ADVERTISEMENT

ഭരണഘടനാ അസംബ്ലി എന്നത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിപ്ലവകരമായൊരു സംവിധാനമായിരിക്കണം എന്നായിരുന്നു ജവാഹർലാൽ നെഹ്റുവിന്റെ സങ്കൽപം. ജനാധിപത്യത്തിന് ഉറച്ച അടിത്തറ നൽകാൻ കഴിയുന്നൊരു ഭരണഘടന അതിൽനിന്നു പുറത്തുവരുമെന്നും അദ്ദേഹം കരുതി. ബ്രിട്ടിഷുകാരുടെ ഇടപെടലില്ലാതെ, ഇന്ത്യക്കാർ മാത്രമായി രൂപീകരിക്കുന്നൊരു സംവിധാനം. പ്രായപൂർത്തി വോട്ടവകാശം മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്: അതായിരുന്നു നെഹ്റുവിന്റെ മനസ്സിൽ. അങ്ങനെയൊന്നിനുവേണ്ടി അദ്ദേഹം 1930കളിലും 40കളിലും നിരന്തരം പ്രചാരണം നടത്തി; 1946 ഡിസംബറിൽ ഭരണഘടനാ അസംബ്ലി ചേരുന്നതു വരെ. 

   പക്ഷേ, ആ അസംബ്ലി വിളിച്ചുചേർത്തതു ബ്രിട്ടിഷ് സർക്കാരായിരുന്നു. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള പരിമിതമായ വോട്ടവകാശം അടിസ്ഥാനമാക്കിയാണ് അതിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. പ്രായപൂർത്തിയെത്തിയ ജനങ്ങളിൽ 28 ശതമാനം പേരുടെ പ്രാതിനിധ്യം പോലും അതിനുണ്ടായിരുന്നില്ല. നെഹ്റുവിനെ സംബന്ധിച്ച് അതു നിരാശാജനകമായിരുന്നു. ഹിന്ദു മഹാസഭ, മുസ്‌ലിംലീഗ്, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ തുടങ്ങി പ്രധാന രാഷ്ട്രീയപാർട്ടികൾക്കൊന്നും അതിൽ പ്രാതിനിധ്യം ഉണ്ടായിരുന്നുമില്ല. അടിമുടി കോൺഗ്രസ് പദ്ധതിയായി അതു മാറി. അങ്ങനെ അതു ജനാധിപത്യവിരുദ്ധവും പ്രാതിനിധ്യരഹിതവുമായി. അത്തരമൊരു അസംബ്ലിയിൽ നിന്നുണ്ടാവുന്ന ഭരണഘടനയ്ക്ക് അതിന്റേതായ അപാകതകൾ ഉണ്ടായിരിക്കുമല്ലോ.

മാറ്റമില്ലാത്ത ഭരണഘടന, മാറ്റം തേടുന്ന ജനാധിപത്യം

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ലക്ഷ്യങ്ങളും അവയിലേക്കുള്ള മാർഗങ്ങളും സംബന്ധിച്ച പ്രമേയം 1946 ഡിസംബർ 13നു ഭരണഘടനാ അസംബ്ലിയിൽ നെഹ്റു അവതരിപ്പിച്ചപ്പോൾ, ‘democratic’ എന്ന പദം അദ്ദേഹം ഒഴിവാക്കിയത് മറ്റുള്ളവരെ അദ്ഭുതപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് എന്ന പദത്തിൽതന്നെ ജനാധിപത്യം അടങ്ങിയിട്ടുണ്ട് എന്നാണു നെഹ്റു വിശദീകരിച്ചത്. പക്ഷേ, ആ വാദം അസംബന്ധമായിരുന്നു. റോമൻ റിപ്പബ്ലിക്കിലോ സോവിയറ്റ് റിപ്പബ്ലിക്കിലോ അൽപം പോലും ജനാധിപത്യം ഉണ്ടായിരുന്നില്ല (അക്കാര്യം നെഹ്റുതന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നതുമാണ്). 

നെഹ്റുവിന്റെ ലക്ഷ്യം ജനാധിപത്യ റിപ്പബ്ലിക് തന്നെയായിരുന്നു. പക്ഷേ, ജനാധിപത്യമോ പ്രാതിനിധ്യസ്വഭാവമോ ഇല്ലാത്ത ഭരണഘടനാ അസംബ്ലിയിൽനിന്നു രൂപംകൊണ്ട ഭരണഘടനയിൽ ജനാധിപത്യം എന്ന വാക്ക് തിരുകിച്ചേർത്ത് വിവാദങ്ങളിൽ കുടുങ്ങാതിരിക്കുന്നതാണു നല്ലതെന്ന് അദ്ദേഹം തീരുമാനിച്ചിരിക്കാം. ജനാധിപത്യം എന്നത് ഭരണഘടനാ അസംബ്ലിക്കും ഭരണഘടനയ്ക്കും മുൻപേ നിലവിലുള്ളതും അവയിൽനിന്നു സ്വതന്ത്രവുമായൊരു ആശയമാണല്ലോ. 

madhavan-k-palatt
പ്രഫ. മാധവൻ കെ.പാലാട്ട്

പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള കണിശമായ വ്യത്യാസത്തെക്കുറിച്ചു നെഹ്റു ബോധവാനായിരുന്നു: പ്രസ്ഥാനമെന്നത് ചലനാത്മകവും മാറ്റങ്ങളെ പിന്തുണയ്ക്കുന്നതുമാണ്. സ്ഥാപനമാകട്ടെ നിശ്ചലവും മാറ്റമില്ലാത്തതും യാഥാസ്ഥിതികവുമായിരിക്കും. ഭരണഘടന ഒരു സ്ഥാപനമാണ്; എഴുതപ്പെട്ടതും എളുപ്പം മാറ്റാൻ കഴിയാത്തതും എന്നെന്നേക്കുമായി രൂപകൽപന ചെയ്യപ്പെട്ടതുമായ ഒന്ന്. ജനാധിപത്യം കുടികൊള്ളുന്നതു പ്രസ്ഥാനങ്ങളിലാണ്, സ്ഥാപനങ്ങളിലല്ല. നിലനിൽക്കുന്ന ജനാധിപത്യ രാഷ്ട്രീയം അനുവദിക്കുന്നിടത്തോളം മാത്രമേ ഭരണഘടനയ്ക്കും ജനാധിപത്യപരമാകാൻ കഴിയൂ എന്നും നെഹ്റു വിശ്വസിച്ചു. ജനാധിപത്യം ഉറപ്പു വരുത്താൻ ഭരണഘടനയ്ക്കു കഴിയില്ല. അതേസമയം, ഭരണഘടനയെ നിയമാനുസൃതമാക്കാൻ ജനാധിപത്യത്തിനു കഴിയും. ഭരണഘടനയുടെ ഉദ്ഭവത്തെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ അല്ല, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിഭാഗധേയം നിർണയിക്കേണ്ട ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു നെഹ്റുവിന്റെ പ്രധാന ആശങ്ക.

അവകാശങ്ങൾക്കുമപ്പുറം, സ്വാതന്ത്ര്യത്തിന്റെ ആകാശം

ഉദാത്തവും മാതൃകാപരവുമായൊരു ഭരണഘടന ഉണ്ടാക്കാനാണു നെഹ്റു ആഗ്രഹിച്ചത്. പക്ഷേ, ശാശ്വതമായി ഒന്നുമില്ലെന്നും വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി മാർഗനിർദേശങ്ങൾ തയാറാക്കിവയ്ക്കാൻ ഒരു തലമുറയ്ക്കും കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടന അയവുള്ളതായിരിക്കണമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സഹപ്രവർത്തകർ അദ്ദേഹത്തെ അത് ഓർമിപ്പിക്കുകയും ചെയ്തു. ഭരണഘടന എത്ര തന്നെ കുറ്റമറ്റതായാലും ജനാധിപത്യ വ്യവസ്ഥിതിയിൽ മനുഷ്യരുടെ വിമോചനം സാധ്യമാവുക ദൈനംദിന പ്രവൃത്തികളിലൂടെയായിരിക്കും; അല്ലാതെ ഭരണഘടനയുടെ ഉള്ളടക്കത്തിലൂടെയല്ല. 

പക്ഷേ, അത്തരമൊരു നിലപാട് അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. ശാശ്വതവും സുസ്ഥിരവുമായൊരു ചട്ടക്കൂടു മാത്രമാണു ഭരണഘടനകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എത്രതന്നെ അയവുള്ളതാണെങ്കിലും അതു നിയമങ്ങളുടെ വെറുമൊരു ഭാണ്ഡക്കെട്ടല്ലെന്നും നെഹ്റു തന്നെ സമ്മതിക്കുകയുണ്ടായി. ഇന്ത്യൻ നിയമസംഹിതയുടെ ശാശ്വതമായ ഉൾക്കാമ്പ് അതിന്റെ  അടിസ്ഥാനഘടന തന്നെയായിരിക്കണം. പക്ഷേ, ആ അടിസ്ഥാനഘടന എന്തായിരിക്കണമെന്നു നിർവചിക്കാൻ നെഹ്റുവിനോ ഭരണഘടനാ അസംബ്ലിക്കോ ഭരണഘടനയ്ക്കു തന്നെയോ കഴിഞ്ഞില്ല. പിന്നീട് 1970കളിൽ സുപ്രീം കോടതിയാണ് അടിസ്ഥാനഘടനയെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഭരണഘടനയിൽ അതു കാണാനാകില്ല. 

ഭരണഘടനയ്ക്കു ശാശ്വതസ്വഭാവം ആവശ്യമുണ്ടെന്നു പ്രഖ്യാപിച്ചപ്പോൾ നെഹ്റുവിന്റെ മനസ്സിൽ ആ ‘അടിസ്ഥാനഘടന’യെക്കുറിച്ച് ധാരണ ഉണ്ടായിരുന്നു. അതുപക്ഷേ, സുപ്രീം കോടതി നിർവചിച്ചതിൽനിന്നു വ്യത്യസ്തമായിരുന്നു. അദ്ദേഹം തന്നെ ഏറെ ബുദ്ധിമുട്ടി തയാറാക്കിയ മൗലികാവകാശങ്ങൾ പോലുമായിരുന്നില്ല; വിട്ടുവീഴ്ചകൾ പാടില്ലാത്ത, ശാശ്വതമായ ‘സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്’ എന്ന ആശയമായിരുന്നു നെഹ്റുവിന്റെ മനസ്സിലെ‘അടിസ്ഥാനഘടന’. അവകാശങ്ങൾ ആവശ്യത്തിനനുസരിച്ചു വെട്ടിച്ചുരുക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്യാം. പക്ഷേ, സ്വാതന്ത്ര്യം അങ്ങനെ നഷ്ടപ്പെടുത്തി പിന്നീട് തിരിച്ചെടുക്കേണ്ട ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ യുക്തി. 

അടിസ്ഥാനപരമായി നെഹ്റുവിന്റെ വാദം തന്നെയാണു ശരി. ഭരണഘടനയെ സംരക്ഷിക്കാൻ ജനാധിപത്യത്തിനു കഴിയും; മറിച്ചല്ല. 

(‍സെലക്റ്റഡ് വർക്സ് ഓഫ് ജവാഹർലാൽ നെഹ്റു എന്ന പുസ്തകത്തിന്റെ എഡിറ്ററും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ മുൻ അധ്യാപകനുമാണു ലേഖകൻ. ലണ്ടനിലെ കിങ്സ് കോളജിൽ നടത്തിയ നെഹ്റു സ്മാരക പ്രഭാഷണം ആസ്പദമാക്കി തയാറാക്കിയത്)

English Summary : Jawaharlal Nehru death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com