ADVERTISEMENT

എൻഡോസൾഫാൻ – കേരളം കണ്ട ഏറ്റവും ക്രൂരമായെ‍ാരു ദുഃസ്വപ്നത്തിന്റെ പേരാണത്. കാസർകോട് ജില്ലയിൽ ഇപ്പോഴും തീരാതെ, തോരാതെ പെയ്യുന്ന ദുരിതമഴയിൽ എത്രയോ പേരുടെ ജീവിതം വഴിമുട്ടി. ദുരിതബാധിതരായ കുഞ്ഞുങ്ങൾ ജനിച്ചുതുടങ്ങിയ 1982 മുതൽ പേക്കിനാവിലാണ് ഈ മേഖല. എൻഡോസൾ‌ഫാൻ ദുരിതം നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ ചോദിക്കാതെവയ്യ- പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സ്നേഹച്ചുവടുകൾ യാഥാർഥ്യമാക്കാൻ സർക്കാരും സമൂഹവും എത്രത്തോളം കൈത്താങ്ങു നൽകുന്നുണ്ട്? 

എൻഡോസൾഫാൻ ഈ ജനതയ്ക്കുമേൽ ഏൽപിച്ച ആഘാതം വലുതാണ്. പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻതോട്ടങ്ങളിൽ 1978 മുതൽ രണ്ടു പതിറ്റാണ്ടിലേറെ ഹെലികോപ്റ്ററുകളിൽനിന്നു തളിച്ച ലായനിയുടെ ക്രൂരതയിൽ ജീവിതം നഷ്ടപ്പെട്ടത് ആയിരക്കണക്കിനു പേർക്കാണ്. 11 പഞ്ചായത്തുകളിലായി 4696 ഏക്കറിൽ വിഷമഴ പെയ്തു. പരിസരത്തെ കിണറുകളിലും വീടുകളിലും എൻഡോസൾഫാൻ പടർന്നു. കാസർകോട്ടെ അമ്മമാർ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പ്രസവിക്കാൻ തുടങ്ങി. രക്തത്തിലും മുലപ്പാലിലും വരെ എൻഡോസൾഫാൻ വില്ലനായി. മനസ്സിനും ശരീരത്തിനും ബലമില്ലാതെ പിറന്നുവീഴുന്ന കുരുന്നുകൾ, കാൻസർ ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾ‍ ബാധിച്ചവർ...

എടുത്തുകെ‍ാണ്ടു നടക്കാനാവാത്തവിധം വളർന്ന മക്കളെ നിസ്സഹായതയോടെ ചുമലിലേറ്റുകയാണു മാതാപിതാക്കൾ. കളിചിരികളുടെ ബാല്യമല്ല, മുതിർന്നവരുടെ അവകാശങ്ങളാണ് 40 വയസ്സു പിന്നിടുന്ന ‘എൻഡോസൾഫാൻ കുട്ടികൾ’ ഇപ്പോൾ ചോദിക്കുന്നത്. അതുകെ‍ാണ്ടുതന്നെ നമ്മുടെ കാഴ്ചപ്പാടിലും ഇവർക്കു നൽകുന്ന പരിചരണത്തിലും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. തിരുവനന്തപുരത്തെ ഡിഫറന്റ് ആർട് സെന്ററിലൂടെ ഭിന്നശേഷി ജീവിതങ്ങളിൽ വലിയ ഇടപെടൽ നടത്തിയ ഗോപിനാഥ് മുതുകാട് എൻഡോസൾഫാൻ ദുരിതമേഖലകളിലൂടെ യാത്ര ചെയ്ത് മലയാള മനോരമയിലെഴുതിയ ‘വാടരുത് ഈ പൂക്കൾ’ എന്ന പരമ്പര സങ്കടക്കാഴ്ചകളോടെ‍ാപ്പം പ്രതീക്ഷയുടെയും വെളിച്ചത്തിന്റെയും പൂവിരിയൽകൂടി കേരളത്തിനു കാണിച്ചുതന്നു.  

ഈ മേഖല പിന്നിട്ട നാലു ദുരിത പതിറ്റാണ്ടുകൾക്കിടെ സന്നദ്ധപ്രവർത്തകരും മാധ്യമങ്ങളും നടത്തിയ ഇടപെടലിലൂടെ കോടതികളുടെ അനുകൂലവിധികളെത്തി. ബഡ്സ് സ്കൂളുകൾ പിറന്നു. പക്ഷേ, ഇപ്പോഴും വീടിനുള്ളിൽ സങ്കടങ്ങളുടെയും ദുരിതത്തിന്റെയും തടവിലാണ് ഒരുപാടു കുടുംബങ്ങൾ. എത്രയോ സമരങ്ങൾ നടന്നിട്ടും, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകളുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയും പുനരധിവാസവും കേന്ദ്രീകൃത പാലിയേറ്റീവ് ആശുപത്രിയുമെ‍ാക്കെ യാഥാർഥ്യമാവാതെ പോകുന്നതു നിർഭാഗ്യകരമാണ്.  

ഇതിനിടയിലിപ്പോൾ മരുന്നു വിതരണത്തിനും ചികിത്സയ്ക്കുമായി ദേശീയ ആരോഗ്യദൗത്യം വഴി ഫണ്ട് നൽകുന്നതും നിലച്ചിരിക്കുന്നു. ഇനി തുക നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ രോഗപീഡിതരുടെ ചികിത്സയും മരുന്നും ഫിസിയോതെറപ്പിയും അടക്കമുള്ള മുഴുവൻ സേവനങ്ങളും അവതാളത്തിലാവുകയാണ്. മൂന്നു വർഷം മുൻപു തറക്കല്ലിട്ട മുളിയാറിലെ പുനരധിവാസ ഗ്രാമം പദ്ധതിയിലെ ആദ്യഘട്ട നിർമാണം കരാർകാലാവധി കഴിഞ്ഞിട്ടും പകുതിപോലും പൂർത്തിയായിട്ടില്ല. പുതിയതായി എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ലഭിച്ച 20,427 അപേക്ഷകളിൽ തീരുമാനമെടുക്കാൻ സർക്കാർ എത്രയുംവേഗം മെഡിക്കൽ ക്യാംപുകൾ നടത്തേണ്ടതുണ്ട്.

മലയാള മനോരമ 2015ൽ പ്രസിദ്ധീകരിച്ച ‘ഈ പൂക്കളും വിരിയട്ടെ’ പരമ്പരയെത്തുടർന്ന് കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കൈപിടിച്ചു കൂടെനിർത്താൻ സമൂഹത്തിന്റെ വിവിധമേഖലകളിൽനിന്നു സഹായമെത്തിയിരുന്നു. ഇതുപയോഗിച്ച് 7 ബഡ്സ് സ്കൂളുകൾക്കു ഭിന്നശേഷി സൗഹൃദ വാഹനങ്ങൾ വാങ്ങിനൽകി. പെരിയയിൽ രാജ്യാന്തര നിലവാരത്തിലുള്ള മാതൃകാ ബഡ്സ് സ്കൂൾ പണികഴിപ്പിച്ചു. ഇവിടെ ഇപ്പോൾ എൺപതിലേറെ കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ച ‘വാടരുത് ഈ പൂക്കൾ’ പരമ്പരയുടെ തുടർച്ചയായി, 15 ലക്ഷം രൂപയുടെ സഹായങ്ങൾ ജില്ലയിലെ ബഡ്സ് സ്കൂളുകൾക്കു വിതരണം ചെയ്യാനാണ് മനോരമയുടെ തീരുമാനം.

പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സ്നേഹച്ചുവടുകൾ യാഥാർഥ്യമാക്കാൻ സർക്കാരും സമൂഹവും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. പതിറ്റാണ്ടുകൾ നീണ്ട ദുഃസ്വപ്നത്തിൽനിന്ന് എത്രയും വേഗം ഇവർ പ്രതീക്ഷയിലേക്ക് ഉണരട്ടെ.

English Summary : Editorial about life of endosulfan victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com