ADVERTISEMENT

നാം നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് അറിയിക്കുന്നതായി ഒരേ ദിവസം കേരളം കേട്ട മൂന്നു മരണവാർത്തകൾ. ജനവാസ മേഖലകളിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോട്ടയം എരുമേലി കണമലയിൽ രണ്ടു പേരും കൊല്ലം ആയൂരിൽ ഒരാളുമാണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. മനുഷ്യജീവനും സംരക്ഷിക്കപ്പെടേണ്ടതല്ലേ എന്ന വലിയ ചോദ്യം പ്രതിഷേധങ്ങൾക്കെ‍ാപ്പം നാടാകെ ഉച്ചത്തിൽ ഉയരുകയും ചെയ്യുന്നു. എറണാകുളം ജില്ലയിലെ പൂയംകുട്ടി വനത്തിൽ ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്കു പരുക്കേറ്റതാണ് ഏറ്റവുമെ‍ാടുവിലത്തെ സംഭവം. മാർച്ചിൽ ഈ പ്രദേശത്തു കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്തു വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നതു നമ്മുടെ ഉറക്കംകെടുത്തുകതന്നെ വേണം. 5 വർഷത്തിനിടെ 640 പേർ കൊല്ലപ്പെട്ടെന്നാണു വനം വകുപ്പിന്റെ കണക്ക്; 2021–22ൽ മാത്രം 144 പേർ. ഇതിനു പുറമേ 1416 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഈ കാലയളവിൽ 6621 പേരുടെ കൃഷിയിടങ്ങൾ നശിപ്പി‍ക്കപ്പെട്ടു; 831 പേരുടെ വസ്തുവകകളും വീടും ഇല്ലാതായി. ഇതോടെ‍ാപ്പം, വന്യജീവി ആക്രമണങ്ങളുടെ പേരിൽ നൽകിയ നഷ്ടപരിഹാരത്തുക 2021–22ൽ 3.10 കോടി രൂപയായി ഉയരുകയും ചെയ്തു. 2017–18ൽ ഇത് 2.42 കോടിയായിരുന്നു.

ഇതെല്ലാം കേവലം കണക്കുകളായാണോ സർക്കാർ കാണുന്നത്? ഭീതിയിലാണ്ട, ചോര പുരണ്ട, ഭാവി ഇരുളിലാഴ്ന്ന ആയിരക്കണക്കിനു ജീവിതങ്ങൾകൂടി ഈ കണക്കിനു പിന്നിലുണ്ടെന്ന് അധികൃതർ മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രയും ഉദാസീനതയോടെ ഈ പ്രശ്നത്തെ സമീപിക്കുമായിരുന്നോ? കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒറ്റ ദിവസം മൂന്നു പേർ കൊല്ലപ്പെട്ടെന്നു കേരളത്തിനു കേൾക്കേണ്ടിവരുമായിരുന്നോ? അടിയന്തരമായി നടപടി സ്വീകരിക്കേണ്ട സമയത്ത് സാങ്കേതികതയുടെ പേരിൽ വകുപ്പുകൾ തർക്കിച്ചുനിൽക്കുമായിരുന്നോ? കണമലയിൽ, കാട്ടുപോത്തിനെ വെടിവയ്ക്കാമെന്നു കഴിഞ്ഞദിവസം റവന്യു മന്ത്രിയും കലക്ടറും പറഞ്ഞപ്പോൾ പൊലീസും വനംവകുപ്പും അഭിപ്രായവ്യത്യാസം അറിയിച്ചത് തർക്കത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

കോവിഡ്കാല പ്രശ്നങ്ങളും കടക്കെണിയും കൃഷിനാശവും കൊണ്ടു പൊറുതിമുട്ടിയ മലയോര കർഷകർ മൃഗങ്ങളുടെ ഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കടുവയും പുലിയും കുരങ്ങുമൊക്കെ ചേർന്നു കർഷകജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളുടെ അധ്വാനമാണ് പെ‍ാടുന്നനെ ഇല്ലാതാകുന്നത്.

മൃഗങ്ങൾ കാടിറങ്ങുന്നതു തടയാനാകുന്നില്ലെന്നു മാത്രമല്ല, അവയെ തുരത്താനോ പിടികൂടാനോ വേണ്ട സജ്ജീകരണങ്ങൾ വന്യജീവിശല്യം രൂക്ഷമായ ജില്ലകളിൽപോലും ഒരുക്കാനും വനംവകുപ്പിനായിട്ടില്ല. ഈ വർഷമാദ്യം, റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന തമിഴ്നാട്ടിൽനിന്നു വനത്തിലൂടെ വയനാട് ബത്തേരി പട്ടണത്തിലെത്തിയിട്ടും അക്രമം നടന്നതിനുശേഷം മാത്രമാണു വനംവകുപ്പിനു തളയ്ക്കാനായത്. സംസ്ഥാനത്തെ മിക്ക വനയോര മേഖലകളും വന്യമൃഗഭീതിയിലാണ്. മലപ്പുറം എടക്കരയിൽ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിക്കു കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത് കാട്ടുപോത്തിന്റെ ആക്രമണ വാർത്തകൾക്കെ‍ാപ്പമാണു നാം കേട്ടത്.

വന്യമൃഗങ്ങളുടെ കാടിറക്കം എന്തുകൊണ്ടെന്ന സത്യസന്ധമായ അന്വേഷണത്തിന് വനംവകുപ്പ് ഇനിയെങ്കിലും തയാറാകേണ്ടതാണ്. അശാസ്ത്രീയ വനവൽക്കരണ പദ്ധതികൾ മൂലം മൃഗങ്ങൾക്കു കാട്ടിൽ തീറ്റയും വെള്ളവുമില്ലാതാകുന്നതു മുതൽ മൃഗങ്ങളുടെ പെരുപ്പം വരെയുള്ള വാദങ്ങളുയരുന്നുണ്ട്. കാടിറങ്ങി വരുന്ന ഭീഷണിയെപ്പേടിച്ചു നമ്മുടെ മലയോരമേഖല ഉറക്കംകളയുമ്പോൾ പരിഹാരം കാണാൻ സർക്കാർ ഇനിയും വൈകിക്കൂടാ. ക്ഷുദ്രജീവികളുടെ പട്ടികയിൽപെടുത്തി, നിയന്ത്രിക്കേണ്ടവയെ അങ്ങനെയും നിയന്ത്രിക്കേണ്ടതുണ്ട്. വന്യജീവി സംരക്ഷണ നിയമം (1972) പൊളിച്ചെഴുതണമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ തന്നെ ആവശ്യപ്പെടുകയുണ്ടായി.

വിള ഇൻഷുറൻസ്, വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിലും സർക്കാരിൽനിന്ന് അനുഭാവപൂർണമായ സമീപനമുണ്ടാകണം. അത്യന്തം ഭീഷണമായ ഇപ്പോഴത്തെ സാഹചര്യത്തിൽ, പ്രായോഗികവും മാനുഷികവും ശാശ്വതവുമായ പരിഹാരനടപടികൾ ഉടൻ ഉണ്ടാകേണ്ടതുണ്ട്. മൃഗങ്ങൾക്കു സുരക്ഷ നൽകാൻ സംവിധാനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാൻ നടപടികളില്ലെന്ന പരാതി അതീവഗൗരവമുള്ളതാണ്. മനുഷ്യജീവനും വിലയുണ്ടെന്നു തിരിച്ചറിഞ്ഞുള്ള അടിയന്തര നടപടികളാണ് ഇപ്പോൾ നാടിന്റെ ആവശ്യം.

English Summary: Editorial about Wild animal attack

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com