ADVERTISEMENT

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തയാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമ്പോൾ, അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതുകേട്ട കേരളത്തിനു രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും സമീപകാലത്ത് ഏറ്റവും ശ്രദ്ധ നേടിയ കൈക്കൂലിവാർത്തയും കേൾക്കേണ്ടിവന്നു. 

മണ്ണാർക്കാട്ടു നടന്ന താലൂക്ക് അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങിയതിനു വിജിലൻസിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിന്റെ പക്കലുണ്ടായിരുന്ന കൈക്കൂലിസമ്പാദ്യം കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കെ‍ാടിയ സാമൂഹികവിപത്തിന്റെ വ്യാപ്തികൂടിയാണ് അറിയിക്കുന്നത്. കൈക്കൂലിയുമായി പിടികൂടിയശേഷം സുരേഷ് കുമാറിന്റെ താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപയുടെ കറൻസിയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ടിന്റെയും രേഖകളും 17 കിലോ നാണയങ്ങളും കണ്ടെടുത്തിരുന്നു. 

തങ്ങളുടെ കൈക്കൂലിഅനുഭവങ്ങൾ മലയാള മനോരമയോടു പങ്കുവയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ നമ്മുടെ നാട് ഇപ്പോൾ ഏറ്റവും ആഴത്തിലും പരപ്പിലും നേരിടുന്ന ഒരു മഹാരോഗത്തിന്റെ നേർസാക്ഷ്യമായി മാറി. ചെറുതും വലുതുമായ വിവിധ ആവശ്യങ്ങൾ സാധിക്കാനായി സർക്കാർ ഓഫിസുകളിൽ കൈക്കൂലി നൽകേണ്ടി വന്ന അനുഭവമുണ്ടോ, ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിന്റെ പേരിൽ സേവനങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ അനുഭവങ്ങൾ പങ്കുവയ്ക്കാനാണ് മനോരമ ഇന്നലെ അവസരമൊരുക്കിയത്. 

പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നിൽക്കുന്നവരാണു കേരളത്തിലെ നല്ലപങ്കു സർക്കാർ ഉദ്യോഗസ്‌ഥരെങ്കിലും കൈക്കൂലി ജീവിതശൈലിതന്നെയാക്കിയവരും അവർക്കൊപ്പം ഉണ്ടെന്നതു ഭരണസംവിധാനത്തിനു മൊത്തത്തിൽതന്നെ കളങ്കമാണ്. കൈക്കൂലി കിട്ടണം, അതു താലിമാല വിറ്റായാലും ശരി എന്നു പറയാൻ മടിയില്ലാത്തവരായി ചില  ഉദ്യോഗസ്ഥർ മാറിക്കഴിഞ്ഞു. ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലിയിലൂടെ ഒരു കോടിയിലേറെ സമ്പാദിച്ചുവെന്നത് കേരളം കൈക്കൂലിക്കയത്തിൽ മുങ്ങിയതിന്റെ വ്യക്തമായ അടയാളങ്ങളിലൊന്നാണ്.

സംസ്ഥാനത്തു വർഷംതോറും കൈക്കൂലിക്കേസുകളുടെ എണ്ണം കൂടുകയാണെന്നു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽനിന്നുള്ള കഴിഞ്ഞ 5 വർഷത്തെ കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെയുള്ള കണക്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. 4 മാസത്തിനിടെമാത്രം 410 മിന്നൽ പരിശോധനകളും 20 ട്രാപ് കേസുകളുമുണ്ടായി. 4 പേർ ഇതിനകം ശിക്ഷാനടപടി നേരിട്ടുകഴിഞ്ഞു. കൈക്കൂലിക്കും ക്രമക്കേടുകൾക്കും വഴിതുറക്കുന്ന ഇടപാടുകൾ നമ്മുടെ സർക്കാർ ഓഫിസുകളിൽ നിർബാധം നടക്കുന്നുണ്ടെങ്കിലും അവയിൽ തീരെക്കുറച്ചു സംഭവങ്ങൾ മാത്രമാണു പുറത്തുവരുന്നതും പിടിക്കപ്പെടുന്നതും. എന്നിട്ടുപോലും കേസുകളുടെ എണ്ണം കൂടുകയാണെന്ന് ഓർക്കേണ്ടതുണ്ട്. അതിൽ ശിക്ഷിക്കപ്പെടുന്നവർ എത്രയോ കുറവാണ് സസ്പെൻഷൻ കഴിഞ്ഞ്, തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നവരാണു ഭൂരിപക്ഷംപേരും.  

കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നു കഴിഞ്ഞ വർഷാവസാനം സുപ്രീം കോടതിയിൽനിന്നുണ്ടായ വിധി സുപ്രധാനമാണ്; കൈക്കൂലി വാങ്ങുന്നവർക്കുള്ള കർശന മുന്നറിയിപ്പും. 

കഴിഞ്ഞ വർഷം കോട്ടയത്ത്, കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥ വിജിലൻസിനോടു പറഞ്ഞത് ഇതാണ്: ‘ഞാൻ മാത്രമല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്’. ഇങ്ങനെ പറയാനുള്ള ചങ്കൂറ്റം അഴിമതിക്കാർക്ക് എങ്ങനെയാണു കൈവരുന്നത് ? ചില ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ ‘ഡോക്ടറേറ്റ്’ ഉണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. 

‘മതി’ എന്ന് ആ വാക്കിൽതന്നെയുണ്ടെങ്കിലും അഴിമതിയോട് ഈ നാട് അങ്ങനെ കണിശമായി പറയാത്തതെന്തുകൊണ്ടാണ്? സർക്കാർ സേവനങ്ങൾക്കുള്ള സങ്കീർണ നടപടിക്രമങ്ങൾ ലഘൂകരിച്ച് അഴിമതിക്കുള്ള പഴുതടയ്ക്കാത്തത് എന്തുകൊണ്ട് ? കുറ്റമറ്റ വിജിലൻസ് സംവിധാനത്തോടെ‍ാപ്പം മാതൃകാപരമായ ശിക്ഷാനടപടികളും സർക്കാരിന്റെയും പെ‍ാതുസമൂഹത്തിന്റെയും നിരന്തര ജാഗ്രതയും ഉണ്ടെങ്കിലേ അഴിമതിയും കൈക്കൂലിയും നമ്മുടെ സർക്കാർ ഓഫിസുകളിൽനിന്നു തലതാഴ്ത്തി ഇറങ്ങിപ്പോവുകയുള്ളൂ. അഴിമതിരഹിത കേരളം സാക്ഷാത്കരിക്കേണ്ടത് അധികാരശ്രേണിയുടെ മുകൾതട്ടുമുതലുള്ള ശുദ്ധീകരണംകെ‍ാണ്ടാകണം.

English Summary : Editorial about bribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com