തുറന്ന ജയിലിലെ അമ്മമാർ!
Mail This Article
ആകുലതകൊണ്ടു മെലിഞ്ഞും വ്യഥകൊണ്ടു കണ്ണുകുഴിഞ്ഞും പോയൊരമ്മ കമ്പിയഴിക്കു മുന്നിൽനിന്നു വിളിച്ചു: മോളേ അഞ്ജലീ...
ആറടിയോളം ഉയരവും സാമാന്യം തടിയുമുള്ള അഞ്ജലി (22) അഴിക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു. തലയ്ക്കിരുവശവും കൈകൾ ചുരുട്ടിപ്പിടിച്ച് അവളുടെ ഉള്ളിലെ അസ്വസ്ഥത പ്രകടമാക്കുന്ന ഭാവം കാണിച്ചു. അഴിയിൽ പിടിച്ചു തലയിടിച്ചു. പിന്നെ കട്ടിലിലേക്കു സ്വയം എടുത്തെറിയുന്നതുപോലൊരു വീഴ്ച. അതിന്റെ ശബ്ദത്തിൽ ആ ചെറിയ വീട് ഒന്നുലഞ്ഞു. വീണ്ടും അവൾ എഴുന്നേറ്റുവന്നു. അത് ആവർത്തിച്ചു.
അവൾ എന്നെ കണ്ടു. അഴികൾക്കിടയിലൂടെ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു. വിടുവിക്കാൻ എളുപ്പമല്ലാത്ത മൂർച്ചയുള്ള പിടിത്തം. കൈകളിൽ നഖപ്പാട് നീറി.
അപ്പോഴാണു ഞാൻ അതു ശ്രദ്ധിച്ചത്. നാലുചുമരിലും ആറടിയോളം ഉയരത്തിൽ നല്ല കട്ടിയുള്ള കുഷ്യൻ തറച്ചുവച്ചിരിക്കുന്നു. അവൾ തല ഭിത്തിയിലിടിച്ചു പൊട്ടിക്കാതിരിക്കാനാണിത്.
ചെറുവാതിലിനോളം പോന്ന ആ ഇരുമ്പഴിയാണ് കാസർകോട് ചെങ്കള ഉജ്യംകോട് രാജേശ്വരി എന്ന അമ്മയുടെയും മകൾ അഞ്ജലിയുടെയും ജീവിതത്തിന്റെ കിളിവാതിൽ. ഭയത്തോടെയല്ലാതെ അതു രാജേശ്വരിക്കു തുറക്കാനാകില്ല. കയ്യിൽ കിട്ടിയാൽ ചിലപ്പോൾ കടിക്കും; കൈപിടിച്ചു തിരിക്കും; ചവിട്ടിവീഴ്ത്തും. ഇടയ്ക്കിടെ അപസ്മാരം വരും. ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും അഴിതുറന്ന് അകത്തു കയറുമ്പോൾ അമ്മയ്ക്കു മകളെ പേടിയാണ്.
‘‘ഇന്നു രാവിലെ ഭക്ഷണം കൊടുത്തപ്പോൾ തട്ടിത്തെറിപ്പിച്ചു. എന്നെ ചവിട്ടിവീഴ്ത്തി. പക്ഷേ, അഴിയുടെ അടുത്തൊരു അനക്കം കേട്ടാൽ മതി, അമ്മേ... അമ്മേ... എന്ന് അവൾ വിളിച്ചുകൊണ്ടേയിരിക്കും’’– രാജേശ്വരി പറഞ്ഞു.
‘‘ഒരു തവണ ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുമ്പോൾ അവൾ എന്നെ ചവിട്ടിത്തെറിപ്പിച്ചു. റോഡിൽ വീണ് തുടയെല്ലു പൊട്ടി കിടപ്പിലായി. അക്കാലത്ത് ഞങ്ങൾ പട്ടിണി കിടന്നു’’ – രാജേശ്വരി ഓർത്തെടുത്തു.
22 വർഷം പിന്നിട്ടിട്ടും അഞ്ജലിയുടെയും അമ്മയുടെയും ജീവിതം ഇരുമ്പഴിക്ക് അപ്പുറവും ഇപ്പുറവും വഴിമുട്ടി നിൽക്കുന്നു. ചോർച്ചയുള്ള ഓടിനു മീതെ നീല ടാർപോളിൻ ഷീറ്റ് മേഞ്ഞ വീട്ടിൽ രാജേശ്വരിയുടെ അമ്മ അമ്മു കൂടിയുണ്ട്. ഒന്നരമാസമായി കോടതിയിൽ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. പോകും മുൻപ് മകൾക്കു ഭക്ഷണം നൽകി അവളുടെ മുറിയുടെ ഇരുമ്പഴി താഴിട്ടു പൂട്ടും. പൂട്ടു വീണെന്നു രണ്ടുതവണ ഉറപ്പാക്കും. പറയാതെ വയ്യ; അവൾ ജയിലിലാണ്. അമ്മയോ? ആ അഴിക്കു പുറത്താണെന്നേയുള്ളൂ. തുറന്ന ജയിലിൽ തടവിലാണ്.
എന്നെ ഇടയ്ക്കിടെ അഞ്ജലിയുടെ അമ്മ ഫോണിൽ വിളിക്കുമായിരുന്നു. ‘‘ഇത്തിരി വിഷം കലക്കി ഞങ്ങളെല്ലാം കുടിക്കട്ടെ സാറേ’’ എന്നു ചോദിക്കും. പാടില്ലെന്നും ജീവിതം ജീവിക്കാൻ തന്നെയുള്ളതാണെന്നും ഞാൻ ഓർമപ്പെടുത്തും.
പൂട്ടിയിടൽ പരിഹാരമല്ല. ഒരമ്മയ്ക്ക് ഇതിൽ കൂടുതലൊന്നും ചെയ്യാനാകില്ല. പക്ഷേ, സർക്കാരിന്, സ്ഥാപനങ്ങൾക്ക് സഹായിക്കാൻ കഴിയേണ്ടേ?
പോരാനിറങ്ങിയപ്പോൾ രണ്ടു ചോദ്യങ്ങൾ ആ അമ്മ ചോദിച്ചു:
ഒന്ന്: ‘‘ഇവളുടെ കാര്യത്തിൽ സാറ് എന്തെങ്കിലും ചെയ്യാമോ?’’
രണ്ട്: ‘‘ഞാൻ ഇല്ലാതായാൽ ഇവളെ എന്തുചെയ്യും?’’
ആകുലത നിഴലിച്ച രണ്ടു ചോദ്യങ്ങൾ. ഒരിക്കൽക്കൂടി മജിഷ്യനാകണമെന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു. മനുഷ്യരുടെ വേദനകൾ ഒരു നൊടികൊണ്ട് അപ്രത്യക്ഷമാക്കാൻ കഴിയുന്ന മജിഷ്യൻമാരുണ്ടാകുമോ ലോകത്ത്?
ഓടിമറഞ്ഞ അച്ഛൻമാർ; ഒറ്റപ്പെട്ട അമ്മമാർ
എൻഡോസൾഫാൻ ദുരിതം വിതച്ച കാസർകോട് ജില്ലയിലൂടെ സഞ്ചരിച്ചാൽ കുഞ്ഞുങ്ങളുടെ നരകജീവിതത്തിനൊപ്പം പോരടിച്ചു ജീവിക്കുന്ന അമ്മമാരെ കാണാം. പല വീടുകളിലും അച്ഛനുണ്ടാകില്ല. ഒരമ്മ കണ്ണീരോടെ എന്നോടു പറഞ്ഞത്: ‘എന്നെ അയാൾക്കു വേണം, പക്ഷേ, മകളെ ഉപേക്ഷിച്ചിട്ടു ചെല്ലണം. പോകേണ്ടെന്നു ഞാൻ തീരുമാനിച്ചു’ എന്നാണ്. നൊന്തുപെറ്റ അമ്മയ്ക്ക് അതു കഴിയില്ല.
ഇങ്ങനൊരു കുഞ്ഞ് പിറന്നതിനു ശേഷം പുറംലോകം കാണാത്ത അമ്മമാരെ നിങ്ങൾക്കിവിടെ കാണാം. അച്ഛന് ഇത്തരം വീടുകളിൽനിന്ന് ഓടിപ്പോകാം. അമ്മമാർക്ക് അവരുടെ ശരീരത്തിൽനിന്നു മുറിച്ചെടുത്ത കുഞ്ഞിനെ പറിച്ചുമാറ്റാൻ കഴിയില്ലല്ലോ. ചുരുക്കം ചില വീടുകളിൽ ആ ദുരിതജീവിതത്തിന് ഒപ്പം നിൽക്കുന്ന അച്ഛൻമാരെ കണ്ടു.
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടരുതപ്പാ...
∙ പത്മരാജൻ ഇപ്പോഴും ലാപ്ടോപ്പിനു മുന്നിൽ ഇരിപ്പാണ്
മകനെയും അവന്റെ സ്വപ്നങ്ങളെയുമെടുത്തുകൊണ്ടു നടന്ന് നടുവ് വളഞ്ഞുപോയ അച്ഛനായിരുന്നു പത്മനാഭ. നിലത്ത് എന്തോ നോക്കി നടക്കുന്നതുപോലെയായിരുന്നു നടപ്പ്. മകൻ പത്മരാജൻ പ്രതീക്ഷയ്ക്കൊത്തു ‘വളർന്നു’. പത്താം തരം തുല്യതാപരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടി. പക്ഷേ, ശരീരം കൊണ്ട് ഇപ്പോഴും കുട്ടിയാണ്.
‘ഈ പൂക്കളും വിരിയട്ടെ’ എന്ന മനോരമ പരമ്പരയിൽ അവന്റെ വിജയം അവതരിപ്പിച്ചിരുന്നു; കംപ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹവും. സുമനസ്സുകളായ ചില യുവാക്കൾ അവനു ലാപ്ടോപ് വാങ്ങിനൽകി. അവൻ ഇപ്പോൾ ആരായിട്ടുണ്ടാകും? എട്ടുവർഷത്തിനുശേഷം നടത്തിയ ആ അന്വേഷണം എത്തിച്ചേർന്നത് എൻമകജെ പഞ്ചായത്തിൽ പെര്‍ള കുദ്‌വ ജുമാ മസ്ജിദിനു സമീപമുള്ള വീട്ടിൽ. ആ ലാപ്ടോപ്പിനു മുന്നിൽത്തന്നെയാണ് അവൻ. 29 വയസ്സായി. എടുത്തുകൊണ്ടുനടക്കാൻ അച്ഛനില്ല. ആറുമാസം മുൻപു മരിച്ചു. അമ്മ നേരത്തേ മരിച്ചു പോയിരുന്നു. സഹോദരങ്ങളാണു കൂടെ. പത്തുകഴിഞ്ഞു പ്ലസ്ടു തുല്യത പഠിച്ച് തനിയെ പരീക്ഷയെഴുതി 71% മാർക്ക് നേടി.
∙ തുടർന്നെന്താ പഠിക്കാത്തത്?
ഡിഗ്രി ചെയ്യണമെന്ന് ആഗ്രഹിച്ചു. ആരുടെയും പിന്തുണ കിട്ടിയില്ല. നീ പഠിച്ചിട്ട് എന്തുചെയ്യാൻ എന്നു ചോദിച്ചവരുമുണ്ട്.
∙ ആര്, കൂട്ടുകാരാണോ നിരുത്സാഹപ്പെടുത്തിയത്?
അല്ല, എനിക്കങ്ങനെ കൂട്ടുകാർ ആരുമില്ലല്ലോ.
∙ അന്നു കിട്ടിയ ലാപ്ടോപ് ഉപയോഗപ്പെടുന്നുണ്ടോ?
ദിവസവും തുറക്കും. ഇംഗ്ലിഷ് പുസ്തകം നോക്കി അതുപോലെ ടൈപ് ചെയ്യും. എന്നിട്ട് ഡിലീറ്റ് ചെയ്യും. അനിമൽസിന്റെ പേരൊക്കെ ടൈപ് ചെയ്യും. എന്നിട്ട് ഡിലീറ്റ് ചെയ്യും. അല്ലാണ്ട് ഞാനെന്തു ചെയ്യാൻ?
∙ എന്തെങ്കിലും ജോലി ചെയ്തുകൂടേ?
പലരോടും ചോദിച്ചു. ആരും തന്നില്ല.
∙ എന്താണ് ഇനി ആഗ്രഹം?
ഡിഗ്രി എടുക്കണം. അതിനു പണം വേണം. പാഠങ്ങൾ പറഞ്ഞുതരാൻ ആരെങ്കിലും വേണം. ജോലി ചെയ്തു ജീവിക്കണം. കുറെ യാത്ര ചെയ്യണം. വയനാട് കാണണമെന്നുണ്ട്. ആരു കൊണ്ടുപോകാൻ?
∙ അത്രേയുള്ളോ ആഗ്രഹം?
പിന്നെയൊരു മോഹമുണ്ട്. ഷോർട്ഫിലിം എടുക്കണം. കഥ മനസ്സിലുണ്ട്. പക്ഷേ, ആരെങ്കിലും സഹായിക്കണം.
∙ അതെന്താ അങ്ങനെയൊരു മോഹം?
ഇവനെക്കൊണ്ട് ഒന്നിനും കൊള്ളില്ല, ഭൂമിക്കു ഭാരമാണ് എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. അതല്ല എന്ന് ഒരിക്കലെങ്കിലും തെളിയിക്കണം. ഒരു ഷോർട്ഫിലിമിൽ എന്റെ പേര് എഴുതിക്കാണിക്കുന്നത് അവരൊക്കെ കാണണം.
പത്മരാജന്റെ വീടിനടുത്തുള്ള വിദ്യാർഥികളോടും യുവാക്കളോടുമാണ് എന്റെ അഭ്യർഥന. ഇങ്ങനെ ദുരിതമനുഭവിക്കുന്നവർക്കു നിങ്ങൾ കൂട്ടാകണം. അവനെ ഡിഗ്രിയെടുപ്പിക്കാൻ, ഒരു ജോലി കണ്ടെത്തിക്കൊടുക്കാൻ നിങ്ങൾക്കു കഴിയും. ഓർക്കുക, നമ്മൾ അവനെപ്പോലെയാകാതിരുന്നത് നമ്മുടെ മിടുക്കല്ല. കാസർകോട്ടെന്നല്ല, കേരളത്തിലെവിടെയും ജന്മവൈകല്യമുള്ള ആരെങ്കിലും മുറികളുടെ നാലുചുമരിനുള്ളിൽ ഒറ്റപ്പെട്ടു കിടപ്പുണ്ടങ്കിൽ അതിന്റെ കാരണം നമ്മളാണ്.
ഈ യാത്രയ്ക്കിടെ എൻഡോസൾഫാൻ ഇരകൾക്കുള്ള ആശ്രയകേന്ദ്രമായ അമ്പലത്തറ സ്നേഹവീട്ടിലെത്തിയപ്പോൾ അവിടത്തെ അമ്മമാർ ഒരു പാട്ടുപാടി. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടരുതപ്പാ...’ എന്നു തുടങ്ങുന്ന പാട്ട്. ആ വരികളാണു നമ്മൾ ഏറ്റുചൊല്ലേണ്ടതും പ്രാവർത്തികമാക്കേണ്ടതും: നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടരുതപ്പാ...
നാളെ: കൊച്ചുകൊച്ചു സന്തോഷപാഠങ്ങൾ
English Summary : Write up about life of endosulfan victims