ADVERTISEMENT

മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‍സിഎൽ) ഗോഡൗൺ ചാമ്പലാക്കിയ തീയിൽനിന്നുള്ള ദുരൂഹതയുടെ പുക ശമിക്കുന്നില്ല; തീ അണയ്ക്കുന്നതിനിടയിൽ അഗ്നിരക്ഷാ േസനാംഗത്തിനു ദാരുണാന്ത്യമുണ്ടായ സങ്കടസാഹചര്യത്തിൽ ഇതു വളരെ ഗൗരവമുള്ളതാണുതാനും. തിരുവനന്തപുരം ചാക്ക അഗ്നിരക്ഷാ യൂണിറ്റിലെ ഫയർ റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ മരണം കേരളത്തിന്റെയാകെ നോവാണിപ്പോൾ. നാടിനാകെ ജീവൻരക്ഷാ ഔഷധങ്ങൾ വിതരണം ചെയ്യുന്ന കോർപറേഷന്റെ കെടുകാര്യസ്ഥതയിൽ കത്തിയമരുകയായിരുന്നുവോ ആ വിലപ്പെട്ട ജീവൻ?

ജോലിക്കിടെ സ്വന്തം ജീവനെക്കുറിച്ച് ആലോചിക്കാൻ മറന്നു ജീവത്യാഗം ചെയ്യുന്നവരുടെ പട്ടികയിൽ ഇനി രഞ്ജിത്തിന്റെ പേരും നാം ആദരപൂർവം മനസ്സിലെടുത്തുവയ്ക്കും. സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ത്യജിക്കേണ്ടിവന്ന സംസ്ഥാനത്തെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരിൽ പതിമൂന്നാമത്തെയാളാണ് രഞ്ജിത്.

തിരുവനന്തപുരം മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിൽ രാസവസ്തുക്കളും മരുന്നും സൂക്ഷിച്ചിരുന്ന ഷെഡിൽ വലിയ പൊട്ടിത്തെറിയോടെയുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഒരാഴ്ച മുൻപു കൊല്ലം ഉളിയക്കോവിലിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെടുത്തുമ്പോൾ മേനംകുളത്തെ ദുരന്തം അവിചാരിതമെന്നു പറയാനുംവയ്യ. കൊല്ലത്തെ തീപിടിത്തത്തിനു കാരണം മിന്നൽ ആണെന്ന് ആദ്യം പറഞ്ഞുവെങ്കിലും ആ വാദത്തിനു പിൻബലമുണ്ടായില്ല. പിന്നീടാണ് ബ്ലീച്ചിങ് പൗഡറിൽ തീ പടർന്നതാണു കാരണമെന്നു പറഞ്ഞത്.

സാഹചര്യത്തെളിവുകളും സർക്കാരുമായി അടുത്ത ബന്ധമുള്ളവരുടെ വിശദീകരണവുംകൊണ്ടു തീരുന്നതല്ല ഈ ദുരന്തത്തിൽനിന്നുയരുന്ന ചോദ്യങ്ങൾ. കോവിഡ് കാലത്തെ മരുന്നുവാങ്ങൽ അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തിക്കെ‍ാണ്ടിരിക്കുമ്പോഴാണ് കൊല്ലത്തേതിനു പിന്നാലെ തിരുവനന്തപുരത്തെ ഗോഡൗണിലും തീപിടിത്തമുണ്ടായതെന്ന പ്രതിപക്ഷാരോപണം വളരെ ഗൗരവമുള്ളതാണ്. 2.50 കോടി രൂപയുടെ മരുന്നുകളാണ് ഇത്തവണ അധികമായി വാങ്ങിയത്. ഒരിക്കൽ വാങ്ങിയ മരുന്നുകൾ വീണ്ടും വാങ്ങാൻ ഉന്നതതലത്തിൽനിന്നു സമ്മർദം ഉണ്ടായെന്ന ആരോപണത്തിന് ഇനിയും ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ല. അധികമായി വാങ്ങിയ മരുന്നുകൾ കൊല്ലത്തേക്കു മാറ്റി ആഴ്ചകൾക്കുള്ളിലാണ് അഗ്നിബാധ ഉണ്ടായതെന്നത് ഉന്നതതല അന്വേഷണമെന്ന ആവശ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. 

ഇപ്പോഴത്തെ തീപിടിത്തത്തിനും കാരണം ബ്ലീച്ചിങ് പൗഡറാണെന്നാണു പ്രാഥമിക നിഗമനം. രണ്ട് അഗ്നിബാധകൾക്കും കാരണമായെന്നു കരുതുന്ന ബ്ലീച്ചിങ് പൗഡർ സംസ്ഥാനത്തെ ആശുപത്രികളിൽ ഉൾപ്പെടെ ഇനിയും കെട്ടിക്കിടക്കുന്നുണ്ടെന്നതു വലിയ ആശങ്കയുണ്ടാക്കുന്നു. വിവിധ ഗോഡൗണുകളിലായി 650 ടൺ ബ്ലീച്ചിങ് പൗഡറാണു സംഭരിച്ചിട്ടുള്ളത്. കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന അതേ ബ്രാൻഡ് ബ്ലീച്ചിങ് പൗഡർ ആയിരക്കണക്കിനു കിലോഗ്രാം പല ആശുപത്രികളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. കോർപറേഷൻ ടെൻഡർ ക്ഷണിക്കാതെ, ‘കാരുണ്യ’ മുഖേന കഴിഞ്ഞ ജൂലൈയിലാണു 4.04 ലക്ഷം കിലോഗ്രാം ബ്ലീച്ചിങ് പൗഡറിന്റെ ദുരൂഹമായ ഇടപാടു നടന്നത്.

തിരുവനന്തപുരത്തു തീപിടിത്തമുണ്ടായ കെട്ടിടത്തിൽ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. മേനംകുളം കിൻഫ്ര പാർക്കിൽ കത്തിയമർന്ന കെട്ടിടത്തിൽ ആശുപത്രികൾക്ക് ആവശ്യമുള്ള കെമിക്കലുകൾ മാത്രമാണു സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വാദിക്കുമ്പോഴും കാലാവധി കഴിഞ്ഞ മരുന്നുകൾ അവിടെ വന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. കാലാവധി കഴിഞ്ഞതിനാൽ ഉപയോഗശൂന്യമായതാണോ അതോ കമ്പനികൾ നൽകിയപ്പോൾ തന്നെ ഗുണമേന്മയില്ലെന്നു കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചതാണോ എന്നും വ്യക്തമല്ല. 

തീപിടിത്തമുണ്ടായ കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗോഡൗണുകൾക്കു നിയമങ്ങൾ നിഷ്കർഷിക്കുന്ന ലൈസൻസുകൾ ഇല്ലെന്നു തെളിഞ്ഞിട്ടുണ്ട്. തീപിടിത്തം ഉണ്ടായാൽ അണയ്ക്കുന്നതിനുള്ള സംവിധാനം തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ തന്നെ വെളിപ്പെടുത്തി. തീപിടിത്തത്തെത്തുടർന്ന് സംസ്ഥാനത്തെ സംഭരണ കേന്ദ്രങ്ങളിൽ പരിശോധന നടക്കുകയുണ്ടായി. ഫയർ ഓഡിറ്റ് നടത്താൻ ഒരു വലിയ ദുരന്തം വേണ്ടിവന്നു എന്നതു നാണക്കേടുതന്നെയാണ്. കോർപറേഷന്റെ 14 മരുന്നു സംഭരണശാലകളിൽ പലതും മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇത്രയുംകാലം പ്രവർത്തിച്ചതെന്നതും ആശങ്കാജനകം. 

രണ്ടു സംഭവങ്ങളിലും തെളിയുന്ന ദുരൂഹതയുടെ കനലുകളിൽ അട്ടിമറിയുടെ സാധ്യത കൂടിയുള്ളതിനാൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്.

English Summary : Editorial about fire at KMSCL godown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com