ADVERTISEMENT

നമ്മുടെ പുതുതലമുറയിൽ ചിലരെങ്കിലും, സ്വന്തം ജീവിതത്തെയും ഏറെ പ്രതീക്ഷകളുമായി ഒപ്പമുള്ള രക്ഷിതാക്കളെയും സമൂഹത്തെയും മറന്ന്, ലഹരിക്കടിമയാകുന്നതുകണ്ട് ആശങ്കപ്പെടുകയാണു കേരളം. ലഹരിമരുന്നുകളുടെ കടത്തും ഉപയോഗവും സംബന്ധിച്ച കേസുകൾ വൻതോതിൽ ഇവിടെ വർധിക്കുന്നുണ്ട്. ഇതിനിടെ, സംസ്ഥാനത്തു ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളുടെ എണ്ണം 1100 ആയി ഉയർന്നുവെന്ന വാർത്ത പുതിയ അധ്യയന വർഷത്തിലേക്കു പ്രവേശിക്കാനെ‍ാരുങ്ങുന്ന കേരളത്തെ അത്യധികം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരുപടർത്തുകയാണു ലഹരിസംഘങ്ങൾ. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾവരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വിൽപനക്കാരെയുംകെ‍ാണ്ടു നിറയുകയാണ്. വലിയ നഗരങ്ങൾ വലിയ ലഹരിക്കയത്തിൽ മയങ്ങിക്കിടക്കുന്നു. വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി പിടിമുറുക്കുന്ന ലഹരിവല കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. 

കഴിഞ്ഞ സെപ്റ്റംബറിൽ എക്സൈസ് ഇന്റലിജൻസ് തയാറാക്കിയ പ്രശ്നബാധിത പട്ടികയിലുണ്ടായിരുന്നത് 250 സ്കൂളുകളായിരുന്നു. ഇത്തവണ അധ്യയനവർഷത്തിനു മുൻപു ജാഗ്രത ശക്തമാക്കുന്നതിനു പുതിയ കണക്കെടുപ്പു നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലാണ് എണ്ണം 1100 ആയത്. സ്കൂൾ ചുറ്റളവിലെ ലഹരിക്കേസുകളുടെ എണ്ണം, ലഹരി ഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികളുടെ സമ്പർക്കം എന്നിവയാണു മാനദണ്ഡമാക്കിയത്. സ്കൂൾ പരിസരങ്ങളിലും വിദ്യാർഥികൾ സ്കൂളിലേക്കു പോകുന്ന വഴികളിലുമെല്ലാം ലഹരി വിൽപനക്കാർ തമ്പടിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെ ഒരു എസ്‍പിയുടെ രണ്ട് ആൺകുട്ടികളും ലഹരിമരുന്നിന് അടിമകളാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തലുണ്ടായതു കഴിഞ്ഞ ദിവസമാണ്. എല്ലാ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളിലും ഇത്തരക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു സഹപ്രവർത്തകന്റെ കുട്ടി ലഹരിമരുന്നിന് അടിമയായി മരിച്ചുവെന്നും പൊലീസ് ക്വാർട്ടേഴ്സിലാണ് ഇതു സംഭവിച്ചതെന്നുംകൂടി കമ്മിഷണർ പറഞ്ഞതു ഞെട്ടലോടെയാണ് കേരളം കേട്ടത്.

മണിചെയിൻ മാതൃകയിൽ (മൾട്ടി ലവൽ മാർക്കറ്റിങ്) കേരളത്തിൽ ലഹരി വിൽപന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തതും നാം കേൾക്കുകയുണ്ടായി. ഇത്തരം കേസുകൾ ശ്രദ്ധയിൽപെട്ടതായി സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്ഥിരീകരിച്ചിട്ടുമുണ്ട്. 

കേരളത്തിൽ ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുകയും അതിന്റെ വിൽപനയ്ക്കും വിതരണത്തിനും പുതിയ മാർഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിന്റെ ആശങ്കാജനകമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ലഹരി ഉപയോഗം, വിൽപന, വിപണനശൃംഖല എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോ അനുഭവമോ ഉണ്ടെങ്കിൽ അവ രഹസ്യമായി അറിയിക്കാൻ മലയാള മനോരമ കഴിഞ്ഞ ദിവസം വായനക്കാർക്ക് അവസരമൊരുക്കിയപ്പോൾ ലഭിച്ച വിവരങ്ങളിൽ പലതും ഞെട്ടിക്കുന്നതായി. ലഹരി വിപത്തിനെതിരെ മനോരമ രൂപം നൽകിയ ‘അരുത് ലഹരി’ നാടുണർത്തലിന്റെ ഭാഗമായിരുന്നു ഈ പരിപാടി. ഇതിന്റെതന്നെ ഭാഗമായി സംസ്ഥാനത്താകെ നടന്ന ‘അമ്മക്കൂട്ടം’ ചർച്ചകൾ ഇക്കാര്യത്തിൽ കടുത്ത ആശങ്കയാണു പങ്കുവച്ചത്. കുട്ടികൾക്കു ലഹരി കൈമാറുന്നവർക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം, സ്കൂൾ പരിസരത്തെ ലഹരിവിൽപന തടയാനുള്ള നടപടികൾ ശക്തമാക്കണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ആധിയോടെ അമ്മമനസ്സുകളിൽനിന്ന് ഉയർന്നു.

അതീവഗുരുതരമായ ഈ സാമൂഹികപ്രശ്നത്തെ നാടിനെയാകെ അണിനിരത്തി നേരിടുമെന്നു നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിക്കെതിരെയുള്ള ഈ വലിയ ദൗത്യത്തിനു നേരിട്ടു മേൽനോട്ടം വഹിക്കേണ്ടതുണ്ട്. ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിവിരുദ്ധ പോരാട്ടം. അതുകെ‍ാണ്ടുതന്നെ, വ്യാപകപരിശോധനയും ലഹരിവിരുദ്ധ നാടുണർത്തലും അടക്കമുള്ള കർമപദ്ധതികൾ തുടർപ്രക്രിയയാക്കേണ്ടതുണ്ട്.  

ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല പുതുതലമുറയെന്ന നിശ്ചയദാർഢ്യത്തോടെ നമുക്കു മുന്നോട്ടുനീങ്ങാം. കുടുംബാന്തരീക്ഷത്തിലെ ശാന്തിയും തുറന്ന അഭിപ്രായവിനിമയങ്ങളും കുട്ടികൾക്കു നൽകുന്ന സ്‌നേഹസമൃദ്ധമായ കരുതലും അവരെ ചീത്തവഴികളിൽനിന്നു പിന്തിരിപ്പിക്കും. നമ്മുടെ കുട്ടികളുടെ നല്ല ഭാവിയുടെ താക്കോൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കയ്യിലാണെന്നതു മറന്നുകൂടാ.

English Summary : Editorial about drug usage in students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com