ADVERTISEMENT

സ്വന്തം മരണമൊഴിച്ച് ഒരാളെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ആദ്യം അദ്ദേഹംതന്നെ അറിയുന്നതാണു സാമാന്യരീതി. എന്നുവച്ച് തീർത്തും അങ്ങനെ ആകണമെന്നുമില്ല. മുതിർന്ന സിപിഎം നേതാവ് ടി.കെ.രാമകൃഷ്ണന് ഒരു സമ്മേളനത്തിനിടയിലെ ചേരിപ്പോരിൽ മർദനത്തിൽ പരുക്കേറ്റു എന്നൊരു വാർത്ത കണ്ടു പരിഭ്രമിച്ച് പണ്ട് അദ്ദേഹത്തെ വിളിച്ച കാര്യം പുസ്തകപ്രസാധകൻ ഡി.സി.കിഴക്കേമുറി പറഞ്ഞതോർക്കുന്നു. ‘‘ഞാനും പത്രത്തിൽ കണ്ടാണു വിവരമറിഞ്ഞത്. എന്നാലോ ദേഹം മുഴുവൻ നോക്കിയിട്ടും പരുക്കൊന്നും കാണാനുമില്ല’’ എന്നായിരുന്നത്രേ ടികെയുടെ മറുപടി.

ഇടതുമുന്നണിയിൽ ഉണ്ടുറങ്ങി വലിയ തരക്കേടില്ലാതെ കഴിയുന്ന കേരള കോൺഗ്രസിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. കെ.സുധാകരൻ തൊട്ട് രമേശ് ചെന്നിത്തല വരെയുള്ളവർ തലങ്ങും വിലങ്ങും സ്വാഗതം ചെയ്തതോടെ അവർ പായും തലയണയുമെടുത്ത് പുറപ്പെടാൻ നിൽക്കുകയാണ് എന്നായി തോന്നൽ. യുഡിഎഫിൽ ചിലരെല്ലാം ആശ്വസിക്കുകയും പി.ജെ.ജോസഫ് ഇടുക്കി ഡാമിന്റെ കാര്യത്തിൽ പണ്ടു പേടിച്ചതുപോലെ വീണ്ടും ഞെട്ടുകയും ചെയ്തു. ഉണ്ടായ വികാരം പരസ്യപ്പെടുത്താൻ പറ്റാത്തതിനാലാണോ എന്നറിയില്ല, പാലായിൽ ജോസ് കെ.മാണിയെ തോൽപിച്ച മാണി സി.കാപ്പൻ മിണ്ടിയതായി അറിയില്ല. പക്ഷേ, ജോമോനോ റോഷി അഗസ്റ്റിനോ ഇതുവരെ ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ലെന്നു കേട്ടപ്പോഴാണ് തമാശ.

ഉപേക്ഷിച്ച ഭാര്യയോടു വീണ്ടും പ്രേമം തോന്നുന്നതും അതറിഞ്ഞ് അവർ തിരിച്ചുവരുന്നതും നടക്കാത്ത കാര്യമൊന്നുമല്ല. പക്ഷേ, അതിനുമുൻപേ കണ്ണും കലാശവും കാട്ടിയുള്ള ചില കളികളുണ്ട്. അതൊന്നും തുടങ്ങും മുൻപേ തന്നെ മുൻഭാര്യയുടെ ചിത്രം നോക്കി നെടുവീർപ്പിട്ടു തുടങ്ങുന്നതിൽ എന്തോ പന്തികേട് കാണുന്നവർക്കു തോന്നും. ‘ഒരുത്തിയെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവളെന്നു തോന്നും’ എന്നു പറയിപ്പിക്കേണ്ടതുണ്ടോ എന്നാണു സംശയം. മുന്നണി മാറുന്നതൊക്കെ ‘രാവിലെയും വൈകിട്ടും എഴുന്നേറ്റു പോകുന്നതുപോലെ ചെയ്യാവുന്ന കാര്യമാണോ’ എന്നാണു റോഷി ചോദിച്ചത്. മിനിമം എത്ര സമയം വേണം എന്നു പറഞ്ഞില്ല. മാണിസാർ ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു. അദ്ദേഹം സാമ്പത്തികകാര്യങ്ങളിൽ എന്നതുപോലെ ഇക്കാര്യത്തിലും വിദഗ്ധനായിരുന്നു.

ദാമ്പത്യത്തിൽ ഏഴാം കൊല്ലം കുഴപ്പം പിടിച്ചൊരു ദശാസന്ധിയാണെന്നു കേട്ടിട്ടുണ്ട്. അവിശ്വാസം ഉച്ചസ്ഥായിയിൽ എത്തുന്നത് അപ്പോഴാണത്രേ. സാക്ഷാൽ മെർലിൻ മൺറോ അഭിനയിച്ച ‘ദ് സെവൻ ഇയർ ഇച്ച്’ എന്നൊരു സിനിമ തന്നെയുണ്ട്. കേരള കോൺഗ്രസ് പിണറായിക്കൊപ്പം കൂടിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂ. ചെന്നുകയറിയ വീട്ടിൽ അന്നു ചെറിയ മുറുമുറുപ്പുണ്ടായെങ്കിലും വന്നുകയറിയവരെയും പായ വിരിച്ച് ഒപ്പംകിടത്താൻ ഗൃഹനാഥൻ സ്നേഹം കാട്ടി. ആ കുടുംബത്തിലെ ആദ്യ ദാമ്പത്യം ഏഴാം കൊല്ലം കടന്നതിന്റെ ആഘോഷമാണു കഴിഞ്ഞ ദിവസം നടന്നത്. ഛിദ്രത്തിനു സമയമായോ എന്നൊരു ആശ സുധാകരനും രമേശിനും ഉണ്ടായിപ്പോയാൽ തെറ്റു പറയാനില്ല.

കേരള കോൺഗ്രസിനും അരിക്കൊമ്പനുമൊക്കെ പ്രധാന തട്ടകം ഇടുക്കിയാണ്. നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിൽ കടന്ന് റേഷൻകട തകർത്ത് അരി തിന്നു തുടങ്ങി. മടങ്ങിവരുന്ന മട്ടൊന്നുമില്ല. അരി മുടങ്ങാതെ കിട്ടണമെന്നേയുള്ളൂ എല്ലാ അരിക്കൊമ്പൻമാർക്കും. ഇന്ന സ്ഥലത്തുനിന്നുതന്നെ വേണമെന്ന വാശിയൊന്നുമില്ല.

ബാലന് മനസ്സിലായി: പറയാൻ പിണറായിക്ക് മനസ്സില്ല

ക്യാമറ അഴിമതി ആരോപണത്തിൽ സർക്കാരിനെ ന്യായീകരിച്ച് എ.പി.എം.മുഹമ്മദ് ഹനീഷ് സർക്കാരിനു റിപ്പോർട്ട് നൽകിയത് അപ്രതീക്ഷിതമല്ലെങ്കിലും അതു കിട്ടിയ ഉടനെ വ്യവസായ വകുപ്പിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരും എന്ന് ആരും പ്രതീക്ഷിച്ചില്ല. പാടത്തു ജോലി, വരമ്പത്തു കൂലി എന്നതായിരിക്കാം ന്യായം. റിപ്പോർട്ട് കൊണ്ടു മന്ത്രി പി.രാജീവ് ക്യാമറ തൽക്കാലം മറച്ചുപിടിച്ച സ്ഥിതിക്ക് ഇനിയെങ്കിലും ഇക്കാര്യത്തിൽ പിണറായി വിജയന്റെ ഉള്ളിലിരിപ്പ് ഒന്നറിഞ്ഞാൽ കൊള്ളാമെന്നു നാട്ടുകാർക്കും വിശേഷിച്ചു സഖാക്കൾക്കും തോന്നലുണ്ട്. ‘പഴയ വിജയൻ ആയിരുന്നെങ്കിൽ ഇതിനൊക്കെ മറുപടി പറഞ്ഞേനെ’ എന്ന ന്യായം സഖാക്കളും മറ്റുള്ളവരോടു പറഞ്ഞുമടുത്തു എന്നാണു കേൾവി.

ഇക്കാര്യത്തിൽ ഏതാണ്ടു വിശ്വസനീയമായ പ്രതികരണം ഇതുവരെ മുൻമന്ത്രി എ.കെ.ബാലനിൽനിന്നു മാത്രമാണ് ഉണ്ടായത്. ‘‘പ്രതികരിക്കാൻ പിണറായിക്കു മനസ്സില്ല’’ എന്നാണു ബാലൻ പറഞ്ഞത്. പിണറായി ഉറ്റചങ്ങാതി ആയതുകൊണ്ടും സത്യം അറിയാനുള്ള ജിജ്ഞാസ കൊണ്ടും ഒരുവേള ബാലൻ രഹസ്യമായി ‘‘ശരിക്കും എന്താണു സംഭവം?’’ എന്നു ചോദിച്ചിരിക്കാം. പിണറായിയുടെ ഒരു സ്വാഭാവിക രീതി വച്ച് ‘‘ഇപ്പോ പറയാൻ മനസ്സില്ല’’ എന്നു തിരിച്ചും പറഞ്ഞിട്ടുണ്ടാകാം. ആ മറുപടി ബാലൻ പൊതുജനത്തെ അറിയിച്ചു എന്നേ തൽക്കാലം കരുതാൻ നിവൃത്തിയുള്ളൂ.

പിണറായിയുടെ കുടുംബാംഗത്തിന്റെ കമ്പനിയിലേക്കാണ് ജനത്തെ പിഴിഞ്ഞു പിഴയിട്ടു പിരിക്കുന്ന പണം പോകുന്നതെന്നു രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ആവർത്തിക്കുന്നതിനിടയിലാണ് ‘നേതാക്കൾ ഭാര്യയെയും മക്കളെയും സൂക്ഷിക്കുക’ എന്ന ഉപദേശവുമായി ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. നേതാക്കൾ വിവാഹം കഴിക്കരുതെന്നും അറിയപ്പെടുന്ന നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയതും പ്രതിഛായ തകർത്തതും കുടുംബാംഗങ്ങളാണെന്നും കൂടി ചെറിയാൻ മറ്റുള്ളവരെ ചൊറിഞ്ഞു.

നൈഷ്ഠിക ബ്രഹ്മചാരിയും തദ്വാരാ അവിവാഹിതനുമായ ചെറിയാൻ ഇക്കാര്യത്തിൽ വിഷയവിദഗ്ധൻ അല്ലാത്തതിനാൽ എത്രപേർ ഉപദേശം മുഖവിലയ്ക്ക് എടുക്കുമെന്നറിയില്ല. ആയ കാലത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ ഇടയ്ക്കിടെ ഇലക്‌ഷനു നിൽക്കുമ്പോൾ ഭാര്യയുടെയും മക്കളുടെയും വോട്ടുകളെങ്കിലും കിട്ടുമായിരുന്നു എന്നു തിരിച്ച് ചെറിയാന് ഒരുപദേശം കൊടുക്കാവുന്നതാണ്. ഇലക്‌ഷനു നിൽക്കുന്നതിലെന്നപോലെ തന്നെ ആയ കാലം കണക്കാക്കുന്നതിനും കൂടിയ പ്രായം ഇത്രയേ ആകാവൂ എന്നൊന്നുമില്ല.

അറിഞ്ഞില്ലെന്ന് നടിക്കാനാണ് പെടാപ്പാട്

പണ്ടു സിനിമയിൽ എം.എൻ.നമ്പ്യാരും ജോസ് പ്രകാശും ഉമ്മറുമൊക്കെ അടങ്ങുന്ന വില്ലന്മാർക്ക് ഒരു ഗതികേട് ഉണ്ടായിരുന്നു. കണ്ണിനു താഴെ അരിമ്പാറ ഒട്ടിച്ചോ ഊശാൻ താടി വച്ചോ ഒക്കെയാണ് നായകന്മാർ പ്രഛന്നവേഷത്തിൽ സിഐഡിയും ഡിറ്റക്ടീവുമൊക്കെയായി വരിക. വരുന്നത് നായകനായ പ്രേംനസീറോ എംജിആറോ ശിവാജി ഗണേശനോ ആണെന്നു കൊച്ചുകുട്ടികൾക്കുപോലും ഒറ്റനോട്ടത്തിൽ പിടികിട്ടും. പക്ഷേ, അതു മറ്റാരോ ആണെന്ന മട്ടിൽ അഭിനയിക്കേണ്ടതു വില്ലൻ മാത്രമാണ്.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ് എഫ്ഐ ആൾമാറാട്ടം നടത്തി ഒരു സഖാവിനെ വളഞ്ഞ വഴിയിലൂടെ യൂണിവേഴ്സിറ്റി യൂണിയന്റെ തലപ്പത്തെത്തിക്കാൻ നടത്തിയ ശ്രമം വാർത്ത പുറത്തുവന്നു പൊളിഞ്ഞതോടെ എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാക്കളുടെ ഭാവാഭിനയം ഇതേ ഗതികേടിലാണ്. പല തട്ടിൽ സവിസ്തരം ആലോചിച്ചെടുത്ത മണ്ടത്തരമാണു പാളീസായത്. അത് പാർട്ടിയുടെ രീതി അറിയുന്ന ജനത്തിന് ആദ്യമേ പിടികിട്ടുകയും ചെയ്തു. പക്ഷേ, നേതാക്കൾക്ക് അതു പോരാ. ‘വിവരം ആദ്യം അറിയുന്നു’ എന്ന വികാര പാരവശ്യത്തിൽ ഇനി കണ്ണു തള്ളണം; നടപടി എടുക്കണം; അതെല്ലാം മുഖത്തും വാക്കിലും പ്രതിഫലിക്കണം; പ്രസ്താവന ഇറക്കണം; ഒട്ടും എളുപ്പമല്ല സംഗതി.

ആൾമാറാട്ടക്കാരന്റെ പട്ടിക ഒപ്പിട്ടു യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുത്തത് കോൺഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹി കൂടിയായ പ്രിൻസിപ്പലാണെന്നത് തികച്ചും സ്ഥാനത്തിനു ചേർന്നതായി. ശിഷ്യന്മാർക്ക് ഒന്നു പിഴച്ചാൽ അൻപത്താറു പിഴയ്ക്കുന്ന ആശാന്റെ പുതിയ അവതാരമാണ്. ‘ആൾമാറാട്ടത്തെക്കാൾ കുഴപ്പം അതു സംബന്ധിച്ച വാർത്ത ചോർന്നതാണ്’ എന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ സഖാക്കളോടു പറഞ്ഞത് കൃത്യമാണ്. ‘നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല’ എന്നു പിണറായി വിജയൻ പണ്ടു പൊതുജനത്തോടു പറഞ്ഞതു വെറുതേയല്ല.

വില്യം ഷെയ്ക്സ്പിയറിന്റെ ‘കോമഡി ഓഫ് എറേഴ്സ്’ നാടകം തിരുവല്ല സ്വദേശിയായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് 1866ൽ മലയാളത്തിലാക്കിയപ്പോൾ ഇട്ട പേര് ‘ആൾമാറാട്ടം’ എന്നായിരുന്നു. കാട്ടാക്കടയിലെ കാര്യങ്ങളുടെ പോക്കു കാണുമ്പോൾ ‘കോമഡി ഓഫ് എറേഴ്സ്’ എന്നതുതന്നെയാണ് കൂടുതൽ ചേർച്ച എന്നു തോന്നുന്നു.

സ്റ്റോപ് പ്രസ്

കേരള സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കി.

രക്ഷാകർത്താവിന്റെ ഒപ്പ് എന്ന കോളത്തിലും മുഖ്യമന്ത്രിതന്നെ ഒപ്പിട്ടു.

English Summary: Aazhchakurippukal by vimathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com