യുബിഎ ബാങ്കിന്റെ പ്രീപെയ്ഡ് കാർഡായിരുന്നു അത്. 1,000 രൂപ കൊടുത്താൽ ആർക്കും ആരുടെയും പേരിൽ  കാർഡ് എടുക്കാം. 3,500 രൂപ ലോഡ് ചെയ്ത ഈ കാർഡ് അയച്ചത് വിശ്വാസമാർജിക്കാൻ മാത്രം. അതുവഴി തട്ടിയെടുത്ത് 10 ലക്ഷത്തോളം രൂപയും.

കുറിയറിൽ ‘ഭീകരവാദം’

ബെംഗളൂരുവിൽ പഠിക്കുന്ന മലയാളിയായ വിദ്യാർഥിനിക്ക് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടത് ഫെഡെക്സ് കുറിയർ സർവീസിന്റെ പേരിലായിരുന്നു. ഫെഡെക്സിൽ നിന്നെന്ന മട്ടിൽ വിളിച്ച വ്യക്തി വിദ്യാർഥിനിയുടെ ആധാർ നമ്പർ  ഇങ്ങോട്ടു പറഞ്ഞാണ് വിശ്വാസം ആർജിച്ചത്.

cartoon-3

വിദ്യാർഥിനിയുടെ വിലാസത്തിലുള്ള കുറിയറിൽ ഭീകരവാദബന്ധമുള്ള വസ്തുക്കളുണ്ടെന്നു പറഞ്ഞായിരുന്നു ആദ്യ കോൾ. കാനഡയിലെ ഭീകരസംഘടനയ്ക്കുള്ള കുറിയറിൽ ഏതാനും പാസ്പോർട്ടുകളും സിം കാർഡുകളും ക്രെഡിറ്റ് കാർ‍ഡുകളുമാണെന്നു വിദ്യാർഥിനിയോടു വിശദീകരിച്ചു. വിഷയം മുംബൈ പൊലീസിനെ അറിയിക്കുകയാണെന്നും പറഞ്ഞു.

തുടർന്ന്, പൊലീസിൽ നിന്നെന്ന മട്ടിൽ വിഡിയോ കോൾ. സംസാരിക്കുന്ന വ്യക്തി പൊലീസ് വേഷത്തിലാണ്. അറസ്റ്റ് വരെയുണ്ടാകുമെന്നു കടുത്ത ഭീഷണി. മാതാപിതാക്കളോടു പറഞ്ഞാൽ അവരും കുടുങ്ങുമെന്നു ഭീഷണിപ്പെടുത്തിയതോടെ വിദ്യാർഥിനി കടുത്ത മാനസികസമ്മർദത്തിലായി. 

മുൻകൂർ ജാമ്യമെടുക്കണമെന്ന് ഒടുവിൽ നിർദേശം. ഇതിനായി അയാളുടെ സുഹൃത്തായ അഭിഭാഷകനെ ബന്ധപ്പെടുത്തി തരാമെന്നു പറഞ്ഞ് ഫോ‍ൺ വച്ചു. തുടർന്ന് അടുത്ത കോൾ. ഗുജറാത്ത് ബാർ കൗൺസിൽ അംഗമായ യഥാർഥ അഭിഭാഷകന്റെ ഐഡി കാർഡ് കാണിച്ചാണ് വ്യാജൻ പരിചയപ്പെടുത്തിയത്. ഇയാളും പറഞ്ഞു, മറ്റാരും അറിയാൻ പാടില്ല, അവരും കുടുങ്ങുമെന്ന്. അഭിഭാഷക ഫീസും കോടതിച്ചെലവുമായി ഇയാൾ ആദ്യം 40,000 രൂപ ആവശ്യപ്പെട്ടു. പിന്നീട് പല തവണയായി മൊത്തം ഒരു ലക്ഷം രൂപയോളം വാങ്ങി. വീണ്ടും 80,000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം മാതാപിതാക്കളോടു പങ്കുവയ്ക്കുന്നതും തട്ടിപ്പു തിരിച്ചറിയുന്നതും.

ഇക്കാര്യം ശ്രദ്ധിക്കാം 

∙ അജ്ഞാത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകൾ/ മെസേജുകൾ എന്നിവയോടു പ്രതികരിക്കാതിരിക്കുക. വാട്സാപ്പിലെങ്കിൽ നമ്പർ ‘ബ്ലോക്ക് ആൻഡ് റിപ്പോർട്ട്’ ചെയ്യുക. 

∙ അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിഡിയോ കോളുകൾ എടുക്കാതിരിക്കുക. അപരിചിതർ ഒടിപി ആവശ്യപ്പെട്ടാൽ നൽകരുത്. ഔദ്യോഗിക വെബ്സൈറ്റുകളെന്ന് ഉറപ്പാക്കി മാത്രം ഏതുതരം ലോഗിനും ചെയ്യുക. 

∙ സൈബർ തട്ടിപ്പിന് ഇരയായാൽ cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ 1930 എന്ന നമ്പർ വഴിയോ പരാതിപ്പെടാം. 

∙ മെസേജുകൾക്കൊപ്പമുള്ള ലിങ്കുകൾ സംശയകരമെങ്കിൽ തുറക്കരുത്. 

∙ എസ്എംഎസ് ഹെഡറുകൾ (ഉദാ:JK-SBIUPI) വച്ച് എസ്എംഎസ് തട്ടിപ്പാണോയെന്നു പരിശോധിക്കാം. bit.ly/traiheader എന്ന ലിങ്കിൽ ഇമെയിലും പേരും നൽകി ലോഗിൻ ചെയ്യുക. XY-ABCDEF എന്നതാണ് ഹെഡർ എങ്കിൽ ഇതിൽ XY പ്രിഫിക്സും ABCDEF ഹെഡറുമാണ്. ഇത് നൽകിയാൽ ഹെഡർ ഉടമയുടെ വിലാസമടക്കം ലഭിക്കും. 

∙ ക്യുആർ കോ‍ഡുകൾ സ്കാൻ ചെയ്യുന്നത് നമ്മൾ മറ്റൊരാൾക്ക് യുപിഐ വഴി പണമയയ്ക്കാനാണ്, നമുക്കിങ്ങോട്ടു ലഭിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ചെയ്യരുത്. നമ്മുടെ പണമാകും നഷ്ടപ്പെടുക. 

∙ ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. അതിനു മുൻപ് റേറ്റിങ്, റിവ്യു എന്നിവ പരിശോധിക്കുക. വാട്സാപ്പിലോ മറ്റോ ലഭിക്കുന്ന .apk ഫയലുകൾ സ്വന്തം നിലയിൽ ഇൻസ്റ്റാ‍ൾ ചെയ്യരുത്. 

∙ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾ, എൻബിഎഫ്‍സി, ഡിജിറ്റൽ പേയ്മെന്റ് ഓപ്പറേറ്റേഴ്സ് എന്നിവയ്ക്കു നൽകിയ പരാതിയിൽ 30 ദിവസത്തിനകം നടപടിയുണ്ടാകാതിരിക്കുകയോ പരാതി നിരസിക്കുകയോ ചെയ്താൽ ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം. cms.rbi.org.in 

∙ തട്ടിപ്പിനു വിധേയമായാൽ ഭയക്കേണ്ടതില്ല. പൊലീസിലോ സൈബർ ക്രൈം പോർട്ടലിലോ പരാതിപ്പെടുക. 

(പരമ്പര അവസാനിച്ചു)

ഇത്തരം തട്ടിപ്പുകൾക്ക് നിങ്ങളോ പരിചയക്കാരോ വിധേയരായിട്ടുണ്ടോ? അത്തരം അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം customersupport@mm.co.in എന്ന ഇമെയിലിൽ Online Fraud Series എന്ന സബ്ജക്റ്റ് ലൈനിൽ വിവരങ്ങൾ അയയ്ക്കാം. അയച്ചു തരുന്നവരുടെ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കും.

English Summary: Special Series on Online Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com